This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലത്തൂർ മണിപ്രവാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലത്തൂർ മണിപ്രവാളം

പ്രാചീന മണിപ്രവാളഭാഷയിൽ എഴുതിയിട്ടുള്ള ഒരു വൈദ്യശാസ്‌ത്രകാവ്യം. 13-ാം ശ.-ത്തിൽ എഴുതപ്പെട്ട ഈ കൃതിയുടെ കർത്താവ്‌ കേരളത്തിൽ വൈദ്യവിദ്യ പാരമ്പര്യമായി സ്വീകരിച്ചിട്ടുള്ള അഷ്‌ടവൈദ്യന്മാരിൽ ഒരാളായ ആലത്തൂർനമ്പിയാണ്‌. മലപ്പുറം ജില്ലയിൽ ആലത്തൂർ (ആലത്തിയൂർ) ഗ്രാമത്തിലാണ്‌ നമ്പിയുടെ ഗൃഹം. ആലത്തൂർഗ്രാമത്തെ "അശ്വത്ഥഗ്രാമ'മെന്നു സംസ്‌കൃതീകരിച്ച്‌ ആര്യഭടീയഭാഷ്യത്തിൽ കേളല്ലൂർ നീലകണ്‌ഠസോമയാജി പറഞ്ഞു കാണുന്നു. ആലത്തൂർ നമ്പിമാരുടെ പരമ്പരയിൽ ജീവിച്ചിരുന്ന ഒരു നമ്പി എന്നല്ലാതെ കർത്താവിന്റെ യഥാർഥനാമധേയം അറിയാന്‍ കഴിഞ്ഞിട്ടില്ല. മുന്‍കാലത്ത്‌ ശാസ്‌ത്രഗ്രന്ഥങ്ങളെല്ലാം ശ്ലോകരൂപത്തിൽ രചിക്കുന്ന പതിവനുസരിച്ചാണ്‌ ആലത്തൂർ മണിപ്രവാളവും രചിച്ചിരിക്കുന്നത്‌.

14-ാം ശ.-ത്തിലുണ്ടായ മണിപ്രവാളലക്ഷണശാസ്‌ത്രഗ്രന്ഥമായ ലീലാതിലകത്തിലെ ഒന്നാം ശില്‌പത്തിൽ ആലത്തൂർമണിപ്രവാളകൃതിയെക്കുറിച്ച്‌ പരാമർശമുണ്ട്‌. "ആലത്തൂർമണിപ്രവാളത്തിലും മറ്റും രസികന്മാരെ രസിപ്പിക്കത്തക്കവച്ചമുള്ള ഭാഷാസംസ്‌കൃതയോഗം ഇല്ലല്ലോ. രസാഭാവംതന്നെ കാരണം. ചികിത്സാരീതികളും മറ്റും വിവരിക്കുന്നതിൽ എന്തു രസമാണുള്ളത്‌' എന്നൊരു പൂർവപക്ഷം ഉദ്ധരിച്ചിട്ട്‌ ആലത്തൂർമണിപ്രവാളവും മണിപ്രവാള നിർവചനത്തിൽ ഉള്‍പ്പെടുന്നുവെന്ന്‌ ലീലാതിലകം സമർഥിച്ചിരിക്കുന്നു.

നൂറ്റാണ്ടുകളായി കേരളക്കര ഒട്ടാകെ പ്രസിദ്ധിയാർജിച്ച വൈദ്യന്മാരാണ്‌ ആളത്തൂർനമ്പിമാർ. 14-ാം ശ.-ത്തിൽ രചിക്കപ്പെട്ട ചന്ദ്രാത്സവത്തിൽ "വിരസമിത ചികിത്സ്യം വമ്പെഴും നമ്പിയാലും' (സർഗം 1- ശ്ലോകം 15) എന്നും ഉച്ചുനീലിസന്ദേശത്തിൽ "ആലത്തൂർക്കും ചില മുറിമരുന്നുണ്ട്‌ കൈപ്പുണ്യമില്ല' (ഉത്തരസന്ദേശം-ശ്ലോകം 13) എന്നും പരാമർശം കാണുന്നതിൽനിന്ന്‌ നമ്പിമാർക്ക്‌ ഉണ്ടായിരുന്ന പ്രസിദ്ധി അനുമാനിക്കാവുന്നതാണ്‌.

ലിലാതിലകത്തിൽതന്നെ പരാമർശിച്ചിട്ടുള്ള മറ്റൊരു മണിപ്രവാള വൈദ്യശാസ്‌ത്രഗ്രന്ഥമായ താമരനല്ലൂർഭാഷയിൽ കാണുന്നതുപോലെ ഭാഷാസാരള്യവും സൗകുമാര്യവും ആലത്തൂർമണിപ്രവാളത്തിലില്ല; എന്നാൽ യോഗപഞ്ചശതമെന്ന മറ്റൊരു മണിപ്രവാള വൈദ്യശാസ്‌ത്ര ഗ്രന്ഥത്തെ അപേക്ഷിച്ച്‌ ആലത്തൂർമണിപ്രവാളം മെച്ചമാണ്‌. ആലത്തൂർമണിപ്രവാളം യഥാർഥത്തിൽ ഒരു ഭാഷാമിശ്രകൃതിയാണ്‌. ഇതിലെ ഭാഷാരീതി താഴെ കാണുന്ന പദ്യത്തിൽനിന്നു വ്യക്തമാകും: "ഉണ്ടായാലൊട്ടുബോധം പകരുക ചെറുതാം പഞ്ചമൂലീ കഷായം കൊള്ളൂകമ്മേമ്പൊടീം ക്ഷീരബലപരുകുകപ്പാൽ കുറുന്തോട്ടിയൂഷം രണ്ടൂരക്വാഥയുക്തേ പയസിതു നവരച്ചോർക്കിഴിംമുക്കിമുക്കി- ക്കണ്ടോംമെയ്യിങ്കലൊപ്പീടുകകരുതി മരുന്‍മർദനം തേയ്‌ക്കതൈലം' (പ്രാഫ. അമ്പലത്തറ ഉച്ചികൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍