This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശംസാപത്രികകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശംസാപത്രികകള്‍

സുദിനങ്ങളിലും ശുഭാവസരങ്ങളിലും സമുചിതമായ മഗംളാശംസകള്‍ അറിയിക്കുന്നതിനായി തയ്യാറാക്കപ്പെട്ടിട്ടുള്ള പത്രികകള്‍. പഴക്കം. ആധുനികരീതിയിൽ ബഹുവർണ ചിത്രങ്ങള്‍കൊണ്ട്‌ മുദ്രിതമായ പത്രികകള്‍ സാർവലൗകികമാകുന്നതിനു വളരെ മുമ്പുതന്നെ അന്യോന്യമുള്ള ആശംസാപ്രഷണങ്ങള്‍ പരിഷ്‌കൃതജനസമുദായങ്ങളിൽ പതിവുണ്ടായിരുന്നതായി രേഖകളുണ്ട്‌. നിരവധി നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ചൈനാക്കാർ നവവത്സരസന്ദേശങ്ങള്‍ കൈമാറിയിരുന്നു. ബി.സി. ആറാം ശ. വരെ പഴക്കമുള്ള ഈജിപ്‌ഷ്യന്‍ ശവകുടീരങ്ങളിൽനിന്നു ലഭിച്ചിട്ടുള്ള ചില പദാർഥങ്ങള്‍ ലിഖിതമായ ആശംസകളോടുകൂടിയ നവവത്സര പാരിതോഷികങ്ങളായിരുന്നെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. പുതിയവർഷം പിറക്കുമ്പോള്‍ ലോഹനാണയങ്ങളും മൃണ്‍മയഫലകങ്ങളും ചെറിയ വിളക്കുകള്‍പോലെയുള്ള ഉപയോഗപ്രദമായ ഉപകരണങ്ങളും പരസ്‌പരം സമ്മാനിക്കുക പ്രാചീന റോമാക്കാർക്കും ഇഷ്‌ടപ്പെട്ട ഒരു ചടങ്ങായിരുന്നു.

വികാസം. ആധുനികരീതിയിൽ അറിയപ്പെടുന്ന ആശംസാപത്രികാവിനിമയങ്ങളുടെ ആരംഭം 15-ാം ശ.-ത്തിലാണ്‌. കൊത്തിയെടുത്തു നിറംപിടിപ്പിച്ച ചെറിയ ദാരുശില്‌പങ്ങളായിരുന്നു അന്നത്തെ "കാർഡുകള്‍.' അക്കാലത്ത്‌ ഇ.എസ്‌. മാസ്റ്റർ എന്ന ഒരു ശില്‌പി, കുരിശിന്റെ മുമ്പിൽ ചെറിയൊരു ചുരുളും വഹിച്ചുകൊണ്ടുനില്‌ക്കുന്ന പരിവേഷപരീതനായ യേശുവിന്റെ ലഘു പ്രതിമാശില്‌പങ്ങള്‍ ഈ ആവശ്യത്തിനുവേണ്ടി നിർമിച്ചിരുന്നു. "സംതൃപ്‌തവും സന്തുഷ്‌ടവുമായ ഒരു സംവത്‌സരം' എന്ന്‌ അർഥംവരുന്ന ഹീബ്രുവാക്യം (Ein gnot seligior) ആ ചുരുളിൽ ആലേഖനം ചെയ്‌തിരുന്നു. 17-ാം ശ.-ത്തിൽ വർത്തമാനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഈ ചടങ്ങിന്‌ വളരെ പ്രചാരം നല്‌കി. മുന്‍കൊല്ലത്തെ സംഭവങ്ങളുടെ ഒരു സംക്ഷിപ്‌തവിവരണവും വരുംകൊല്ലം നിർവിഘ്‌നം പത്രം നടത്താന്‍ അനുഗ്രഹിക്കണമെന്നുള്ള പ്രാർഥനയും പദ്യരൂപത്തിലാക്കി ഓരോ നവവത്സരദിനത്തിലും വരിക്കാർക്ക്‌ പത്രമുടമകളിൽനിന്ന്‌ ലഭിച്ചുവന്നു. 18-ാം ശ.മായപ്പോഴേക്കും ആശംസകള്‍ ചെമ്പുതകിടുകളിൽ മുദ്രണം ചെയ്‌ത്‌ അയയ്‌ക്കുന്ന പതിവ്‌ സാർവത്രികമാവുകയും വ്യാപാരികളും വ്യവസായ ഉടമകളും വർധമാനമായ തോതിൽ ഈ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടരാകുകയും ചെയ്‌തു. ഇപ്പോള്‍-മെയ്‌ൽ വഴിയും ആശംസകള്‍ അയച്ചുവരുന്നു.

വാലന്റൈന്‍. ഫെ. 14,15 തീയതികളിലുള്ള വിശുദ്ധ വാലന്റൈന്‍ പെരുന്നാള്‍ ദിവസങ്ങളിൽ (St. Valentine's day) യുവതീയുവാക്കള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട കാമിനീകാമുകന്മാരുടെ പേരെഴുതിയ കടലാസുചുരുളുകള്‍ ഒരു പാത്രത്തിൽ നിക്ഷേപിക്കുകയും, നാട്ടുകാർ അവിടെ സമ്മേളിച്ച്‌ അതിൽനിന്നും തങ്ങളുടെ നറുക്കുകളെടുത്ത്‌ തന്നാണ്ടത്തെ പ്രമഭാജനങ്ങളെ നിർണയിക്കുകയും ചെയ്യുന്ന പതിവിൽനിന്ന്‌ ഇത്തരം ലഘുപത്രികകള്‍ക്ക്‌ "വാലെന്റൈന്‍' എന്ന സംജ്ഞ തന്നെ ഇംഗ്ലിഷിൽ പ്രചാരത്തിൽ വന്നിട്ടുണ്ട്‌. പ്രമവിവശരായവർക്ക്‌ സാന്ത്വനമരുളുന്ന വാലന്റൈന്‍ എഴുത്തുകാരന്‍ (Valentine writer) എന്ന കവിത 1669-ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകൃതമായി. 1840-ൽ പെനി തപാൽ (Penny Postage) വകുപ്പ്‌ ഇംഗ്ലണ്ടിൽ നിലവിൽവന്നതോടുകൂടി വാലന്റൈന്‍ പ്രമലേഖനങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലിരിക്കുന്നവർക്ക്‌ അയയ്‌ക്കുന്ന ഏർപ്പാട്‌ പടർന്നുപിടിച്ചു.

ക്രിസ്‌മസ്‌ കാർഡുകള്‍. വില്യം മാവ്‌ എഗ്‌ലിയാണ്‌ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്‌ സംവിധാനം ചെയ്‌തതെന്ന്‌ വിശ്വസിക്കപ്പെടുന്നു. പക്ഷിമൃഗാദികള്‍, പന്തുകളി, സർക്കസ്‌ വിദ്യകള്‍, വിരുന്നുസത്‌കാരം തുടങ്ങിയ തനിഗ്രാമീണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള ആദ്യത്തെ ക്രിസ്‌മസ്‌ പത്രികയുടെ മാതൃകകള്‍ ബ്രിട്ടിഷ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഈ കാർഡിന്റെ ആവിർഭാവം 1848-ലാണെന്നു ചിലർ വാദിക്കുന്നു. എന്നാൽ 1843-ൽ ജെ.സി. ഹോഴ്‌സിലി എന്ന ആസ്ഥാനവിദ്വാന്‍ തന്റെ സുഹൃത്തായ സർ ഹെന്‌റികോളിന്‌ അയയ്‌ക്കാന്‍ സംവിധാനം ചെയ്‌ത പത്രികയാണ്‌ ഇംഗ്ലണ്ടിൽ ആദ്യമായി രൂപപ്പെടുത്തിയ ക്രിസ്‌മസ്‌ കാർഡ്‌ എന്ന നിലയിൽ അംഗീകാരം നേടിയിട്ടുള്ളത്‌. വ്യാവസായികാടിസ്ഥാനത്തിൽ 1860-ലാണ്‌ ആദ്യമായി ക്രിസ്‌മസ്‌ കാർഡുകള്‍ ഇംഗ്ലണ്ടിൽ പ്രചാരത്തിൽ വന്നത്‌.

വ്യാപനം. ക്രിസ്‌മസ്‌ കാർഡ്‌ സമ്പ്രദായം ക്രമേണ യൂറോപ്പിലും അമേരിക്കയിലും പ്രചരിച്ചു. "അമേരിക്കന്‍ ക്രിസ്‌മസ്‌ കാർഡുകളുടെ പിതാവ്‌' എന്നറിയപ്പെടുന്ന ബോസ്റ്റണിലെ ലൂയിപ്രാങ്‌ ക്രിസ്‌മസ്‌ സന്ദേശങ്ങളുടെ പ്രചാരത്തെ വളരെ വിപുലപ്പെടുത്തി. അത്യന്താധുനിക കലാരൂപങ്ങള്‍ ആധുനികകാലത്തെ ആശംസാപത്രികകളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ആയിരത്തിൽ കുറയാത്ത മാതൃകകളിൽ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള കാർഡുകള്‍ ഇന്ന്‌ വിപണിയിലുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1950-60 കാലത്ത്‌ ആശംസാപത്രികകള്‍ മാത്രം അച്ചടിക്കുന്ന മുന്നൂറിലേറെ മുദ്രാലയങ്ങള്‍ യു.എസ്സിലുണ്ടായിരുന്നു. ശരാശരി 500 കോടി കാർഡുകളാണ്‌ ഇവ ഓരോ ആണ്ടിലും ഉത്‌പാദിപ്പിക്കുന്നത്‌. അവയുടെ വില 27.5 കോടി ഡോളർ (ഏകദേശം 1250 കോടി രൂപ) വരും. ആശംസാസന്ദേശങ്ങള്‍ ഒട്ടിക്കുന്ന സ്റ്റാമ്പുകളിൽനിന്നുമാത്രമായി യു.എസ്‌. തപാൽവകുപ്പിന്റെ വാർഷികവരുമാനം 15 കോടി ഡോളർ വരും.

സാധാരണയായി കട്ടിക്കടലാസിലാണ്‌ ആശംസാപത്രികകള്‍ മുദ്രണം ചെയ്യാറുള്ളതെങ്കിലും തുണി, തുകൽ, അഭ്രം (Celluloid), ലോഹത്തകിട്‌ തുടങ്ങിയവയും ഇതിനുവേണ്ടി ഉപയോഗിച്ചുവരുന്നു.

ഐക്യരാഷ്‌ട്രസംഘടനയുടെ ആവിർഭാവത്തോടെ ആ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രചാരത്തിൽവന്നിട്ടുള്ള അന്താരാഷ്‌ട്രഭൂഭൗതികവർഷം, വനിതാവർഷം, ലോകാരോഗ്യദിനം, ക്ഷയരോഗനിവാരണവാരാചരണം, ശിശുദിനം തുടങ്ങിയ പ്രത്യേക ആചരണവിശേഷങ്ങള്‍ക്കും ആശംസാപത്രികകള്‍ അയയ്‌ക്കുന്ന പതിവിന്‌ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. ഇന്ന്‌ മിക്കരാജ്യങ്ങളിലും ടെലിഗ്രാഫ്‌ വഴിയും റേഡിയോ പ്രക്ഷേപണങ്ങള്‍ വഴിയും ആശംസകള്‍ വിനിമയം ചെയ്യാറുണ്ട്‌.

മലയാളികള്‍ ഓണം, വിഷു തുടങ്ങിയ ദേശീയദിനാചരണങ്ങളിലും, ഭാരതത്തിലെ മറ്റു സംസ്ഥാനക്കാർ ഹോളി, ദീപാവലി, നവരാത്രി, ദസറാ തുടങ്ങി അതതു സംസ്ഥാനങ്ങളിൽ ആഘോഷിക്കപ്പെട്ടുവരുന്ന വാർഷിക വിശേഷദിനങ്ങളിലും ഇത്തരം ആശംസാസന്ദേശങ്ങള്‍ അയച്ചുവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍