This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലംഗീർ II (1699 - 1795)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലംഗീർ II (1699 - 1795)

മുഗള്‍ചക്രവർത്തി. ബഹദൂർഷാ ക-ന്റെ പൗത്രനായ ആലംഗീർ (അസീസുദ്ദീന്‍) 1699 ജൂണ്‍ 6-ന്‌ മുള്‍ത്താനിലാണ്‌ ജനിച്ചത്‌. പിതാവായ ജഹന്തർഷാ ഫാറൂക്ക്‌സിയാറുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടതിനുശേഷം വളരെ ക്ലേശകരമായ ജീവിതമായിരുന്നു ആലംഗീർ നയിച്ചത്‌.

മഹാരാഷ്‌ട്രസേനാനികളുടെ സഹായത്തോടെ ഇത്തിമാദുദ്ദൗളയിൽനിന്ന്‌ പ്രധാനമന്ത്രിപദം തട്ടിയെടുത്ത ഖാസി-ഉദ്ദീന്‍-ഇമാദുൽമുൽഖ്‌ ആണ്‌ അഹമ്മദ്‌ഷായെ സ്ഥാനഭ്രഷ്‌ടനാക്കി അസീസുദ്ദീനെ ചക്രവർത്തിയായി അവരോധിച്ചത്‌. ആലംഗീർ എന്ന സ്ഥാനപ്പേർ സ്വീകരിച്ച ഇദ്ദേഹത്തിന്‌ ഭരണ സാമർഥ്യമുണ്ടായിരുന്നില്ല. ദീർഘദൃഷ്‌ടിയില്ലാത്ത ഒരു പ്രധാനമന്ത്രിയുടെ സഹായത്തോടെ രാജ്യകാര്യം നിർവഹിക്കുന്നവനും ബലഹീനനുമായ ആലംഗീറിന്‌ സുശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. 1757-ൽ അഫ്‌ഗാനിസ്‌താനിലെ രാജാവായ അഹമ്മദ്‌ഷാ അബ്‌ദാലി ഇന്ത്യയെ ആക്രമിച്ചു. വിവിധ കക്ഷികള്‍ തമ്മിലുള്ള വടംവലിയും അസംതൃപ്‌തരായ പട്ടാളക്കാരുടെ നിസ്സഹകരണവും മൂലം സൈന്യസജ്ജീകരണത്തിന്‌ ആലംഗീറിനോ പ്രധാനമന്ത്രിക്കോ സാധിച്ചില്ല. ആകയാൽ ഒരു എതിർപ്പും നേരിടാതെ അബ്‌ദാലി ഡൽഹിയിലേക്കു നീങ്ങി. ഡൽഹിയിൽ വച്ച്‌ 1757 ജനു. 21-ന്‌ അബ്‌ദാലി സ്വയം ചക്രവർത്തിയായി പ്രഖ്യാപിക്കുകയും ഭരണകാര്യങ്ങള്‍ നടത്തുവാന്‍ പുതിയ സംവിധാനം ഏർപ്പെടുത്തുകയും ചെയ്‌തു; ഡൽഹി വിടുന്നതിനുമുമ്പായി ആലംഗീറിനെയും ഇമാ ദുൽമുൽഖിനെയും അവരുടെ പൂർവസ്ഥാനങ്ങളിൽ പ്രതിഷ്‌ഠിച്ചെങ്കിലും സ്വപക്ഷക്കാരനായ നജീബ്‌ഖാന്‍ റൂഹില്ലയിലാണ്‌ യഥാർഥ രാജ്യാധികാരം നിക്ഷേപിച്ചിരുന്നത്‌.

അഹമ്മദ്‌ഷാ പോയശേഷം മഹാരാഷ്‌ട്ര നേതാക്കളായ സിന്ധ്യയും ഹോള്‍ക്കറും വീണ്ടും തങ്ങളുടെ ഉത്തരേന്ത്യന്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. ഇമാദുൽ മുൽഖ്‌ മഹാരാഷ്‌ട്രരെ പ്രാത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇത്‌ അഹമ്മദ്‌ഷായെ ചൊടിപ്പിച്ചു. നഷ്‌ടപ്പെട്ട പഞ്ചാബ്‌ വീണ്ടും കീഴ്‌പ്പെടുത്തി അഹമ്മദ്‌ഷാ ഡൽഹിയിലേക്ക്‌ പുറപ്പെട്ടു. ഷാ ഡൽഹിയിലെത്തുംമുമ്പ്‌ പ്രധാനമന്ത്രിയായ ഇമാദുൽമുൽഖ്‌ ആലംഗീർ ചക്രവർത്തിയെ വധിച്ചു (1759 ന. 29).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍