This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറു(ഭാഷാ)നയങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറു(ഭാഷാ)നയങ്ങള്‍

തമിഴിൽനിന്നും വ്യതിരിക്തമായ ഒരു ഭാഷയായി പരിണമിക്കാന്‍ മലയാളം അവലംബിച്ച സാമാന്യരീതികള്‍; പ്രധാനമായും ആറ്‌ പരിണാമപ്രക്രിയകളാണ്‌ പ്രയുക്തമായത്‌ എന്നു കേരളപാണിനീയ കർത്താവായ ഏ.ആർ. രാജരാജാവർമ സിദ്ധാന്തിക്കുന്നു. അനുനാസികാതിപ്രസരം, തവർഗോപമർദം (താലവ്യാദേശം), സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നീ ആറുനയങ്ങള്‍ അനുവർത്തിച്ചതിന്റെ ഫലമായുണ്ടായ വ്യക്തിത്വമാണ്‌ തമിഴിൽനിന്നും മലയാളത്തെ വേർപ്പെടുത്തി നിർത്തുന്നത്‌ എന്നാണ്‌ കേരളപാണിനിയുടെ മതം. കൊടുംതമിഴ്‌ പ്രചാരത്തിലിരുന്ന ഭൂവിഭാഗത്തിൽപ്പെട്ട കുട്ടം, കുടം, കർക്ക, വെണ്‍, പൂഴി എന്നീ അഞ്ചു നാടുകളിൽമാത്രം പുതിയൊരു ഭാഷ ഉരുത്തിരിഞ്ഞത്‌ കേവലം ദേശ്യഭേദത്തെ ആസ്‌പദമാക്കിയല്ല; തമിഴിനെ മലയാളമായും നേരെതിരിച്ചും പരിവർത്തനപ്പെടുത്താം എന്നതിനാൽ ഇതിന്‌ ഭാഷാപരമായ ചില പൊതുനിയമങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്ന്‌ ഏ.ആർ. രാജരാജവർമ സിദ്ധാന്തിക്കുന്നു.

1. അനുനാസികാതിപ്രസരം. അനുനാസികവർണം തൊട്ടുപിമ്പേവരുന്ന ഖരത്തെക്കൂടി അനുനാസികമാക്കിത്തീർക്കുന്നു. അനുനാസികം മുമ്പും ഖരം പിമ്പും ആയി കൂട്ടക്ഷരം വന്നാൽ ഇരട്ടിച്ച അനുനാസികമാകും; ഇത്‌ ആദ്യത്തേതിന്റെ അടുത്ത പടിയാണ്‌. ഉദാ. നിങ്‌+കള്‍= നിങ്കള്‍ (ത); നിങ്ങള്‍ (മലയാളം) വന്‌+താന്‍= വന്താന്‍ (ത); വന്നാന്‍ (മലയാളം) നോ: അനുനാസികാതിപ്രസരം 2. തവർഗോപമർദം. (താലവ്യാദേശം) ത, ന എന്ന്‌ രണ്ടു വർണങ്ങള്‍ മാത്രമേ തമിഴ്‌ അക്ഷരമാല അനുസരിച്ച്‌ തവർഗമായുള്ളു. ഇവയുടെ പരസ്‌പരചേർച്ചയിൽനിന്നും ത്ത, ന്ത, ന്ന എന്ന്‌ മൂന്ന്‌ കൂട്ടക്ഷരങ്ങള്‍ കൂടി ഉണ്ടാകുന്നു. അ, ഇ, എ, ഐ എന്നീ താലവ്യങ്ങളിൽ ഒന്നിനു പകരമായി ഈ അഞ്ചു ദന്ത്യങ്ങളിൽ ഒന്നു വരുമ്പോള്‍ ആ ദന്ത്യത്തിൽ താലവ്യധർമം വ്യാപിച്ച്‌ അതിനെക്കൂടി താലവ്യമാക്കും. ദന്ത്യത്തിന്‌ താലവ്യാദേശം വരുന്നു എന്നതാണ്‌ ഇതിന്റെ സവിശേഷത. പ്രത്യയങ്ങളിൽ ഇത്‌ സാർവത്രികമാണ്‌. ഉദാ. അല-അലൈന്താന്‍-അലഞ്ചാന്‍-അലഞ്ഞാന്‍ പിടി-പിടിത്താന്‍-പിടിച്ചാന്‍ തേ-തേന്തു-തേഞ്ചു-തേഞ്ഞു. 3. സ്വരസംവരണം. സ്വരങ്ങളെ സംവരണംചെയ്‌ത്‌ (അടക്കിപ്പിടിച്ച്‌) ഉച്ചരിക്കുകയാണ്‌ ഇതിന്റെ സ്വഭാവം. ഉകാരോച്ചാരണത്തിൽ ഇത്‌ മുഖ്യമായിക്കാണുന്നു. മലയാളത്തിൽ വ്യാകരണപരമായി വളരെയേറെ പ്രാധാന്യമുള്ളതാണ്‌ സംവൃതോകാരം. വിവൃതോകാരം മുറ്റുവിനയും സംവൃതോകാരം മുന്‍വിനയെച്ചവും ആണ്‌. ഉദാ. കേട്ടു (മുറ്റുവിന) കേട്ട്‌ (മുന്‍വിനയെച്ചം) പ്രകൃതിപ്രത്യയങ്ങളുടെ അന്ത്യത്തിലുള്ള ഐകാരം ചുരുങ്ങി മലയാളത്തിൽ അകാരമായിത്തീരുന്നു. ഉദാ. വേളൈ>വേള; ഇലൈ>ഇല. ചിലേടത്ത്‌ അന്ത്യമില്ലാത്ത ഐകാരവും ചുരുങ്ങാറുണ്ട്‌. ഉദാ. ഉടൈയ>ഉടയ; ഐന്ത്‌>അഞ്ച്‌. അകാരങ്ങളുടെ പ്രയോഗം ചിലേടത്ത്‌ അവ്യവസ്ഥിതമാണ്‌. ഉദാ. ചൊല്ലെണം (ത)-ചൊല്ലണം (മലയാളം); പടുക (ത)-പെടുക (മലയാളം). ഇകാര-ഉകാരങ്ങളും ഇങ്ങനെ കാണുന്നു. ഉദാ. പിരാന്‍ (ത)-പുരാന്‍ (മലയാളം) പുറാവ്‌ (ത)-പിറാവ്‌ (മലയാളം). ഇവയ്‌ക്ക്‌ നിയതമായ നിയമം പറയാനില്ല. 4. പുരുഷഭേദനിരാസം. കാലത്തെക്കുറിക്കുന്ന ആഖ്യാതങ്ങളെ കർത്താവിനോട്‌ പൊരുത്തപ്പെടുത്തുന്ന സമ്പ്രദായം തമിഴിലുണ്ട്‌. ഇതിന്‌ ലിംഗവചനപുരുഷപ്രത്യയങ്ങള്‍ യഥായോഗ്യം ആഖ്യാതത്തോടു കൂട്ടിച്ചേർക്കുന്നു. ഈ പ്രത്യയങ്ങളുടെ ചേർച്ചകൊണ്ട്‌ ആഖ്യാതത്തിന്‌ രൂപഭേദം വരുന്നു. മലയാളമാകട്ടെ ഇത്തരം പൊരുത്തത്തിനായി ഈ പ്രത്യയങ്ങളിലൊന്നും പ്രയോഗിക്കാറില്ല. ഉദാ. അവന്‍ വന്താന്‍ (ത)-അവന്‍ വന്നു (മലയാളം), അവള്‍ വന്താള്‍ (ത)-അവള്‍ വന്നു (മലയാളം), നീങ്കള്‍ വന്തീർകള്‍ (ത)-നിങ്ങള്‍ വന്നു (മലയാളം). 5. ഖിലോപസംഗ്രഹം. ഒരു കാലത്ത്‌ പ്രയോഗത്തിലിരുന്നതെങ്കിലും പില്‌ക്കാലത്ത്‌ അപ്രയുക്തം (ഖിലം) ആയിത്തീർന്ന പ്രകൃതിപ്രത്യയങ്ങളെ ഉപേക്ഷിക്കാതെ പ്രയോഗിച്ചുപോരുന്ന രീതി സ്വീകരിച്ചു എന്നത്‌ മലയാളത്തിന്റെ സവിശേഷതയാണ്‌. ഭാവിയായ അംഗക്രിയയെക്കുറിക്കുന്ന "ആന്‍' എന്ന പ്രത്യയം തമിഴിൽ പ്രയോഗലുപ്‌തമായി; മലയാളം അതിനെ പുനഃസ്വീകരിച്ചു. ഉദാ. കുളിക്കവന്തേന്‍ (ത)-കുളിക്കാന്‍ വന്നു (മലയാളം). 6. അംഗഭംഗം. പഴയ ചില ദ്രാവിഡപ്രകൃതിപ്രത്യയങ്ങളെ മലയാളഭാഷ സൗകര്യംപോലെ അക്ഷരലോപം ചെയ്‌തു ചുരുക്കി. അത്തരം മലയാളരൂപങ്ങളുടെ പ്രാഗ്‌രൂപം ഇപ്പോള്‍ തിരിച്ചറിയുക സുകരമല്ല. ചില പദങ്ങളുടെ പൂർവരൂപത്തെ സംബന്ധിച്ച്‌ അഭിപ്രായവ്യത്യാസം നിലനില്‌ക്കുന്നു. ഉദാ.-ക്ക്‌ (സംബന്ധികാ വിഭക്തിചിഹ്നം)>ഉ; അവന്‍+ക്ക്‌=അവനുക്ക്‌>അവന്‌-ഉ=അവന്‌ ഉടയ (സംബന്ധികാവിഭക്തിചിഹ്നം)>ഉടെ>ടെ; അവന്‍+ഉടയ=അവനുടയ>അവനുടെ>അവന്റെ. പക്ഷാന്തരങ്ങള്‍. മലയാളഭാഷയുടെ വികാസപരിണാമങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആറുനയങ്ങളുടെ സാധുത പില്‌ക്കാലത്ത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാള്‍ഡ്വെല്ലിനെ (ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം) അനുകരിച്ചാണ്‌ ഈ നയങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ ഏ.ആർ. രാജരാജവർമയ്‌ക്കുതന്നെ ഇവയുടെ കാര്യത്തിൽ ഖണ്ഡിതമായ തീർപ്പുകള്‍ ഇല്ലായിരുന്നു എന്നതിന്‌ കേരളപാണിനീയത്തിൽതന്നെ തെളിവുകളുണ്ട്‌. അനുനാസികാതിപ്രസരം മലയാളത്തിൽ നിത്യമായ ഒരു വ്യവസ്ഥയല്ല. നെഞ്ച്‌, നെഞ്ഞ്‌ ആകാറുണ്ട്‌ എങ്കിലും തുഞ്ചനും കുഞ്ചനും അങ്ങനെതന്നെ നില്‌ക്കുന്നു. നിങ്കള്‍ നിങ്ങളാകുന്നു, എന്നാൽ തിങ്കള്‍ തിങ്ങള്‍ ആകുന്നില്ല. തവർഗോപമർദം എന്ന നയം വേണ്ടത്ര വ്യക്തമല്ല. ത, ന എന്നിവയുടെ കൂട്ടക്ഷരമായി "ത്‌ന' എന്നൊരു ദന്ത്യം മലയാളത്തിലുണ്ട്‌; അത്‌ ഇവിടെ പരാമർശിക്കപ്പെടുന്നില്ല. സംവൃതോകാരം തമിഴിലെ ഉച്ചാരണവിലക്ഷണതയാണ്‌ എന്നു പറയുന്ന അതേ പ്രകരണത്തിൽതന്നെ "തമിഴുവ്യാകരണത്തിലാകട്ടെ, മറ്റു സ്വരങ്ങള്‍ക്കൊപ്പം സംവൃതത്തിനും സ്ഥാനമുണ്ട്‌' എന്നും പ്രസ്‌താവിച്ചുകാണുന്നു. അകാരമാണ്‌ സംവൃതമാകുന്നത്‌ എന്നാണ്‌ ആറ്റൂർ കൃഷ്‌ണപ്പിഷാരടിയുടെ അഭിപ്രായം. ഉദാ. കാട-കാട്‌; അത-അത്‌; പായ-പായ്‌.

പുരുഷഭേദനിരാസം മലയാളത്തെ സംബന്ധിച്ചിടത്തോളം അപ്രസ്‌കതമാണ്‌ എന്നൊരു വാദഗതിയുണ്ട്‌. തമിഴും മലയാളവും വ്യത്യസ്‌തമാകുന്നതിന്റെ ഒരു സൂചന മാത്രമല്ല പുരുഷഭേദനിരാസം. പുരുഷഭേദം ചേർക്കാതിരുന്ന ഒരു കാലഘട്ടം ദ്രാവിഡഭാഷയ്‌ക്ക്‌ മൊത്തത്തിൽ ഉണ്ടായിരുന്നു. മൂലകുടുംബത്തിൽ പുരുഷഭേദം സ്വീകരിക്കുന്നതിനുമുമ്പുതന്നെ മലയാളം അവിടെനിന്നും പിരിഞ്ഞു സ്വതന്ത്രമായി എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. ആകയാൽ, പുരുഷഭേദനിരാസമല്ല, പ്രാചീനതയെ തെളിയിക്കുന്ന പുരുഷഭേദാഭാവമാണ്‌ മലയാളത്തിലുള്ളത്‌ എന്നാണ്‌ ഈ വാദഗതി.

ഖിലോപസംഗ്രഹത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുണ്ട്‌. തമിഴിൽ അപ്രയുക്തമായിത്തീർന്ന രൂപങ്ങളെ മലയാളം പുനഃസ്വീകരിച്ചു എന്ന വാദം, ഏ. ആർ. രാജരാജവർമയുടെ മുഖ്യസിദ്ധാന്തത്തെ ദുർബലമാക്കുന്നു. പ്രാചീനരൂപങ്ങള്‍ തമിഴിന്റേതാണ്‌ എന്ന്‌ രാജരാജവർമ കരുതുന്നു. എന്നാൽ, പ്രാചീനരൂപങ്ങള്‍ മലയാളത്തിന്റേതു തന്നെയാണ്‌ എന്ന്‌ ആറ്റൂർ കൃഷ്‌ണപ്പിഷാരടിയും (സാഹിത്യചരിത്രം) ഡോ.കെ. ഗോദവർമയും (കേരള ഭാഷാവിജ്ഞാനീയം) അഭിപ്രായപ്പെടുന്നു. "ആന്‍' എന്ന പ്രത്യയം തമിഴ്‌ സാഹിത്യഭാഷയിൽ അപൂർവമായി ഉപയോഗിക്കാറുണ്ട്‌ എങ്കിലും സംസാരഭാഷയിൽ ഇല്ല; മലയാളത്തിൽ ഈ പ്രത്യയം സ്ഥായിയായി നില്‌ക്കുന്നു: ഇതിൽനിന്നും മനസ്സിലാവുന്നത്‌ തമിഴിൽ ചില പ്രകൃതിപ്രത്യയങ്ങള്‍ ഖിലമായി എന്നും മലയാളം അവയെ ഉപസംഹരിച്ചു എന്നും അല്ല, തമിഴിൽ ഇല്ലാതിരുന്ന ഒരു സവിശേഷത മലയാളത്തിന്‌ തനതായുണ്ടായിരുന്നു എന്നും അത്‌ മലയാളം പുലർത്തിപ്പോന്നു എന്നും ആണ്‌. അംഗഭംഗം എന്നു വിളിക്കപ്പെടുന്ന നയം മലയാളത്തിന്റെ മാത്രം സവിശേഷതയല്ല; വികാസപരിണാമങ്ങള്‍ക്കു വിധേയമാകുന്ന ഏതൊരു ഭാഷയിലും ചില രൂപങ്ങള്‍ക്ക്‌ അക്ഷരലോപം വരാറുണ്ട്‌. ഏതായാലും മലയാളഭാഷയുടെ ഉത്‌പത്തിയെ സംബന്ധിച്ച്‌ ഉപരിഗവേഷണങ്ങള്‍ നടത്തുന്നതിനും വിവിധ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും മാർഗദർശകമായി വർത്തിക്കുന്ന പ്രമേയമാണ്‌ ആറു (ഭാഷാ) നയങ്ങള്‍. നോ: മലയാളഭാഷ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍