This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശ്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശ്രമം

ഋഷിമാർ, മുനിമാർ, സന്ന്യാസിമാർ തുടങ്ങിയ യോഗികള്‍ തപോനിരതരായി പാർക്കുന്ന കുടീരം. പർണശാല, തപോവനം, ഉടജം എന്നിവയാണ്‌ ആശ്രമത്തിന്റെ പര്യായപദങ്ങള്‍. വനാന്തരങ്ങളിൽ പർണങ്ങള്‍ (ഇലകള്‍) കൊണ്ടുമാത്രം മറച്ചതും പർണശാല എന്ന പേരിലറിയപ്പെടുന്നതുമായ കുടിലാണ്‌ യഥാർഥ ആശ്രമം. ലൗകികകാര്യവ്യഗ്രരായ ബഹുജനങ്ങളുടെ ദൈനംദിനപ്രവർത്തനകോലാഹലങ്ങളിൽനിന്നും അകന്ന്‌ ഏകാന്തമായ വനമധ്യത്തിൽ, ഏതെങ്കിലും നദീതീരത്തിൽ, ആശ്രമങ്ങള്‍ കെട്ടിയാണ്‌ പൗരാണികമഹർഷിമാർ തപസ്സനുഷ്‌ഠിച്ചു വന്നിരുന്നത്‌. ആശ്രമത്തെപ്പറ്റിയുള്ള പ്രാചീനസങ്കല്‌പത്തിന്റെ ഒരു വാങ്‌മയ ചിത്രം മഹാഭാരതത്തിലെ കണ്വാശ്രമവർണനയിൽ കാണാം:

	"അഷ്‌ടാംഗബ്രഹ്മചര്യനിഷ്‌ഠപൂണ്ടീടുന്നോരു-
	മഷ്‌ടാംഗയോഗത്തോടുകൂടിന യതികളും,
	ജാത്യാദിവൈരം വെടിഞ്ഞീടിന ജന്തുക്കളും,
	ജാത്യാദികുസുമിതലതികാവലികളും
	നിത്യം സജ്ജനരീത്യാ മനസി പൂർണഭക്ത്യാ
	സ്വാധ്യായശ്രവണസന്തുഷ്‌ടനായ്‌ മന്ദമന്ദം
	കാശ്യപതപോഗുപ്‌തമാശ്രമമകംപുക്കാ-
	നാശ്ചര്യം മനക്കാമ്പിൽ മേല്‌ക്കുമേലുണ്ടായ്‌ വന്നു.'
 

പില്‌ക്കാലപരിണാമങ്ങള്‍. ഏകാന്തധ്യാനമനനങ്ങള്‍ക്ക്‌ നിയമേന ആശ്രയഭൂതമാണെന്ന്‌ വൈദികസങ്ക്‌ലപങ്ങളിലും ആർഷവിധികളിലും നിർദേശിക്കപ്പെട്ടിരുന്ന ആശ്രമവാസം ഭാരതത്തിൽതന്നെ പില്‌ക്കാലത്ത്‌ തികച്ചും വ്യത്യസ്‌താടിസ്ഥാനങ്ങളിലാണ്‌ നിലനിന്നത്‌. പ്രാചീനകാലത്തെ ഉടജവാസപദ്ധതി പിന്നീട്‌ വികസിക്കുകയും ശങ്കരാചാര്യരുടെ കാലമായപ്പോഴേക്ക്‌ ആശ്രമങ്ങള്‍ സമൂഹപഠനകേന്ദ്രങ്ങളായി രൂപാന്തരംകൊള്ളുകയും ചെയ്‌തു. അദ്ദേഹം സ്ഥാപിച്ചതായി കരുതപ്പെടുന്ന നാല്‌ "മഠ'ങ്ങളും-ബദരീനാഥം, പുരി, ദ്വാരക, കാഞ്ചി-പഴയ ആശ്രമവാസസങ്കല്‌പത്തിന്റെ കൂടുതൽ വിവൃതങ്ങളായ രൂപങ്ങള്‍ മാത്രമാണ്‌. 12-ാം ശ.-ത്തിൽ രാമാനുജാചാര്യന്റെ കാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രമായി ഭാരതത്തിന്റെ പല കോണുകളിലുമായി ആയിരത്തോളം ആശ്രമങ്ങള്‍ നിലവിൽ വന്നതായി കരുതപ്പെടുന്നു. ദേശാന്തരീയചിന്താഗതികളുടെ അതിപ്രസരം അനുഭവപ്പെട്ട്‌ ഇവയിൽ പില്‌ക്കാലത്ത്‌ അവശേഷിച്ച ആശ്രമങ്ങളും മഠങ്ങളും ബുദ്ധജൈനവിഹാരങ്ങളെയും ക്രസ്‌തവസന്ന്യാസിമന്ദിരങ്ങളെയും പോലെ പലവിധത്തിലുള്ള ആധ്യാങ്ങികപഠനങ്ങളുടെയും സിദ്ധാന്തപ്രചാരണത്തിന്റെയും കേന്ദ്രങ്ങളായിത്തീർന്നു. സംഘടിതമായ സന്ന്യാസജീവിതത്തിന്‌ ആശ്രമങ്ങളെയും സമൂഹജീവിതസൗകര്യങ്ങളെയും ആദ്യമായി പ്രയോജനപ്പെടുത്തിയത്‌ ജൈനമതമായിരുന്നിരിക്കണം. പില്‌ക്കാലത്ത്‌ ദിഗംബരപ്രസ്ഥാനം വേർതിരിഞ്ഞു പോകുന്നതുവരെ ജൈനമതത്തിൽ സന്ന്യാസിനികള്‍ക്കും പ്രത്യേകം സമൂഹവാസകേന്ദ്രങ്ങളുണ്ടായിരുന്നു. (നോ: ജൈനമതം) 12, 13 നൂറ്റാണ്ടുകള്‍ മുതൽ ഭാരതത്തിൽനിന്ന്‌ ഇത്തരം വിഹാരങ്ങളും സന്ന്യാസകേന്ദ്രങ്ങളും മിക്കവാറും അപ്രത്യക്ഷമായെന്നുതന്നെ പറയാം. എങ്കിലും ശ്രീരാമകൃഷ്‌ണമിഷന്‍, ചിന്മയാമിഷന്‍, ശ്രീനാരായണാമിഷന്‍ തുടങ്ങിയ ആധ്യാങ്ങിക സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ ആധുനികകാലത്തും ധാരാളം ആശ്രമങ്ങള്‍ പ്രവർത്തിച്ചുപോരുന്നുണ്ട്‌.

പാശ്ചാത്യസങ്കല്‌പങ്ങള്‍. ജീവിതവിശുദ്ധി കൈവരിക്കാന്‍ ലളിതജീവിതവും ചാരിത്യ്രശുദ്ധിയും ആങ്ങാർപ്പണബുദ്ധിയും സ്വയം ഏറ്റുവാങ്ങിയിട്ടുള്ള സിദ്ധന്മാരും അവരുടെ അനുയായികളും ആശ്രമവാസം വരിക്കുന്ന സമ്പ്രദായം ഇതരമതവിശ്വാസികളുടെ ഇടയിലും കാണാം. എന്നാൽ മധ്യയുഗത്തോടുകൂടി ഇവ പലതും ചില അനുഷ്‌ഠാനങ്ങളിലും നിശ്ചിതപഥങ്ങളിലൂടെയുള്ള ആധ്യാങ്ങികാന്വേഷണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടുകൂടി ആശ്രമവാസത്തെക്കുറിച്ചുള്ള പ്രാചീനസങ്കല്‌പത്തിനും സ്വഭാവത്തിനും മാറ്റങ്ങളുണ്ടായി. ആരംഭകാലം മുതൽ ക്രസ്‌തവസഭകളിലെ സന്ന്യാസി സംഘടനകളുടെ മുഖ്യ ലക്ഷണങ്ങള്‍ അസാന്‍മാർഗികവും അധാർമികവും മതവിരുദ്ധവും ഇന്ദ്രിയനിഷ്‌ഠവുമായ ജീവിതചര്യകളിൽനിന്ന്‌ വിമുക്തമാക്കി ആങ്ങാവിനെ രക്ഷപ്പെടുത്താനുള്ള വഴികള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു. പ്രലോഭനങ്ങളുടെയും ആകർഷണങ്ങളുടെയും പിന്നാലെ പോകാന്‍ ഇടവരാതെ സ്വഭാവശുദ്ധിയോടുകൂടി ദരിദ്രജീവിതം വരിക്കുക എന്നതായിരുന്നു സന്യാസം (monasticism)എന്ന പദത്തിന്‌ അവർ നല്‌കിയിരുന്ന വിവക്ഷ. 4-ാം ശ.-ത്തിന്റെ ആരംഭത്തിൽ ഈജിപ്‌തിൽ ജീവിച്ചിരുന്ന വിശുദ്ധ അന്തോണിയാണ്‌ ക്രസ്‌തവ സന്ന്യാസിജീവിതത്തിന്റെ ആദ്യസ്ഥാപകന്‍ എന്ന്‌ കരുതപ്പെട്ടുവരുന്നു. ചെങ്കടലിന്റെ തീരത്ത്‌ ഇദ്ദേഹം സ്ഥാപിച്ച ഒരു കോപ്‌റ്റിക്‌ (Coptic) ആശ്രമം ഇപ്പോഴും കാണാം. മെസപ്പൊട്ടേമിയയിലും സിറിയയിലും പാലസ്‌തീനിലും സീനായ്‌ ഉപദ്വീപിലും അതുപോലെ മധ്യപൂർവദേശത്തിന്റെ വിവിധഭാഗങ്ങളിലും ഇതേത്തുടർന്ന്‌ നിലവിലിരുന്ന ആശ്രമങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ സ്ഥലമുദ്രകളെന്നനിലയിൽ പ്രസിദ്ധി ആർജിച്ചിട്ടുണ്ട്‌. ഇറ്റലിയിൽനിന്നു പടിഞ്ഞാറോട്ടുള്ള യൂറോപ്യന്‍ പ്രദേശങ്ങളിൽ ഈ പ്രസ്ഥാനം പടരാന്‍ പല ശതാബദ്‌ങ്ങള്‍ കഴിയേണ്ടിവന്നു. വിശുദ്ധ ബെനഡിക്‌റ്റ്‌ ഇറ്റലിയിൽ സ്ഥാപിച്ച "ആശ്രമ'ത്തെത്തുടർന്ന്‌ പശ്ചിമയൂറോപ്പ്‌ നിരവധി സന്ന്യാസസമൂഹങ്ങള്‍ക്ക്‌ ജന്മം നല്‌കി. ആംഗ്ലിക്കന്‍സഭ (1845), ഒക്‌സ്‌ഫഡിലെ കൗളിപിതാക്കന്മാർ (Cowly Fathers, 1866), മെിർഫീൽഡ്‌ പിതാക്കന്മാർ (Mirfield Fathers, 1892), സേക്രഡ്‌ മിഷന്‍ (Sacred Mission, 1894) തുടങ്ങിയവ ഇക്കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു.

പ്രൊട്ടസ്റ്റന്റ്‌ സഭക്കാർ സന്ന്യാസസമൂഹങ്ങളിൽ വിശ്വസിക്കുന്നവരല്ലെങ്കിലും 20-ാം ശ.-ത്തിൽ ജർമനി, സ്വിറ്റ്‌സർലന്‍ഡ്‌ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ ആശ്രമപ്രസ്ഥാനം അല്‌പാല്‌പം രൂപംകൊണ്ടു തുടങ്ങിയിട്ടുണ്ട്‌. ഇറ്റലിയിൽ മോണ്‍ട്‌കാസ്സിനോവിലുള്ള ബനഡിക്‌റ്റൈന്‍ആശ്രമം (എ.ഡി. 529), ഇംഗ്ലണ്ടിൽ ഡർഹാമിലുള്ള ഭദ്രാസനപ്പള്ളി (1093), ഫ്രാന്‍സിൽ ഗ്രനോബിലുള്ള ലാഗ്രാന്ദേഷാർത്‌റ്യൂസ്‌ (1084), ഇംഗ്ലണ്ടിൽ യോർക്‌ഷയറിലുള്ള ഫൗണ്ടെന്‍സ്‌ ആബി (1132), ഗ്രീസിൽ സിമോപെത്രയിലുള്ള ഓർത്തൊഡോക്‌സ്‌ മൊണാസ്റ്ററി (14-ാം ശ.), ജർമനിയിൽ ബവേറിയയിലുള്ള എത്താൽആബി (1300), ഇക്വഡോറിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമം (1538), ഫ്രാന്‍സിൽ ക്ലൂണിയിലുള്ള ബനഡിക്‌റ്റൈന്‍ ആശ്രമം (910), സ്‌പെയിനിലെ സാന്‍ലോറന്‍സോ ഓഗുസ്‌തിനിയന്‍ ആശ്രമം (1563) തുടങ്ങിയവ ദേവാലയശില്‌പമാതൃകകള്‍ക്കും പ്രാചീനതയ്‌ക്കും പ്രസിദ്ധിപെറ്റ വിവിധ ക്രസ്‌തവസഭകളുടെ ആശ്രമങ്ങളാണ്‌. ബുദ്ധാശ്രമങ്ങള്‍ വിഹാരങ്ങള്‍ എന്ന പേരിലാണ്‌ കൂടുതലും അറിയപ്പെടുന്നത്‌. ബി.സി. 4-ാം ശ. മുതൽക്കാണ്‌ ബൗദ്ധവിഹാരങ്ങള്‍ ഭാരതത്തിലും മറ്റുസ്ഥലങ്ങളിലും വിദ്യാകേന്ദ്രങ്ങളായി (അറിവ്‌ പ്രദാനം ചെയ്യുന്ന സെന്ററുകള്‍) ബുദ്ധസന്യാസിമാരും സന്ന്യാസിനികളും ആദ്യ മൂന്നു മാസക്കാലം പരിശീലനകാലമായി വ്രതനിഷ്‌ഠയോടെ ആചാരാനുഷ്‌ഠാനങ്ങള്‍ പരിപാലിച്ചു പോരേണ്ടതുണ്ടായിരുന്നു. ഭാരതത്തിൽ ലഡാക്കിലെ തിക്‌സെ ബുദ്ധവിഹാരം ഇത്തരത്തിൽ പ്രസിദ്ധമായൊരു ആശ്രമമാണ്‌. നേപ്പാളിലുള്ള തെങ്‌ബോച്ചെ ബുദ്ധവിഹാരം, റഷ്യയിലെ ബുരിയാടിയയിലെ ഇവോള്‍വാ ബുദ്ധവിഹാരം എന്നിവയും തേരാവാദ ബുദ്ധമതക്കാരുടെ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയിലെയും ശ്രീലങ്കയിലേയും ബൗദ്ധവിഹാരങ്ങളും പ്രസിദ്ധമാണ്‌. ഇവ കൂടുതലായും ധ്യാന കേന്ദ്രങ്ങളായാണ്‌ അറിയപ്പെടുന്നത്‌. ചൈന, ജപ്പാന്‍, തിബത്ത്‌, തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലും ബൗദ്ധ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍