This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലംബനവിഭാവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലംബനവിഭാവം

രത്യാദിഭാവങ്ങളെ സഹൃദയമനസ്സിൽ ഉണർത്തുന്നതിനു കാരണഭൂതമായ അവസ്ഥാവിശേഷം (വിശേേഷണ ഭവിപ്പിക്കുന്നത്‌ വിഭാവം). നാടകാദികളിൽ നായകന്‍, നായിക മുതലായവർ ആലംബനവിഭാവത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌. "ആലംബനോനായകാദിഃ തമാലംബ്യരസോദ്‌ഗമാത്‌' (നായകാദികളെ ആശ്രയിച്ചു രസം ഉദ്‌ഗമിക്കുന്നതുകൊണ്ട്‌ അവർ ആലംബനവിഭാവങ്ങളാകുന്നു) എന്നാണ്‌ സാഹിത്യദർപ്പണത്തിൽ വിശ്വനാഥകവി പറഞ്ഞിട്ടുള്ളത്‌. ശ്രീരാമന്‍, സീത, ദുഷ്യന്തന്‍, ശകുന്തള എന്നിവർ അതതുകളിലെ നായികാനായകന്മാരും തന്മൂലം ആലംബന വിഭാവങ്ങളുമാണ്‌. ആലംബനവിഭാവങ്ങള്‍കൊണ്ടുമാത്രം രസഭാവപരിപോഷണം സാധിതമാകുകയില്ല. ജാഗ്രത്തായ ഈ ഭാവങ്ങള്‍ ഉദ്ദീപിതങ്ങളാകേണ്ടതുണ്ട്‌. അതിനു കാരണങ്ങളായ സംഗതികള്‍ക്ക്‌ ഉദ്ദീപനവിഭാവങ്ങള്‍ എന്നാണ്‌ സാഹിത്യശാസ്‌ത്രത്തിൽ നല്‌കിയിരിക്കുന്ന പേർ. പുഷ്‌പവാടികയിൽ രാമനും സീതയും ഉലാത്തുന്നു. രാമന്റെ ഹൃദയത്തിൽ രതി എന്ന ഭാവം അങ്കുരിക്കുന്നതിന്‌ ആശ്രയമായി നില്‌ക്കുന്ന വസ്‌തു സീതയാണ്‌; ആകയാൽ സീത ആലംബനവിഭാവമാണ്‌. അവിടെ മന്ദമാരുതന്‍ വീശുമ്പോള്‍ സീതയുടെ അളകങ്ങള്‍ നെറ്റിത്തടത്തിൽ ഇളകിക്കളിക്കുകയും മന്ദഹാസം പുറപ്പെടുകയും ചെയ്‌താൽ ആ രണ്ടും രാമനിൽ ജാഗ്രത്തായ രതിഭാവത്തെ പുഷ്‌ടിപ്പെടുത്തുന്നു അഥവാ ഉദ്ദീപിപ്പിക്കുന്നു; ആകയാൽ ഇവ ഉദ്ദീപനവിഭാവങ്ങളാണ്‌. രസത്തിനു പരമാശ്രയഭൂതമായതാണ്‌ ആലംബനവിഭാവം.

പൃഥഗ ്‌രസവിചാരം ചെയ്യുമ്പോള്‍ ആലംബനവിഭാവങ്ങളെക്കുറിച്ചും കാവ്യശാസ്‌ത്രങ്ങളിൽ വെണ്ണേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. ഉദാഹരണമായി ശൃംഗാര രസത്തിന്‌ ആലംബനങ്ങള്‍ സൗകുമാര്യവും യൗവനസമ്പത്തും ഇണങ്ങിയ തരുണിയോ തരുണനോ ആണ്‌. അവരെ സാങ്കേതികമായി നായിക എന്നും നായകന്‍ എന്നും പറയുന്നു. സ്വഭാവഭേദമനുസരിച്ച്‌ നായികാനായകന്മാരെ പലതരക്കാരായി വിഭജിച്ചിട്ടുണ്ട്‌. വിരൂപനും മറ്റുള്ളവരുടെ ചേഷ്‌ടകളെ അനുകരിക്കുന്നവനും ഹാസ്യരസത്തിന്‌ ആലംബനമാണ്‌; ത്യാഗിയും സത്യസന്ധനും വീരശൗര്യപരാക്രമശാലിയുമായ വ്യക്തി വീരരസത്തിനും, ബാഹുബാഹു, ബഹുമുഖന്‍, ഭീമദംഷ്‌ട്രന്‍, ക്രൂരന്‍, ഉദ്ധതന്‍ എന്നിവർ രൗദ്രത്തിനും കൃശ-വിഷച്ച-മലിന-രോഗാതുര-ദുഃഖികള്‍ കരുണത്തിനും, കുത്സിതവേഷഭൂഷകളുള്ളവർ, പിശാചാദികള്‍, അറപ്പുളവാക്കുന്ന രോഗി എന്നിവർ ബീഭത്സത്തിനും ആലംബനങ്ങളാണ്‌.

ആധുനിക കാലഘട്ടത്തിൽ ആലംബനവിഭവം എന്ന ശൈലിക്കും സ്വാഭാവികമായി വിവക്ഷാഭേദങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ദേശസേവകന്‍, ദേശത്തിനുവേണ്ടി ആങ്ങാഹുതിചെയ്യുന്നവന്‍, സത്യഗ്രഹമനുഷ്‌ഠിക്കുന്നവന്‍, ദേശത്തിന്റെ യശസ്സ്‌ അന്യദേശങ്ങളിൽ വ്യാപിപ്പിക്കുന്നവന്‍ എന്നിവരെല്ലാം വീരത്തിനും, ദേശദ്രാഹി, അഞ്ചാംപത്തിക്കാർ മുതലായവർ ബീഭത്സത്തിനും, വൈദേശികവേഷഭൂഷകളിൽ ഭ്രമമുള്ളവരും പഴമയിൽ ഒതുങ്ങി നില്‌ക്കുന്നവരും ഹാസ്യത്തിനും, വിധവ, ഭയപ്പെടുന്ന നാരി എന്നിവർ കരുണത്തിനും മറ്റും ആലംബനങ്ങളായി തീർന്നിട്ടുണ്ട്‌. ഈ മട്ടിലുള്ള പരിവർത്തനം കാലാനുസൃതമായി വന്നുകൊണ്ടിരിക്കുമെങ്കിലും ആലംബനവിഭാവത്തിന്റെ കാതലായ അർഥത്തിനു വ്യത്യാസം വരുന്നതല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍