This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലങ്ങാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലങ്ങാട്‌

കൊച്ചിരാജാവിന്റെ മേല്‌ക്കോയ്‌മയിൽ കഴിഞ്ഞ ഒരു ചെറിയ സാമന്തരാജ്യം. ആലങ്ങാട്‌, അയിരൂർ, ചെങ്ങമനാട്‌, കോതകുളങ്ങര, മണപ്പാറ, പാറക്കടവ്‌ എന്നീ ഗ്രാമങ്ങള്‍ ഇതിൽ ഉള്‍പ്പെട്ടിരുന്നു. ഒരു കാലത്ത്‌ കിഴക്കേ മലയാറ്റൂർവരെ ഇതു വ്യാപിച്ചിരുന്നു. "മങ്ങാട്ടുകൈമള്‍'മാരാണ്‌ ആലങ്ങാടു ഭരിച്ചിരുന്നത്‌. ഈ രാജവംശത്തിന്‌ "കറുത്ത തായ്‌വഴി' എന്നും "വെളുത്ത തായ്‌വഴി' എന്നും രണ്ടു ശാഖകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ തായ്‌വഴിയുടെ ആസ്ഥാനം അങ്കമാലിക്കു വടക്കുള്ള കോതകുളങ്ങരയും രണ്ടാമത്തെ തായ്‌ വഴിയുടെ ആസ്ഥാനം ആലങ്ങാടു കോട്ടപ്പുറവും ആയിരുന്നു. രണ്ട്‌ ശാഖകളിലേക്കും വള്ളുവനാടു രാജകുടുംബത്തിൽനിന്നും ദത്തെടുക്കുകയുണ്ടായിട്ടുണ്ട്‌. 1741 മാണ്ടോടടുപ്പിച്ച്‌ മങ്ങാട്ടു കൈമള്‍ അനധികൃതമായി മരിയനാട്ടു നമ്പ്യാർ, കൊരട്ടി കൈമള്‍ എന്നിവരുടെ കുടുംബങ്ങളിൽ നിന്നും ദത്തെടുത്തതിൽ ക്ഷുഭിതനായി യുദ്ധത്തിനൊരുങ്ങിയ കൊച്ചി രാജാവിനെ, ഡച്ചുകാർ ഇടപെട്ടു സമാധാനിപ്പിച്ച്‌ സന്ധി ചെയ്യിച്ചു. ഇതനുസരിച്ച്‌ മേലാൽ മങ്ങാട്ടുസ്വരൂപത്തിൽ ദത്തെടുക്കുന്നതും കൊടുക്കുന്നതും കൊച്ചിരാജാവിന്റെയും കൊച്ചിക്കോട്ടയിലെ ഡച്ചു ഗവർണരുടെയും അനുവാദത്തോടുകൂടി ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്‌തു.

മംഗലം ഡാം

1756-ൽ കൊച്ചിയും തിരുവിതാംകൂറും പിടിച്ചടക്കാന്‍ തെക്കോട്ടു പടനീക്കം നടത്തിയ കോഴിക്കോട്ടു സാമൂതിരി കൊച്ചിയുടെ പലഭാഗങ്ങളും കൈവശപ്പെടുത്തുകയും ആലങ്ങാട്ടും പറവൂരും സൈനികസങ്കേതങ്ങള്‍ ഉറപ്പിക്കുകയും ചെയ്‌തു; രണ്ടിടത്തെയും രാജാക്കന്മാർ സാമൂതിരിയുടെ മേല്‌ക്കോയ്‌മ അംഗീകരിച്ചു. തിരുവിതാംകൂർ സൈന്യവുമായുണ്ടായ സംഘട്ടനത്തിൽ പുറക്കാട്ടുവച്ച്‌ തോറ്റു പിന്‍വാങ്ങിയെങ്കിലും 1762-ൽ സാമൂതിരി വീണ്ടും കൊച്ചിയെ ആക്രമിച്ചു; കൊച്ചിരാജാവ്‌ തിരുവിതാംകൂറിന്റെ സഹായം അർഥിച്ചു. സാമൂതിരി പിടിച്ചടക്കിയ പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിൽ കൊച്ചിയെ സഹായിക്കുന്നതിനു പ്രതിഫലമായി ആലങ്ങാട്‌ പറവൂർ എന്നീ പ്രദേശങ്ങളുടെ മേല്‌ക്കോയ്‌മ തിരുവിതാംകൂറിനു വിട്ടുകൊടുക്കാമെന്ന്‌ കൊച്ചിരാജാവ്‌ സമ്മതിച്ചു. അതനുസരിച്ച്‌ കൊച്ചിയെ സഹായിക്കാന്‍ അയ്യപ്പന്‍ മാർത്താണ്ഡപിള്ള ദളവായുടെയും ഡിലനായിയുടെയും കീഴിൽ പുറപ്പെട്ട തിരുവിതാംകൂർസൈന്യം ആലങ്ങാട്ടും പറവൂരും എത്തിയിരുന്ന കോഴിക്കോട്ടു സൈന്യത്തെ നിശ്ശേഷം തോല്‌പിച്ചോടിച്ചു. ആലങ്ങാട്ടെയും പറവൂരെയും നാടുവാഴികള്‍ അവരുടെ രാജ്യം തിരുവിതാംകൂറിലേക്കു വിട്ടുകൊടുക്കുകയും തിരുവിതാംകൂറിൽനിന്ന്‌ അടുത്തൂണ്‍പറ്റി പാർത്തുകൊള്ളാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.

തിരുവിതാംകൂർ ആക്രമിക്കാന്‍ പുറപ്പെട്ട ടിപ്പുസുൽത്താന്‍ ആലങ്ങാടും പറവൂരും കൈവശപ്പെടുത്തുകയുണ്ടായി (1789); എന്നാൽ സുൽത്താന്‌ ഹൈദരാബാദിലെ നിസാമിനോടും ബ്രിട്ടീഷുകാരോടും യുദ്ധംചെയ്യേണ്ട ആവശ്യം നേരിട്ടു. അതിനെ തുടർന്ന്‌ ശ്രീരംഗപട്ടണത്തു വച്ചുണ്ടാക്കിയ സന്ധിക്കരാറിലെ വ്യവസ്ഥകളിൽ ഒന്ന്‌ ടിപ്പു മുമ്പ്‌ കീഴടക്കിയ രാജ്യങ്ങളിൽ പകുതിയും ബ്രിട്ടിഷുകാർക്ക്‌ വിട്ടുകൊടുക്കണമെന്നായിരുന്നു. അങ്ങനെ വിട്ടുകൊടുത്ത രാജ്യങ്ങളിൽ തിരുവിതാംകൂറിലെ ആലങ്ങാടും പറവൂരും കന്നത്തുനാടും ഉള്‍പ്പെട്ടു. ഈ പ്രദേശങ്ങള്‍ തിരുവിതാംകൂറിൽ ഉള്‍പ്പെട്ടിരുന്നതാണെന്നും അതിനാൽ തിരുവിതാംകൂറിലേക്കുതന്നെ തിരിച്ചുകിട്ടേണ്ടതാണെന്നും തിരുവിതാംകൂർരാജാവ്‌ അവകാശവാദം ഉന്നയിച്ചതിന്റെ ഫലമായി ഗവർണർജനറൽ കോണ്‍വാലിസ്‌ പ്രഭു ഒരു കമ്മിഷന്‍ മുഖേന അന്വേഷണം നടത്തിയശേഷം, ഇവയെ തിരുവിതാംകൂറിനു വിട്ടുകൊടുത്തു; 1795-ൽ തിരുവിതാംകൂർ മഹാരാജാവ്‌ ബ്രിട്ടിഷുകാരുടെ മേല്‌ക്കോയ്‌മ അംഗീകരിച്ചുകൊണ്ട്‌ അവരുമായി ചെയ്‌ത ഉടമ്പടിയിൽ ഇവയുടെമേൽ തിരുവിതാംകൂറിനുള്ള അവകാശം ആവർത്തിച്ചുറപ്പിക്കുകയുണ്ടായി.

തിരുവിതാംകൂറിലേക്കു വിട്ടുകിട്ടിയശേഷം ആലങ്ങാട്‌ ആദ്യം ഒരു "സർവാധികാര്യക്കാരു'ടെ ഭരണത്തിന്‍കീഴിലുള്ള പ്രദേശമായിരുന്നു; പിന്നീട്‌ കോട്ടയം ഡിവിഷനിൽപ്പെട്ട ഒരു താലൂക്കായി. ആധുനിക കേരളത്തിൽ അത്‌ ഭരണസൗകര്യം പ്രമാണിച്ച്‌ പറവൂർ, ആലുവാ, കുന്നത്തുനാട്‌ എന്നീ താലൂക്കുകളിലായി വിഭജിച്ചിരിക്കുകയാണ്‌. ആലുവാപ്പുഴയുടെ (പെരിയാർ) സാമീപ്യംകൊണ്ട്‌ അത്യന്തം ഫലഭൂയിഷ്‌ഠമായ ഒരു പ്രദേശമാണ്‌ ആലങ്ങാട്‌. കരിമ്പിനും ശർക്കരയ്‌ക്കും കേഴ്‌വിപ്പെട്ടതാണ്‌ ഈ സ്ഥലം. (എന്‍. കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍