This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശ്വലായനസൂത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശ്വലായനസൂത്രം

ശൗനകശിഷ്യനായ ആശ്വലായനന്‍ എന്ന ആചാര്യന്‍ രചിച്ച കൃതി. ഋഗ്വേദികളുടെ ആചാരാനുഷ്‌ഠാനങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന പ്രസ്‌തുത ഗ്രന്ഥം സൂത്രരൂപത്തിലാണ്‌ രചിക്കപ്പെട്ടത്‌. വൈതാനികങ്ങളും ഗൃഹ്യങ്ങളുമായ കർമങ്ങളും ധർമങ്ങളും ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ശ്രുതിലക്ഷണങ്ങളായ കർമങ്ങളാണ്‌ വൈതാനികങ്ങള്‍ (വൈതാനം = യാഗം); സ്‌മൃത്യാചാരലക്ഷണങ്ങളായവ ഗൃഹ്യങ്ങളും.

ആശ്വലായന ഗൃഹ്യസൂത്രത്തിൽ നാല്‌ അധ്യായങ്ങള്‍ ഉണ്ട്‌. ഒന്നാം അധ്യായത്തിൽ ഇരുപത്തിഒന്നും, രണ്ടിൽ പത്തും, മൂന്നിൽ ഒമ്പതും, നാലിൽ പത്തും ഖണ്ഡങ്ങള്‍ അടങ്ങിയിരിക്കുന്നു. മൊത്തം എഴുനൂറിലധികം സൂത്രങ്ങളുണ്ട്‌. ഒന്നാം അധ്യായത്തിൽ സ്ഥാലീപാകം ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം മുതൽ ഉപാകർമംവരെയുള്ള കർമങ്ങള്‍ പ്രതിപാദിതങ്ങളാണ്‌; പ്രതിവത്സരം ശ്രാവണപൗർണമിദിനത്തിൽ നടത്തേണ്ട സർപ്പബലി, അശ്വയുജപ ൗർണമിയിലെ ആശ്വയുജീകർമം, ഹേമന്തശിശിരങ്ങളിലെ കൃഷ്‌ണാഷ്‌ടമിദിനങ്ങളിൽ അനുഷ്‌ഠിക്കേണ്ട അഷ്‌ടകാകർമങ്ങള്‍ മുതലായവയാണ്‌ രണ്ടാമധ്യായത്തിൽ; മൂന്നിൽ പഞ്ചമഹായജ്ഞങ്ങളുടെ വിവരണവും നാലിൽ ആഹിതാഗ്നിയായ രോഗിയുടെ ബഹിർവാസം, ജാതാരോഗ്യന്റെ ഗൃഹപ്രവേശം മുതലായ കാര്യങ്ങളുമാണ്‌ വിവരിച്ചിട്ടുള്ളത്‌.

ആശ്വലായനസൂത്രത്തിന്റെ പല വ്യാഖ്യാനങ്ങളുണ്ട്‌. ഹരിദത്തപ്രണീതമായ അനവിലവ്യാഖ്യാനത്തോടു കൂടി ആശ്വലായനഗൃഹ്യസൂത്രം അനന്തശയന ഗ്രന്ഥാവലിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ആശ്വാലയനസൂത്രത്തെ പ്രമാണമായി സ്വീകരിക്കുന്ന ഋഗ്വേദികള്‍ ആശ്വലായനർ എന്നറിയപ്പെടുന്നു. കേരള തുളുബ്രാഹ്മണരിലും ഋഗ്വേദികളായ മലയാള ബ്രാഹ്മണരിലും ഭൂരിഭാഗം ഇക്കൂട്ടത്തിൽപ്പെട്ടവരാണ്‌. നോ: ഗൃഹ്യസൂത്രങ്ങള്‍ (പ്രൊഫ. ആർ. വാസുദേവന്‍പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍