This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴ്‌സ്‌പൊയറ്റിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴ്‌സ്‌പൊയറ്റിക്ക

Ars Poetica

റോമന്‍കവിയായ പൊരേസ്‌ (ക്വിന്തസ്‌ ഹൊരേഷ്യസ്‌ ഫ്‌ളാക്കസ്‌, ബി.സി. 65-8) രചിച്ച കാവ്യം. സ്വകാര്യ കത്തിന്റെ രൂപത്തിൽ നിബദ്ധമായിരിക്കുന്ന ഈ കൃതി ബി.സി. 13-8 കാലത്താണ്‌ ആദ്യമായി പകർത്തി എഴുതപ്പെട്ടത്‌. ഈ കൃതിയിലെ പ്രതിപാദ്യം കാവ്യസിദ്ധാന്തമാണ്‌. ആകയാൽ ഹൊരേസിന്റെ സമകാലികർ ഇതിനെ ആഴ്‌സ്‌പൊയറ്റിക്ക (കാവ്യകല) എന്ന്‌ വിശേഷിപ്പിച്ചു. "കാവ്യം' ഇവിടെ കവിതയെ മാത്രമല്ല സാഹിത്യത്തെ മൊത്തത്തിൽ വിവക്ഷിക്കുന്നു. 476 വരികളുള്ള ആഴ്‌സ്‌ പൊയറ്റിക്ക സുഘടിതമായ ഒരു കാവ്യസിദ്ധാന്തമല്ല; ഒരു സുഹൃത്തിനയച്ച അനൗപചാരികമായ കത്തിന്‌ കാവ്യകല വിഷയമാക്കപ്പെട്ടു എന്നു മാത്രം. ത്രസിൽ യുദ്ധംചെയ്‌ത്‌ പ്രസിദ്ധനായിത്തീർന്ന ലൂഷ്യസ്‌ കല്‌പൂർണിയസ്‌ പിസൊ ഹൊരേസിന്റെ സുഹൃത്തായിരുന്നു. പിസോയെയും അദ്ദേഹത്തിന്റെ രണ്ട്‌ പുത്രന്മാരെയും-ഒരാള്‍ സാഹിത്യരചനയിൽ ഏർപ്പെട്ടിരുന്നു-സംബോധന ചെയ്‌തുകൊണ്ടാണ്‌ ഇതു രചിക്കപ്പെട്ടിരിക്കുന്നത്‌. പ്രതിപാദ്യത്തെ അടിസ്ഥാനമാക്കി, ആഴ്‌സ്‌ പൊയറ്റിക്കയെ മൂന്നു ഭാഗങ്ങളായി തിരിക്കാം: വസ്‌തു, രൂപം, കവി.

വസ്‌തു (Poesis). 1 മുതൽ 72 വരെ വരികളിൽ അലങ്കാരം, ഏകാഗ്രത, ആർജവം, എഴുത്തുകാരന്റെ കഴിവ്‌, കാവ്യവസ്‌തു, ആശയാനുക്രമം, പദപ്രയോഗം തുടങ്ങി വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യപ്പെടുന്നു. "വിഭിന്നവർഗങ്ങളിൽപ്പെടുന്ന സുന്ദരിയുടെ രൂപം' എന്ന്‌ അരിസ്റ്റോട്ടിലിയന്‍ സാഹിത്യമാതൃകയെ എതിർത്തുകൊണ്ടാണ്‌ ആഴ്‌സ്‌ പൊയറ്റിക്ക ആരംഭിക്കുന്നത്‌. കുതിരയുടെ ഉടലും മനുഷ്യന്റെ തലയും ഓരോ മൃഗത്തിന്റെയും കാലുകളും എല്ലാ പക്ഷികളുടെയും തൂവലുകളും ചേർത്തുണ്ടാക്കുന്ന രൂപം പരിഹാസ്യതയുളവാക്കും എന്ന്‌ ഹൊരേസ്‌ പറയുന്നു; എന്നാൽ ചില്ലറ വിട്ടുവീഴ്‌ചകള്‍ നടത്താന്‍ കവികള്‍ക്ക്‌ സ്വാതന്ത്യ്രമുണ്ടായിരിക്കും എന്ന്‌ അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. ഏതായാലും എഴുത്തുകാരനെ മൗലികമായ കല നയിച്ചാലേ അയാളുടെ കലാസൃഷ്‌ടി അവികലമാവൂ എന്നാണ്‌ ഹൊരേസിന്റെ സിദ്ധാന്തം. രൂപം (Poiema). 73-294 വരികള്‍. കാവ്യത്തിന്റെ ആകെ സ്വരൂപം ഇവിടെ ചർച്ചചെയ്യപ്പെടുന്നു. പ്രകൃതിയെ അനുകരിക്കാന്‍ അരിസ്റ്റോട്ടിൽ പറഞ്ഞു; ഇതിഹാസ മാതൃകകളെ അനുകരിക്കാന്‍ അല്ലെങ്കിൽ സ്വന്തം കണ്ടുപിടിത്തങ്ങളിൽ ഉറച്ചുനില്‌ക്കാന്‍, ഹൊരേസ്‌ ആഹ്വാനം ചെയ്യുന്നു. പ്രഖ്യാതകഥാപാത്രങ്ങളെ യഥേഷ്‌ടം മാറ്റി മറിക്കുന്നത്‌ അനഭിലഷണീയമാണ്‌. നാടകത്തിൽ ക്രിയാംശത്തിനാണ്‌ പ്രാധാന്യം, അതെക്കുറിച്ചുള്ള ഉപാഖ്യാനത്തിനല്ല; എന്നാൽ കൊലപാതകം മുതലായ വിഷയങ്ങള്‍ രംഗത്ത്‌ വർജിക്കണം. ഒരേ സമയം മൂന്നിലേറെ കഥാപാത്രങ്ങള്‍ രംഗത്തുണ്ടാവരുത്‌. യവനപദ്യശൈലിയാണ്‌, റോമന്‍ രീതിയല്ല, നാടകത്തിൽ സ്വീകാര്യം.

കവി (Poietes). 295-476 വരികള്‍. കവികളെക്കുറിച്ചുള്ള ചില നർമോക്തികള്‍, ചെയ്യേണ്ടതും ചെയ്യരുതാത്തതും സംബന്ധിച്ച്‌ കവിക്കു നല്‌കുന്ന ഉപദേശങ്ങള്‍ എന്നിവയാണ്‌ ഇവിടെ പ്രതിപാദ്യം. അവസാനത്തെ 80 വരികളിൽ കവിയെ സംബന്ധിക്കുന്ന വിവിധ ആശയഗതികള്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു കവി സ്വയം ജനിക്കുകയാണോ സൃഷ്‌ടിക്കപ്പെടുകയാണോ എന്നത്‌ വിവാദവിഷയമാണ്‌. ഏതായാലും, ശക്തിയും നിപുണതയുമില്ലാത്ത പ്രഗല്‌ഭന്മാർപോലും പരാജയപ്പെടും എന്നതിൽ തർക്കമില്ല. സോക്രട്ടീസിന്റെ കൃതികള്‍ വായിച്ച്‌ അറിവുണ്ടാക്കാന്‍ ഹൊരേസ്‌ ആഹ്വാനം ചെയ്യുന്നു.

ആഴ്‌സ്‌പൊയറ്റിക്ക ഒരു കാവ്യമീമാംസാഗ്രന്ഥം (poetics) ആണോ, അതോ പ്രായോഗിക കാവ്യപീഠിക ആണോ, അതുമല്ല ഒരു സൗഹൃദക്കത്ത്‌ (epistle) ആണോ എന്ന്‌ ചില നിരൂപകന്മാർ ചോദിക്കുന്നു; ഈ കൃതി ഓരോന്നിനും സ്ഥാനമുള്ള, യഥാസ്ഥാനത്ത്‌ ഓരോന്നുമുള്ള, ഒന്നാണ്‌ എന്ന്‌ മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഏതായാലും പില്‌ക്കാലത്ത്‌ ബുദ്ധിജീവികള്‍ ഈ കൃതിയെ ഗണ്യമായി ഉപജീവിച്ചിട്ടുണ്ട്‌. ഏഴ്‌ ഫ്രഞ്ചു കവികള്‍ ചേർന്നുണ്ടാക്കിയ കവിസംഘത്തിന്റെ (Pleiade) മാനിഫെസ്റ്റോ രചിക്കുന്നതിൽ ജൊയാക്വിം ദബെല്ലയ്‌ (1524-60) എന്ന കവിയെ ആഴ്‌സ്‌പൊയറ്റിക്ക സ്വാധീനിച്ചിട്ടുണ്ട്‌. ഫ്രഞ്ചുകവിയും നിരൂപകനുമായ ബോയ്‌ല്യു നിക്കൊളാസ്‌ (1636-1711) കാവ്യകലയെക്കുറിച്ച്‌ എഴുതിയ ഗ്രന്ഥം (Essaye on Criticism, 1711) ആൊഴ്‌സ്‌പൊയറ്റിക്കയുടെ സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ഹൊരേസിന്റെ ചില നിർദേശങ്ങളും വർഗീകരണങ്ങളും പില്‌ക്കാലത്ത്‌ അപ്രസക്തമായിട്ടുണ്ടെങ്കിലും മിക്കവയും അനശ്വരമായി നിലനില്‌ക്കുന്നു; പ്രത്യേകിച്ചും സാഹിത്യത്തിന്റെ ദ്വിമാനധർമത്തെ സംബന്ധിച്ച സിദ്ധാന്തം. "പ്രയോജനപ്രദമായതിനെ മാധുര്യവുമായി കൂട്ടിയിണക്കുക' എന്ന ചിന്താഗതി, വിവിധ സാഹിത്യ പ്രസ്ഥാനങ്ങളുടെ അംഗീകാരം നേടി കാലദേശാതിവർത്തിയായിത്തീർന്നിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍