This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശയവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശയവാദം

മനസ്സ്‌ പദാർഥജന്യമാണെന്ന വാദത്തെ നിഷേധിക്കുകയും പദാർഥത്തെക്കാള്‍ മൗലികമാണ്‌ മനസ്സ്‌ എന്ന്‌ സിദ്ധാന്തിക്കുകയും ചെയ്യുന്ന ഒരു ദാർശനിക പദ്ധതി.

പ്ലേറ്റോ
ഹെഗൽ
ബ്രാഡ്‌ലി

ആശയവാദത്തെ ഒരു തത്ത്വശാസ്‌ത്രമെന്നനിലയിൽ പലപ്പോഴും യാഥാർഥ്യവാദം, പ്രായോഗികവാദം, മാനുഷികവാദം, ഭൗതികവാദം എന്നിവയുമായി താരതമ്യപ്പെടുത്താറുണ്ട്‌. തത്ത്വശാസ്‌ത്രം പ്രപഞ്ചത്തെപ്പറ്റിയും അതിൽ മനുഷ്യന്റെ സ്ഥാനത്തെപ്പറ്റിയും യുക്തിസഹമായ ഒരു സങ്കല്‌പം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമാണെങ്കിൽ ആശയവാദം നല്‌കുന്ന സങ്കല്‌പം എന്താണെന്ന ചോദ്യം ഉന്നീതമാകുന്നു. യാഥാർഥ്യം ഭൗതികശക്തികളോടെന്നതിനെക്കാള്‍ ചിന്ത, മനസ്സ്‌ (സ്വത്ത്വം) എന്നിവയോട്‌ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ ആശയവാദം സിദ്ധാന്തിക്കുന്നത്‌. അത്‌ മനസ്സിന്റെ ശാശ്വതമായ പ്രാധാന്യത്തിനും യാഥാർഥ്യത്തിനും ഊന്നൽ നല്‌കുന്നു.

മൗലികവും, യഥാർഥവും ആയത്‌ പദാർഥം (material) മാത്രമാണെന്നും മനസ്സ്‌, അതു യഥാർഥമാണെങ്കിൽ പോലും, മൗലികമല്ലെന്നും ആണ്‌ ഭൗതികവാദം (materialism)ഒരു തത്ത്വശാസ്‌ത്രമെന്ന നിലയിൽ സിദ്ധാന്തിക്കുന്നത്‌. ഈ വീക്ഷണഗതിയെ ആശയവാദം നിഷേധിക്കുന്നു. മനസ്സ്‌ യഥാർഥമാണ്‌; പദാർഥമാകട്ടെ, ഒരർഥത്തിൽ മനസ്സിന്റെ സൃഷ്‌ടിയാണ്‌. ഇതിൽനിന്ന്‌ വെളിവാകുന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം: ലോകം ഒരു വലിയ യന്ത്രമല്ല; അതിനെ ഒരു യന്ത്രമെന്ന തരത്തിൽ ഗ്രഹിക്കാന്‍ സാധ്യമല്ലതാനും. യാന്ത്രികതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ വ്യാഖ്യാനിക്കാനും കഴിയുകയില്ല. അത്തരം വ്യാഖ്യാനം, അത്‌ എത്രതന്നെ സമർഥമാണെങ്കിലും യഥാർഥമായ അർഥം വെളിപ്പെടുത്താന്‍ അശക്തമായിരിക്കും. ആശയവാദത്തിന്റെ വിവിധ മാതൃകകള്‍ പൗരസ്‌ത്യദേശത്തും പാശ്ചാത്യദേശത്തും ഉണ്ടായിട്ടുണ്ട്‌. പൗരസ്‌ത്യദേശത്ത്‌ അതിന്റെ ചരിത്രം ഉപനിഷത്തുകളിൽ നിന്നാരംഭിച്ച്‌ അരവിന്ദഘോഷിന്റെയും രാധാകൃഷ്‌ണന്റെയും കൃതികള്‍ വരെ വ്യാപിച്ചുകിടക്കുന്നു. പാശ്ചാത്യദേശത്താകട്ടെ, പ്ലേറ്റോയിൽനിന്ന്‌ തുടങ്ങിയ ആശയവാദം റോയ്‌സ്‌ (Royce) വരെ നീണ്ടുചെന്നെത്തുന്നു.

പ്രപഞ്ചമെന്നത്‌ യുക്തിസഹവും ആധ്യാങ്ങികവുമായ ഒരു സംവിധാനമാണെന്ന്‌ ആശയവാദം അഭിപ്രായപ്പെടുന്നു. മനുഷ്യനും പ്രപഞ്ചവുംതമ്മിൽ ആന്തരികമായി സമരസപ്പെടുന്നു എന്ന നിലയിൽ ഈ ലോകത്തിന്‌ അർഥമുണ്ട്‌. പ്രപഞ്ചം "സൗഹൃദപൂർണ'മാണ്‌; മനുഷ്യന്‌ പ്രിയങ്കരവുമാണ്‌. മനുഷ്യന്‍ ഇവിടെ അന്യനല്ല; യാദൃച്ഛികസൃഷ്‌ടിയുമല്ല. മനസ്സ്‌ അഥവാ സ്വത്ത്വം ആണ്‌ സർഗശക്തി. അതാണ്‌ പ്രപഞ്ചത്തിന്റെ യുക്തിപൂർണത സൂചിപ്പിക്കുന്നത്‌. സത്യപരീക്ഷണം അംഗീകരിക്കുന്നു എന്നതാണ്‌ ആശയവാദത്തിന്റെ ഒരു മുഖ്യഭാവം. ഇതിനെ സത്യസംസത്തിവാദം എന്നു വിളിക്കുന്നു. മനസ്സ്‌ ലോകത്തെപ്പറ്റിയുള്ള നമ്മുടെ ധാരാണകളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും അവയെ വികസ്വരമാക്കുകയും ചെയ്യുന്നു. നമ്മുടെ വിധിനിർണയനം ഇന്ദ്രിയാനുഭവങ്ങളാൽ ബദ്ധമാണെങ്കിൽ, യാഥാർഥ്യവാദികളും മറ്റുള്ളവരും സത്യപരീക്ഷണമെന്ന നിലയിൽ നല്‌കുന്ന വസ്‌തുതകളുമായി അത്‌ പൊരുത്തപ്പെടുന്നു എന്നു പറയാനാവില്ല. ബന്ധപ്പെട്ട മറ്റു വിധിനിർണയനങ്ങളുമായി അതിനെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്‌. യാഥാർഥ്യത്തിന്റെ സമഗ്രതയോടു പൊരുത്തപ്പെടുകയും അതിൽനിന്ന്‌ തനതായ അർഥം കൈവരിക്കുകയും ചെയ്യുന്നതരത്തിൽ ഈ തത്ത്വത്തെ പ്രപഞ്ചത്തോളം വികസിപ്പിച്ചവരാണ്‌ ഹെഗൽ, ബ്രാഡ്‌ലി, റോയ്‌സ്‌ തുടങ്ങിയ പാശ്ചാത്യദാർശനികർ. ജൈവസമഗ്രതയാണ്‌ ആശയവാദത്തിന്റെ കേന്ദ്രതത്ത്വം. അങ്ങനെ ആശയവാദം പദാർഥത്തെക്കാള്‍ കൂടുതൽ പ്രാധാന്യം മനസ്സിനു കല്‌പിക്കുന്നു.

ആശയവാദമെന്ന പദത്തിന്റെ സാധാരണ വിവക്ഷയിൽനിന്ന്‌ അതിന്റെ തത്ത്വശാസ്‌ത്രപരമായ അർഥം വേർതിരിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌. സാധാരണയായി ആശയവാദത്തിന്‌ രണ്ടർഥങ്ങളാണ്‌ കല്‌പിക്കപ്പെടുന്നത്‌: (1) ധാർമികവും കലാപരവും മതപരവുമായ മണ്ഡലങ്ങളിൽ ഉന്നതമായ നിലവാരം; (2) നിലവിൽ വന്നിട്ടില്ലാത്ത പദ്ധതികള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയുള്ള വാദം. ശാശ്വതസമാധാനത്തിനും പൂർണമായ ദാരിദ്യ്ര നിർമാർജനത്തിനും വേണ്ടി വാദിക്കുന്നവർ ആദ്യത്തെ അർഥത്തിലും, പരിഷ്‌കർത്താക്കളും പ്രവാചകന്മാരും രണ്ടാമത്തെ അർഥത്തിലും ആശയവാദികളാണ്‌. നിലവിൽ വന്നിട്ടില്ലാത്ത സംവിധാനത്തിനുവേണ്ടിയാണ്‌ അവരെല്ലാം വാദിക്കുന്നത്‌.

പ്രപഞ്ചത്തിന്‌ അർഥമുണ്ട്‌; മൂല്യമുണ്ട്‌. ഉത്തമ മൂല്യങ്ങള്‍ (ideal values) ആണ്‌ പ്രപഞ്ചത്തിന്റെ നിയാമകശക്തി. ലക്ഷ്യപൂർണമായ ഒരു സംവിധാനമെന്ന നിലയിൽമാത്രമേ ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയൂ. ആശയവാദത്തിന്റെ അന്തഃസത്ത ഇതാണ്‌. ആശയവാദത്തെ ആങ്ങനിഷ്‌ഠാശയവാദം (subjective idealisam), ദൃശ്യപ്രപഞ്ചവാദം (personalism), വാസ്‌തു നിഷ്‌ഠാശയവാദം objective idealism), വ്യക്തിപരതാവാദം (phenomenalism)എന്നിങ്ങനെ നാലായി വിഭജിക്കാം.

ആങ്ങനിഷ്‌ഠാശയവാദം. ആങ്ങനിഷ്‌ഠാശയവാദത്തെ മാനസവാദം (Mentalism)എന്നും ആങ്ങനിഷ്‌ഠാവാദം (Subjectivism)എന്നും വിളിക്കാറുണ്ട്‌. മനസ്സിനും അതിലുണ്ടാകുന്ന ആശയങ്ങള്‍ക്കും മാത്രമേ അസ്‌തിത്വമുള്ളൂ. അനുഭവവേദ്യവസ്‌തുക്കള്‍ എന്നത്‌ കേവലം പ്രത്യക്ഷണങ്ങള്‍ (perceptions) ആണ്‌. അവയ്‌ക്കു തനതായ അസ്‌തിത്വമില്ല, അവ യഥാർഥമല്ലതാനും. സ്വന്തം അനുഭവങ്ങള്‍ക്കപ്പുറത്തേക്കു കടക്കാന്‍ ആർക്കും സാധ്യമല്ല. അനുഭവങ്ങളാകട്ടെ, ആശയങ്ങള്‍ മാത്രമാണ്‌. ഈ ദർശനപദ്ധതിയുടെ ഏറ്റവും വലിയ പ്രണേതാവായ ജോർജ്‌ബെർക്ക്‌ലിയുടെ അഭിപ്രായത്തിൽ ഭൗതികവസ്‌തു എന്നത്‌ ആശയങ്ങളുടെ സമാഹാരമാണ്‌. യഥാർഥമായത്‌ ഒന്നേയുള്ളൂ-ബോധപൂർവമായ മനസ്സും മനസ്സിലുണ്ടാകുന്ന ആശയങ്ങളും. ഒരു വസ്‌തു നിലനില്‌ക്കുന്നു എന്ന പ്രസ്‌താവംകൊണ്ടർഥമാക്കുന്നത്‌ ആവസ്‌തുവിനെപ്പറ്റി നാം പ്രത്യക്ഷണം നടത്തുന്നു എന്നതാണ്‌. എല്ലാ വിജ്ഞാനങ്ങളെയും ആശയങ്ങളായി ഒതുക്കിയെടുക്കുന്ന ബൗദ്ധികവിജ്ഞാനവാദം ഒരർഥത്തിൽ മാനസവാദംതന്നെയാണ്‌. ആശയജനകമായ എന്തോ അതു മാത്രമാണ്‌ പ്രപഞ്ചത്തിൽ യഥാർഥമായിട്ടുള്ളത്‌.

ദൃശ്യപ്രപഞ്ചവാദം. ആങ്ങനിഷ്‌ഠാവാദവുമായി ഏറെക്കുറെ സമാനമായ ഒന്നാണിത്‌. മനസ്സിനു നല്‌കാന്‍ കഴിയുന്നവയെപ്പറ്റി മാത്രമേ നമുക്കറിയാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ ഈ വാദത്തിന്റെ കാതൽ. അതായത്‌, വസ്‌തുക്കളുടെ ആത്യന്തികപ്രകൃതത്തെപ്പറ്റിയല്ല, പ്രതിഭാസത്തെപ്പറ്റിയാണ്‌ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഗോചരമാകുന്ന രീതിയിലാണ്‌ വസ്‌തുക്കളെ നാം മനസ്സിലാക്കുന്നത്‌. പാശ്ചാത്യദർശനത്തിൽ ദൃശ്യപ്രപഞ്ചവാദത്തിന്റെ വക്താവായിരുന്ന ഇമ്മാനുവൽ കാന്റിന്റെ ലോകം മാനസസൃഷ്‌ടമായ ഒന്നാണ്‌. കുശവന്‍ കളിമച്ചുകൊണ്ട്‌ വിവിധരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതുപോലെ മനസ്സ്‌ ഇന്ദ്രിയഗോചരമായ വസ്‌തുക്കള്‍കൊണ്ട്‌ പല രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നു. ഗ്രഹണശക്തിയാണ്‌ പ്രകൃതിനിയമങ്ങള്‍ വിധിച്ചു നല്‌കുന്നത്‌.

വസ്‌തുനിഷ്‌ഠാശയവാദം. പ്ലേറ്റോ, ഹെഗൽ, ബ്രാഡ്‌ലി എന്നിവരാണ്‌ പാശ്ചാത്യരായ വസ്‌തുനിഷ്‌ഠാശയവാദികളിൽ പ്രമുഖർ. അവർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നത്‌ ലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും യുക്തിസഹമായ ഒരു പദ്ധതി എന്ന നിലയിലാണ്‌. പ്രപഞ്ചമെന്നത്‌ മാനസികമാണ്‌. സ്വത്വാങ്ങകമാണ്‌; ജൈവപരമായി പൂർണവുമാണ്‌. ഇന്ദ്രിയ പ്രത്യക്ഷണത്തിന്റെ ലോകം, അതെത്രതന്നെ മൂർത്തവും ഭൗതികവും ആണെങ്കിലും, യഥാർഥമല്ല. യഥാർഥലോകം ഇന്ദ്രിയാതീതമായ ആശയങ്ങളുടെ ലോകമാണ്‌. ഹെഗലിന്റെ അഭിപ്രായത്തിൽ ലോകം ഏകമാണ്‌; പൂർണമാണ്‌; ധൈഷണികമാണ്‌. ഈ ചിന്താപദ്ധതിയുടെ ഏറ്റവും വലിയ പൗരസ്‌ത്യപ്രതിനിധിയാണ്‌ ഉപനിഷത്തുകളിലെ തത്ത്വശാസ്‌ത്രം പുനർവ്യാഖ്യാനം ചെയ്‌ത ശങ്കരാചാര്യർ. വ്യക്തിപരതാവാദം. ഇവിടെ അടിസ്ഥാന ഘടകം കേവല ചിന്തയല്ല; ചിന്തിക്കുന്ന വ്യക്തിയാണ്‌. യാഥാർഥ്യമെന്നത്‌ വ്യക്തിസ്വത്വങ്ങളുടെ സംവിധാനമാണ്‌. സ്വത്വമാകട്ടെ, ഏറ്റവും ചെറിയ ജൈവ-ഏകകമാണ്‌. അതിനാൽ യാഥാർഥ്യമെന്നത്‌ ഏകാങ്ങകമല്ല, അനേകാങ്ങകമാണ്‌. വ്യക്തികളുടെ മേന്മ, ധാർമിക മൂല്യങ്ങള്‍, മാനവസ്വാതന്ത്യ്രം എന്നിവയ്‌ക്ക്‌ ആശയവാദം പ്രാമുഖ്യം കല്‌പിക്കുന്നു. പാശ്ചാത്യദർശനത്തിൽ വ്യക്തിപരതാവാദത്തിന്റെ ശ്രദ്ധേയനായ പ്രതിനിധിയാണ്‌ ലൊട്ട്‌സെ (Lotze). പൗരസ്‌ത്യദർശനത്തിൽ ആശയവാദത്തെപ്പറ്റി രാമാനുജന്‍ നല്‌കുന്ന വ്യാഖ്യാനം ഒരു തരത്തിൽപ്പെട്ട വ്യക്തിപരതാവാദമാണെന്നു കാണാം.

ആശയവാദം വിവിധരൂപത്തിൽ നൂറ്റാണ്ടുകളിലൂടെ നിലനിന്നുവരുന്നു. പൗരസ്‌ത്യരും പാശ്ചാത്യരുമായ ഒട്ടേറെ ദാർശനികർ അതിന്റെ വക്താക്കളായിട്ടുണ്ട്‌. മതം, ധാർമികമൂല്യങ്ങള്‍, സാമൂഹികസംസ്ഥകള്‍ എന്നിവയിലെല്ലാം ആശയവാദത്തിന്റെ സ്വാധീനം ദർശിക്കാന്‍ കഴിയും. അതിന്റെ സാങ്കേതികപദങ്ങള്‍ അവ്യക്തമാണെന്നും അതിന്റെ വിചിന്തനരീതി അശാസ്‌തീയമാണെന്നും നിരൂപകർ കുറ്റപ്പെടുത്തുന്നു. ആമുഷ്‌മികത, പാരമ്പര്യസിദ്ധിവാദം, തിന്മയോടുള്ള തൃപ്‌തികരമല്ലാത്ത സമീപനം എന്നിവ ആശയവാദത്തിന്റെ ന്യൂനതകളാണെന്ന്‌ പ്രായോഗികവാദികള്‍ വിമർശിക്കുന്നു.

(ഡോ. എ.എസ്‌. നാരാണപിള്ള)

ലോക്ക്‌
റൂസ്സോ

രാഷ്‌ട്രതന്ത്രത്തിൽ. ആശയവാദമനുസരിച്ച്‌ രാഷ്‌ട്രം അത്യുന്നതവും പരമപ്രധാനവുമായ ഒരു ധർമസ്ഥാപനമാണ്‌. അത്‌ വ്യക്തികളുടെ സദാചാരത്തിന്റെയും നീതിബോധത്തിന്റെയും രക്ഷാധികാരിയുമാണ്‌. വ്യക്തിയുടെ യഥാർഥമായ ഇച്ഛാശക്തിയെ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രം അവന്റെ പരിപൂർണമായ വളർച്ചയ്‌ക്ക്‌ അനുപേക്ഷണീയമാണ്‌. രാഷ്‌ട്രം അനുവദിക്കുന്നത്ര സ്വാതന്ത്യമേ വ്യക്തികള്‍ക്കാസ്വദിക്കുവാന്‍ പറ്റൂ. രാഷ്‌ട്രം ധാർമികമൂല്യങ്ങളിൽ അധിഷ്‌ഠിതവും അതിന്റെ ശക്തി അഭൗമവും, കഴിവ്‌ അപാരവുമാണ്‌. ലക്ഷ്യപ്രാപ്‌തിക്കുള്ള ഒരു ഉപാധിയായിട്ടല്ല, ആശയവാദികള്‍ രാഷ്‌ട്രത്തെ കാണുന്നത്‌; അവർക്ക്‌ അത്‌ ഒരു ലക്ഷ്യം തന്നെയാണ്‌. പ്രാചീന സങ്കല്‌പങ്ങള്‍. ഒരു ചിന്താഗതി എന്ന നിലയിൽ ആശയവാദത്തിന്‌ വളരെക്കാലത്തെ പഴക്കമുണ്ട്‌. പൗരാണിക ഭാരതത്തിൽ ഋഗ്വേദസംഹിതകള്‍ പുരാണേതിഹാസങ്ങള്‍, ഉപനിഷത്തുകള്‍, ബൗദ്ധ-ജൈന ജാതകങ്ങള്‍ തുടങ്ങിയ ദർശനങ്ങളിൽ ആശയവാദം പല രൂപത്തിലും ഭാവത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെതന്നെ ചൈനയിലെ കണ്‍ഫ്യൂഷ്യസ്‌, മെന്‍ഷ്യസ്‌ ലോത്‌സൂ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിലും ആശയവാദം പ്രകടമായിക്കാണാം. എന്നാൽ ആശയവാദസിദ്ധാന്തങ്ങള്‍ രാഷ്‌ട്രതന്ത്രപരമായ ഒരു പ്രസ്ഥാനമെന്ന നിലയിൽ വികസിച്ചത്‌ പുരാതന ഗ്രീസിലായിരുന്നു. അനക്‌സഗോറസ്‌, സോക്രട്ടീസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടൽ തുടങ്ങിയ ഗ്രീക്കുചിന്തകരുടെ സംഭാവന ഗണനീയമാണ്‌. ഇവരിൽ പ്ലേറ്റോയും അരിസ്റ്റോട്ടലും മുന്നിട്ടു നില്‌ക്കുന്നു. പ്ലേറ്റോ തന്റെ റിപ്പബ്‌ളിക്ക്‌ എന്ന ഗ്രന്ഥത്തിൽ ആദർശ-രാഷ്‌ട്ര(ideal state)ത്തെപ്പറ്റി പറയുന്നുണ്ട്‌. രാഷ്‌ട്രത്തിന്‌ ധാർമികമായ ഒരു അടിസ്ഥാനമുണ്ട്‌. ഒരു ഉത്തമരാഷ്‌ട്രത്തിൽ വ്യക്തിയും രാഷ്‌ട്രവും തമ്മിൽ മത്സരങ്ങള്‍ ഉണ്ടായിരിക്കയില്ല. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണെന്നും സാമൂഹിക ജീവിതത്തിലൂടെയല്ലാതെ അവന്റെ വ്യക്തിത്വവും മഹത്വവും പൂർണവികാസം പ്രാപിക്കയില്ലെന്നും, സമൂഹം അഥവാ രാഷ്‌ട്രമാണ്‌ അവനെ സന്മാർഗചാരിയാക്കിമാറ്റുന്നതെന്നും അരിസ്റ്റോട്ടൽ സിദ്ധാന്തിച്ചു. വളർച്ച. "ആശയവാദം' എന്ന രാഷ്‌ട്രതന്ത്രസംജ്ഞ നിലവിൽവന്നത്‌ ഏതാണ്ട്‌ 17-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലാണ്‌. ഇതിനകം ലോക്ക്‌, റൂസ്സോ, ബെർക്കിലി, ദെക്കാർത്ത്‌ (Descarte) തുടങ്ങിയ ചിന്തകന്മാർ ആശയവാദസിദ്ധാന്തങ്ങള്‍ വളർത്തിക്കൊണ്ടുവന്നിരുന്നു. രാഷ്‌ട്രസംബന്ധിയായ ആശയവാദത്തിനു ശാസ്‌ത്രീയമായ പ്രതിപാദനത്തിലൂടെ നവചൈതന്യം നല്‌കിയത്‌. ഇമ്മാനുവൽ കാന്റ്‌ (1724 -1804) എന്ന ജർമന്‍ ചിന്തകനാണ്‌. വ്യക്തിസ്വാതന്ത്യ്രവാദം. വ്യക്തിസ്വാന്ത്യമായിരുന്നു കാന്റിന്റെ ആശയത്തിലെ കേന്ദ്രബിന്ദു. അതീന്ദ്രിയത്വം (transcendentalism) ൊഎന്ന സങ്കല്‌പത്തിന്‌ അദ്ദേഹം അമിതപ്രാധാന്യം കൊടുക്കുന്നു. ഇന്ദ്രിയാനുഭൂതികള്‍ക്കതീതവും അനുഭവങ്ങള്‍ക്കുള്ളിൽ ഒതുക്കിനിർത്താന്‍ പ്രയാസമുള്ളതുമായ, മനസ്സിന്റെ നൈസർഗികഘടന അഥവാ ചിന്തയുടെ സ്വാഭാവികനിയമങ്ങള്‍ അപഗ്രഥിക്കുന്നതിനെയാണ്‌ കാന്റ്‌ അതീന്ദ്രിയദർശനം കൊണ്ടുദ്ദേശിക്കുന്നത്‌. പൊതുസത്യങ്ങള്‍-പൊതുനിയമങ്ങള്‍-അനുഭവങ്ങളിൽനിന്ന്‌ സ്വതന്ത്രമായിരിക്കണമെന്നും, എന്നാൽ സ്വാതന്ത്യ്രം നിയമത്തോടുള്ള വൈരുധ്യത്തിലല്ല സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സദാചാരബോധമുള്ള ഒരു ജീവിയെന്ന നിലയിൽ മനുഷ്യന്‍ സ്വതന്ത്രനാണ്‌. കാന്റ്‌ വിഭാവനം ചെയ്‌ത പൗരസമൂഹത്തിൽ ഓരോ വ്യക്തിയും സ്വതന്ത്രാംഗങ്ങളെന്ന നിലയിൽ പൊതുഭരണത്തിൽ സ്വന്തം പങ്കു വഹിക്കുന്നു. നിയമനിർമാണത്തിൽ പങ്കാളിത്തം ഉള്ളതുകൊണ്ടും പൊതുനിയമങ്ങള്‍ പ്രയോജനപ്രദമായതുകൊണ്ടും മാത്രമാണ്‌ പൗരന്‍ നിയമം അനുസരിക്കുന്നത്‌. അതല്ലാതെ ബലപ്രയോഗത്തിലുള്ള ഭയംകൊണ്ടല്ല.

ദെക്കാർത്ത്‌
കാന്റ്‌

വ്യക്തിസ്വാതന്ത്യ്രമാണ്‌ കാന്റിന്റെ രാഷ്‌ട്രീയ ചിന്തയുടെ കേന്ദ്രബിന്ദുവെങ്കിലും വ്യക്തികളുടെ കർത്തവ്യങ്ങളെപ്പറ്റിയും രാഷ്‌ട്രത്തിന്റെ പരമാധികാരത്തെപ്പറ്റിയും അദ്ദേഹം അഗാധമായി ചിന്തിക്കുന്നു. രാഷ്‌ട്രത്തെ ഒരു ധർമസ്ഥാപനമായിട്ടാണ്‌ അദ്ദേഹം വിവക്ഷിക്കുന്നത്‌. അതിനെതിരെ വ്യക്തികള്‍ വിപ്ലവോത്സുകരാകുന്നതിനെ അദ്ദേഹം എതിർത്തു. സ്വകർത്തവ്യങ്ങള്‍ നേരാംവച്ചം നിറവേറ്റുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രമാണ്‌ മാതൃകാരാഷ്‌ട്രമായി കാന്റ്‌ കരുതിയിരുന്നത്‌. വ്യക്തികളെപ്പോലെ രാഷ്‌ട്രത്തിനും കടമകളുണ്ടെന്നും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം സന്മാർഗാധിഷ്‌ഠിതമായ സ്വാതന്ത്യ്രത്തിന്‌ വിഘാതമായി നില്‌ക്കുന്ന വിലങ്ങുകളെ തട്ടിമാറ്റുക എന്നതാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഫിക്‌ടെ (Fichte). കാന്റിന്റെ ആശയവാദസിദ്ധാന്തം പില്‌ക്കാലത്ത്‌ പല ചിന്തകരെയും ആകർഷിച്ചു. അക്കൂട്ടത്തിലൊരാളാണ്‌ മറ്റൊരു ജർമന്‍ചിന്തകനായ ഫിക്‌ടെ (1762-1814). ആദർശവാദത്തിൽ അടിയുറച്ച്‌ വിശ്വസിച്ചിരുന്ന അദ്ദേഹം ഭൗതികവാദത്തെ നിശിതമായി വിമർശിച്ചു; ഭൗതികവാദം ധാർമികമായ അധഃപതനത്തിലേക്കു വഴിതെളിക്കുമെന്ന്‌ അദ്ദേഹം വാദിച്ചു. കാന്റിന്റെ "ഇച്ഛാശക്തിയുടെ സ്വാതന്ത്യ്രം' (Freedom of Will) എന്ന സിദ്ധാന്തത്തിന്‌ ഒരു പുതുവ്യാഖ്യാനം നല്‌കുകയും "സാമൂഹികക്കരാർ' എന്ന ആശയത്തിന്റെ വ്യഷ്‌ടിവാദപ്രവണതയെ ഉന്മൂലനം ചെയ്‌ത്‌ സോഷ്യലിസത്തിന്റെ തത്ത്വങ്ങള്‍ വളർത്തിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തു എന്നതാണ്‌ ഫിക്‌ടെയുടെ പ്രധാന സംഭാവന.

ഹെഗൽ. രാഷ്‌ട്രം അതുള്‍ക്കൊള്ളുന്ന വ്യക്തികള്‍ക്കതീതമായ ഒരു സത്തയും സാർവലൗകിക ചേതനയുടെ മഹത്തായ പ്രകാശനവുമാണെന്ന്‌ ഹെഗൽ സിദ്ധാന്തിക്കുന്നു. രാഷ്‌ട്രത്തെ അനുസരിക്കുന്നത്‌ ദൈവത്തോടുള്ള വിധേയത്വത്തിനു തുല്യമാണ്‌. രാഷ്‌ട്രം വ്യക്തിയെക്കാള്‍ ശ്രഷ്‌ഠമാണ്‌. അതുള്‍ക്കൊള്ളുന്ന വ്യക്തികളുടേതിൽനിന്ന്‌ വ്യത്യസ്‌തവും ഉപരിയുമായി അതിന്‌ തനതായ ഇച്ഛാശക്തിയും വ്യക്തിത്വവും ഉണ്ട്‌. യാതൊരുവിധ ധാർമികനിയമങ്ങളാലും ബന്ധിതമല്ല രാഷ്‌ട്രം. രാഷ്‌ട്രം സദാചാരങ്ങള്‍ക്കതീതവും, എന്നാൽ സദാചാരത്തിന്റെ സൃഷ്‌ടികർത്താവുമാണ്‌. വ്യക്തിക്ക്‌ രാഷ്‌ട്രത്തിൽനിന്ന്‌ ഒറ്റപ്പെട്ടു ജീവിക്കാന്‍ സാധ്യമല്ല. രാഷ്‌ട്രത്തിന്റെ അവിഭാജ്യഘടകമായ വ്യക്തി രാഷ്‌ട്രത്തിനു വഴിപ്പെട്ടുവേണം ജീവിക്കുവാന്‍. രാഷ്‌ട്രത്തിന്റെ ചെയ്‌തികള്‍ക്ക്‌ പരിധി കല്‌പിക്കുകസാധ്യമല്ല. യുദ്ധം സന്മാർഗാധിഷ്‌ഠിതമായ ഒരു കർമമാണ്‌. അത്‌ രാഷ്‌ട്രത്തിന്റെ വ്യക്തിനിഷ്‌ഠവും അനന്തവുമായ ശക്തി തെളിയിക്കുന്നു. രാഷ്‌ട്രം തെറ്റുചെയ്യുകയില്ലെന്നു മാത്രമല്ല അതിന്‌ തെറ്റുപറ്റുകയുമില്ല. രാഷ്‌ട്രത്തിനുവേണ്ടി വ്യക്തികള്‍ എന്തു ത്യാഗത്തിനും തയ്യാറാകണം. രാഷ്‌ട്രം സ്വാതന്ത്യ്രത്തിനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയും വ്യക്തികള്‍ അതിൽ ജീവിക്കുന്നു എന്ന കാരണത്താൽ യഥാർഥസ്വാതന്ത്യ്രം അനുഭവിക്കുകയും ചെയ്യുന്നുവെന്ന്‌ ഹെഗൽ വിശ്വസിച്ചു. പൊതുവായ ഇച്ഛാശക്തിയിൽ (general will) അധിഷ്‌ഠിതമായ രാഷ്‌ട്രത്തിന്റെ ആജ്ഞകള്‍ നിറവേറ്റുന്നതുവഴി വ്യക്തി തന്റെ തന്നെ ഇച്ഛാശക്തിക്കധീനനാവുകയും ശരിയായ സ്വാതന്ത്യ്രം അനുഭവിക്കുകയും ചെയ്യുന്നു. വ്യക്തിക്ക്‌ രാഷ്‌ട്രത്തിന്റെ ആജ്ഞയെ ചോദ്യം ചെയ്യവാനോ അതിനെതിരെ ശബ്‌ദമുയർത്തുവാനോ അവകാശമില്ല. അങ്ങനെ രാഷ്‌ട്രം ലക്ഷ്യപ്രാപ്‌തിക്കുള്ള ഒരു മാർഗമല്ല, പ്രത്യുത ഒരു ലക്ഷ്യംതന്നെയാണെന്ന്‌ അദ്ദേഹം സിദ്ധാന്തിച്ചു.

ഗ്രീന്‍. രാഷ്‌ട്രത്തിന്റെ അധികാരങ്ങള്‍ക്ക്‌ ആഭ്യന്തരവും ബാഹ്യവുമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന്‌ ഗ്രീന്‍ വാദിച്ചു. രാഷ്‌ട്രത്തെ അധിവസിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു അസ്‌തിത്വം രാഷ്‌ട്രത്തിനില്ലെന്നാണ്‌ അദ്ദേഹം വിശ്വസിച്ചിരുന്നത്‌. രാഷ്‌ട്രത്തിനെ ഒരു ലക്ഷ്യമായിട്ടല്ല നേരേമറിച്ച്‌, ലക്ഷ്യപ്രാപ്‌തിയിലേക്കുള്ള ഉപാധിയായിട്ടു മാത്രമേ ഗ്രീന്‍ കരുതുന്നുള്ളൂ. "ബലപ്രയോഗം അല്ല, ഇച്ഛാശക്തിയാണ്‌ രാഷ്‌ട്രത്തിന്റെ അടിസ്ഥാനം' എന്ന തത്ത്വം ഗ്രീന്‍ ഊന്നിപ്പറഞ്ഞു. ഒറ്റപ്പെട്ടുനില്‌ക്കുന്നതിലല്ല, അഭിലഷണീയമായ കാര്യങ്ങള്‍ ചെയ്യുവാനും അവകാശങ്ങള്‍ നേടാനുമുള്ള അധികാരത്തിലാണ്‌ സ്വാതന്ത്യ്രം നിലകൊള്ളുന്നത്‌. സാമൂഹിക നന്മയ്‌ക്കുവേണ്ടി വിട്ടുകൊടുത്തിട്ടുള്ള അധികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ സ്വാതന്ത്യ്രം. ഒരു നൈസർഗിക-സാന്‍മാർഗിക സ്ഥാപനമായ രാഷ്‌ട്രം മനുഷ്യന്റെ ധാർമിക-വികാസത്തിന്നത്യന്താപേക്ഷിതമാണ്‌. രാഷ്‌ട്രമില്ലെങ്കിൽ മനുഷ്യന്‍ മനുഷ്യനായിരിക്കയില്ലെന്നും, രാഷ്‌ട്രത്തിൽ മാത്രമേ വ്യക്തിക്ക്‌ എല്ലാ കഴിവുകളും പ്രകാശിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ഗ്രീന്‍ വിശ്വസിച്ചു. രാഷ്‌ട്രം കേവലമോ അനന്തശക്തിയുള്ളതോ ആണെന്നു ഗ്രീന്‍ ശഠിക്കുന്നില്ല. അതിന്റെ ആധിപത്യം അനിഷേധ്യമാണെന്നതു ശരിതന്നെ. എന്നാൽ അസാധാരണ പരിതഃസ്ഥിതിയിൽ അതിനെ ചെറുക്കുവാന്‍ വ്യക്തികള്‍ക്ക്‌ ഒരു കടമകൂടി ഉണ്ടെന്നു അദ്ദേഹം പറയുന്നു.

ഫിക്‌ടെ
ഗ്രീന്‍

രാഷ്‌ട്രത്തിന്റെ കർത്തവ്യം. ഇംഗ്ലിഷ്‌ ആശയവാദികളിൽപ്പെട്ട മറ്റൊരു ചിന്തകനായിരുന്നു ബൊസാങ്കെ (Bosanquet; 1818േ1923). രാഷ്‌ട്രതത്ത്വ(Theory of State)ത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തിൽ ഗ്രീനിന്റേയും ഹെഗലിന്റേയും ആദർശചിന്തകളുടെ പ്രധാന ഭാവങ്ങള്‍ പ്രതിബിംബിച്ചിരുന്നു. വ്യക്തിക്കു വിശിഷ്‌ടമായ ജീവിതം നയിക്കണമെങ്കിൽ രാഷ്‌ട്രം അത്യന്താപേക്ഷിതമാണ്‌. അതേ സമയം സദാചാരം പ്രത്യക്ഷമായി പ്രാത്സാഹിപ്പിക്കുവാന്‍ അതിനു സാധ്യമല്ല. നല്ല ജീവിതം നയിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിലങ്ങുകളെ തട്ടിമാറ്റുന്നതാണ്‌ രാഷ്‌ട്രത്തിന്റെ പ്രധാന കർത്തവ്യമെന്ന്‌ ഗ്രീനിനെപ്പോലെ ബൊസാങ്കെയും വിശ്വസിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്‌ട്രം ഒരു പരമോന്നതസമുദായവും ധർമസംരക്ഷണാർഥം നിലനില്‌ക്കുന്ന പരമോന്നത സദാചാരസ്ഥാപനവുമാണ്‌. രാഷ്‌ട്രത്തിന്റെ സത്തയിൽ വ്യക്തി വിലയം പ്രാപിക്കുന്നു. എല്ലാ വ്യക്തികളുടെയും മനോഗതിയുടെ സമഗ്രമായ സാരാംശമാണ്‌ രാഷ്‌ട്രമെന്ന്‌ അദ്ദേഹം വാദിച്ചു. രാഷ്‌ട്രത്തിന്‌ സ്വന്തം വ്യക്തിത്വവും ഇച്ഛാശക്തിയും ഉണ്ടെന്നും, അതിന്റെമേൽ വ്യക്തിപരമായ സന്മാർഗ ലംഘനക്കുറ്റം ചുമത്താന്‍ പറ്റുകയില്ലെന്നും, രാഷ്‌ട്രത്തെക്കാള്‍ വ്യക്തിക്കാണ്‌ തെറ്റുചെയ്യാനുള്ള പ്രവണത ഉണ്ടാവുകയെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഫലപ്രദമായ അന്താരാഷ്‌ട്രനിയമങ്ങളുടെ അഭാവത്തിൽ വേണ്ടിവന്നാൽ ബലം പ്രയോഗിച്ചും അതിലെ പൗരന്മാരെ സംരക്ഷിക്കേണ്ടതു രാഷ്‌ട്രത്തിന്റെ കടമയാണ്‌. എന്നാൽ വ്യക്തികള്‍ക്ക്‌ രാഷ്‌ട്രത്തിനെതിരെ വിപ്ലവം സംഘടിപ്പിക്കുവാനുള്ള അവകാശം അദ്ദേഹം നിഷേധിച്ചു.

ചില വിമർശനങ്ങള്‍. ഹോബ്‌ഹൗസ്‌, സി.ഇ.എം.ജോഡ്‌, ഹാരോള്‍ഡ്‌ ലാസ്‌കി, മക്കീവർ തുടങ്ങിയവർ ആദർശവാദസിദ്ധാന്തത്തെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട്‌. അവരുടെ വിമർശനങ്ങള്‍ക്കുള്ള കാരണങ്ങള്‍ ചുവടെ ചേർത്തിട്ടുള്ളവയാണ്‌:

ബൊസാങ്കെ
ഹാരോള്‍ഡ്‌ ലാസ്‌കി

(1) ആശയവാദ വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുകയും രാഷ്‌ട്രത്തിന്‌ അമിതപ്രാധാന്യം കല്‌പിക്കുകയും ചെയ്യുന്നു. ഹെഗലിനെപ്പോലെയുള്ള ആശയവാദികള്‍ രാഷ്‌ട്രം ഒരു നിതാന്തസത്യമാണെന്നും അത്‌ മനുഷ്യ സഹജമായ ന്യൂനതകള്‍ക്കതീതമായ ഒരു ധാർമികസ്ഥാപനമാണെന്നും രാഷ്‌ട്രം കുറ്റകൃത്യങ്ങള്‍ ചെയ്യുകയില്ലെന്നും അത്‌ തെറ്റുകള്‍ക്കുപരിയാണെന്നും വാദിച്ചിട്ടുണ്ട്‌. നിയമങ്ങള്‍ക്ക്‌ രാഷ്‌ട്രം വിധേയമല്ല; രാഷ്‌ട്രത്തെ ചെറുക്കുവാന്‍ ജനങ്ങള്‍ക്കധികാരമില്ലതാനും. ആശയങ്ങളെ യാഥാർഥ്യമാക്കിത്തീർക്കുവാന്‍ ശ്രമിക്കുന്നതിനു പകരം ആശയവാദികള്‍ യാഥാർഥ്യത്തെ ആശയമാക്കി മാറ്റുന്നു. ഉദാ. അരിസ്റ്റോട്ടൽ അടിമസമ്പ്രദായത്തെ ന്യായീകരിച്ചു; ഹെഗൽ യുദ്ധത്തെ പ്രകീർത്തിച്ചു; ഗ്രീന്‍ സ്വകാര്യസ്വത്തിനെ നിലനിർത്തുവാന്‍ നോക്കി. (2) രാഷ്‌ട്രത്തിന്റെ അമാനുഷപ്രഭാവത്തെ പുകഴ്‌ത്തുകയും ജനങ്ങള്‍ തങ്ങളുടെ സർവസ്വവും രാഷ്‌ട്രത്തിന്‌ അടിയറവയ്‌ക്കണമെന്ന്‌ നിർദേശിക്കുകയുമാണ്‌ ആശയവാദം ചെയ്യുന്നത്‌. രാഷ്‌ട്രത്തിന്റെ അഭാവത്തിൽ സ്വാതന്ത്യ്രം അനുഭവയോഗ്യമല്ലെന്നും, ധന്യജീവിതം അസാധ്യമാണെന്നും അത്‌ ഉദ്‌ഘോഷിക്കുന്നു. പക്ഷേ, രാഷ്‌ട്രത്തിനു ജീവനുണ്ട്‌. ആങ്ങാവുണ്ട്‌ എന്നൊക്കെ പറയുന്നത്‌ അവിശ്വസനീയമാണ്‌. ഒരു രാഷ്‌ട്രത്തിൽ ജീവിക്കുന്ന വ്യക്തികളിൽ കവിഞ്ഞു രാഷ്‌ട്രത്തിനു ഒരു നിലനില്‌പോ വ്യക്തിത്വമോ ഇല്ല.

(3) രാഷ്‌ട്രം ഒരു ലക്ഷ്യംതന്നെയാണ്‌. അതിന്റെ താത്‌പര്യങ്ങള്‍ വ്യക്തികളുടേതിൽനിന്നു വിഭിന്നവും മേന്മയേറിയതുമാണ്‌. വ്യക്തികളുടെ ആന്തരികവും ബാഹ്യവുമായ ജീവിതവ്യാപാരങ്ങളെ നിയന്ത്രിക്കുവാനുള്ള പരമാധികാരം രാഷ്‌ട്രത്തിൽ നിക്ഷിപ്‌തമാണ്‌: ആശയവാദികളുടെ ഇത്തരം സിദ്ധാന്തങ്ങള്‍ ഭരണാധികാരികളെ സ്വേച്ഛാപ്രഭുക്കളാക്കി മാറ്റുവാന്‍ വഴി തെളിക്കുന്നു. സമഗ്രാധിപത്യ(ഠീമേഹശമേൃശമിശ)ത്തെ വളർത്തിയെടുക്കുകയും സാധൂകരിക്കുകയും ചെയ്‌ത ഹിറ്റ്‌ലർ, മുസ്സോളിനി തുടങ്ങിയ സ്വേച്ഛാധികാരികള്‍ക്ക്‌ ആശയവാദം ഒരു രക്ഷാകവചമായിരുന്നുവെന്നു ചരിത്രം തെളിയിക്കുന്നു. (4) രാഷ്‌ട്രത്തിന്റെ ചുക്കാന്‍പിടിക്കുന്നതു മനുഷ്യർതന്നെയാണെന്നുള്ള വസ്‌തുത ആശയവാദികള്‍ അംഗീകരിക്കുന്നില്ല. മനുഷ്യനാൽ ഭരിക്കപ്പെടുന്ന രാഷ്‌ട്രവും പല ന്യൂനതകള്‍ക്കും വീഴ്‌ചകള്‍ക്കും വശംവദമായിരിക്കും.

ഏതെങ്കിലും സന്ദർഭത്തിൽ വ്യക്തികളും രാഷ്‌ട്രവും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായാൽ രാഷ്‌ട്രത്തിന്റെ തീരുമാനവും ചെയ്‌തികളും പൗരന്മാർ ശരിവച്ചുകൊടുക്കേണ്ടിവരുമെന്നാണ്‌ ആശയവാദത്തിലന്തർലീനമായിട്ടുള്ള ചിന്താഗതി. ഇതു ശരിയാണെങ്കിൽ ഏതു ലക്ഷ്യം സഫലമാക്കുവാനാണോ രാഷ്‌ട്രം ഉടലെടുത്തത്‌, അത്‌ പരാജയമടയുന്നതാണ്‌.

പൊതുവേ പറഞ്ഞാൽ, ആധുനികചിന്തകരും എഴുത്തുകാരും ആശയവാദത്തിൽ രാഷ്‌ട്രത്തിനു കല്‌പിച്ചിട്ടുള്ള അഭൗമവും അമാനുഷികവുമായ സ്വഭാവത്തെയും, കേവലാധിപത്യപ്രവണതയെയും, തള്ളിക്കളഞ്ഞിരിക്കുകയാണ്‌. ഇന്നത്തെ വാദഗതിയനുസരിച്ച്‌ രാഷ്‌ട്രം ഒരു ലക്ഷ്യമെന്നതിനെക്കാള്‍, ലക്ഷ്യപ്രാപ്‌തിക്കുള്ള ഒരു മാർഗമായിട്ടാണ്‌ ഗണിക്കപ്പെട്ടിരിക്കുന്നത്‌.

ആശയവാദസിദ്ധാന്തത്തിന്‌ പല ന്യൂനതകളുമുണ്ടെങ്കിലും അതിനു ചില നല്ല വശങ്ങളുമില്ലാതില്ല. സാമൂഹിക സാംസ്‌കാരിക പുരോഗതിക്കും വളർച്ചയ്‌ക്കും രാഷ്‌ട്രം അനിർവാര്യമാണെന്നും, വ്യക്തികള്‍ രാഷ്‌ട്രത്തോടു കൂറുള്ളവരും, അതിനുവേണ്ടി ത്യാഗം ചെയ്യുവാന്‍ സന്നദ്ധരും ആയിരിക്കണമെന്നും ആശയവാദികള്‍ അഭിപ്രായപ്പെടുന്നു. ഈ സിദ്ധാന്തം രാഷ്‌ട്രത്തിന്റെ ഘടനാപരമായ ഐക്യത്തെ ഉയർത്തിപ്പിടിക്കുകയും, പൊതുനന്മയ്‌ക്കുവേണ്ടി വ്യക്തികള്‍ തങ്ങളുടേതായ സങ്കുചിത താത്‌പര്യങ്ങള്‍ക്കതീതമായി വർത്തിക്കേണ്ടതിന്റെ അഭിലഷണീയത ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. (എന്‍. ആർ. വിശാലാക്ഷി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B6%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍