This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍വർ, ആള്‍ത്തോ (1898 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആള്‍വർ, ആള്‍ത്തോ (1898 - 1976)

Alwar,Alto

ആള്‍ത്തോ ആള്‍വർ

ഫിന്‍ലണ്ടിൽ ജനിച്ച വാസ്‌തുവിദ്യാകുശലന്‍. ആധുനിക വാസ്‌തുവിജ്ഞാനീയത്തിന്റെ സവിശേഷതകള്‍ സ്വാംശീകരിച്ച ആള്‍വർ, നിർദിഷ്‌ടമായ ഏതെങ്കിലും സമ്പ്രദായങ്ങളുടെയോ പാരമ്പര്യസിദ്ധങ്ങളായ ശാസ്‌ത്രങ്ങളുടെയോ വിധിനിഷേധങ്ങളെ അപ്പാടെ അംഗീകരിച്ചിരുന്നില്ല; എന്നാൽ ഒരു കെട്ടിടത്തിന്റെ പുറമോടികളെക്കാള്‍ പ്രാധാന്യം അതിന്റെ അകത്തുവേണ്ട ജീവിതസൗകര്യങ്ങള്‍ക്കായിരിക്കണം എന്നതിനോട്‌ ഇദ്ദേഹത്തിന്‌ യോജിപ്പുണ്ടായിരുന്നു. വ്യാവസായിക സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഭരണകാര്യാലയങ്ങള്‍, ടൗണ്‍ഹാളുകള്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ ഇങ്ങനെ പലതും ഇദ്ദേഹം സ്വതഃസിദ്ധമായ ശൈലിയിൽ ഫിന്‍ലണ്ടിൽ പല പ്രദേശത്തും നിർമിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ നിർമിതികളിൽ പ്രശസ്‌തിനേടിക്കൊടുത്ത ആദ്യത്തെ പ്രധാന കെട്ടിടം പൈമിയോയിലെ സാനിട്ടോറിയമായിരുന്നു; വൈപുരിയിലെ ലൈബ്രറിക്കെട്ടിടവും തുല്യ പ്രാധാന്യമർഹിക്കുന്ന ഒരു വാസ്‌തുശില്‌പമാണ്‌.

ആള്‍ത്തോ ആള്‍വർ നിര്‍മിച്ച സാംസ്കാരിക മന്ദിരം - ഫിന്‍ലണ്ട്

ഇദ്ദേഹത്തിന്റെ ശൈലിയുടെ പൊതുവായ പ്രത്യേകത അസ്‌തിവാരവിതാനത്തിലും രൂപസംവിധാനത്തിലുമുള്ള സ്വാതന്ത്യ്രമാണ്‌. ക്ഷേത്രഗണിതപരമോ മറ്റേതെങ്കിലുമോ വിധത്തിലുള്ള മുന്‍വിധികളിൽനിന്ന്‌ മുക്തമായ ഒരു സമീപനമാണ്‌ ആള്‍ത്തോയ്‌ക്കുണ്ടായിരുന്നത്‌. അതുപോലെ കെട്ടിടം വയ്‌ക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയും കെട്ടിടത്തിന്റെ ഉള്‍ഭാഗത്തിന്റെ ഉപയോഗലക്ഷ്യവും കണക്കിലെടുത്തുകൊണ്ട്‌ സ്വതന്ത്രമായ ഒരു നിർമാണ പ്രക്രിയയാണ്‌ ഇദ്ദേഹം അവലംബിച്ചിരുന്നത്‌. ഒരു കെട്ടിടം ഒറ്റപ്പെട്ട ഒരു സ്ഥാപനമായിട്ടല്ല ഇദ്ദേഹം നിർമിക്കുക; പരസ്‌പരം ബന്ധപ്പെട്ട വിപുലവും സംഘിടതവുമായ ഒരു സ്ഥാപനസമൂഹത്തിലെ ഘടകം എന്ന നിലയിലാണ്‌. കെട്ടിടനിർമാണത്തിന്‌ ആള്‍ത്തോ ഉപയോഗിക്കുന്ന പദാർഥങ്ങള്‍ക്കുതന്നെ ഒരു വൈകാരികസ്വഭാവം പ്രദാനം ചെയ്യുവാന്‍ കഴിഞ്ഞിരുന്നു. ഇഷ്‌ടികകള്‍ മനോഹരമായ പ്രതലസംവിധാനം പ്രദർശിപ്പിക്കുമാറ്‌ ഉപയോഗിക്കുവാന്‍ ഇദ്ദേഹത്തിന്‌ കഴിയുമായിരുന്നു. കൂടാതെ ചിലയിനം തടികളും ചെമ്പ്‌, വെട്ടുകല്ല്‌ തുടങ്ങിയവയും ഇടയ്‌ക്കിടെ ഉപയോഗപ്പെടുത്തിയിരുന്നു. മനുഷ്യന്റെ ജീവിതസൗകര്യങ്ങള്‍ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കി സാങ്കേതികശാസ്‌ത്രത്തെ അതിനൊപ്പിച്ചു മെരുക്കിയെടുക്കുക എന്നതായിരുന്നു ആള്‍ത്തോയുടെ മറ്റൊരു പ്രത്യേകത. അല്ലാതെ ഇദ്ദേഹം ഒരിക്കലും കേവലമായ സാങ്കേതിക ശാസ്‌ത്രത്തിന്‌ അടിമപ്പെട്ടിരുന്നില്ല. 1939-ൽ ന്യൂയോർക്കിൽ നടന്ന ലോകവ്യവസായമേളയാണ്‌ ഇദ്ദേഹത്തെ ലോകശ്രദ്ധയ്‌ക്ക്‌ അർഹനാക്കിയത്‌. അതിനെത്തുടർന്ന്‌ ഹാർവാർഡ്‌ സർവകലാശാലയിൽ മന്ദിരനിർമാണത്തെക്കുറിച്ച്‌ പ്രഭാഷണങ്ങള്‍ നടത്തുവാന്‍ ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. യു.എസ്സിലെ പല സർവകലാശാലകളുടെയും നിർമാണത്തിന്റെ ചുമതല ഇദ്ദേഹമാണ്‌ നിർവഹിച്ചത്‌. അതിനുശേഷം ഇറാക്കിൽ ചില ഗവണ്‍മെന്റ്‌ മന്ദിരങ്ങള്‍ നിർമിച്ചു. പ്ലൈവുഡിന്റെ നിർമാണത്തിലും അതുപയോഗിച്ചുള്ള പണികളിലും ഇദ്ദേഹം വിദഗ്‌ധനായിരുന്നു. വിദേശത്ത്‌ പ്രമുഖങ്ങളായ പല വാസ്‌തുശില്‌പങ്ങളും നിർമിച്ചെങ്കിലും സ്വദേശമായ ഫിന്‍ലണ്ടിലേക്കു മടങ്ങിപ്പോകാന്‍ ഇദ്ദേഹം താത്‌പര്യം പ്രദർശിപ്പിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍