This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറിയൊമൈസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറിയൊമൈസിന്‍

Auriomycin

സ്‌ട്രപ്‌റ്റൊമൈസസ്‌ ആറിയൊഫേസിന്‍സ്‌ (Streptomyces Aureofaciensഎന്ന ബാക്‌റ്റീരിയത്തിന്റെ സംവർധ(culture)ത്തിൽനിന്നും ലഭ്യമാക്കാവുന്ന ആന്റിബയോട്ടിക്‌. ടെറ്റ്രാസെക്ലിന്‍ വിഭാഗത്തിൽപ്പെട്ട ഇതിന്റെ രാസനാമം ക്ലോറൊ ടെറ്റ്രാസൈക്ലിന്‍ എന്നാണ്‌. ഫോർമുല:

സ്വർണവർണത്തിലുള്ള പരലുകളായി ലഭിക്കുന്നതുകൊണ്ട്‌ ഇതിന്‌ ആറിയൊമൈസിന്‍ (aurum = സ്വർണം) എന്ന പേരുണ്ടായി. 1948-ൽ ആണ്‌ ബന്‍ജമിന്‍ എം. ഡഗ്ഗർ എന്ന ശാസ്‌ത്രജ്ഞന്‍ ഈ രാസപദാർഥം ആദ്യമായി വേർതിരിച്ചു പഠിച്ചത്‌. ഇത്‌ ഉഭയധർമി (amphoteric) ആയ ഒരു വസ്‌തുവാണ്‌; ഹെഡ്രാക്ലോറിക്‌ ആസിഡ്‌, സോഡിയം ഹൈഡ്രാക്‌സൈഡ്‌ എന്നിവയുമായി പ്രവർത്തിച്ച്‌ ലേയങ്ങളായ ലവണങ്ങള്‍ തരുന്നു. ഹൈഡ്രാക്ലോറിക്‌ ആസിഡ്‌ ലവണം സോഡിയം ലവണത്തെക്കാള്‍ സ്ഥിരതയുള്ളതാണ്‌. ഭൗതിക-രാസിക (Physico-chemical) പ്രക്രിയകള്‍വഴി മാധ്യമത്തിൽനിന്ന്‌ ആറിയൊമൈസിന്‍ വേർതിരിച്ചെടുക്കാം. പല സാംക്രമികരോഗങ്ങളെയും ആറിയൊമൈസിന്‍ കൊണ്ടുചികിത്സിക്കാം. അനേകം ഇനങ്ങളിൽപ്പെടുന്ന ഗ്രാം പോസിറ്റീവ്‌-ഗ്രാം നെഗറ്റീവ്‌ ബാക്‌റ്റീരിയകളെ മാരകമായവിധം ബാധിക്കുവാന്‍ കഴിവുള്ള ഒന്നാകയാലാണ്‌ ഇത്‌ ശക്തമായ ഒരു ഔഷധമായിത്തീർന്നിട്ടുള്ളത്‌. ചില വൈറസ്സുകളെ ഇതു നശിപ്പിക്കും. ഏകകോശങ്ങളായ ചില പരോപജീവി(parasite)കള്‍ക്കും ഇതു മാരകമാണ്‌.

രോഗികള്‍ക്ക്‌ ആറിയൊമൈസിന്‍ നല്‌കുന്നത്‌ മൗഖിക(oral)മായിട്ടാണ്‌, ഇന്‍ജക്ഷന്‍വഴിയല്ല. കുടലിൽ നിന്നു നേരിട്ട്‌ ഈ പദാർഥം അനായാേസന ശരീരത്തിലേക്ക്‌ അവശോഷിതമാകുന്നു. ആദ്യകാലത്തു ലഭ്യമാക്കിയിരുന്ന ആറിയൊമൈസിന്‍ ഛർദി, അതിസാരം എന്നീ വൈഷമ്യങ്ങള്‍ക്കു കാരണമായിരുന്നു. പൂർവാധികം ശുദ്ധീകൃതമായ പുതിയ ഇനങ്ങള്‍ക്ക്‌ അത്തരം ദോഷങ്ങളില്ല. സേവിച്ച്‌ 5-6 മണിക്കൂറിനുള്ളിൽ ഈ ഔഷധം പരമാവധി രക്തത്തിൽ എത്തിച്ചേരുകയും അപ്പോഴത്തെ ആസാന്ദ്രണം ഏതാണ്ട്‌ 12 മണിക്കൂർവരെ അവിടെ നിലനില്‌ക്കുകയും ചെയ്യുന്നു. രക്തത്തിൽനിന്ന്‌ ഇത്‌ രോഗബാധിതഭാഗങ്ങളിലേക്ക്‌ എളുപ്പത്തിൽ സംക്രമിക്കുന്നു. മറുപിള്ള(placenta)യുടെ ആവരണംപോലും ഭേദിക്കുവാന്‍ ഇതിനു കഴിവുണ്ട്‌. രക്തത്തിലും ടിഷ്യുവിലും യഥാകാലം സ്ഥിതിചെയ്‌തശേഷം ഇത്‌ മൂത്രത്തിലൂടെ ഒഴിഞ്ഞുപോകുന്നു. വിദഗ്‌ധമായ വൈദ്യോപദേശം അനുസരിച്ചേ ഈ ഔഷധം ഉപയോഗിക്കാവൂ. നോ: ആന്റിബയോട്ടിക്കുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍