This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറിയോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറിയോള്‍

Aureole

ഏതെങ്കിലുമൊരു ആഗ്നേയശിലാപിണ്ഡത്തിൽനിന്നും സ്രവിക്കുന്ന താപത്തിന്റെയും പ്രസർജനങ്ങളുടെയും (emanations) പ്രവർത്തനഫലമായി പ്രസ്‌തുതശിലാപിണ്ഡത്തിനുചുറ്റും രൂപംകൊള്ളുന്ന പരിവർത്തനമേഖല. ഗ്രാനൈറ്റ്‌, ഗ്രാനോഡയോറൈറ്റ്‌ തുടങ്ങിയ ആഗ്നേയശിലാപിണ്ഡങ്ങള്‍ക്കു ചുറ്റുമാണ്‌ ആറിയോള്‍ അവസ്ഥിതമാവുന്നത്‌. ഇവയ്‌ക്ക്‌ സാധാരണയായി ആയിരത്തോളം മീറ്റർ വ്യാപ്‌തിയേ ഉണ്ടാവുകയുള്ളു. സ്ഥാനീയശിലാ (country rocks) പിണ്ഡങ്ങളിൽ ധാതുപരമായും ഘടനാപരമായും ഉണ്ടാകുന്ന മാറ്റങ്ങള്‍ നോക്കിയാണ്‌ ആറിയോള്‍ മേഖലകള്‍ നിർണയിക്കുന്നത്‌. ആഗ്നേയശിലകളുമായുള്ള സംസ്‌പർശം (contact) മേൂലം സ്ഥാനീയശിലകള്‍ക്കു കായാന്തരണം (metamorphism) സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയായി ആറിയോളിനെ നിർവചിക്കാം.

സമീപസ്ഥശിലകള്‍ നേരത്തേ കായാന്തരണത്തിനു വിധേയമായിട്ടില്ലാത്തവയോ, അഥവാ കായാന്തരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത്‌ നേരിയതോതിലുള്ളതാവുകയോ ചെയ്യുമ്പോഴാണ്‌ ആറിയോളുകളെ വ്യക്തമായി നിർണയിക്കാനാവുന്നത്‌; നേരേമറിച്ച്‌ കായാന്തരിതശിലകള്‍ തുടർന്നും കായാന്തരണത്തിനു വിധേയമാവുന്ന ഇനം ആറിയോളുകളെ വേർതിരിച്ചറിയുക പ്രയാസമാണുതാനും. ഷെയ്‌ൽ, ചുച്ചാമ്പുകല്ല്‌ എന്നീ ഇനം ശിലകളിൽ ആറിയോള്‍ രൂപംകൊണ്ടിട്ടുള്ള പക്ഷം, അവയെ വേർതിരിച്ചറിയുവാന്‍ പ്രയാസമുണ്ടാവില്ല; എന്നാൽ മണൽക്കല്ലുകളിലെ ആറിയോളുകള്‍ പ്രസ്‌പഷ്‌ടമായിരിക്കയില്ല. ആറിയോളുകളുടെ വ്യാപ്‌തി അവയാൽ വലയംചെയ്യപ്പെട്ടിരിക്കുന്ന ആഗ്നേയശിലാപിണ്ഡങ്ങളുടെ വലുപ്പത്തിന്‌ ആനുപാതികമായിരിക്കും; എന്നാൽ ആറിയോള്‍ മേഖലയിലെ കായാന്തരണ പ്രക്രിയകളുടെ തീവ്രത ആഗ്നേയശിലാപിണ്ഡത്തിന്റെ വലുപ്പം കുറയുന്തോറും വർധിക്കുന്നു. ഡൈക്ക്‌ (dyke), സിൽ (sill) തുടങ്ങിയവയ്‌ക്കു ചുറ്റുമുള്ള ശിലാപടലങ്ങള്‍ വർധിച്ച താപംമൂലം ഇഷ്‌ടികപോലെ ഉറച്ചവയായി കാണപ്പെടുന്നു; എന്നാൽ സ്റ്റോക്ക്‌ (stock), ലാക്കൊലിഥ്‌ തുടങ്ങിയ സ്ഥൂലിച്ച ശിലാപിണ്ഡങ്ങള്‍ക്കുചുറ്റുമായി രൂപംകൊള്ളുന്ന ആറിയോളുകളിൽ ഏറിയകൂറും ശിലാപടലങ്ങള്‍ പുനഃക്രിസ്റ്റലീകരണ(recrystallization)ത്തിന്റെ ലക്ഷണം കാണിക്കുന്നു.

ആറിയോളിന്റെ ബാഹ്യപടലങ്ങളിൽ ചില പ്രത്യേക ധാതുക്കള്‍ക്കുമാത്രം അങ്ങിങ്ങായി പുനഃക്രിസ്റ്റലീകരണം നടന്നു കാണുന്നു; ഉള്ളിലേക്കു കടക്കുന്തോറും ഇതിന്റെ തോത്‌ വർധിക്കുന്നു. ഇവിടെ ചെറിയ തരികള്‍ ഒന്നുചേർന്നുണ്ടായ പരുക്കന്‍തരികള്‍ സാധാരണമാണ്‌; ബയോടൈറ്റ്‌, പൈറോക്‌സിന്‍, അന്‍ഡാലൂസൈറ്റ്‌, കോർഡിയറ്റൈറ്റ്‌ എന്നിവയുടെ ഉദ്‌ഗമം ഈ രീതിയിലാണ്‌. സ്വാഭാവികമായും ഉന്നത ഊഷ്‌മാവിൽ മാത്രം രൂപംകൊള്ളുന്ന ധാതുക്കള്‍ ആഗ്നേയസംസ്‌പർശ(igneous contact)ത്തിനു വളരെ അടുത്തായി ഉണ്ടാകുന്നു.

ബാഹ്യപടലങ്ങളിൽ അവസ്ഥിതമായിക്കാണുന്ന ധാതുക്കളുടെ സൂക്ഷ്‌മരൂപത്തിലുള്ള കണികകള്‍ സംരചനാവ്യതിയാനത്തിന്റെ സൂചകങ്ങളാണ്‌. ഇവ ഒരുമിച്ചുകൂടി പരലുകളായി വളരുന്നു; മിക്കപ്പോഴും നന്നേ മുഴുത്ത പരലുകള്‍ (prophyroblasts) ഉെണ്ടാകാം. സ്‌തരണ(bedding)ത്തിന്റെയും ഷിസ്റ്റാഭത(schistosity)യുടെയും തലങ്ങളിൽ നേർത്ത അഭ്രപാളികള്‍ വളർന്ന്‌, വിദളന(cleavage)ത്തിനുള്ള സാധ്യതകള്‍ വർധിക്കുന്നു. പുനഃക്രിസ്റ്റലീകരണവും ധാത്വംശരൂപവത്‌കരണവും വർധിക്കുന്നതോടെ ആറിയോളിന്റെ ഉള്ളറകളിൽ സ്‌തരണം, ഷിസ്റ്റാഭത തുടങ്ങിയ നൈസർഗികപ്രകൃതികള്‍ക്ക്‌ വ്യതിയാനം സംഭവിക്കുന്നു. പ്രത്യേക ക്രമീകരണത്തിനു വഴിപ്പെടാത്ത സമപരിമാണമുള്ള തരികള്‍ ധാരാളമായി ഉരുത്തിരിയുന്നു. ഏതാണ്ട്‌ മൊസെയ്‌ക്കിന്റെ (mosaic) രൂപത്തിലുള്ള ഈ ശിലാഘടന ഹോണ്‍ഫെൽസ്‌ (hornfels)എന്നാണറിയപ്പെടുന്നത്‌; ഇവയ്‌ക്കുള്ളിൽ അവിടവിടെയായി മുഴുത്ത പരലുകള്‍ കണ്ടുകൂടായ്‌കയില്ല.

സംരചനയിൽ വന്നുചേരുന്ന വ്യതിയാനങ്ങള്‍ ശിലകളുടെ മൊത്തം ഘടനയിൽ വലിയ മാറ്റം വരുത്തുന്നില്ല; ജലത്തിന്റേയും കാർബണ്‍ ഡൈ ഓക്‌സൈഡിന്റെയും അംശങ്ങള്‍ വിസർജിക്കപ്പെടാം. മാഗ്മാപിണ്ഡത്തിൽനിന്നും ഖരീഭവനത്തോടനുബന്ധിച്ച്‌ പുറന്തള്ളപ്പെടുന്ന ബോറോണ്‍, ഫ്‌ളൂറിന്‍, ക്ലോറിന്‍ തുടങ്ങിയ ബാഷ്‌പങ്ങള്‍ ആഗിരണം ചെയ്യപ്പെട്ട്‌ ആറിയോളിൽ ടൂർമലൈന്‍, ഫ്‌ളൂറൈറ്റ്‌, ടോപാസ്‌, സ്‌കാപ്പോലൈറ്റ്‌ തുടങ്ങിയ പുതിയ ധാതുക്കള്‍ രൂപംകൊള്ളുന്നു. ചിലയിനം ചുച്ചാമ്പുകല്ലുകള്‍ ഇരുമ്പിന്റെ അംശവുമായി കൂടിക്കലർന്ന്‌ സ്‌കാണ്‍ (scarn) നിക്ഷേപങ്ങളാവുന്നു; കാൽസിയം, ഇരുമ്പ്‌, മഗ്നീഷ്യം എന്നിവയുടെ സിലിക്കേറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ള ധാതുസഞ്ചയങ്ങളാണ്‌ സ്‌കാണ്‍. മഗ്നീഷ്യത്തിന്റെ അംശം ധാരാളം ഉണ്ടാവുന്നത്‌ കോർഡിയെറൈറ്റ്‌-ആന്തോഫിലൈറ്റ്‌ ശിലകളുടെ ഉദ്‌ഗമത്തിനു നിദാനമാവും. മാഗ്മായിൽനിന്ന്‌ ആൽക്കലി പദാർഥങ്ങള്‍ നിവേശിക്കുന്നതുമൂലം ആറിയോളിൽ ആൽക്കലിഫെൽസ്‌പാർ ധാരാളമായി രൂപംകൊള്ളുന്നതും വിരളമല്ല; ഈ ആൽക്കലിഫെൽസ്‌പാറിന്റെ മുഴുത്ത പരലുകള്‍ നേരത്തേയുള്ള ധാത്വംശങ്ങളെ ഖനിജാദേശ(metasomatism)ത്തൊിനു വിധേയമാക്കുന്നതും സാധാരണമാണ്‌.

ആറിയോളുകളുടെ അകവശം മിക്കവാറും പ്രസ്‌പഷ്‌ട രൂപത്തിലുള്ളതാവാം; എന്നാൽ ചില സംസ്‌പർശങ്ങളിൽ സ്ഥാനീയശിലാഭാഗങ്ങള്‍ അടർത്തിമാറ്റപ്പെട്ട്‌ ഗ്രാനൈറ്റിനുള്ളിൽ പതിപ്പിക്കപ്പെട്ട നിലയിലും, ഗ്രാനൈറ്റ്‌നാളങ്ങള്‍ ആറിയോള്‍മേഖലയിലേക്ക്‌ കടന്നുകയറിയ സ്ഥിതിയിലും കാണപ്പെടുന്നു. സ്‌തരിതമോ പർണിലമോ (foliated) ആയി, നന്നായി ക്രമീകരിക്കപ്പെട്ട ശിലാഘടനയുമായാണ്‌ ആഗ്നേയസംസ്‌പർശമുണ്ടാവുന്നതെങ്കിൽ സമ്മിശ്രസ്വഭാവമുള്ള മിഗ്മട്ടൈറ്റ്‌ ശിലകളുടെതായ ഒരു നേരിയ മേഖല രൂപംകൊള്ളുന്നു. ആറിയോളിനുള്ളിൽ ശിലാഘടനയ്‌ക്കു സാരമായ വ്യതിയാനങ്ങള്‍ നേരിടുന്നത്‌ അകത്തെ അരികിനോടു ചേർന്ന്‌ അധികം വിസ്‌തൃതമല്ലാത്ത ഒരു മേഖലയിലാണ്‌. രാസപ്രക്രിയകളിലൂടെ മാഗ്മയിലെ സ്ഥായിത്വമുള്ള ധാതുക്കള്‍ ആറിയോളിനുള്ളിലും ഉദ്‌ഗമിപ്പിക്കുന്നുവെന്നതാണ്‌ മുഖ്യ പരിവർത്തനം. പുറത്തുള്ള ശിലാപദാർഥങ്ങളുമായുള്ള സമ്പർക്കം മാഗ്മയെ മലിനമാക്കുന്നു; ഈ മലിനദ്രവത്തിന്റെ ക്രിസ്റ്റലീകരണം (crystallization) അസാധാരണമായ കൂട്ടുചേരലിനു കളമൊരുക്കിയെന്നും വരാം. കൂടുതൽ മാലിന്യങ്ങള്‍ ഉരുകിച്ചേരുന്നതിലൂടെ സ്വകീയഘടനയിൽനിന്നും തുലോം വ്യത്യസ്‌തമായ സംരചനകളും ഉണ്ടാകാം.

സീമാന്തമേഖല(marginal zone)യിൽ ഘടനാപരമായ മധ്യവർത്തിത്വമുള്ള സങ്കര-ശിലകള്‍ രൂപം പ്രാപിക്കുന്നത്‌ സാധാരണമാണ്‌. നേരത്തേ രൂപംപൂണ്ടിട്ടുള്ള ഗാബ്രാശിലകള്‍ക്ക്‌ ഗ്രാനൈറ്റുമായി സംസ്‌പർശമുണ്ടാവുമ്പോള്‍ ഡയോറൈറ്റ്‌, ക്വാർട്ട്‌സ്‌ഡയോറൈറ്റ്‌, ഗ്രാനോഡയോറൈറ്റ്‌ എന്നിവ ധാരാളമുള്ള സങ്കര-ശിലാമേഖലകള്‍ ഉണ്ടാകുന്നു.

സംസ്‌പർശ-ആറിയോളുകള്‍ക്ക്‌ ശിലാവിജ്ഞാനികള്‍ വ്യത്യസ്‌ത വിവക്ഷകള്‍ നല്‌കി കാണുന്നു. ശിലാദ്രവത്തിന്റെ അന്തർവേധ(intrusions)ങ്ങെള്‍ക്കു ചുറ്റുമായുള്ള താപീയ-പരിവേഷങ്ങള്‍ (thermal halos) ആെയി ഇവ വിവക്ഷിക്കപ്പെടാറുണ്ട്‌. ആഗ്നേയശിലാപിണ്ഡങ്ങള്‍ സംസ്‌പർശത്തിലൂടെ വ്യാപിപ്പിക്കുന്ന ഗ്രാനിറ്റൈസേഷന്‍ (granitisation) പ്രക്രിയമൂലം ഘടനാപരമായ വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്ന ശിലാ-മേഖലയാണ്‌ മറ്റൊരു വിവക്ഷ; ആറിയോളുകളുടെ പരിണതരൂപം ഗ്രാനൈറ്റ്‌ ആണെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. നോ: സംസ്‌പർശ കായാന്തരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍