This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവാഹനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവാഹനം

വിഗ്രഹം, ദീപം മുതലായവയിൽ അഭീഷ്‌ടദേവതയെ മന്ത്രാച്ചാരണത്തോടെ വിളിച്ചുവരുത്തുന്ന കർമം. പൂജാരംഭത്തിൽ ദേഹശുദ്ധി, ശംഖപൂജ, പീഠപൂജ മുതലായ ചടങ്ങുകള്‍ക്കുശേഷം ബിംബത്തിലോ ദീപത്തിലോ മറ്റോ ആരാധ്യദേവതയുടെ സാന്നിധ്യം ഉണ്ടാക്കുകയാണ്‌ ആവാഹനംകൊണ്ടുദ്ദേശിക്കുന്നത്‌. അഭീഷ്‌ടദേവതയെ മനസാ ധ്യാനിച്ച്‌ "ഭഗവന്‍ (ദേവി) ആഗച്ഛാഗച്ഛ ആവാഹിതോ (താ) ഭവ, സന്നിഹിതോ (താ) ഭവ, അത്ര സാന്നിധ്യം കുരു, കുരു' എന്നു മന്ത്രിച്ച്‌ ആവാഹനമുദ്ര കാണിക്കണം. പൂജാവസാനത്തിൽ സർവവും ഭഗവദർപ്പണമെന്ന്‌ സങ്കല്‌പിച്ച്‌ അഭീഷ്‌ടദേവതയെ "യഥാസ്ഥാനമുദ്വാസയാമി' എന്നു മന്ത്രാച്ചാരണത്തോടെ ഉദ്വാസനവും നടത്തണം. സ്ഥണ്ഡിലം (ശുദ്ധമാക്കിയ ഭൂതലം), അഗ്നി, സൂര്യന്‍, ജലം, ഹൃദയം ഈ പൂജാസ്ഥാനങ്ങളിലെല്ലാം ആവാഹനം ചെയ്യാവുന്നതാണ്‌. ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമയി, മണിമയി എന്നിങ്ങനെ പ്രതിമ എട്ടുവിധത്തിലുണ്ട്‌; ഇവയിലും ആവാഹനം വിധിച്ചിട്ടുണ്ട്‌. സ്ഥിരമായ പ്രതിമയിൽ ആവാഹനവും ഉദ്വാസനവും ഇല്ല. അസ്ഥിരത്തിലും സ്ഥണ്ഡിലത്തിലും ആവാഹനോദ്വാസനങ്ങള്‍ വേണ്ടതാണ്‌. പ്രതിമയിൽ ദേവസാന്നിധ്യം വരുത്തി ആരാധിച്ചാലേ അഭീഷ്‌ടലാഭം ഉണ്ടാകൂ എന്നാണ്‌ സങ്കല്‌പം. സ്ഥിരമായ പ്രതിമയിൽ പ്രതിഷ്‌ഠിക്കുമ്പോള്‍ത്തന്നെ ആവാഹനവും പ്രാണപ്രതിഷ്‌ഠയും മറ്റും ചെയ്‌തിരിക്കയാലും ദേവനെ യഥാസ്ഥാനം ഉദ്വാസനം ചെയ്‌തിട്ടില്ലാത്തതിനാലും ആണ്‌ സ്ഥിരത്തിൽ ആവാഹനോദ്വാസനങ്ങള്‍ പാടില്ലെന്ന്‌ വിധിച്ചിട്ടുള്ളത്‌. പ്രതിമയിൽ ദേവതാ ബുദ്ധിയുളവാക്കുകയാണ്‌ ആവാഹനത്തിന്റെ ലക്ഷ്യം. ഈശ്വരന്‍ സർവവ്യാപിയും അരൂപനുമാണെങ്കിലും മന്ദബുദ്ധികളായ കർമികളെ സംബന്ധിച്ചിടത്തോളം പ്രതിമാദികളിൽ വിശിഷ്യാ ഈശ്വരസാന്നിധ്യം ഉണ്ടായി എന്ന ബുദ്ധി ഉളവാക്കുവാന്‍ ആവാഹനം സഹായിക്കുന്നു. "അസത്യേ വർങ്ങനിസ്ഥിത്വാ തതഃ സത്യം സമീഹതേ' എന്ന്‌ ഇതിന്‌ പ്രമാണവുമുണ്ട്‌. സ്ഥൂലത്തിൽനിന്നും സൂക്ഷ്‌മത്തിലേക്കു നയിച്ചു യാഥാർഥ്യം ഗ്രഹിപ്പിക്കുകയെന്നതാണ്‌ തത്ത്വം. (പ്രാഫ. ആർ. വാസുദേവന്‍ പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍