This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റ്‌ലി, ക്‌ളമെന്റ്‌ റിച്ചേർഡ്‌ (1883 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റ്‌ലി, ക്‌ളമെന്റ്‌ റിച്ചേർഡ്‌ (1883 - 1967)

Attlee, Clement Richard

ബ്രിട്ടിഷ്‌ ലേബർ കക്ഷിയുടെ പ്രമുഖനേതാവായിരുന്ന രാജ്യതന്ത്രജ്ഞന്‍; ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ഇന്ത്യ ബ്രിട്ടിഷ്‌ ഭരണത്തിൽ നിന്നും സ്വതന്ത്രയാകുന്ന രാഷ്‌ട്രീയവും നിയമനിർമാണപരവുമായ നടപടികള്‍ വിജയപൂർവം പൂർത്തിയാക്കപ്പെട്ടത്‌.

ആറ്റ്‌ലി 1883 ജനു. 3-ന്‌ ലണ്ടനിലെ പുട്ട്‌നിയിൽ ജനിച്ചു. ഹെയിലിബറി കോളജിലും ഓക്‌സ്‌ഫഡ്‌ സർവകലാശാലയിലും വിദ്യാഭ്യാസം നടത്തി; 1906-ൽ അഭിഭാഷകനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1909-ൽ ആ വൃത്തിയിൽനിന്നു വിരമിച്ചു. കിഴക്കേ ലണ്ടനിൽ (East End) സാധാരണക്കാർ തിങ്ങിപ്പാർത്തിരുന്ന ഹെയിലിബറി ഹൗസിലേക്ക്‌ 1907-ൽ അദ്ദേഹം താമസം മാറ്റി. സാധാരണ ജനതയുടെ സാമ്പത്തിക പരാധീനതകള്‍ പലതും നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞതുമൂലം ഇദ്ദേഹത്തിൽ വളരെവേഗം ഇടതുപക്ഷചിന്താഗതി വളർന്നുവന്നു. 1907-ൽ ആറ്റ്‌ലി ഫേബിയന്‍ സൊസൈറ്റിയിൽ ചേർന്നു. 1908-ൽ ഇന്‍ഡിപെന്‍ഡന്റ്‌ ലേബർ പാർട്ടിയിൽ അംഗമായി. 1913-ൽ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സിൽ സാമൂഹിക ശാസ്‌ത്രാധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്‌ കാലാള്‍പ്പടയിൽ ചേർന്ന്‌ ഗെലിപെലി, മെസപ്പൊട്ടേമിയ, ഫ്രാന്‍സ്‌ എന്നിവിടങ്ങളിലെ യുദ്ധരംഗങ്ങളിൽ പങ്കെടുക്കുകയും ഒടുവിൽ മേജർ പദവിയിലേക്കുയരുകയും ചെയ്‌തു. യുദ്ധാനന്തരം 1919-ൽ കൗണ്ടികൗണ്‍സിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെട്ടു. എന്നാൽ അതേ വർഷം കിഴക്കേ ലണ്ടനിലെ സ്റ്റെപ്‌നിബറോയിൽ ലേബർ പാർട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹം മേയറായി നാമനിർദേശം ചെയ്യപ്പെട്ടു.

ക്‌ളമെന്റ്‌ റിച്ചേർഡ്‌ ആറ്റ്‌ലി

1922-ൽ ലൈം ഹൗസിൽനിന്നും പാർലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതു മുതൽ 1950 വരെ ആറ്റ്‌ലിയാണ്‌ ആ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. 1950-55 കാലത്ത്‌ വെസ്റ്റ്‌വൊൽട്ടെംസ്റ്റോ നിയോജകമണ്ഡലത്തിൽ നിന്നാണ്‌ ആറ്റ്‌ലി പാർല. അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്‌. ആദ്യത്തെ ലേബർ മന്ത്രി സഭയിൽ ഇദ്ദേഹം യുദ്ധകാര്യ അണ്ടർ സെക്രട്ടറി ആയി. 1927-ൽ ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മിഷനിൽ അംഗമായിരുന്നു. 1930-ൽ രണ്ടാമത്തെ ലേബർ മന്ത്രിസഭയിൽ ഇദ്ദേഹത്തിനു ലങ്കാസ്റ്റർ ഡച്ചിയുടെ ചാന്‍സലർ പദവിയും 1931 മാർച്ചിൽ പോസ്റ്റുമാസ്റ്റർ ജനറൽ പദവിയും ലഭിച്ചു. 1931 ഒ.-ലെ പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച ജോർജ്‌ ലാന്‍സ്‌ബറിയുടെ കീഴിൽ തൊഴിലാളി കക്ഷിയുടെ ഉപനേതാവായി. 1935-ൽ ലാന്‍സ്‌ബറിയുടെ രാജിയെത്തുടർന്ന്‌ ആറ്റ്‌ലി തൊഴിലാളികക്ഷിയുടെ നേതൃസ്ഥാനത്ത്‌ അവരോധിക്കപ്പെട്ടു. വിന്‍സ്റ്റണ്‍ ചർച്ചിൽ (1874-1965) പ്രധാനമന്ത്രിയായതിനെത്തുടർന്ന്‌ ആറ്റ്‌ലി യുദ്ധകാല മന്ത്രിസഭയിൽ ലോർഡ്‌ പ്രിവിസീൽ ആയി; 1942-ൽ ഉപപ്രധാനമന്ത്രി, ഡൊമിനിയന്‍ കാര്യങ്ങള്‍ക്കുള്ള സ്റ്റേറ്റ്‌ സെക്രട്ടറി എന്നീ പദവികളിലേക്കുയർന്നു. 1943-ൽ "ലോർഡ്‌ പ്രസിഡണ്ട്‌ ഓഫ്‌ ദ്‌ കൗണ്‍സിൽ' സ്ഥാനം അദ്ദേഹത്തിന്‌ നല്‌കപ്പെട്ടു. കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലത്ത്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചർച്ചിലിന്റെ വലംകൈയായിരുന്നു.

യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ ലേബർകക്ഷി വന്‍പിച്ച ഭൂരിപക്ഷം നേടി ജയിച്ചപ്പോള്‍ ഇദ്ദേഹം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായി (1945). 1951 ഒ. വരെ ആ പദവി വഹിച്ചു. ആസ്‌ക്വിത്തിനുശേഷം (1908-18) ഇത്രയും ദീർഘകാലം വേറെ ആർക്കുംതന്നെ പ്രധാനമന്ത്രിപദത്തിൽ തുടരാന്‍ സാധിച്ചിട്ടില്ല. സാമൂഹിക നിയമനിർമാണരംഗത്ത്‌ ചരിത്രപ്രധാനമായ പല പരിപാടികളും നടപ്പിലാക്കാന്‍ ആറ്റ്‌ലിഗവണ്‍മെന്റിനു കഴിഞ്ഞു. ദേശീയാരോഗ്യം, ദേശീയ ഇന്‍ഷുറന്‍സ്‌ എന്നീ പദ്ധതികള്‍ക്ക്‌ ബീജാവാപം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. 1927 ന.-ൽ ഇന്ത്യ സന്ദർശിച്ച സൈമണ്‍ കമ്മിഷനിലെ അംഗമായിരുന്ന ആറ്റ്‌ലിക്ക്‌ ഇന്ത്യന്‍ കാര്യങ്ങള്‍ ശരിക്കും അറിയാമായിരുന്നു. ആറ്റ്‌ലിയുടെ ഭരണകാലത്താണ്‌ ഇന്ത്യക്ക്‌ സ്വാതന്ത്യ്രം ലഭിച്ചത്‌. 1950-ലെ തെരഞ്ഞെടുപ്പിൽ ലേബർ കക്ഷിയുടെ അംഗസംഖ്യ കുറഞ്ഞു. എനീറന്‍ ബെവന്‍, ഹാരോള്‍ഡ്‌ വിൽസന്‍ എന്നിവരുടെ രാജിമൂലം ലേബർപാർട്ടി ബലഹീനമായപ്പോള്‍ പാർല. പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പുനടത്താന്‍ ആറ്റ്‌ലി തയ്യാറായി. തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തോടെ യാഥാസ്ഥിതികകക്ഷി വീണ്ടും ചർച്ചിലിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. ആറ്റ്‌ലി അപ്പോള്‍ പ്രതിപക്ഷനേതാവായി. പിന്നീടു നേതൃസ്ഥാനം രാജിവച്ചപ്പോള്‍ ഇദ്ദേഹത്തിന്‌ ഏള്‍ (Earl) സ്ഥാനം നല്‌കപ്പെട്ടു. 1956-ൽ "ഓർഡർ ഒഫ്‌ ദ്‌ ഗാർട്ടെർ' (ഛൃറലൃ ീള വേല ഏമൃലേൃ) എന്ന ഉന്നത ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചു.' രാഷ്‌ട്രീയ നേതാവായ ആറ്റ്‌ലി മികച്ച ഒരു ഗ്രന്ഥകാരന്‍ കൂടിയാണ്‌. ആസ്‌ ഇറ്റ്‌ ഹാപ്പന്‍ഡ്‌ (അ ശെ േഒമുുലിലറ) എന്നാണ്‌ ഇദ്ദേഹത്തിന്റെ ആങ്ങകഥയുടെ പേര്‌. ദ്‌ വിൽ ആന്‍ഡ്‌ വേ ടു സോഷ്യലിസം, ദ്‌ ലേബർ പാർട്ടി ഇന്‍ പെർസ്‌പക്‌റ്റീവ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. 1967 ഒ. 8-ന്‌ ലണ്ടനിൽ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍