This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴ്‌ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴ്‌ച

Week

ഏഴുദിവസത്തെ കാലയളവ്‌. സമയത്തെ ആവശ്യാനുസരണം പല കാലയളവുകളായി വിഭജിക്കുന്ന രീതിയുടെ ഉദ്‌ഭവത്തെക്കുറിച്ച്‌ പല ഐതിഹ്യങ്ങളും ഉണ്ട്‌. ഏഴ്‌ എന്ന സംഖ്യയ്‌ക്ക്‌ പലവിധത്തിലും പ്രാധാന്യം ഉണ്ടായിരുന്നതുകൊണ്ടാകാം ഏഴ്‌ ദിവസങ്ങളെ ഒരാഴ്‌ചയായി ക്ലിപ്‌തപ്പെടുത്തിയത്‌. ചാന്ദ്രമാസത്തിന്റെ നാലിലൊരു ഭാഗം എന്ന അർഥത്തിലും ഈ വിഭജനത്തിനു സാധുതയുണ്ട്‌. വർഷത്തെ 52 ആഴ്‌ചകളായി വിഭജിച്ചതിൽ മാസങ്ങളായി വിഭജിച്ചതിനെക്കാള്‍ ഔചിത്യം കാണുന്നു. ഈജിപ്‌തുകാരും എബ്രായരും ആഴ്‌ചയെ സമയത്തിന്റെ അളവായി പരിഗണിച്ചിരുന്നു. ചൈനക്കാർ, ഇന്ത്യക്കാർ, കാൽദിയർ, യഹൂദർ, പാഴ്‌സികള്‍ എന്നിവരെല്ലാം ആഴ്‌ച എന്ന കാലയളവ്‌ ഉപയോഗിച്ചിരുന്നു, എങ്കിലും എല്ലാവരും ഏഴ്‌ ദിവസത്തെ കാലയളവുതന്നെ ആണോ ആഴ്‌ച എന്നതുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ന്‌ വ്യക്തമല്ല. ഉത്‌പത്തിപുസ്‌തക(29:27)ത്തിലും ആഴ്‌ചയെ ഒരു കാലയളവായി വിഭജിച്ചുകൊണ്ടുള്ള പരാമർശമുണ്ട്‌. യഹൂദന്മാരുടെ വേദഗ്രന്ഥങ്ങളിൽ ആഴ്‌ചയെയും വിശ്വസൃഷ്‌ടിയെയും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുണ്ട്‌. മാസത്തെ മൂന്ന്‌ ഭാഗങ്ങളായി തിരിച്ചിരുന്ന റോമക്കാരും ഗ്രീക്കുകാരും പിന്നീട്‌ അവരുടെ കാലയളവും 7 ദിവസത്തെ ആഴ്‌ച തന്നെയാക്കി.

ഏഴു ദിവസത്തെ കാലയളവ്‌ ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യകാലം മുതലാണ്‌ "ആഴ്‌ച' എന്ന പേരിൽ പ്രചാരത്തിൽ വന്നത്‌. ഓരോ ദിവസത്തെയും ആദ്യത്തെ ഏതാനും മണിക്കൂറുകളുടെ അധിപരായി ശനി (Saturn), സൂര്യന്‍ (Sun), ചന്ദ്രന്‍ (Moon), ചൊവ്വ (Mars), ബുധന്‍ (Mercury), വ്യാഴം (Jupiter), ശുക്രന്‍ (Venus) എന്നീ ഗ്രഹങ്ങള്‍ അവരോധിക്കപ്പെട്ടിരുന്നു. ഈ ആഴ്‌ചക്രമം ആവർത്തിച്ചുകൊണ്ടിരിക്കും. ദിവസങ്ങള്‍ ഗ്രഹങ്ങളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഞായർ, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി എന്നിവ ക്രമത്തിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളെക്കുറിക്കുന്നു. ഈ രീതി സാർവത്രികമാണ്‌. നോ: കലണ്ടർ; കാലഗണന

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B4%E0%B5%8D%E2%80%8C%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍