This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവോലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവോലി

Pomfret

ആവോലി

സ്റ്റോമാറ്റിഡേ മത്സ്യകുടുംബത്തിൽപ്പെട്ട സ്വാദിഷ്‌ടമായ ഒരു മത്സ്യം. ഇന്ത്യയുടെ പൂർവപശ്ചിമതീരങ്ങളോടടുത്ത്‌ ഇവ ധാരാളമായി കാണപ്പെടുന്നു. പൊതുവേ നീളംകുറഞ്ഞു വീതികൂടിയ ഒരു മത്സ്യമാണിത്‌. ഇവ കൂട്ടംകൂട്ടമായാണ്‌ സഞ്ചരിക്കുന്നത്‌. ശരീരത്തിന്റെ വലുപ്പത്തെ അപേക്ഷിച്ച്‌ വായ്‌ ചെറുതാണ്‌. മുകളിലും താഴെയുമുള്ള താടികളിൽ ചെറിയ പല്ലുകളുണ്ട്‌. വാൽച്ചിറക്‌ (പുച്ഛപത്രം) 'ഢ' ആകൃതിയിൽ രണ്ടായിപിരിഞ്ഞിരിക്കുന്നു. ശരീരത്തിൽ മൊത്തത്തിൽ ശല്‌കങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും തലയുടെ മുകള്‍ ഭാഗത്താണ്‌ ഇവ അധികമുള്ളത്‌. ശരീരത്തിന്റെ ഇരുവശങ്ങളിലും പാർശ്വരേഖ (lateral line) തെളിഞ്ഞുകാണാം.

കേരളതീരത്ത്‌ പ്രധാനമായും മൂന്നിനം ആവോലികളെ കണ്ടുവരുന്നു; വെളുത്താവോലി, കുറത്താവോലി, മന്തനാവോലി. വെളുത്താവോലിയെ "സിൽവർ പോംഫ്രറ്റ്‌' അഥവാ വെള്ളിയാവോലി എന്നും വിളിക്കുന്നു. ഇതിന്റെ ദേഹത്തിനാകെ വെള്ളിയുടെ വെളുപ്പും തിളക്കവുമാണ്‌. ഇതിന്റെ ശാസ്‌ത്രനാമം പാമ്പസ്‌ ആർജന്റിയസ്‌ (Pampus argenteus)എന്നാണ്‌. വെളുത്താവോലിയുടെ തലയും വാലും ചെറുതാണ്‌; മുതുകും തലയുടെ പിന്‍ഭാഗവും ഇളം ചാരനിറമുള്ളതും തിളങ്ങുന്നതുമായിരിക്കും. വളരെ ചെറിയ ശല്‌കങ്ങളാണ്‌ ശരീരത്തിലുള്ളത്‌. വാൽച്ചിറകിന്റെ കീഴ്‌ഭാഗത്തെ പിരിവിന്‌ നീളം കൂടുതലാണ്‌. മുതുകിലെയും പൃഷ്‌ഠഭാഗത്തെയും ചിറകുകള്‍ മങ്ങിയ നിറമുള്ളവയാണ്‌. അവയുടെ അരികുകള്‍ കറുത്തിരിക്കും; ബാക്കിയുള്ള ചിറകുകള്‍ക്ക്‌ ഇളംമഞ്ഞനിറമാണ്‌. ഈ ഇനം ആവോലി ഏതാണ്ട്‌ 35 സെ.മീ. വരെ വളരും; ഒരു കി. ഗ്രാം തൂക്കവും ഉണ്ടായിരിക്കും.

"ബ്ലാക്ക്‌പോംഫ്രറ്റ്‌' എന്ന ഇംഗ്ലീഷ്‌പേരുള്ള കറുത്താവോലിയുടെ ശാസ്‌ത്രനാമം പാരാസ്‌ട്രാമാറ്റിയസ്‌ നൈജർ (Parastromateus niger) എന്നാണ്‌. ഇവയുടെ ശരീരംപോലതന്നെ ചിറകുകളും കറുത്തതാണ്‌. വാലിലെയും മുതുകിലെയും ചിറകുകളുടെ അരികുകള്‍ക്ക്‌ കൂടുതൽ കറുപ്പുനിറമുണ്ട്‌. ഇവയുടെ മാംസത്തിന്‌ നല്ല സ്വാദാണ്‌.

മന്തനാവോലിക്ക്‌ അല്‌പം ഊതകലർന്ന ചെമ്പിച്ച നിറമാണുള്ളത്‌. "ബ്രൗണ്‍ പോംഫ്രറ്റ്‌' എന്ന്‌ ഇംഗ്ലിഷുപേരുള്ള മന്തനാവോലിയുടെ ശാസ്‌ത്രനാമം: പാംപസ്‌ ചൈനെന്‍സിസ്‌ (Pampus Chinesis)എന്നാണ്‌. ഇതിന്റെ ദേഹത്തിൽ ഊതനിറത്തിലുള്ള ധാരാളം ബിന്ദുക്കളുണ്ടാകും. ചിറകുകള്‍ (fins) ചാരനിറമുള്ളവയും കറുത്ത ബിന്ദുക്കളോടു കൂടിയവയുമാണ്‌; ഇതിന്റെയും മാംസത്തിനു നല്ല സ്വാദുണ്ട്‌. സൂക്ഷ്‌മജീവികളാണ്‌ ആവോലിയുടെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ ചെമ്മീന്‍ മുതലായവയും ഇവയുടെ ഭക്ഷണത്തിൽപ്പെടാറുണ്ട്‌.

ആവോലി ധാരാളമായി കാണപ്പെടുന്ന കാലം നവംബർ മുതൽ ഫെബ്രുവരി വരെയാണ്‌; പക്ഷേ, കേരളതീരത്ത്‌ ഇവ പ്രത്യക്ഷപ്പെടുന്നത്‌ ജൂലായ്‌ മുതൽ ഡിസംബർ വരെയാകുന്നു; എന്നാൽ മുംബൈതീരത്ത്‌ ഒക്‌ടോബർ മുതൽ ഇവ സുലഭമാണ്‌. അവിടങ്ങളിൽ കറുത്താവോലിയാണ്‌ കാണപ്പെടുക. സ്വാദേറിയ വെളുത്ത ആവോലി കേരളതീരത്തു സുലഭമാണ്‌. തെക്കന്‍ കർണാടകത്തിൽ മാർച്ച്‌-ഏപ്രിൽ മാസങ്ങളിലാണ്‌ ആവോലി ധാരാളമായി കാണപ്പെടുന്നത്‌. മുംബൈ-കർണാടക തീരത്തെ ഗഗോലി, കേരളത്തിലെ വടകര, പുതിയകടപ്പുറം എന്നിവ പശ്ചിമതീരത്തു കൂടുതൽ ആവോലി കിട്ടുന്ന പ്രദേശങ്ങളാണ്‌. ജനുവരി-ഫ്രബ്രുവരി മാസങ്ങളിൽ ബംഗാള്‍ തീരത്തും ജൂണ്‍ മുതൽ നവംബർ വരെ ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും തീരങ്ങളിലും ഇവ സുലഭമാണ്‌. കല്‌ക്കത്ത, ആന്ധ്രാതീരത്തെ കൊമാരവാണിപ്പേട്ട, റാസിപ്പേട്ട, നെലാട്ടുറപ്പാളയം, പുലിയഞ്ചേരിക്കുപ്പം എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും വെളുത്താവേലി ധാരാളം ലഭിക്കുന്നു.

പറ്റംപറ്റമായി സഞ്ചരിക്കുന്ന ആവോലി ജലനിരപ്പിൽ നിന്നും ഏറെത്താഴെയായിട്ടാണ്‌ നീങ്ങുന്നത്‌. വളരെ ചെറിയ പ്രായത്തിൽത്തന്നെ ആവോലികള്‍ സംഘംചേർന്ന്‌ നദികളിലേക്കും തോടുകളിലേക്കും കടന്നുവരാറുണ്ട്‌. ഈ സമയത്താണ്‌ കൂടുതലായും ഇവ വലയിലകപ്പെടുന്നത്‌. സാധാരണയായി 25-40 മീ. ആഴത്തിൽനിന്ന്‌ പെരുവല, പെയ്‌ത്തുവല എന്നിവ ഉപയോഗിച്ച്‌ കേരളത്തിൽ ആവോലിയെ പിടിച്ചുവരുന്നു. (കെ.കെ.പി. മേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%8B%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍