This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർത്തകചലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവർത്തകചലനം

Periodic Motion

നിശ്ചിത കാലയളവിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചലനം. സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്ന ഭൂമിയുടെ ചലനം ഇതിന്‌ ഉദാഹരണമാണ്‌. ഒരു സ്ഥാനത്തുനിന്നു നീങ്ങി വീണ്ടും ആ സ്ഥാനം പ്രാപിച്ച്‌ പൂർവ ലക്ഷ്യത്തിൽത്തന്നെ നീങ്ങുന്നതിനെടുക്കുന്ന ഏറ്റവും ചുരുങ്ങിയ സമയമാണ്‌ ആവർത്തന കാലം (period). ഒരു സെക്കണ്ടിൽ നടക്കുന്ന ആവർത്തനങ്ങളുടെ എച്ചമാണ്‌ ആവൃത്തി (ferquency).

ഒരു ദോലകത്തിന്റെ ഗോളകത്തിനെന്നപോലെ വിരാമസ്ഥാനത്തുനിന്നു വലത്തോട്ടും തുടർന്ന്‌ ഇടത്തോട്ടു വീണ്ടും വിരാമസ്ഥാനത്തിലേക്കും ഉണ്ടാവുന്ന മൊത്തം ചലനമാണ്‌ "ദോലനം'. ദോലനത്തിലൂടെ ഒരു ബിന്ദു അതിന്റെ സന്തുലനാവസ്ഥയിൽനിന്ന്‌ എത്രമാത്രം അകലെ ചെല്ലുന്നുവോ ആ ദൂരമാണ്‌ ബിന്ദുവിന്റെ വിസ്ഥാപനം (displacement); ഏറ്റവും കൂടിയ വിസ്ഥാപനമാണ്‌ ബിന്ദുവിന്റെ ആയാമം (amplitude). ഒരു മാധ്യമത്തിൽ തരംഗങ്ങളുണ്ടാകുന്നത്‌ ചലനദിശയിലെ കണങ്ങള്‍ ആവർത്തകചലനത്തിൽ വർത്തിക്കുന്നതിനാലാണ്‌. ഇപ്രകാരമുള്ള എല്ലാ കണങ്ങള്‍ക്കും ആവർത്തനകാലം ഒന്നുതന്നെയാണ്‌. ചലനം തുടങ്ങുന്നത്‌ ഒന്നിനുപുറകേ അടുത്തത്‌ എന്ന വിധത്തിലാണ്‌. വിസ്ഥാപനത്തിന്‌ ആനുപാതികവും വിപരീത ലക്ഷ്യത്തിലുമായി ഒരു ബലം പ്രവർത്തിക്കുമ്പോള്‍ ഒരു കണത്തിനുണ്ടാകുന്ന ചലനമാണ്‌ സരളാവർത്തകചലനം (Simple harmonic motion). സംതുലനാവസ്ഥയിൽനിന്ന്‌ അകലുന്തോറും കണത്തിന്റെ ത്വരണം (മന്ദനം) കൂടുകയും വേഗം കുറയുകയും ചെയ്യുന്നു.

ഒരു വൃത്തിപഥത്തിലൂടെ ഒരേ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ബിന്ദു ആ വൃത്തത്തിന്റെ വ്യാസത്തിൽ പ്രക്ഷേപിക്കുന്ന ബിന്ദുവിന്‌ (Point of Projection) സരളാവർത്തകചലനത്തിന്റെ ലക്ഷണങ്ങള്‍ എല്ലാം ഉണ്ടായിരിക്കും. വൃത്തപഥത്തിൽകൂടിയുള്ള ലളിതമായ ആവർത്തകചലനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്‌ സരളാവർത്തകഗതിക്ക്‌ ആ പേർ അന്വർഥമായിരിക്കുന്നത്‌. ആടുന്ന ദോലകഗോളത്തിന്റെ ചലനവും സ്‌പ്രിങ്ങിന്റെ അറ്റത്തായി ലംബദിശയിൽ ആടുന്ന കട്ടയുടെ ചലനവും സരളാവർത്തകഗതിക്ക്‌ ഉദാഹരണങ്ങളാണ്‌. സംഗീതനാദങ്ങള്‍ പുറപ്പെടുവിക്കുന്ന തന്തുക്കളുടെ കമ്പനം ഒന്നിലേറെ സരളാവർത്തനചലനങ്ങള്‍ ചേർന്നതാണ്‌. പ്രത്യാവർത്തി വൈദ്യുതധാര(alternating current)യുടെ ഏറ്റക്കുറച്ചിലും സരളാവർത്തകചലനത്തിലിരിക്കുന്ന ഒരു ബിന്ദുവിന്റെ വിസ്ഥാപനംപോല തന്നെ. (പ്രാഫ.ടി.ബി. തോമസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍