This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആലത്തൂർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആലത്തൂർ
കേരളത്തിൽ പാലക്കാട്ടു ജില്ലയിൽപ്പെട്ട ഒരു താലൂക്കും അതിന്റെ ആസ്ഥാനമായ ചെറുനഗരവും. ആലത്തൂർ, എരുമയൂർ, കാവശ്ശേരി, കച്ചമ്പ്ര, കിഴക്കഞ്ചേരി, മേലാർകോട്, പുതുക്കോട്, തരൂർ, വടക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആലത്തൂർതാലൂക്കിൽ മൊത്തം 47 വില്ലേജുകളുണ്ട്. സമൃദ്ധമായ ഒരു കാർഷികമേഖലയാണിത്; നെൽകൃഷിയാണ് പ്രധാനം. നെൽപ്പാടങ്ങള്‍ക്കിടയിൽത്തന്നെ കൂറ്റന്‍ കരിമ്പനകള്‍ കൂട്ടമായി വളർന്നു നില്‌ക്കുന്നതു കാണാം. മലമ്പുഴ, ചേരാമംഗലം എന്നീ പദ്ധതികളിലൂടെ ജലസേചനസൗകര്യം ലഭിക്കുന്ന പ്രദേശമാണിത്. താലൂക്കിന്റെ വിസ്‌തീർണം 572 ആണ്. റമ്പർ, കുരുമുളക്, കസ്സാവ എന്നിവയാണ് പ്രധാന നാണ്യവിളകള്‍. താലൂക്ക്-തലസ്ഥാനമായ ആലത്തൂർ പാലക്കാട്ടുനിന്ന് 22 കി.മീ. ദൂരത്താണ്. വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടില്ല; റൈസ്‌മില്ലുകളും ബീഡി ഫാക്‌ടറികളുമാണ് മുഖ്യ തൊഴിൽസ്ഥാപനങ്ങള്‍. കൂടാതെ അഗർബത്തി കുടിൽ വ്യവസായമായി സജീവമായിട്ടുണ്ട്. സ്റ്റീൽവ്യവസായം മണലൂർ, എരിമയൂർ പഞ്ചായത്തുകളിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. സർക്കാരാഫീസുകള്‍, കമ്പോളങ്ങള്‍, ആരാധനാകേന്ദ്രങ്ങള്‍, പള്ളിക്കൂടങ്ങള്‍ എന്നിവയുമുണ്ട്. പുതുക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ വേലയും, പെരുങ്കുളത്തെ രഥോത്സവവും തീർഥാടകരെ ആകർഷിക്കുന്നു. ആലത്തൂർപഞ്ചായത്തിലൂടെയാണ് ഗായത്രിപ്പുഴ (ഭാരതപ്പുഴയുടെ ഒരു പോഷകനദി) ഒഴുകുന്നത്. മംഗലം ഡാം, വടക്കാഞ്ചേരി, കിഴക്കാന്‍ചേരി, കോരന്‍ചിറ, പാലക്കുഴി, വണ്ടാഴി തുടങ്ങിയ പ്രദേശങ്ങള്‍ കർഷകർ സംഘമായി താമസിക്കുന്ന പ്രദേശങ്ങളാണ്. (ടി.കെ. ഉച്ചാലച്ചന്‍; എം.എന്‍. നായർ)