This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലി ആദിൽഷാ (ഭ.കാ. 1558 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലി ആദില്‍ഷാ (ഭ.കാ. 1558 - 80)

ബീജപ്പൂരിലെ ആദില്‍ഷാഹിവംശത്തിലെ ഒരു രാജാവ്‌. പിതാവായ ഇബ്രാഹിം ആദില്‍ഷാ 1558-ല്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ആലി ആദില്‍ഷാ ബീജപ്പൂര്‍ സുല്‍ത്താനായി. അക്കാലത്ത്‌ അഹമ്മദ്‌നഗറിലെ ഹുസൈന്‍ നിസാംഷായും ഗോല്‍ക്കൊണ്ടയിലെ ഇബ്രാഹിം കുത്ത്‌ബ്‌ഷായും കൂടി ബീജപ്പൂര്‍ ആക്രമിച്ച്‌ ചില പ്രദേശങ്ങള്‍ കീഴടക്കി. ആ അവസരത്തില്‍ ആലി ആദില്‍ഷാ വിജയനഗര രാജാവിനോട്‌ സഹായമഭ്യര്‍ഥിച്ചു. വിജയനഗരത്തിലെത്തിലെ സദാശിവരായരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഇബ്രാഹിം കുത്ത്‌ബ്‌ഷാ പിന്‍വാങ്ങി. പോര്‍ച്ചുഗീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹുസൈന്‍ പരാജയപ്പെട്ടതോടെ ആലി ആദില്‍ഷാ ഗോല്‍ക്കൊണ്ടയേയും വിജയനഗരത്തേയും കൂട്ടുപിടിച്ച്‌ അഹമ്മദ്‌നഗരത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ അഹമ്മദ്‌നഗരം ബീഹാറിനെ കൂട്ടുപിടിച്ചു; ഹുസൈന്‍ ബീറാറിലെ ദരിയാ ഇമാദ്‌ഷായുടെ പുത്രി ദൗലത്തിനെ വിവാഹം ചെയ്‌ത്‌ സൗഹൃദബന്ധം ഉറപ്പിച്ചു. പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുനല്‌കാനുള്ള ആലി ആദില്‍ഷായുടെ അഭ്യര്‍ഥനയെ ഹുസൈന്‍ ധിക്കാരപൂര്‍വം തിരസ്‌കരിച്ചു. തുടര്‍ന്ന്‌ വിജയനഗരരാജാവ്‌, ഇബ്രാഹിം കുത്ത്‌ബ്‌ഷാ എന്നിവരുടെ സഹായത്തോടെ ആദില്‍ഷാ അഹമ്മദ്‌നഗരം ആക്രമിച്ചു. ഹുസൈന്‍ ഒരു വിഭാഗം സൈന്യത്തെ അഹമ്മദ്‌ നഗറില്‍ നിലയുറപ്പിച്ചിട്ട്‌ ഗോദാവരിതടത്തിലെ പൈതാനിലേക്ക്‌ പലായനം ചെയ്‌തു. ദരിയാ ഇമാദ്‌ ഷായ്‌ക്ക്‌ തക്ക സമയത്ത്‌ സഹായിക്കാനായില്ല; എങ്കിലും ദരിയയുടെ മന്ത്രി ജഹാംഗീര്‍ഖാന്‍ അഹമ്മദ്‌ നഗരം ആക്രമിച്ചു. ഈ ഘട്ടത്തില്‍ ഗോല്‍ക്കൊണ്ടയിലെ ഇബ്രാഹിം കുത്ത്‌ബ്‌ഷാ അഹമ്മദ്‌നഗരവും ഹുസൈനുമായി രഹസ്യക്കത്തിടപാടുകള്‍ നടത്തി. അത്‌ കണ്ടുപിടിക്കപ്പെട്ടതോടെ ഇബ്രാഹിം ഗോല്‍ക്കൊണ്ടയിലേക്കു പിന്‍വാങ്ങി. ഹുസൈന്‍ വീണ്ടും വിജയനഗരത്തോടെ തിര്‍ക്കാന്‍ അഹമ്മദ്‌നഗര്‍കോട്ട പുതുക്കിപ്പണിഞ്ഞു. ഇബ്രാഹിം കുത്ത്‌ബ്‌ഷായ്‌ക്ക്‌ തന്റെ പുത്രി ജമാല്‍ബീബിയെ വിവാഹം ചെയ്‌തുകൊടുത്ത്‌ ഗോല്‍ക്കൊണ്ടയുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. കല്യാണി തിരിച്ചുപിടിക്കാന്‍ ആലി ആദില്‍ഷായും സദാശിവരായരും പുറപ്പെട്ടു. അതിനെ ചെറുക്കാന്‍ ഹുസൈനും ഇബ്രാഹിമും അണിനിരന്നു. വെള്ളപ്പൊക്കംമൂലം ഹുസൈന്റെ വെടിക്കോപ്പുകള്‍ ഉപയോഗശൂന്യമായി; ഇബ്രാഹിം ഓടി രക്ഷപ്പെട്ടു. ഹുസൈനും അതിനെത്തുടര്‍ന്ന്‌ പിന്‍വാങ്ങി. വിജയശ്രീലാളിതമായ വിജയനഗരസൈന്യം ആക്രമിച്ചസ്ഥലങ്ങളെല്ലാം വീണ്ടും കൊള്ളയടിച്ചു. പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഭൂരിഭാഗവും തനിക്ക്‌ വേണമെന്ന്‌ രായര്‍ ശഠിച്ചു.

തളിക്കോട്ടയുദ്ധം. ഇബ്രാഹിം കുത്ത്‌ബ്‌ഷായുടെ മാധ്യസ്ഥം വഴി ആലി ആദില്‍ഷായും ബദ്ധശത്രുവായിരുന്ന ഹുസൈനും യോജിപ്പിലെത്തി. ഹുസൈന്റെ പുത്രി ചാന്ദ്‌ബീബിയെ ആലി വിവാഹം ചെയ്‌തു. ഹുസൈന്റെ അനന്തരവാകാശിയായ മുര്‍ത്തസായ്‌ക്ക്‌ ആലിയുടെ സഹോദരി ഹദിയ്യസുല്‍ത്താനയെ വിവാഹം ചെയ്‌തുകൊടുത്തു. ആലി ബരീദ്‌ഷായും ഈ സഖ്യത്തില്‍ ചേര്‍ന്നു. അങ്ങനെ ഡക്കാനിലെ നാല്‌ മുസ്‌ലിം രാജവംശങ്ങളുംകൂടി 1564 ഡി. 12-ന്‌ ഒന്നിച്ച്‌ വിജയനഗരത്തോടെതിരിടാന്‍ തിരിച്ചു. 1565 ജനു. 23-ന്‌ നടന്ന ചരിത്രപ്രസിദ്ധമായ തളിക്കോട്ടയുദ്ധത്തോടെ വിജയനഗരസാമ്രാജ്യം നശിച്ചു. ഈ യുദ്ധത്തില്‍ ആലി ആദില്‍ഷാ വലിയപങ്ക്‌ വഹിച്ചിരുന്നു. 1566-ല്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ബീഹാറിലെ തുഫാല്‍ഖാനെ ശിക്ഷിക്കാന്‍ ആലിയും മുര്‍ത്തസാ നിസാംഷായുംകൂടി സൈന്യസമേതം മുന്നേറി, ആ രാജ്യം കീഴടക്കി. 1569-ല്‍ പോര്‍ച്ചുഗീസുകാരെ ഇന്ത്യയില്‍നിന്നും പുറത്താക്കാന്‍ ആലി, മുര്‍ത്തസാ, കോഴിക്കോട്‌ സാമൂതിരി എന്നിവരുമായി ഒരു സഖ്യമുണ്ടാക്കി. ആ യുദ്ധത്തില്‍ വഞ്ചനയും ചതിയും മൂലം പോര്‍ച്ചുഗീസുകാര്‍ വിജയികളായി. 1571 ഡി. 17-ന്‌ ആലി പോര്‍ച്ചുഗീസുകാരുമായി സന്ധിചെയ്‌തു. അതിനുശേഷം ആലി ആദില്‍ഷാ അഡോനി തുടങ്ങിയ ചില പ്രദേശങ്ങള്‍ വിജയനഗരത്തില്‍ നിന്നും കൈവശപ്പെടുത്തി; പശ്ചിമകര്‍ണാട്ടിക്‌ പ്രദേശങ്ങളും അദ്ദേഹം ആക്രമിച്ചു; അവിടത്തെ രാജാവായ വെങ്കടാദ്രിയെ പുറത്താക്കി. 1575 മുതല്‍ മൂന്ന്‌ വര്‍ഷക്കാലം അദ്ദേഹം നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. കുട്ടികളില്ലാതിരുന്നതുമൂലം സഹോദരപുത്രനായ ഇബ്രാഹിം ആദില്‍ഷ കക -നെ അദ്ദേഹം സുല്‍ത്താനായി പ്രഖ്യാപിച്ചു (1579). 1580 ഏ. 9-ന്‌ ആലി ആദില്‍ഷാ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍