This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശാഭോസ്‌ലേ (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശാഭോസ്‌ലേ (1933 - )

ആശാഭോസ്‌ലേ

ഹിന്ദി, മറാഠി സിനിമകളിലെ പ്രശസ്‌ത പിന്നണി ഗായിക. മഹാരാഷ്‌ട്രയിലെ സാങ്‌ലിയിലുള്ള ഗോർ എന്ന ചെറുഗ്രാമത്തിൽ 1933 സെപ്‌. 8-ന്‌ ജനിച്ചു. അച്ഛന്‍ ദീനാനാഥ്‌ മങ്കേഷ്‌കർ നാടകനടനും ശാസ്‌ത്രീയ സംഗീതജ്ഞനുമായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന്‌ ഒന്‍പതാമത്തെ വയസ്സിൽ കുടുംബം പൂണെയിൽ നിന്നും കോലാപൂരിലേക്കും പിന്നീട്‌ മുംബൈയിലേക്കും താമസം മാറ്റി. ആശയും മൂത്ത സഹോദരി ലതാ മങ്കേഷ്‌കറും ഉപജീവനത്തിനായി സിനിമകളിൽ പാടാനും അഭിനയിക്കാനും തുടങ്ങി. 1943-ൽ തുടങ്ങിയ സംഗീത സപര്യ ആറു ദശകമായി തുടരുന്നു. ആശ ഇതിനകം 1000-ത്തിലധികം ഹിന്ദി ചലച്ചിത്രങ്ങളിൽ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. ചലച്ചിത്രഗാനം, പോപ്പ്‌, ഗസൽ, ഭജന്‍, പാരമ്പര്യശാസ്‌ത്രീയ സംഗീതം, നാടോടി ഗാനങ്ങള്‍, കവാലി, രബീന്ദ്രസംഗീതം, നസ്‌റു ഗീതങ്ങള്‍ തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളിൽ ആശാഭോസ്‌ലേ തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. 14-ഓളം (മലയാളം, അസമിയ, ഹിന്ദി, ഉർദു, തെലുഗു, മറാഠി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്‌, ഇംഗ്ലീഷ്‌, റഷ്യന്‍, ചെക്‌, നേപ്പാളി, മലായ്‌) ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങള്‍ അവർ ആലപിച്ചു കഴിഞ്ഞു.

1943-ൽ മറാഠി ചലച്ചിത്രം മാഝാബാലി(Majha Bal)നുവേണ്ടി ദത്താദാവ്‌ജേകർ ഈണം നൽകിയ "ചലാ ചലാ നവ്‌ബാല' എന്ന ഗാനമായിരുന്നു ആദ്യമായി പാടിയത്‌. 1948-ൽ ചുനരിയ എന്ന ഹിന്ദി ചലച്ചിത്രത്തിൽ "സാവന്‍ ആയാ' എന്ന ഗാനമാലപിച്ചു കൊണ്ട്‌ ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത്‌ പ്രവേശിച്ചു. 1949-ൽ പുറത്തിറങ്ങിയ രാത്‌ കീ റാണി എന്ന ഹിന്ദിചലച്ചിത്രത്തിലാണ്‌ ആശ ആദ്യമായി തനിച്ചു പാടിയത്‌.

പതിനാറാമത്തെ വയസ്സിൽ ആശ, ലതാമങ്കേഷ്‌കറുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ഗണപത്‌റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചെങ്കിലും വിവാഹ ജീവിതം പരാജയമായിരുന്നു.

പിന്നണിഗായകരായ ഗീതാദത്ത്‌, ലതാമങ്കേഷ്‌കർ, ഷംസദ്‌ബീഗം എന്നിവർ വന്‍ ബഡ്‌ജറ്റ്‌ ചിത്രങ്ങള്‍ക്കും അവയിലെ നായികമാർക്കും വേണ്ടി മാത്രം പാടിയിരുന്ന ആ കാലത്ത്‌ ആശ രണ്ടാംനിര സിനിമകളിലും, ലോ-ബഡ്‌ജറ്റ്‌ സിനിമകളിലും പാടി. 1950-കളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങള്‍ പാടിയത്‌ ആശാഭോസ്‌ലേ ആണ്‌. ദിലീപ്‌കുമാർ നായകനായ സാങ്‌ദിൽ (1952) ലെ ഗാനം ബിമൽറോയിയുടെ പരിണീത(1953)യിലെ ഗാനം, രാജ്‌കപൂർ നായകനായ ബൂട്ട്‌പോളിഷിൽ (1954) മുഹമ്മദ്‌ റഫിയോടൊപ്പം "നന്‍ഹേ മുന്നേ ബച്ചേ' എന്നു തുടങ്ങുന്ന ഗാനം, ഇവയെല്ലാം ഗായിക എന്ന നിലയിൽ ആശയുടെ പ്രശസ്‌തിക്കു കാരണമായി. 1956-ൽ സി.ഐ.ഡി. എന്ന ചലച്ചിത്രം ആശയുടെ സംഗീത ജീവതത്തിൽ വഴിത്തിരിവായി. ഒ.പി. നയ്യാറിന്റെ ഗാനരചനയിൽ ബി.ആർ. ചോപ്ര നിർമിച്ച നയാദൗർ (1957) ഉള്‍പ്പെടെ അനേകം ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ വന്‍ഹിറ്റുകളായി. 1954-ൽ തുടങ്ങിയ തൊഴിൽപരവും വ്യക്തിപരവുമായ ഒ.പി. നയ്യാർ-ആശാഭോസ്‌ലേ കൂട്ടുകെട്ട്‌ 1970-കള്‍ വരെ തുടർന്നു. 1966-ൽ സംഗീതസംവിധായകനായ രാഹുൽദേവ്‌ ബർമന്റെ തീസ്‌രിമന്‍സിൽ ആശയുടെ ഗാനങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടി. 1970-കളിൽ അനേകം ഹിറ്റുകള്‍ ആശ ബർമന്‍ കൂട്ടുകെട്ട്‌ നേടി. 1980-ൽ ആശയെ ആർ.ഡി. ബർമന്‍ വിവാഹം കഴിച്ചു. 1980-കളിൽ "കാബറേ ഗായിക', "പോപ്പ്‌ ഗായിക' എന്നീ നിലകളിൽ ഏറെ പ്രശസ്‌തയായ ആശ 1981-ൽ പുറത്തിറങ്ങിയ ഉംറാവുജാന്‍, 1987-ൽ പുറത്തിറങ്ങിയ ഇജാസത്ത്‌ എന്നീ ചലച്ചിത്രങ്ങളിൽ പാരമ്പര്യ ഗസലുകള്‍ പാടി തന്റെ കഴിവ്‌ തെളിയിച്ചു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള നാഷണൽ ഫിലിം അവാർഡ്‌ ഈ ഗസലുകളുടെ ആലാപനത്തിലൂടെ ആശയ്‌ക്കു ലഭിച്ചു. 1995-ൽ 62-ാമത്തെ വയസ്സിൽ എ.ആർ. റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ രംഗീല എന്ന ചലച്ചിത്രത്തിനുവേണ്ടി പാടിയ "തന്‍ഹാതന്‍ഹ', "രംഗീലരേ' എന്നീ ഗാനങ്ങളിലൂടെ എ.ആർ. റഹ്‌മാന്‍-ആശാ കൂട്ടുകെട്ട്‌ നിലവിൽ വന്നു.

സംഗീത സംവിധായകരായ ഒ.പി. നയ്യാർ, ഖയ്യാം, രവി, എസ്‌.ഡി. ബർമന്‍, ആർ.ഡി.ബർമന്‍, ഇളയരാജ, എ.ആർ. റഹ്‌മാന്‍, ജയ്‌ദേവ്‌, ശങ്കർ ജയകിഷന്‍, അനുമാലിക്‌, മദന്‍മോഹന്‍, സലിൽചൗധരി, സന്ദീപ്‌ ചൗള തുടങ്ങിയവരോടൊപ്പം ആശ പ്രവർത്തിച്ചു. മറാഠി സിനിമകളിലും ലതാമങ്കേഷ്‌കർക്കൊപ്പം ആശാഭോസ്‌ലെയെയും അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. പ്രശസ്‌തരായ മറാഠി കവികളുടെ കവിതകള്‍ ആശ ആലപിച്ചിട്ടുണ്ട്‌. ആശയുടെ മറാഠിഭജന്‍ പ്രശസ്‌തമാണ്‌. ധ്യാനേശ്വറിന്റെ "ഖണ്ഡാവോവിതാലോ' ദീനാനാഥ്‌മങ്കേഷ്‌കർ രചിച്ച മറാഠി നാട്യസംഗീതം ഇവയെല്ലാം ആശ ഭജനകളായി അവതരിപ്പിച്ചിരുന്നു.

വിദേശ രാജ്യങ്ങളിൽ നിരവധി പരിപാടികള്‍ ആശ അവതരിപ്പിച്ചിട്ടുണ്ട്‌. 1980-90-കളിൽ കാനഡ, യു.എസ്‌, യു.കെ., ദുബായ്‌ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്റ്റേജ്‌ പ്രാഗ്രാമുകള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വൃദ്ധജനങ്ങളെ സഹായിക്കുവാനുള്ള ധനസമാഹരണാർഥം 2002 ഒ.-ൽ ലണ്ടനിൽ "ഹെൽപ്പ്‌ ദ്‌ ഏജ്‌ഡ്‌' എന്ന സംഗീത പരിപാടി സുധേഷ്‌ ഭോസ്‌ലേയും സംഘത്തോടുമൊപ്പം അവതരിപ്പിച്ചു. 2007-ൽ യു.എസ്‌., കാനഡ, വെസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവിടങ്ങളിൽ "ദ്‌ ഇന്‍ക്രഡിബിള്‍സ്‌ ' എന്ന പേരിൽ സോനുനിഗം, കുനാൽ ഗഞ്‌ജവാല, കൈലാഷ്‌ ഖേർ എന്നിവരോടൊപ്പം 20-ഓളം സ്റ്റേജ്‌ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ആശയ്‌ക്ക്‌ എട്ട്‌ ഫിലിംഫെയർ ബെസ്റ്റ്‌ ഫീമെയിൽ പ്ലേബാക്ക്‌ സിംഗർ അവാർഡുകള്‍ നാഷണൽ ഫിലിം അവാർഡ്‌ ഫോർ ബെസ്റ്റ്‌ ഫീമെയിൽ പ്ലേ ബാക്ക്‌ സിംഗർ (1981, ഉംറാവുജാന്‍; 1986, ഇജാസത്ത്‌), നൈറ്റിങ്‌ഗേൽ ഒഫ്‌ ഏഷ്യ അവാർഡ്‌ (1987, ഇന്‍ഡോ-പാക്‌ അസോസിയേഷന്‍, യു.കെ), ലതാ മങ്കേഷ്‌കർ അവാർഡ്‌ (1989, മധ്യപ്രദേശ്‌ സർക്കാർ വക), മഹാരാഷ്‌ട്ര സർക്കാർ അവാർഡ്‌ (17-പ്രാവശ്യം), ദാദാ-സാഹേബ്‌ ഫാൽക്കേ അവാർഡ്‌ (2000-ഇന്ത്യന്‍ ചലച്ചിത്രത്തിന്‌ നൽകിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച്‌) എന്നിവയ്‌ക്കു പുറമേ 2002 ന.-ൽ ബിർമിങ്‌ഗം ഫിലിംഫെസ്റ്റിവൽ ആശയെ ആദരിച്ചിരുന്നു. 1997-ൽ ഗ്രാമി അവാർഡിന്‌ നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ഗായിക എന്ന നേട്ടവും ആശയ്‌ക്കു സ്വന്തമാണ്‌. (ഉസ്‌താദ്‌ അലി അക്‌ബർ ഖാനോടൊപ്പം ചേർന്ന്‌ ചെയ്‌ത ലെഗസി എന്ന ആൽബത്തിന്‌). അമരാവതിസർവകലാശാലയും ജൽഗോണ്‍സർവകലാശാലയും സാഹിത്യത്തിനുള്ള ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ചിട്ടുണ്ട്‌. 2008-ലെ ഭാരത സർക്കാരിന്റെ "പദ്‌മവിഭൂഷണ്‍' ബഹുമതി പ്രസിഡന്റ്‌ പ്രതിഭാപാട്ടീലിൽ നിന്നും 2008 മേയ്‌ 5-ന്‌ ആശാഭോസ്‌ലേ സ്വീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍