This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റുകാൽ ദേവീ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റുകാൽ ദേവീ ക്ഷേത്രം

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളിലൊന്ന്‌. തിരുവനന്തപുരത്ത്‌ ആറ്റുകാൽ എന്ന പ്രദേശത്ത്‌ കിള്ളിയാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളിയാണ്‌. ആറ്റുകാൽ പരിസരത്തെ പുരാതന നായർ തറവാടായ മുല്ലവീട്ടിലെ ഒരു ഭക്തനുണ്ടായ ദേവീദർശനത്തിൽനിന്ന്‌ ഉടലെടുത്തതാണത്ര ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യം. ആ ഐതിഹ്യത്തിന്റെ പൊരുള്‍ ഇപ്രകാരമാണ്‌. "തന്റെ ഭർത്താവിനെ വധിച്ച പാണ്ഡ്യരാജാവിന്റെ ഗർവുശമിപ്പിച്ച ശേഷം കൊടുങ്ങല്ലൂരിലേക്ക്‌ മടങ്ങുന്ന വഴി കിള്ളിയാറിന്റെ തീരത്തെത്തി കച്ചകി ബാലികാരൂപം ധരിച്ച്‌ മുല്ലവീട്ടിലെ കാരണവരുടെ സഹായത്താൽ ആറു കടന്ന്‌ കാരണവരുടെ വീട്ടിലെത്തി ആതിഥ്യം സ്വീകരിച്ചശേഷം അപ്രത്യക്ഷയായി. അന്ന്‌ രാത്രി കാരണവർക്കുണ്ടായ സ്വപ്‌നദർശനത്തിൽ ആ ബാലിക തന്റെ ദിവ്യരൂപം കാട്ടിക്കൊടുക്കുകയും തനിക്ക്‌ ആറ്റുകാലിലെ ഒരു പറമ്പിൽ മൂന്നു വരവരച്ചിട്ടുള്ളിടത്ത്‌ ഒരു ക്ഷേത്രം പണിഞ്ഞുതരണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ആ സ്ഥലത്ത്‌ കാരണവർ ഓലകൊണ്ട്‌ പണിത മുടിപ്പുരയിൽ ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി'. ഈ ചെറിയ ക്ഷേത്രമാണ്‌ ആറ്റുകാൽ ദേവീ ക്ഷേത്രമായി വളർന്നത്‌. "സ്‌ത്രീകളുടെ ശബരിമല' എന്നാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. പാർവതീ ദേവിയുടെ അവതാരമായ കച്ചകി ദേവി മധുരാനഗരദഹനത്തിനുശേഷം കിള്ളിയാറിന്റെ തീരത്തെത്തിയെന്നും ക്രൂദ്ധയായ ദേവിയെ സ്‌ത്രീജനങ്ങള്‍ പൊങ്കാലയിട്ടും പാട്ടുപാടി സ്‌തുതിച്ചും സംപ്രീതയാക്കിയെന്നും ഇതാണ്‌ ഓരോ വർഷവും ആറ്റുകാൽ പൊങ്കാലയിൽ സ്‌മരിക്കപ്പെടുന്നതെന്നുമാണ്‌ മറ്റൊരു ഐതിഹ്യം. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും വാണരുളുന്നത്‌ ചിലപ്പതികാര നായികയും ശ്രീ പാർവതിയുടെ അവതാരവുമായ കച്ചകിയാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ദേവി കന്യകയാണെന്നും അതല്ല പതിവ്രതയാണെന്നും രണ്ടു സങ്കല്‌പങ്ങള്‍ നിലവിലുണ്ട്‌.

ആറ്റുകാൽ പൊങ്കാല-ഒരു ദൃശ്യം

ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാലമഹോത്സവം. കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ്‌ ക്ഷേത്രാത്സവത്തിന്റെ ആരംഭം. ഉത്സവച്ചടങ്ങുകളിൽ ഏറ്റവും പ്രധാനം ലോക പ്രസിദ്ധമായ പൊങ്കാലയാണ്‌. പൂരം നാളും പൗർണമിയും ഒത്തുചേർന്നു വരുന്ന ശുഭമുഹൂർത്തത്തിലാണ്‌ പൊങ്കാലയിടുന്നത്‌. കാപ്പുകെട്ടി കുടിയിരുത്തൽ, തോറ്റംപാട്ട്‌, പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, എഴുന്നള്ളത്ത്‌, കുരുതി തർപ്പണം എന്നിവയാണ്‌ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍. കച്ചകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടു കൂടിയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച്‌ ആറ്റുകാൽ ക്ഷേത്രത്തിൽ കൊണ്ടുവരുന്നതു മുതൽ പാണ്ഡ്യ രാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്‌ക്ക്‌ മുന്‍പ്‌ ഒന്‍പത്‌ ദിവസങ്ങളിലായി പാടിത്തീർക്കുന്നത്‌. ഒന്‍പതാം ദിവസം കച്ചകി നിഗ്രഹിക്കുന്ന ഭാഗം തോറ്റം പാട്ടിലൂടെ പാടിത്തീരുമ്പോഴാണ്‌ പൊങ്കാല അടുപ്പിലേക്ക്‌ തീ പകരുന്നത്‌. വർഷംതോറും നടക്കുന്ന പൊങ്കാല ദിവസത്തിൽ മാത്രമേ ഭക്തജനങ്ങള്‍ക്ക്‌ നേരിട്ട്‌ പൊങ്കാല നിവേദ്യം അർപ്പിക്കുവാനുള്ള അവസരം ലഭിക്കുകയുള്ളു. വ്രതം നോറ്റ്‌, സർവവും ആറ്റുകാലമ്മയ്‌ക്ക്‌ സമർപ്പിച്ച്‌ അനുഗ്രഹം നേടാന്‍ ജാതിമതഭേദമന്യേ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഭക്തിയോടെ ഈ ആഘോഷത്തിൽ പങ്കുചേരുന്നു. ആറ്റുകാൽ ക്ഷേത്രത്തിന്‌ എട്ട്‌ കി.മീ. ചുറ്റളവിലുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വീട്ടുകാരും പൊങ്കാലയ്‌ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കുന്നു. വെള്ളച്ചോറ്‌, പായസം, തെരളി, അട, മണ്ടപ്പുറ്റ്‌ എന്നിവയാണ്‌ സാധാരണ നിവേദ്യങ്ങളായി ഭക്തജനങ്ങള്‍ ഒരുക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍