This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റിങ്ങൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിൽ ചിറയിന്‍കീഴ്‌ താലൂക്കിന്റെ ആസ്ഥാനമായ മുനിസിപ്പൽ പട്ടണം. ജനസംഖ്യ: 35,648 (2001). നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏതാണ്ട്‌ മധ്യത്തായി സ്ഥിതിചെയ്യുന്നു. 28 വില്ലേജുകള്‍ ഉണ്ട്‌. വടക്കും പടിഞ്ഞാറും വാമനപുരം ആറും തെക്ക്‌ മാമം ആറും ചൂഴുന്ന ഈ സ്ഥലത്തിന്‌ "ചിറ്റാറ്റിന്‍കര' എന്നും പേരുണ്ട്‌. താലൂക്ക്‌ തലസ്ഥാനങ്ങളിൽ സാധാരണമായുള്ള എല്ലാ ഗവണ്‍മെന്റാഫീസുകളും ഇവിടെയുണ്ട്‌. മനോമോഹന വിലാസം കൊട്ടാരം, കോയിക്കൽ കൊട്ടാരം, അവനവനം ചേരിക്ഷേത്രം, തിരുവാറാട്ടുകാവ്‌ക്ഷേത്രം, വീരകേരളപുരംക്ഷേത്രം, ആലങ്കോട്‌ ഹൈസ്‌കൂള്‍, ഗേള്‍സ്‌ ഹൈസ്‌കൂള്‍, ബോയ്‌സ്‌ ഹൈസ്‌കൂള്‍, ജൂനിയർ ടെക്‌നിക്കൽ സ്‌കൂള്‍, ഗവണ്‍മെന്റ്‌ കോളജ്‌, എന്‍ജിനീയറിങ്‌ കോളജ്‌, മുനിസിപ്പൽ ആഫീസ്‌ എന്നിവയാണ്‌ മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. മുനിസിപ്പാലിറ്റി രണ്ടു മാതൃശുശ്രൂഷാകേന്ദ്രങ്ങളും നാലു ചന്തകളും ഒരു ഗ്രന്ഥശാലയും നടത്തിവരുന്നു.

ആറ്റിങ്ങൽ കൊട്ടാരം

ചരിത്രം. പട്ടണഭാഗവും പരിസരവും ഉള്‍ക്കൊണ്ടിരുന്ന ആറ്റിങ്ങൽ, വേണാട്ടു രാജകുടുംബത്തിന്റെ തമ്പുരാട്ടിമാരുടെ വാസസ്ഥാനമായിട്ടാണ്‌ ചരിത്രത്തിൽ പരാമർശിച്ചുകാണുന്നത്‌. കൊല്ലവർഷം 480-ാമാണ്ടിടയ്‌ക്ക്‌ (എ.ഡി. 1305) കോലത്തു നാട്ടിൽനിന്നും ദത്തെടുത്ത രണ്ടു തമ്പുരാട്ടിമാരെ പാർപ്പിക്കാന്‍ ആദിത്യവർമ പണികഴിപ്പിച്ചതായിരുന്നു ആറ്റിങ്ങൽ കൊട്ടാരം എന്ന്‌ അഭ്യൂഹിക്കപ്പെടുന്നു. മരുമക്കത്തായമനുസരിച്ച്‌, തിരുവിതാംകൂർ രാജവംശത്തിൽ അന്ന്‌ സ്‌ത്രീസന്താനങ്ങളൊന്നുമില്ലായിരുന്നതുകൊണ്ടായിരുന്നു ദത്തെടുക്കേണ്ടിവന്നത്‌. തിരുവിതാംകൂർ വംശത്തിന്‌ ആദിമബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ്‌ കോലത്തുനാട്ടിൽനിന്നുതന്നെ ദത്തെടുത്തത്‌. ആറ്റിങ്ങൽ കൊട്ടാരത്തിന്റെ ഉത്‌പത്തിയെപ്പറ്റിക്കാണുന്ന ചരിത്രപരാമർശം ഇതാണെങ്കിലും അതിനുമുമ്പ്‌ അവിടെ കൊട്ടാരം ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന്‌ ഖണ്ഡിതമായി പറയാന്‍ വേണ്ടുന്ന തെളിവുകളില്ല. ആറ്റിങ്ങലിനടുത്തുള്ള കീഴ്‌പേരൂർ വേണാട്ടു രാജവംശത്തിന്റെ ആദികാലത്തെ ആസ്ഥാനങ്ങളിലൊന്നായിരുന്നുവെന്നും അതുപോലെ രാജകുടുംബത്തിനോട്‌ ബന്ധമുണ്ടായിരുന്ന കുന്നിന്‍മേൽ കൊട്ടാരവും കിളിമാനൂർ ഇടവകയും ആറ്റിങ്ങലിന്നടുത്താണെന്നുമുള്ള വസ്‌തുതകള്‍ ഇവിടെ വിചാരവിഷയമാകേണ്ടതാണ്‌. കൊ.വ. 480-നോടടുപ്പിച്ച്‌ രചിക്കപ്പെട്ടതെന്ന്‌ കരുതപ്പെടുന്ന ഉച്ചുനീലിസന്ദേശത്തിൽ ആറ്റിങ്ങലിനെപ്പറ്റിയുള്ള പരാമർശം കാണുന്നില്ല.

രാജകുടുംബത്തിലെ തമ്പുരാട്ടിമാരുടെ പാർപ്പിനുവേണ്ടി ഉണ്ടാക്കിയ കൊട്ടാരവും അവരുടെ ചെലവിനു വിട്ടുകൊടുത്ത ആറ്റിങ്ങൽ പ്രദേശങ്ങളും ഒരു സ്വതന്ത്ര രാജ്യമായിരുന്നു എന്നും അത്‌ തമ്പുരാട്ടിമാരുടെ അധികാരത്തിന്‌കീഴിൽ കഴിഞ്ഞിരുന്നുവെന്നും ഉള്ള ഒരു ധാരണ പില്‌ക്കാലത്ത്‌ പ്രചരിക്കാനിടയായി. പോർച്ചുഗീസ്‌-ഡച്ച്‌ വ്യാപാരികളും മറ്റും വാണിജ്യക്കരാറിന്‌ റാണിമാരുമായി ചെയ്‌തിട്ടുള്ള ഇടപാടുകളെ സംബന്ധിക്കുന്ന രേഖകളും ഇതിന്‌ ഉപോദ്‌ബലകമായി ചൂണ്ടിക്കാണിക്കാറുണ്ട്‌. ഡിസ്‌ക്രിപ്‌ഷന്‍ ഒഫ്‌ ഹിന്ദുസ്ഥാന്‍ എന്ന ഗ്രന്ഥത്തിൽ ഹാമിൽട്ടണ്‍ പ്രസ്‌താവിച്ചിട്ടുള്ളത്‌ നാഗമയ്യയും കൊച്ചിയിലെ ഡച്ച്‌ ഗവർണറായ വാന്‍ റീഡും ഉദ്ധരിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. അതിപുരാതന കാലം മുതൽക്കേ ആറ്റിങ്ങൽ തമ്പുരാട്ടിമാർക്ക്‌ രാജാധികാരം ഉണ്ടായിരുന്നുവെന്നും മാർത്താണ്ഡവർമ മഹാരാജാവ്‌ (ഭ.കാ. 1729-58) ആയിരുന്നു അവരുടെ അധികാരം കൈക്കലാക്കിയതെന്നും അതിനു പകരമായി രാജ്യത്തിന്റെ മൂപ്പുവാഴ്‌ച ആറ്റിങ്ങൽ മൂത്തതമ്പുരാട്ടിമാരുടെ സന്തതികള്‍ക്കായി ക്‌ലുപ്‌തപ്പെടുത്തിയെന്നും നാഗമയ്യ പ്രസ്‌താവിക്കുന്നുണ്ട്‌. ആറ്റിങ്ങൽത്തമ്പുരാട്ടിമാരുടെ സന്താനങ്ങള്‍ക്കുമാത്രമായി വേണാട്ടിലെ മൂപ്പുവാഴ്‌ച മാർത്താണ്ഡവർമയും ആറ്റിങ്ങൽ മൂത്തറാണിയും ചേർന്ന്‌ കല്‌പുതപ്പെടുത്തിയിരിക്കുന്നത്‌ ശരിയാണെന്ന്‌ രാജ്യകാര്യചുരുണയിൽ കാണുന്നു.

മാർത്താണ്ഡവർമ മഹാരാജാവ്‌ കൊ.വ. 911 (1736)-ൽ ആറ്റിങ്ങൽ ദേശവഴിയുടെ അധികാരം നേരിട്ട്‌ ഏറ്റെടുത്തു. മാർത്താണ്ഡവർമയ്‌ക്ക്‌ തൊട്ടുമുമ്പ്‌ നാടുവാണ രാമവർമ മഹാരാജാവിന്റെ ചരമത്തോടുകൂടി പല അവകാശത്തർക്കങ്ങളും രാജ്യത്ത്‌ ഉയർന്നുവന്നു. മാർത്താണ്ഡവർമ മഹാരാജാവ്‌ ഈ വെല്ലുവിളികളെ അമർച്ച ചെയ്‌തു. അതിന്റെ ഭാഗമായി നാടുവഴികളുടെ അധികാരം നേരിട്ട്‌ നിയന്ത്രണത്തിലാക്കി; അക്കൂട്ടത്തിലാണ്‌ ആറ്റിങ്ങലും സ്വന്തം അധികാരസീമയ്‌ക്കുള്ളിലാക്കിയത്‌. തിരുവിതാംകൂർ രാജകുടംബത്തിലേക്ക്‌ ദത്തെടുക്കുന്ന രാജകുമാരിമാർക്ക്‌ വയസ്സിന്റെ ക്രമമനുസരിച്ച്‌ ആറ്റിങ്ങൽ ഒന്നാംമുറ, രണ്ടാംമുറ, മൂന്നാംമുറ എന്നിങ്ങനെ പറഞ്ഞുവന്നു. മൂപ്പേറ്റ തമ്പുരാട്ടിയെ ആറ്റിങ്ങൽ മൂത്ത (റാണി) തമ്പുരാന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. തിരുവിതാംകൂർ രാജവംശത്തിന്‌ കൂപകവംശം എന്ന പേരുണ്ട്‌; അതിനാൽ ആറ്റിങ്ങൽത്തമ്പുരാട്ടിമാർക്ക്‌ കൂപകരാജ്ഞിമാർ എന്ന അപരനാമവുമുണ്ട്‌. തിരുവിതാംകൂർ രാജാക്കന്മാരുടെ അരിയിട്ടുവാഴ്‌ച എന്ന ചടങ്ങ്‌ ആറ്റിങ്ങൽവച്ചാണ്‌ നടന്നിരുന്നത്‌. ഡച്ചുകാർ, പോർച്ചുഗീസുകാർ, ബ്രിട്ടിഷുകാർ എന്നീ യൂറോപ്യന്‍മാർ കേരള തീരങ്ങളിൽ എത്തിയകാലം മുതൽ ആറ്റിങ്ങലിന്റെ പ്രശസ്‌തി പാശ്ചാത്യ രാജ്യങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ബ്രിട്ടിഷുകാർ കെട്ടിയകോട്ട ചരിത്ര പ്രസിദ്ധമാണ്‌. പല പാശ്ചാത്യ സാഹിത്യകൃതികളിലും ആറ്റിങ്ങലിനെക്കുറിച്ചു പരാമർശമുണ്ട്‌. നോ: അരിയിട്ടുവാഴ്‌ച, അഞ്ചുതെങ്ങ്‌ (എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍