This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍സ്റ്റണ്‍, വാഷിംഗ്‌ടണ്‍ (1779 - 1843)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആള്‍സ്റ്റണ്‍, വാഷിംഗ്‌ടണ്‍ (1779 - 1843)

Alston,Wazhinton

യു.എസ്‌. ചിത്രകാരനും ഗ്രന്ഥകാരനും. ആദ്യത്തെ റൊമാന്റിക്‌ ചിത്രകാരന്‍ എന്ന നിലയിലാണ്‌ ആള്‍സ്റ്റണ്‍ അറിയപ്പെടുന്നത്‌.

വാഷിംഗ്ടണ്‍ ആള്‍സ്റ്റണ്‍

1779 ന. 5-ന്‌ തെക്കന്‍ കരോലിനയിലെ വക്കമൗ(Waccamow)വിൽ ജനിച്ചു. ന്യൂപോർട്ട്‌, ഹാർവാർഡ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി;

എലിജാ ഇന്‍ ദ്‌ ഡെസർട്ട്‌ - ഒരു പെയിന്റിങ്

ലണ്ടനിലെ റോയൽ അക്കാദമിയിൽചേർന്നാണ്‌ ചിത്രകല അഭ്യസിച്ചത്‌. നിയോ-ക്ലാസ്സിസത്തിന്റെ ആവിർഭാവത്തോടെ നഷ്‌ടപ്പെട്ടുപോയ വർണലേപനരീതിയെപ്പറ്റി ഇദ്ദേഹം പഠനം നടത്തി. ഇറ്റലിയിലും പാരിസിലെ ലൂവ്‌റിലും നിന്ന്‌ പരിശീലനം നേടിയതുമൂലം വെനീസിലെയും റോമിലെയും പ്രസിദ്ധചിത്രകാരന്മാരുമായി ബന്ധപ്പെടുന്നതിനും അങ്ങനെ അവരുടെ ശൈലിയിൽ തന്റെ കലയുടെ അടിസ്ഥാനം ഉറപ്പിക്കുന്നതിനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ കാലഘട്ടത്തിൽത്തന്നെ (1828) പ്രശസ്‌ത ഇംഗ്ലീഷ്‌ സാഹിത്യകാരനായ എസ്‌.ടി. കോളറിഡ്‌ജിനോടും മറ്റും സൗഹൃദം സ്ഥാപിക്കുന്നതിന്‌ ആള്‍സ്റ്റനു കഴിഞ്ഞിരുന്നു. നാടകീയത നിറഞ്ഞുനില്‌ക്കുന്ന ചിത്രങ്ങള്‍ രചിക്കുന്നതിൽ ഇദ്ദേഹം പ്രത്യേകം താത്‌പര്യം കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡെഡ്‌മാന്‍ റിവൈവ്‌ഡ്‌ ബൈ ടച്ചിംഗ്‌ ദ്‌ ബോണ്‍സ്‌ ഒഫ്‌ ദ്‌ പ്രാഫറ്റ്‌ എലിസാ (Dead Man Revived by Touching the Bones of the Prophet Elisa, 1811-13) ഏന്‍ജൽ ലിബറേറ്റിംഗ്‌ സെന്റ്‌ പീറ്റർ ഫ്രം പ്രിസണ്‍ (Angel Liberating St. Peter from Prison 1812) ബെൽഷെർ സെഴ്‌സ്‌ ഫീസ്റ്റ്‌ (Belsherzzar's Feast 1817-43) എന്നീ ചിത്രങ്ങള്‍ റൊമാന്റിക്‌ കാലഘട്ടത്തിലെ അനശ്വര കൃതികളായി കരുതപ്പെടുന്നു. ദ്‌ ഡെല്യൂജ്‌ (The Deluge, 1804) ഡയനാ ഇന്‍ ദ്‌ ചേസ്‌ (Diana in the Chase, 1805), എലിജാ ഇന്‍ ദ്‌ ഡെസർട്ട്‌ (Elijah in the Desert, 1818) എന്നീ ഭൂദൃശ്യചിത്രങ്ങളും മനോഹരങ്ങള്‍ തന്നെയാണ്‌.

1818-ൽ ബോസ്റ്റണിൽ വന്നതിനുശേഷം ആള്‍സ്റ്റന്റെ ശൈലിക്ക്‌ ശാലീനതയും സൗകുമാര്യവും വർധിച്ചു. മൂണ്‍ലിറ്റ്‌ ലാന്‍ഡ്‌സ്‌കേപ്പ്‌ (Moonlit Landscape 1819), ദ്‌ ഫ്‌ളൈറ്റ്‌ ഒഫ്‌ ഫ്‌ളോറിമെൽ (The Flight of Florimell 1819) എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌.

നാടകീയ സന്ദർഭങ്ങളുടെ ചിത്രീകരണത്തിലും 19-ാം ശ.-ത്തിന്റെ പ്രത്യേകതയായ അന്തരീക്ഷവർണങ്ങളുടെ പ്രയോഗത്തിലും പ്രകാശവിന്യാസത്തിന്റെ പ്രത്യേകതയിലുമാണ്‌ ആള്‍സ്റ്റണിന്റെ പ്രാവീണ്യം പ്രകടമാകുന്നത്‌. ഇദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളിൽ പദ്യങ്ങളും ഗദ്യങ്ങളും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ലക്‌ചേഴ്‌സ്‌ ഓണ്‍ ആർട്ട്‌ എന്ന കൃതി പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. ഇദ്ദേഹം 1843-ൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍