This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറിയൂസ്‌ സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറിയൂസ്‌ സിദ്ധാന്തം

പിതാവ്‌ പുത്രന്‍ പരിശുദ്ധാങ്ങാവ്‌ എന്ന ത്രിയേക ദൈവസങ്കല്‌പത്തിലെ പുത്രനായ യേശുക്രിസ്‌തു ദൈവമല്ല എന്നു വാദിക്കുന്ന, ക്രസ്‌തവവേദശാസ്‌ത്ര വിരുദ്ധമായ ഒരു സിദ്ധാന്തം. നാലാം ശ.-ത്തിന്റെ ആരംഭത്തിൽ (318-?) അലക്‌സാണ്ട്രിയയിലെ ബാവുക്കാലിസ്‌ ദേവാലയത്തിലെ വൈദികനായിരുന്ന ആറിയൂസാണ്‌ ഈ സിദ്ധാന്തത്തിന്റെ പ്രയോക്താവ്‌. ഇദ്ദേഹത്തിന്റെ ജനനത്തെപ്പറ്റിയോ ആദ്യകാലജീവിതത്തെപ്പറ്റിയോ വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്‌ അക്കിലസ്‌ ബിഷപ്പ്‌ 311-ൽ വൈദികപട്ടം നല്‌കി. പണ്ഡിതനും സന്യാസിയും പ്രഭാഷണചതുരനുമായിരുന്നു ആറിയൂസ്‌. രണ്ടാം ശ.-ത്തിൽതന്നെ ഈ സിദ്ധാന്തത്തിന്റെ ഒരു അപൂർണരൂപം അന്ത്യോഖ്യായിലെ ലൂസിയാന്‍ ആവിഷ്‌കരിച്ചിരുന്നു. പിന്നീട്‌ അലക്‌സാണ്ട്രിയയിലെ ദീവന്നാസിയോസ്‌, ഓറിഗണ്‍ തുടങ്ങിയ ദൈവശാസ്‌ത്രജ്ഞന്മാരും ഈ ആശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. എങ്കിലും ഇതിന്‌ സമഗ്രമായ രൂപംനല്‌കി ഒരു വിവാദവിഷയമാക്കിയത്‌ ആറിയൂസായിരുന്നു.

ദൈവം ഏകനാണ്‌, അദ്വിതീയനാണ്‌, അജാതനാണ്‌, അനാദ്യന്തനാണ്‌, നിർവികല്‌പനാണ്‌ എന്നെല്ലാമുള്ള ദാർശനികാടിസ്ഥാനമാണ്‌ ആറിയൂസ്‌ സിദ്ധാന്തത്തിന്റെ കാതൽ. ദൈവപുത്രനും ദൈവവചനവുമായ (Logos) യേശുക്രിസ്‌തു ജനിച്ചവനും ആദിയുള്ളവനും ജനിക്കുന്നതിനുമുമ്പേ ഇല്ലാതിരുന്നവനുമാണ്‌. അങ്ങനെ ഇല്ലായ്‌മയിൽനിന്ന്‌ ഉണ്‍മയിലേക്ക്‌ വന്നവനാണ്‌. ആകയാൽ യേശു സൃഷ്‌ടിയാകുന്നു. സൃഷ്‌ടിയാണെങ്കിൽ യഥാർഥ ദൈവമാകാന്‍ സാധ്യമല്ല. "വചനം' സർവയുഗങ്ങള്‍ക്കും മുമ്പേ ഉള്ളവനാണെന്ന്‌ ആറിയൂസ്‌ സമ്മതിക്കുന്നെങ്കിലും ആദിയിൽ യേശു സൃഷ്‌ടിതനാണെന്ന്‌ ശഠിക്കുകയും ചെയ്യുന്നു. ദൈവത്തിൽനിന്ന്‌ ജനിച്ചവനാകയാൽ ദൈവസ്വഭാവം ഉള്ളവനാണെന്ന്‌ സമ്മതിക്കാമെങ്കിലും ദൈവമാകുന്നില്ല. ദൈവത്തിന്റെ അതുല്യത പുത്രനുമായി പങ്കിടാവുന്നതല്ല. അജാതനായ പിതാവ്‌ മാത്രമാണ്‌ ദൈവം എന്ന്‌ അദ്ദേഹം സിദ്ധാന്തിക്കുന്നു. ആറിയൂസ്‌ അന്നത്തെ മെത്രാപ്പൊലീത്തയായിരുന്ന അലക്‌സാണ്ടറുടെ ഉപദേശങ്ങളെ നിരാകരിച്ച്‌ ഈ സിദ്ധാന്തം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌ 319-ൽ അലക്‌സാണ്ട്രിയയിൽവച്ച്‌ നൂറോളം ഈഗ്വപ്‌തായ മെത്രാന്മാർ ചേർന്ന്‌ ആറിയൂസ്‌ സിദ്ധാന്തത്തെ നിഷേധിക്കുകയും ഇദ്ദേഹത്തെ സഭയിൽനിന്ന്‌ ബഹിഷ്‌കരിക്കുകയും ചെയ്‌തു. ആറിയൂസിന്‌ അനുയായികള്‍ കുറവായിരുന്നില്ല. ആറിയൂസ്‌ സിദ്ധാന്തം ക്രസ്‌തവസഭയുടെ മാത്രമല്ല റോമാസാമ്രാജ്യത്തിന്റെതന്നെ ഐക്യത്തെ തകർക്കുമെന്ന്‌ ഭയന്ന്‌ കുസ്‌തന്തീനോസ്‌ ചക്രവർത്തി (288-357) അനുരഞ്‌ജന ശ്രമങ്ങള്‍ ആരംഭിച്ചു. ചക്രവർത്തിക്ക്‌ വേദശാസ്‌ത്രപരമായ വിജ്ഞാനം കുറവായതിനാൽ തന്റെ ആങ്ങീയോപദേഷ്‌ടാവായ സ്‌പെയിന്‍കാരന്‍ ഹോബിയസ്‌ മെത്രാപ്പൊലീത്തായെ ഇതിനായി നിയോഗിച്ചു. ആറിയൂസ്‌ സിദ്ധാന്തത്തോടു വിയോജിപ്പു പ്രകടിപ്പിച്ച ഈ മെത്രാപ്പൊലീത്തയുടെ ഉപദേശപ്രകാരം 325-ൽ ആദ്യത്തെ ആഗോളസുന്നഹദോസ്‌ വിളിച്ചുകൂട്ടി. പാശ്ചാത്യസഭയിൽനിന്നു ചുരുക്കം മെത്രാന്മാർ മാത്രം സംബന്ധിച്ച ഈ സുന്നഹദോസിൽ മുന്നൂറോളം മെത്രാന്മാരിൽ രണ്ടുപേരൊഴികെ എല്ലാവരും ആറിയൂസിന്റെ സിദ്ധാന്തത്തെ നിരാകരിക്കുന്നതിൽ ഏകാഭിപ്രായക്കാരായിരുന്നു.

ഇതിനെതുടർന്ന്‌ ആറിയൂസ്‌ നിക്കോഡിവോഡിയായിലെ യവ്‌സേബിയോസ്‌, കൈസീറിയയിലെ യവ്‌സേബിയോസ്‌ എന്നീ മെത്രാന്മാരെ സ്വാധീനിച്ച്‌, അവർ 342-ൽ വിളിച്ചുകൂട്ടിയ ഒരു സുന്നഹദോസിൽവച്ച്‌ തന്റെ സിദ്ധാന്തം ന്യായീകരിക്കാന്‍ ശ്രമിച്ചു. ആറിയൂസിന്റെ പിന്‍ഗാമിയായ യവ്‌നോവിയസ്‌ പുതിയൊരു ദാർശനികാടിസ്ഥാനത്തിൽ ഈ സിദ്ധാന്തത്തെ ഉറപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കപ്പദോക്യന്‍ പിതാക്കന്മാരായിരുന്ന മാർബസേലിയൂസ്‌ (സു. 330-370), നാസിയാന്‍സിലെ മാർഗ്രിഗോറിയൂസ്‌ (329-389), നിസായിലെ മാർ ഗ്രിഗോറിയൂസ്‌ (330-395) എന്നിവരാണ്‌ യവ്‌നോവിയസ്സിന്റെ വാദമുഖങ്ങള്‍ സമഗ്രമായി ഖണ്ഡിച്ച്‌ ആറിയൂസ്‌ സിദ്ധാന്തത്തെ നിഷ്‌പ്രഭമാക്കാന്‍ ശ്രമിച്ചത്‌. നിഖ്യാവിശ്വാസപ്രമാണത്തിലെ "സത്യ'ദൈവത്തിൽനിന്നുള്ള "സത്യദൈവവും' "ജനിച്ചവനും സൃഷ്‌ടിയല്ലാത്തവനും' "പിതാവിനോടുകൂടെ ഏകസാരാംശമുള്ളവനും' (സത്തൈക്യമുള്ളവന്‍; ഹോമോവൂസിയോണ്‍ റ്റോപാട്രി) എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ആറിയൂസ്‌ സിദ്ധാന്തത്തിനെതിരായി ആവിഷ്‌കരിക്കപ്പെട്ടവയാണ്‌. ആറിയൂസ്‌ സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന നിഖ്യാവിശ്വാസപ്രമാണത്തിന്റെ ആവിഷ്‌കരണത്തിൽ പ്രധാന പങ്കുവഹിച്ചത്‌ അലക്‌സാണ്ട്രിയ മെത്രാനായ അലക്‌സാണ്ടറും അദ്ദേഹത്തിന്റെ കാര്യദർശിയായ അത്താനാസ്യോസ്‌ (സു. 296-373) ശെമ്മാശനും അന്ത്യോഖ്യാ മെത്രാനായ (324-330?) എവുസ്‌താത്തിയോസും കൊർഡോവായിലെ മെത്രാനും സുന്നഹദോസിലെ അധ്യക്ഷനുമായിരുന്ന ഹോസിയോസും (257-357?) ആയിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ എട്ടാംശതകം വരെ ഈ സിദ്ധാന്തം നിലനിന്നു. നോ: അത്താനാസിയോസ്‌, വിശുദ്ധ (പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍