This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശാപൂർണാദേവി (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശാപൂർണാദേവി (1909 - )

ആശാപൂർണാദേവി

ബംഗാളി നോവലിസ്റ്റ്‌. ആശാപൂർണാദേവി 1909 ജനു. 8-ന്‌ കൽക്കത്തയുടെ തെക്കേഅറ്റത്തുള്ള ഗരിയാഹട്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു. പെണ്‍കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നത്‌ കുലീനതയ്‌ക്കു ചേർന്നതല്ലെന്ന വിശ്വാസമാണ്‌ ആ ഗ്രാമത്തിൽ അന്നു നിലനിന്നിരുന്നത്‌. അതുകൊണ്ട്‌ ഒരു സ്വകാര്യഅധ്യാപകനിൽ നിന്നുപോലും അക്ഷരപരിജ്ഞാനം നേടുവാന്‍ ആശയ്‌ക്കു കഴിഞ്ഞില്ല. ഉന്നതവിദ്യാഭ്യാസം നേടിയ ജ്യേഷ്‌ഠസഹോദരനിൽനിന്നാണ്‌ ആശ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പരിചയപ്പെട്ടത്‌. പുസ്‌തകപാരായണത്തിൽ ഔത്സുക്യം പുലർത്തിയിരുന്ന മാതാവും ആശയുടെ തുണയ്‌ക്കെത്തി. വലിയൊരു ഗ്രന്ഥശേഖരം വീട്ടുലുണ്ടായിരുന്നതും സഹായകമായി. അങ്ങനെ വീടിന്റെ നാലുചുവരുകള്‍ക്കുള്ളിൽ തളച്ചിട്ട ജീവിതമാണ്‌ ആശ നയിച്ചതെങ്കിലും സഹജമായ പ്രതിഭാവിലാസവും ലോകാനുഭവവും ആശാപൂർണാദേവിയെ എഴുത്തുകാരിയാക്കി. പതിനഞ്ചാമത്തെ വയസ്സിൽ ആശാപൂർണ വിവാഹിതയായി. ഭർത്താവ്‌ കാളിദാസ്‌ഗുപ്‌ത. സ്വന്തം ഗൃഹംപോലെ ഭർത്തൃഗൃഹവും യാഥാസ്ഥിതികമായ ഒന്നായിരുന്നു. 13-ാം വയസ്സിൽതന്നെ ആശാപൂർണ എഴുതിത്തുടങ്ങിയിരുന്നു. ആദ്യകവിത ശിശുസാഥി മാസികയിൽ പ്രസിദ്ധീകരിച്ചു. തുടർന്നും കവിതകളാണ്‌ എഴുതിയത്‌. ആദ്യകൃതി ഭാര്യയും പ്രിയപ്പെട്ടവളും. 28 വയസ്സുവരെ കുട്ടികള്‍ക്കുള്ള രചനകള്‍ മാത്രമാണ്‌ ആശാപൂർണ നടത്തിയത്‌. ഇടയ്‌ക്ക്‌ ഹാസ്യകഥകളും എഴുതി. "രാജുവിന്റെ അമ്മ' എന്ന കഥ എഴുതിയതോടെ ഇവർ സാഹിത്യരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്‌ നിരന്തരമായി എഴുതിക്കൊണ്ടിരുന്നു.

ഇരുനൂറോളം നോവലുകളും ആയിരത്തിനടുത്ത്‌ കഥകളും മുപ്പതോളം ബാലസാഹിത്യകൃതികളും രചിച്ച ഒരു എഴുത്തുകാരിയാണ്‌ ആശാപൂർണ. ബാഹ്യലോകത്തിന്റെ വിളി എന്ന പേരിൽ കുട്ടിക്കാലത്ത്‌ ഒരു കവിതാപുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികള്‍ക്കായുള്ള ചെറുകഥാസമാഹാര(1941)മാണ്‌ പിന്നീട്‌ ആശ പ്രസിദ്ധീകരിച്ചത്‌. ചോട്ടാഠാക്കുർദാർ കാശീയാത്ര (ചെറിയപ്പൂപ്പന്റെ കാശിയാത്ര) എന്നാണ്‌ ആ കൃതിയുടെ പേര്‌. 1944-ൽ വെള്ളവും തീയും എന്ന ശീർഷകത്തിൽ ചെറുകഥകളുടെ ഒരു സമാഹാരവും പുറത്തുവന്നു. തുടർന്ന്‌ നോവലുകളുടെയും ചെറുകഥകളുടെയും പ്രബന്ധങ്ങളുടേയും പ്രവാഹംതന്നെയായിരുന്നു. സമുദ്രനീൽ, ആകാശനീൽ, നിർജനപൃഥ്വി, ഏയിതോസേദിന്‍, പ്രഥമപ്രതിശ്രുതി, സുവർണലത, ബകുള്‍കഥ, അഗ്നിപരീക്ഷ, ദിനാന്തർരംഗ്‌ (സന്ധ്യയുടെ നിറം), ശശിബാബുർ സന്‍സാർ (ശശിബാബുവിന്റെ കുടുംബം), യോഗ്‌ ബിയോഗ്‌ (സങ്കലനം വ്യവകലനം), ബലായ്‌ ഗ്രാസ്‌ (കങ്കണഗ്രഹണം), കഖോനൊ ദിന്‍ കഖോനൊ രാത്‌ (ചിലപ്പോള്‍ പകൽ ചിലപ്പോള്‍ രാത്രി) തുടങ്ങിയവയാണ്‌ ആശാപൂർണയുടെ പ്രസിദ്ധകൃതികള്‍. ജീവിതത്തിന്റെ തിക്തയാഥാർഥ്യങ്ങളും സ്‌ത്രീമനസിന്റെ വിവിധരൂപഭാവങ്ങളുമാണ്‌ ആശാപൂർണാദേവിയുടെ കഥാലോകത്തെ മിഴിവുറ്റതാക്കുന്നത്‌. ആശാപൂർണയുടെ നോവൽത്രയം (പ്രഥമ പ്രതിശ്രുതി, സുവർണലത, ബകുള്‍കഥ) ഇതിന്റെ ഉത്തമനിദർശനമാണ്‌. ആശാപൂർണയ്‌ക്ക്‌ ബംഗാളി നോവൽ ചരിത്രത്തിൽ ശാശ്വതപ്രതിഷ്‌ഠ നേടിക്കൊടുത്ത കൃതിയാണ്‌ പ്രഥമപ്രതിശ്രുതി. അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട്‌ പുരുഷന്റെ അടിമയായി നിഴലിൽ കഴിയേണ്ടിവന്ന സ്‌ത്രീയെ ശക്തിസ്വരൂപിണിയാക്കി മാറ്റുവാനുള്ള ശ്രമമാണ്‌ പ്രഥമ പ്രതിശ്രുതിയിൽ നാം കാണുന്നത്‌. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കാലം പാശ്ചാത്തലമാക്കി മൂന്നു തലമുറകളുടെ കഥയിലൂടെ സ്‌ത്രീയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളുടെ യഥാർഥചിത്രം ഇവിടെ വരച്ചുകാട്ടുന്നു. പ്രഥമപ്രതിശ്രുതിയിലെ സത്യവതിയുടെ മുഖമുദ്ര എതിർപ്പാണ്‌. ജയകാളിയുടെ മകന്‍ രാമകാളിയുടെ ഏകമകളാണ്‌ സത്യ. ബംഗാളിലെ സ്‌ത്രീകളെ ഒന്നടങ്കം ഭയപ്പെടുത്തിക്കൊണ്ട്‌, പർദയ്‌ക്കുള്ളിൽനിന്നു പുറത്തുചാടിയ സത്യ നാട്ടുകാർക്കെല്ലാം സംസാരവിഷയമായി. ബാല്യവിവാഹം കഴിഞ്ഞ അവള്‍ അടുക്കളത്തളത്തിലോ അന്തഃപുരത്തിലോ ഒതുങ്ങിയില്ല. ജ്ഞാനിയായ രാമകാളിയുടെ മകള്‍ ഒരു പുതിയലോകം വെട്ടിപ്പിടിക്കാന്‍ വെമ്പി. ഭർത്തൃഗൃഹത്തിലെത്തുന്ന സത്യ അവിടെയും സ്‌ത്രീത്വത്തിന്റെ അഗ്നിജ്വാല പടർത്തുന്നു. അമ്മായി അമ്മയുടെ അടിയും തൊഴിയുമേല്‌ക്കാനാണ്‌ മരുമകള്‍ എന്ന ധാരണ തിരുത്തപ്പെടുന്നു. സത്യ പഠിക്കുന്നു. സമൂഹത്തെ മുഴുവന്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. നഗരത്തിലെത്തി പുതുജീവിതം കെട്ടിപ്പടുക്കുന്നു. പക്ഷേ ഏതേത്‌ അനാചാരങ്ങള്‍ക്ക്‌ എതിരെ സത്യ യുദ്ധംചെയ്‌തുവോ ആ അനാചാരങ്ങളുടെ ഊരാക്കുടുക്കിൽ അവരുടെ കുടുംബവും അകപ്പെടുന്നു. സ്വന്തം മകള്‍ സുവർണയ്‌ക്കും ശൈശവവിവാഹമെന്ന അനാചാരത്തിൽ നിന്ന്‌ മോചനമില്ല. നോവലിലെ സത്യ ആശാപൂർണയുടെ ആങ്ങാവുതന്നെയാണ്‌. വൈവിധ്യവും വൈരുധ്യവും വിതയ്‌ക്കുന്ന ഒട്ടനവധി മറ്റു കഥാപാത്രങ്ങളിലൂടെയും ഈ കൃതി ബംഗാളിന്റെ ഇതിഹാസമാകുന്നു. ഇതിന്‌ 1976-ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. സുവർണലതയും ബകുള്‍കഥയും നോവലിസ്റ്റ്‌ നേരിട്ടുകണ്ട ജീവിതത്തിന്റെ ആവിഷ്‌കാരമാണ്‌. സമൂഹത്തിൽ സ്‌ത്രീയുടെ സ്ഥാനം വളരെ മാറിയിട്ടുണ്ട്‌. അവള്‍ക്ക്‌ വിദ്യാഭ്യാസവും ഉദ്യോഗവും സാമൂഹികനീതിയും ഇന്നു ലഭ്യമാണ്‌. പക്ഷേ അടിസ്ഥാനപരമായ വ്യത്യാസം വളരെയൊന്നും ഉണ്ടായിട്ടില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ നോവലിസ്റ്റ്‌ ഈ നോവലുകളിലൂടെ ശ്രമിക്കുന്നത്‌. ചുറ്റുപാടും കാണുന്ന മനുഷ്യരുടെ ജീവിതമാണ്‌ ഇവർ കഥകളിലൂടെ ആവിഷ്‌കരിച്ചത്‌. ജീവിതചിത്രങ്ങള്‍ വരയ്‌ക്കുന്നതിന്‌ ഈ നോവലിസ്റ്റ്‌ തിരഞ്ഞെടുത്ത കാന്‍വാസുകള്‍ വിസ്‌തൃതി കുറഞ്ഞവയാണ്‌. അവരുടെ ജീവിതാനുഭവങ്ങള്‍ പരിമിതവുമാണ്‌. എന്നിരുന്നാലും പ്രതിഭയുടെ പ്രകാശം വർഷിക്കുന്ന രചനാസാമർഥ്യം ആശാപൂർണ പ്രകടമാക്കി. ഒപ്പം ഒരു കാലഘട്ടത്തിന്റെ ജീവിതരേഖകള്‍ കോറിയിടുകയും ചെയ്‌തു.

സാഹിത്യത്തിലൂടെ ജീവിതം സമ്പന്നമാക്കിയ എഴുത്തുകാരിയാണ്‌ ആശാപൂർണ. അമൃതബസാർ പത്രികയുടെ മോത്തിലാൽ പുരസ്‌കാരം, കൽക്കത്ത സർവകലാശാലയുടെ ലീലാപുരസ്‌കാരം, ഭൂവനമോഹിനി സ്വർണമെഡൽ, പശ്ചിമബംഗാളിന്റെ ഏറ്റവും വലിയ സാഹിത്യസമ്മാനമായ ടാഗോർ മെമ്മോറിയൽ പുരസ്‌കാരം, ഒരു സ്‌ത്രീയ്‌ക്കു ലഭിച്ച ആദ്യത്തെ ജ്ഞാനപീഠസമ്മാനം, "പദ്‌മശ്രീ' ബഹുമതി, ജബൽപൂർ സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്‌ എന്നിങ്ങനെ അനേകം അവാർഡുകളും ബഹുമതികളും ആശാപൂർണയ്‌ക്കു ലഭിച്ചിട്ടുണ്ട്‌. ആശാപൂർണയുടെ 40 നോവലുകള്‍ ഹിന്ദിയിൽ തർജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌; ചെറുകഥകളും നോവലുകളും പല ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവരുടെ കഥകളെ ആസ്‌പദമാക്കി 24 സിനിമകള്‍ നിർമിച്ചിട്ടിട്ടുണ്ട്‌. പതിനാറെച്ചം ഹിന്ദിയിലും അഞ്ചെച്ചം ഒറിയയിലും തമിഴിലും അസമിയയിലും ഓരോന്നു വീതവും.

മലയാളത്തിലെത്തിയ ആശാപൂർണാദേവിയുടെ കൃതികളിൽ പ്രാഫ. പി. മാധവന്‍ പിള്ള വിവർത്തനം ചെയ്‌ത പ്രഥമപ്രതിശ്രുതി, സുവർണലത, ബകുളിന്റെ കഥ എന്നീ നോവലുകള്‍ ശ്രദ്ധാർഹങ്ങളാണ്‌.

(നിലീനാ അബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍