This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴക്കടൽ മത്സ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴക്കടൽ മത്സ്യങ്ങള്‍

സമുദ്രത്തിന്റെ അഗാധതലങ്ങളിൽ ജീവിക്കുന്ന മത്സ്യങ്ങള്‍. 8000മീ. ആഴത്തിൽവരെ വിവിധ സ്‌പീഷീസിലുള്ള മത്സ്യങ്ങളെ കണ്ടെത്താം.

നിറം. സൂര്യപ്രകാശത്തെ അതിവേഗം ആഗിരണം ചെയ്യാനുള്ള കഴിവ്‌ സമുദ്രജലത്തിനുണ്ട്‌. എന്നാൽ 1000 മീ. വരെ ആഴത്തിൽ സൂര്യപ്രകാശത്തിലെ നീലരശ്‌മികള്‍ മാത്രമേ കടന്നുചെല്ലാറുള്ളൂ. 1000 മീറ്ററിനും താഴെ കൂരിരുട്ടാണ്‌. ഈ ഭാഗത്തു കഴിയുന്ന മത്സ്യങ്ങള്‍ ഇരുണ്ടവയായിരിക്കും; നിറം ചുവപ്പോ കറുപ്പോ ആകാം. ഈ രണ്ടു നിറങ്ങളും നീലരശ്‌മികളെ പ്രതിഫലിപ്പിക്കാത്തവയായതിനാൽ ഈ മത്സ്യങ്ങള്‍ ദൃഷ്‌ടിഗോചരങ്ങളാകുന്നില്ല. അങ്ങനെ അപകടങ്ങളെ അതിജീവിക്കാന്‍ ആഴക്കടൽമത്സ്യങ്ങള്‍ക്ക്‌ അവയുടെ നിറം സഹായകമാവുന്നു.

വിയർഡെസ്റ്റ്‌ മത്സ്യം

നേത്രങ്ങള്‍. അരണ്ട വെളിച്ചം മാത്രമുള്ള സമുദ്രഭാഗങ്ങളിൽ ജിവിക്കുന്ന മത്സ്യങ്ങളിൽ നേത്രങ്ങള്‍ നാമമാത്രങ്ങളാണെന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്‌. എന്നാൽ വാസ്‌തവം നേരേമറിച്ചാണ്‌. ഇവിടെ കാണപ്പെടുന്ന മിക്കവാറും എല്ലാ മത്സ്യങ്ങള്‍ക്കും ശരിയായ വികാസം പ്രാപിച്ച നേത്രങ്ങള്‍ ഉണ്ടെന്നുതന്നെയല്ല, അവ പ്രകാശമുള്ളയിടങ്ങളിൽ കഴിയുന്ന മത്സ്യങ്ങളുടേതിനെക്കാള്‍ പതിന്മടങ്ങ്‌ പ്രവർത്തനക്ഷമവുമാണ്‌. 1000 മീ. ആഴത്തിൽ കഴിയുന്ന മത്സ്യങ്ങളുടെ നേത്രങ്ങള്‍ നാളീനേത്രങ്ങള്‍ (tubular eyes) എന്ന പേരിലറിയപ്പെടുന്നു. ഇവ മുകളിലേക്കോ മുന്‍പിലേക്കോ ആയിരിക്കും വിന്യസിക്കപ്പെട്ടിരിക്കുന്നത്‌. ബാഹ്യനേത്രത്തോളംതന്നെ വലുപ്പവും വൃത്താകൃതിയും ഉള്ളതാണ്‌ ഇതിന്റെ കാചം (lens) പെരമാവധി പ്രകാശം കടത്തിവിടാന്‍ പാകത്തിൽ വലുപ്പമേറിയ കൃഷ്‌ണമണി ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌; ദൃഷ്‌ടിപടലത്തിൽ (retina) സാധാരണ കാണപ്പെടുന്ന കോണുകള്‍ക്കു പകരം സൂക്ഷ്‌മഖണ്ഡങ്ങള്‍ (rods) ആണുള്ളത്‌. ഒരു ച.മി.മീ.-ൽ 20 ദശലക്ഷത്തോളം വരുന്ന ഈ ഖണ്ഡങ്ങള്‍ നീലരശ്‌മികളോട്‌ അതിവേഗം സംവേദനം നടത്തുന്നു. ഒന്നിനുമീതെ ഒന്നായി അടുക്കിയിട്ടുള്ള രണ്ടു മുതൽ ആറുവരെ പാളികളായാണ്‌ ഈ ഖണ്ഡങ്ങള്‍ കാണപ്പെടുന്നത്‌. ഒരു വസ്‌തു അടുത്തെത്തുന്നതോടെ ഇവ ഒന്നിനുപിറകേ മറ്റൊന്ന്‌ എന്ന ക്രമത്തിൽ പ്രവർത്തനനിരതമാവുന്നു സാധാരണ മത്സ്യങ്ങളിൽ കാണാന്‍ പറ്റാത്ത ഒരു അദ്‌ഭുത പ്രതിഭാസമാണിത്‌. ഇരയുടെ ഓരോ ചലനവും ശ്രദ്ധിക്കുന്നതിനും ഇരയെ, പിടികൂടാവുന്ന ദൂരത്തിലെത്തിക്കഴിയുന്നതോടെ, ചാടിപ്പിടിക്കുന്നതിനും ഈ പ്രത്യേകത സഹായകമാകുന്നു. ആഹാരം വളരെ വിരളമായ ആഴക്കടലിൽ ഈ പ്രത്യേകത അവയ്‌ക്കു അനുയോജ്യമാണ്‌. 2000 മീറ്ററിൽ കൂടുതൽ ആഴമുള്ള സമുദ്രഭാഗങ്ങളിൽ ജീവിക്കുന്ന മത്സ്യങ്ങളുടെ കാഴ്‌ചശക്തി താരതമ്യേന കുറവാണ്‌. അത്യഗാധതകളിലെ മത്സ്യങ്ങളെയാകട്ടെ പൂർണമായ അന്ധത ബാധിക്കുന്നു. സമുദ്രത്തിന്റെ ഏതാണ്ട്‌ മധ്യഭാഗങ്ങളിൽ ജീവികളിൽനിന്നും പുറപ്പെടുന്നതോ, സൂര്യപ്രകാശത്തിന്റെ ഭാഗമോ ആയ ഏതെങ്കിലും തരം വെളിച്ചം ഉണ്ടായിരിക്കുന്നതിനാൽ അതുപയോഗപ്പെടുത്താന്‍ മത്സ്യങ്ങള്‍ക്ക്‌ കച്ചുണ്ടായേ കഴിയൂ. എന്നാൽ 2000 മീറ്ററിനപ്പുറം പ്രകാശത്തിന്റെ അംശംപോലും കടന്നുചെല്ലുന്നില്ല. ഈ പൂർണാന്ധകാരത്തിൽ കച്ചുകള്‍ ഒരു അധികാവയവമായതിനാൽ അത്‌ നഷ്‌ടപ്പെട്ടിരിക്കുന്നു.

ആഹാരരീതി (Feeding). സുദ്രത്തിൽ 500 മീറ്ററിനുതാഴെ സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ സസ്യങ്ങള്‍ വളരുന്നില്ല. അതിനാൽ ഇവിടെ കഴിയുന്ന ജന്തുക്കള്‍ക്ക്‌ ഒന്നുകിൽ മുകളിൽനിന്നും വീണുകിട്ടുന്ന ഭക്ഷണപദാർഥങ്ങളാൽ സംതൃപ്‌തരാവണം; അല്ലെങ്കിൽ പരസ്‌പരം ഭക്ഷിച്ചു വിശപ്പടക്കണം. ഇക്കാരണത്താൽ ഈ ഭാഗത്തു കാണപ്പെടുന്ന മിക്കവാറും എല്ലാ മത്സ്യങ്ങളും വളരെ വലിയ വായും അതിനുള്ളിൽ ഭീകരങ്ങളായ പല്ലുകളുമുള്ള "സർവാഹാരി'കളാണ്‌. സ്വന്തം ശരീരത്തിന്റെ പലമടങ്ങു വലുപ്പമുള്ള ഇരയെ വിഴുങ്ങാന്‍ കഴിവുള്ളവയാണ്‌ ഇവയിൽ പലതും. ആവശ്യാനുസരണം വലുതാവുന്ന ആമാശയം ഇവയുടെ പ്രത്യേകതയാണ്‌. ദഹനപ്രക്രിയ വളരെ വേഗത്തിൽ നടക്കുന്നു. വയറുനിറച്ച്‌ ഭക്ഷണം കിട്ടാനുള്ള സന്ദർഭങ്ങള്‍ വിരളമായതിനാൽ ഇപ്രകാരമുള്ള പ്രത്യേകതകള്‍ ഈ മത്സ്യങ്ങള്‍ക്ക്‌ അനുയോജ്യമാണ്‌. പൂർണാന്ധകാരത്തിൽ നേത്രസഹായത്തോടെയുള്ള ഇരതേടൽ അസാധ്യമാണ്‌. ആങ്‌ഗ്ലർ പോലെയുള്ള മത്സ്യങ്ങള്‍ക്ക്‌ ഇരയെ ആകർഷിക്കാന്‍ പറ്റിയ സംവിധാനങ്ങളുണ്ട്‌. പൃഷ്‌ഠപത്രത്തിലുള്ള (dorsal fin) ഒരു മുള്ള്‌ വാലിന്റെ ഒരഗ്രം തുടങ്ങി ഏതെങ്കിലും ഭാഗം വായുടെ മുകളിലേക്ക്‌ നീണ്ട്‌ സ്വയംപ്രകാശിത (luminiscent) മായിത്തീരുന്നു. ഇതിൽനിന്നും പുറപ്പെടുന്ന പ്രകാശമാണ്‌ ഇരയെ ആകർഷിച്ചു വരുത്തുന്നത്‌. വായുടെ തൊട്ടുമുന്നിൽനിന്നും പുറപ്പെടുന്ന പ്രകാശത്താൽ അടുത്തെത്തുന്ന ഇരയെ ചാടിപ്പിടിക്കാന്‍ മത്സ്യത്തിനു പ്രയാസമനുഭവപ്പെടുന്നില്ല. ഗലാത്തിയത്തോമ (Galatheathauma) എന്ന മത്സ്യത്തിന്റെ വായ്‌ക്കുള്ളിൽത്തന്നെയാണ്‌ ഈ അവയവം കാണപ്പെടുന്നത്‌. ഇതിനെ "ജീവനുള്ള ഒരു കെണി' എന്നു വിശേഷിപ്പിക്കാം.

വലുപ്പം. സമുദ്രമധ്യത്തിലെ മത്സ്യങ്ങള്‍ക്ക്‌ വലുപ്പം നന്നേ കുറവാണ്‌. 15 സെ. മീറ്ററിൽക്കൂടുതൽ ഇവ വളരാറില്ല. അപൂർവമായി വലുപ്പംകൂടിയ മത്സ്യങ്ങളെയും കണ്ടെത്താമെങ്കിലും അവയുടെ ശരീരം നീണ്ടുകൂർത്ത ഒരു വാലിൽ അവസാനിക്കുന്നു. ആഴം കൂടുന്നതോടൊപ്പം ഭക്ഷണദൗർലഭ്യവും വർധിക്കുന്നതാണ്‌ ഇതിനു കാരണം.

ആക്‌സില്‌റോഡൈതിസ്‌ മത്സ്യത്തിന്റെ ഫോസിൽ
സീലക്കാന്ത്‌ മത്സ്യം
ലാന്റേണ്‍ മത്സ്യം

പ്രകാശനിർമാണം. "ഫോട്ടോഫോർ' എന്നറിയപ്പെടുന്ന പ്രകാശനിർമാണാവയവങ്ങള്‍ ഈ മത്സ്യങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ്‌. പലയിനം മത്സ്യങ്ങള്‍ക്കും (lantern fishes, hatchet fishes, stomiatoids) അവയുടെ പാർശ്വങ്ങളിലും അടിഭാഗത്തുംനിന്ന്‌ പ്രകാശം പുറപ്പെടുവിക്കാന്‍ കഴിയും. പ്രകാശം ഉദ്‌ഭവിക്കുന്ന കേന്ദ്രം, കാചം, പ്രതിഫലകം (reflector) എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ചേർന്നതാണ്‌ ഒരു ഫോട്ടോഫോർ. പലതിലും നിറമുള്ള ഫിൽറ്ററുകളുണ്ട്‌. ഫോട്ടോഫോറുകള്‍ നാഡീവ്യൂഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ മത്സ്യത്തിന്റെ ഇഷ്‌ടാനുസരണം ഇത്‌ പ്രകാശിപ്പിക്കാനും അണയ്‌ക്കാനും സാധിക്കുന്നു. ഇതോടൊപ്പം പ്രകാശത്തിന്റെ തീവ്രതയും നിറവും നിയന്ത്രിക്കാവുന്നതാണ്‌. ഈ മത്സ്യങ്ങളുടെ ദൈനംദിനജീവിതത്തിൽ ഫോട്ടോഫോറുകള്‍ക്കുള്ള പങ്ക്‌ അതിപ്രധാനമാകുന്നു.

പ്രതിരോധം. ഭക്ഷണദൗർലഭ്യം വളരെയുള്ള ആഴക്കടലിൽ ആക്രമണത്തോളംതന്നെ പ്രധാനമാണ്‌ പ്രതിരോധവും. ശക്തനു മാത്രമേ അവിടെ ജീവിക്കാനാവൂ. ഓരോ ജീവിയും എപ്പോഴും ഇരതേടുന്ന തിരക്കിലാണ്‌. ചില മത്സ്യങ്ങള്‍ക്ക്‌ ശരീരത്തിന്റെ വശങ്ങളിൽ ഉള്ള "ലൈറ്റു'കള്‍ക്കുപുറമേ വാലിലും ശക്തിയേറിയ ലൈറ്റുകളുണ്ടായിരിക്കും. ഇവയിൽനിന്നും പുറപ്പെടുന്ന പ്രകാശധോരണിയിൽ സഞ്ചരിക്കുന്ന മത്സ്യം തന്റെ ശത്രുവിന്റെ ശ്രദ്ധയെ ആകർഷിക്കുകയാണ്‌ ഇതുകൊണ്ടു ചെയ്യുന്നത്‌. പിന്തുടരപ്പെടുന്നതായി തോന്നുന്ന മത്സ്യം പെട്ടെന്ന്‌ ലൈറ്റുകളെല്ലാം അണയ്‌ക്കുമെങ്കിലും, പ്രകാശം വളരെ പതുക്കെമാത്രം ഇല്ലാതാകുന്നതിനാൽ പിന്തുടർന്നുവന്ന ജീവിക്ക്‌ ഇതിനെ കാണാന്‍ പറ്റാതാകുന്നില്ല. എന്നാൽ വളരെ പെട്ടെന്ന്‌ വാലിലുള്ള ശക്തിയേറിയ ലൈറ്റ്‌ വീണ്ടും തെളിക്കുന്നതോടെ ആക്രമണകാരി കച്ചുകാണാന്‍ വയ്യാതെ കുഴങ്ങുകയും മത്സ്യം രക്ഷപ്പെടുകയും ചെയ്യുന്നു. എടുത്തുപറയത്തക്ക ഒരു പ്രതിരോധരീതിയാണിത്‌.

ഹാറ്റ്‌ഷെറ്റ്‌ മത്സ്യം


പ്രത്യുത്‌പാദനം. അംഗസംഖ്യ വളരെ കുറവായതിനാൽ ആഴക്കടലിൽ ഒരിണയെ കണ്ടെത്തുകയെന്നത്‌ ക്ഷിപ്രസാധ്യമല്ല. ഇണകള്‍ക്ക്‌ ഒരുമിച്ചു ചേരുന്നതിന്‌ ഫോട്ടോഫോറുകള്‍ സഹായകമാകുന്നു. ബാത്തിസ്‌കേഫിലൂടെ (bathyscaphe) നിരീക്ഷണം നടത്തിയ വില്യം ബീച്ച്‌ എന്ന ശാസ്‌ത്രജ്ഞന്‍ ഓരോ ഇനം മത്സ്യത്തിലും ഒരു പ്രത്യേകതരത്തിൽ അടുക്കിയിട്ടുള്ള ഫോട്ടോഫോറുകള്‍ കാണുകയുണ്ടായി. ആണിലും പെച്ചിലും ഇത്‌ വ്യത്യസ്‌തമായിരിക്കും. ഇപ്രകാരം പ്രത്യേകപ്രകാശ സംവിധാനമാർഗങ്ങളില്ലാത്ത ആങ്‌ഗ്ലർ മത്സ്യങ്ങള്‍ "ആയുഷ്‌കാലബാന്ധവ'ത്തിൽ ഏർപ്പെട്ട്‌ പ്രശ്‌നപരിഹാരം നേടുന്നു; അതായത്‌ വളർച്ച മുരടിച്ചുപോയ ആണ്‍മത്സ്യം പെച്ചിന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നാണ്‌ കാണപ്പെടുന്നത്‌.

ആഴക്കടൽമത്സ്യങ്ങളിൽ മിക്കതും ഉഭയലിംഗികളാണ്‌. എന്നാൽ ഇവയിൽ ഒരിക്കലും സ്വയം-ബീജസങ്കലനം നടക്കുന്നില്ല എന്നുവേണം കരുതാന്‍. ഒരു ആണ്‍മത്സ്യത്തിന്‌ പെണ്‍മത്സ്യത്തെ കണ്ടുപിടിക്കുന്നതിനെക്കാള്‍ പ്രയാസരഹിതമാണ്‌ രണ്ട്‌ ഉഭയലിംഗികള്‍ അടുത്തെത്തുക എന്നത്‌. അങ്ങനെ ഉഭയലിംഗത പ്രത്യുത്‌പാദനസഹായിയായ ഒരു ഘടകമായി മാറുന്നു. ആഴക്കടലിന്റെ അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങള്‍. ആഴക്കടലിൽ നീന്തിനടക്കുന്ന മത്സ്യങ്ങളെ(bathypelagie)ക്കുറിച്ചാണ്‌ ഇതുവരെ വിവരിച്ചത്‌. എന്നാൽ സമുദ്രത്തിന്റെ അത്യഗാധതകളിൽ (abysso-pelagic and benthic) തികച്ചും ഭിന്നമായ സാഹചര്യത്തിൽ കഴിയുന്ന ചില മത്സ്യങ്ങളുണ്ട്‌. ഇവയുടെ സഞ്ചാരപഥം വളരെ പരിമിതമാണ്‌. കടലിന്റെ അടിത്തട്ട്‌ മൃദുവായ ചെളികൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ഇതിൽ ജൈവാംശം വളരെ കുറവാണ്‌; എന്നാൽ ബാക്‌റ്റീരിയകള്‍ സമൃദ്ധമായി വളരുന്നു. അജൈവവസ്‌തുക്കളിൽനിന്നുപോലും ഭക്ഷണം രൂപപ്പെടുത്തിയെടുക്കാന്‍ ഇവയ്‌ക്കുള്ള കഴിവ്‌ വിസ്‌മയാവഹമാണ്‌. ഈ ബാക്‌റ്റീരിയകള്‍ ഉള്ളതുമൂലം അകേശരുകികള്‍ക്കും ആഴക്കടൽജീവിതം സാധ്യമായിത്തീരുന്നു. ഈ ജീവികള്‍ ഒരു നല്ല ശതമാനം ആഴക്കടൽ മത്സ്യങ്ങള്‍ക്ക്‌ ആഹാരമാകുന്നുണ്ട്‌.

ആങ്‌ഗ്ലർ മത്സ്യം
സ്റ്റാർഗെയ്‌സർസ്‌ മത്സ്യം

സമുദ്രത്തിന്റെ അടിത്തട്ടിൽ കഴിയുന്ന മിക്കവാറും എല്ലാ മത്സ്യങ്ങള്‍ക്കും നീണ്ടുമെലിഞ്ഞ ശരീരവും നീളമേറിയ വാലുമാണുള്ളത്‌. വാലിന്റെ തരംഗിതചലനം മൂലം മത്സ്യം എപ്പോഴും ചരിഞ്ഞ അവസ്ഥയിലായിരിക്കും. അടിത്തട്ടിൽ കഴിയുന്ന അകശേരുകികളെ ഭക്ഷണമാക്കാന്‍ ഈ നില സഹായകമാകുന്നു. ശരീരത്തിന്റെ അടിവശത്തായി കാണപ്പെടുന്ന വായും നീണ്ട "മൂക്കും' (snout)എല്ലാ ആഴക്കടൽമത്സ്യങ്ങളുടെയും പ്രത്യേകതയാണ്‌. ചെളി ഇളക്കി മറിക്കുന്നതിന്‌ ഈ "മൂക്ക്‌' സഹായകരമാവുന്നു; ശരീരത്തിന്റെ പാർശ്വരേഖകളിലുള്ള ബോധേന്ദ്രിയങ്ങള്‍ക്ക്‌ നീളംകൂടിയ മത്സ്യങ്ങളിൽ താരതമ്യേന നീളം കൂടുതലായിരിക്കുന്നതിനാൽ അവയുടെ പ്രവർത്തനക്ഷമതയും കൂടിയിരിക്കും. അന്ധകാരത്തിൽ കച്ചുകള്‍കൊണ്ടു പ്രയോജനമില്ലാത്തതിനാൽ സ്‌പർശനശക്തി വികസിതമായേ തീരൂ. മിക്ക ആഴക്കടൽ മത്സ്യങ്ങളിലും അതീവ സ്‌പർശനശക്തിയുള്ള "ബാർബലുകള്‍' കാണാം. ചുറ്റുപാടുമുള്ള വെള്ളത്തിലെ നിസ്സാരവ്യതിയാനങ്ങള്‍പോലും മനസ്സിലാക്കാന്‍ ഈ മത്സ്യങ്ങള്‍ക്കു കഴിയും. ഭക്ഷണദൗർലഭ്യം മൂലം ആഴക്കടൽമത്സ്യങ്ങള്‍ പൊതുവേ വളരെ ചെറുതാകുന്നു. അസ്ഥി, പേശികള്‍, തലച്ചോറ്‌, കരള്‍, വൃക്ക തുടങ്ങിയ എല്ലാ അവയവങ്ങളും ഇവയിൽ വളരെ ചെറുതായിരിക്കും. വായുസഞ്ചി(swim bladder)കള്‍ ഇവയിൽ കാണാറേയില്ല. ശരീരത്തിന്റെ ഭാരം വളരെ കുറവായതിനാൽ ഈ മത്സ്യങ്ങള്‍ക്ക്‌ ഒരു പ്ലവനസഹായിയുടെ ആവശ്യം ഉണ്ടാകുന്നില്ല. ചുറ്റുമുള്ള ജലത്തിന്റെ കൂടിയ സാന്ദ്രത മത്സ്യങ്ങളെ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. അതിമർദവും വളരെ താഴ്‌ന്ന ഊഷ്‌മാവും ഉപാപചയകർമത്തെ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താൽ ഈ മത്സ്യങ്ങള്‍ക്ക്‌ കുറഞ്ഞ തോതിലുള്ള ഭക്ഷണം മതിയാകും.

ആഴക്കടലിൽ മത്സ്യങ്ങള്‍ക്കു നേരിടേണ്ടിവരുന്ന മർദം 1000 അറ്റ്‌മസ്‌ഫിയേഴ്‌സ്‌ ആകുന്നു (ഉദ്ദേശം, ഒരു ച. സെ. മീറ്ററിന്‌ 1000 കി. ഗ്രാം). എന്നാൽ ഈ അതിമർദത്തിലും എല്ലുറപ്പോ, പേശിവലുപ്പമോ ഇല്ലാത്ത, കാഴ്‌ചയിൽ ബലഹീനരായ മത്സ്യങ്ങള്‍ സുഖപ്രദമായ ഒരു ജീവിതമാണ്‌ നയിക്കുന്നത്‌. അതിമർദവും കാർബണ്‍ഡയോക്‌സൈഡിന്റെ ആധിക്യവും മൂലം കാൽസ്യരൂപീകരണം പലപ്പോഴും നടക്കാറില്ല. ആഴക്കടലിലെ നിശ്ചലജലത്തിൽ കഴിയുന്ന മത്സ്യങ്ങളിൽ ബലമുള്ള അസ്ഥികള്‍ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്‌.

ആഴക്കടലിൽ നീന്തിനടക്കുന്ന മത്സ്യങ്ങളുടെ മുട്ടകള്‍ താരതമ്യേന ചെറുതും വളരെ കുറച്ചുമാത്രം പീതകമുള്ളവയുമായിരിക്കും. സമുദ്രത്തിന്റെ മുകള്‍പ്പരപ്പിലേക്കു പൊന്തിവന്നിട്ടാണ്‌ ഇവ വിരിഞ്ഞിറങ്ങുന്നത്‌. മുകള്‍പ്പരപ്പിലെ സമൃദ്ധമായ ഭക്ഷണം കഴിച്ചു വളരുന്ന ലാർവകള്‍ ക്രമേണ ആഴക്കടലിലേക്കു കുടിയേറുന്നു. ഇപ്രകാരം പൊങ്ങിക്കിടക്കുന്ന മുട്ടകളും ലാർവകളും വർഗവിതരണം സുസാധ്യമാക്കുന്നു. എന്നാൽ കടലിന്റെ അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങളുടെ മുട്ടകള്‍ വലുതും പീതകം നിറഞ്ഞതുമായിരിക്കും. ഇവയുടെ ജീവിതം മുഴുവന്‍ കടലിന്റെ അടിത്തട്ടിൽത്തന്നെയാണ്‌. മുട്ട സ്വന്തം സഞ്ചിക്കുള്ളിൽ സൂക്ഷിച്ച്‌ കുഞ്ഞുങ്ങളെ വിരിച്ചിറക്കുന്ന മത്സ്യങ്ങളെയും ഇക്കൂട്ടത്തിൽ കാണാം. ഇക്കാരണങ്ങളാൽ, ഇവയുടെ വർഗവിതരണം പലപ്പോഴും വളരെ പരിമിതമായിരിക്കുന്നു.

ആഴക്കടൽമത്സ്യങ്ങളുടെ പ്രാചീനത. സ്ഥിരാന്ധകാരം, ജലത്തിന്റെ ദ്രവണാങ്കസമമായ താപനില, ദിനരാത്രങ്ങളുടെയും ഋതുഭേദങ്ങളുടെയും അഭാവം, ഭൗതിക-രാസിക ഘടനകളുടെ വ്യത്യാസമില്ലായ്‌മ എന്നിവ ആഴക്കടലിന്റെ സ്ഥിരം സ്വഭാവസവിശേഷതകളാണ്‌. സമുദ്രാന്തർഭാഗത്തെ മിക്കവാറും എല്ലാ സ്ഥാനങ്ങളിലേക്കും ഈ പ്രത്യേകതകള്‍ വ്യാപിച്ചിരിക്കുന്നതു കാണാം. ഇക്കാരണങ്ങളാൽ സമുദ്രത്തിന്റെ മറ്റു ഭാഗങ്ങളിൽ അസ്‌തമിതമായിക്കഴിഞ്ഞ പലയിനം മത്സ്യങ്ങളും അവയുടെ അതേ രൂപത്തിലോ വ്യതിയാനങ്ങളോടുകൂടിയോ ആഴക്കടലിൽ കാണപ്പെടാന്‍ സാധ്യതയുണ്ടെന്നു വിശ്വസിക്കുന്നു. ശരിയായ ഒരു പര്യവേക്ഷണംമൂലം ഇമ്മാതിരി നിരവധി "ജീവിച്ചിരിക്കുന്ന ഫോസിലുകളെ' കണ്ടെത്താന്‍ കഴിഞ്ഞേക്കാം. ഇതുവരെ ലഭ്യമായവയിൽ ഏറ്റവും പ്രധാനം സീലക്കാന്ത്‌ (Coelacanth) എന്ന മത്സ്യമാണ്‌. എന്നാൽ ഇവയെ കണ്ടെത്തിയത്‌ ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽനിന്നായിരുന്നു എന്ന വസ്‌തുതകൂടി ഓർക്കേണ്ടിയിരിക്കുന്നു.

തീരത്തോടടുത്താണ്‌ ജീവന്റെ ഉദ്‌ഭവം, "കോന്‍ടിനെന്റൽ ഷെൽഫി'ലൂടെ (continental shelf) ഇവ ആഴക്കടലിലേക്കു വ്യാപിക്കുകയായിരുന്നു. ആഴക്കടലിലെ പ്രത്യേക സാഹചര്യങ്ങളിൽ ജീവിക്കാന്‍ ആവശ്യമായ അനുകൂലനങ്ങള്‍ നേടിയെടുത്ത ആഴക്കടൽമത്സ്യങ്ങള്‍ തീരപ്രദേശങ്ങളിലെ മത്സ്യങ്ങളുടെ അടുത്ത ബന്ധുക്കളാണെന്നു പറയാം. (ഡോ. എന്‍. കൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍