This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷൂർ നാസിർപാൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

==ആഷൂർ നാസിർപാൽ==

ഈ പേരിൽ രണ്ട്‌ രാജാക്കന്മാർ പ്രാചീന അസീറിയയിൽ വാണിരുന്നു: ആഷൂർ നാസിർപാൽ ക (ഭ.കാ., ബി.സി. 1049 - 1031). ഷംഷി-അദാദ്‌ ക-ന്റെ പുത്രനും തിഗ്‌ലാത്ത്‌ കഢ പിലിസർ ക-ന്റെ മാതുലനുമാണ്‌ ഈ രാജാവ്‌. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായ ആക്രമണങ്ങളെ അദ്ദേഹം ചെറുത്തു. ആഷൂറിലെ "സിഗുറാത്തി'ന്റെ (സുമേറിയന്‍ ക്ഷേത്രം) തെക്കുപടിഞ്ഞാറായി നിർമിച്ച കൊട്ടാരത്തിലായിരുന്നു അദ്ദേഹം വസിച്ചിരുന്നത്‌. നിനവെ അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന ഒരു ശിലാസ്‌തംഭം (sculptured obelisk) ആഷൂർ നാസിർപാൽ ക-ന്റെതാണെന്ന്‌ കരുതപ്പെടുന്നു.

ആഷൂർ നാസിർപാൽ കക (ഭ.കാ. ബി.സി. 884 - 859). അസീറിയന്‍ സാമ്രാജ്യ വികസനം പൂർത്തിയാക്കിയതും സാമ്രാജ്യത്തെ ഭദ്രമാക്കിയതും ആഷൂർനാസിർപാൽ കക ആയിരുന്നു. യൂഫ്രട്ടീസ്‌ തടത്തിലെ ഉപരിഭാഗങ്ങളിൽ വസിച്ചിരുന്ന അരമായക്കാരെ തോല്‌പിച്ച്‌ ലാക്ക്‌, ഹിന്‍ദനു പ്രദേശങ്ങളിൽനിന്ന്‌ ഇദ്ദേഹം കരം ഈടാക്കി. തുടർന്ന്‌ മെഡിറ്ററേനിയന്‍ കടലിനഭിമുഖമായ ഫിനീഷ്യന്‍ നഗരങ്ങള്‍ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി. വടക്ക്‌ സ്ഥിതിചെയ്യുന്ന അസീറിയന്‍നഗരമായ ഡംഡമുസയുടെ നേർക്കുള്ള അരമായന്‍ ആക്രമണം അദ്ദേഹം പിന്തിരിപ്പിച്ചു. അതിർത്തി പരിരക്ഷിക്കാന്‍ തുഷ്‌ഹാന്‍ എന്ന പുതിയൊരു അസീറിയന്‍ പ്രവിശ്യയും അദ്ദേഹം രൂപവത്‌കരിച്ചു. പിതാവിന്റെ എതിരാളിയായിരുന്ന അവിടത്തെ അമെ-ബാലിയിൽനിന്ന്‌ അദ്ദേഹം കപ്പം ഈടാക്കി. ബി.സി. 879-ൽ കഷായറികുന്നുകളിൽ വസിച്ചിരുന്ന വർഗക്കാർ തുഷ്‌ഹാനെതിരെ കലാപമുണ്ടാക്കി, അമെബാലിയെ വധിച്ചു. അതിനെ അസീറിയർ ഉരുക്കുമുഷ്‌ടികളോടെ നേരിട്ടു.

രാജ്യത്തിന്റെ കീഴക്കന്‍ ഭാഗങ്ങളിലെ മലവർഗക്കാരുടെ മേൽ ആധിപത്യം ഉറപ്പിച്ചതാണ്‌ ആഷൂർ നാസിർപാലിന്റെ മറ്റൊരു പ്രധാന വിജയം. നിഷ്‌തുനിലെ കലാപകാരിയായ ഭരണാധികാരിയെ അദ്ദേഹം തൊലിയുരിച്ചു കൊന്നു. ബി.സി. 880-ൽ ബാബൈറ്റ്‌ ചുരം നിയന്ത്രിച്ചിരുന്ന കലാപകാരികളെയും അദ്ദേഹം വകവരുത്തി. അറ്റ്‌ ലില ആസ്ഥാനമാക്കി സമുവ എന്നൊരു പ്രവിശ്യയും സ്ഥാപിച്ചു; കലാക്കിൽ (ഇപ്പോള്‍ നിമ്‌റുദ്‌) പുതിയൊരു തലസ്ഥാനം നിർമിക്കാന്‍ അദ്ദേഹം യുദ്ധത്തടവുകാരെ ഉപയോഗപ്പെടുത്തി. 879-ഓടുകൂടി ഒരു കൊട്ടാരത്തിന്റെയും നിനുർത, എന്‍ലിൽ എന്നീ ക്ഷേത്രങ്ങളുടെയും പണി പൂർത്തിയാക്കി. സസ്യജന്തുമാതൃകകളെ ശേഖരിച്ച്‌ പുതിയ ചില ഉപവനങ്ങളും അദ്ദേഹം ആസൂത്രണം ചെയ്‌തു. സാബ്‌നദിയിലെ ജലം തോടുകള്‍വഴി അതിന്‌ ഉപയുക്തമാക്കി. ഈ രാജാവിന്റെ ഒരു പ്രതിമ 1847-ൽ നിനുർതക്ഷേത്രത്തിൽനിന്ന്‌ എ.എച്ച്‌. ലെയാഡ്‌ കണ്ടുപിടിച്ചത്‌ ബ്രിട്ടിഷ്‌ മ്യൂസിയത്തിലുണ്ട്‌. തലസ്ഥാനത്തിന്റെ ഉദ്‌ഘാടനത്തിന്‌ 69,574 പേർക്ക്‌ 10 ദിവസത്തേക്ക്‌ ഇദ്ദേഹം സദ്യ കൊടുത്തതായി നിമ്‌റുദിലെ ലിഖിതങ്ങള്‍ രേഖപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍