This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറന്മുള വള്ളംകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറന്മുള വള്ളംകളി

ആറന്മുള വള്ളംകളി

ചിങ്ങമാസത്തിൽ കേരളീയർ ആഘോഷപൂർവംകൊണ്ടാടുന്ന തിരുവോണത്തിനു ശേഷം വരുന്ന ഉത്തൃട്ടാതി നാളിൽ ആറന്മുള പാർഥസാരഥി ക്ഷേത്രകടവിൽ സമാപിക്കത്തക്കവിധം പമ്പാനദിയിൽ നടത്തിവരുന്ന നിറപ്പകിട്ടാർന്ന ജലോത്സവം.

ഈ ജലത്സോവത്തിന്റെ ഉത്‌പത്തിയെപ്പറ്റി ഒരു ഐതിഹ്യമുണ്ട്‌; ആറന്മുളയ്‌ക്കു കിഴക്കായി പമ്പാതീരത്തുള്ള കാട്ടൂർ എന്ന സ്ഥലത്ത്‌ മങ്ങാട്ടുമഠത്തിലെ ഒരു ഭട്ടതിരി മാസംതോറും തിരുവോണനാളിൽ വിഷ്‌ണുപ്രീതിക്കായി ഒരു ബ്രാഹ്മണന്‌ "കാലുകഴുകിച്ചൂട്ട്‌' നടത്തുക പതിവായിരുന്നു. ഒരു വർഷം ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഒരു ബ്രാഹ്മണനെ കണ്ടുകിട്ടാതെ ഭട്ടതിരി വിഷമിച്ചു. അദ്ദേഹം തിരുവാറന്‍മുള്ളയപ്പനെ പ്രാർഥിച്ച്‌ തന്റെ സങ്കടം ഉണർത്തിച്ചു; അപ്പോള്‍ ഒരു ബ്രഹ്മചാരി അവിടെയെത്തി ഭക്ഷണം യാചിച്ചു. ഭട്ടതിരി ബ്രഹ്മചാരിയെ ഉപചാരപൂർവം സല്‌കരിച്ചു. അടുത്തചിങ്ങമാസം ഉത്രാടം നാളിൽ സ്വപ്‌നത്തിൽ ഈ ബ്രഹ്മചാരി ഭട്ടതിരിക്കു ദർശനം നല്‌കുകയും തിരുവോണദിവസം ആറന്മുളക്ഷേത്രത്തിൽ ചെലവിനുള്ള സാധനങ്ങളുമായി എത്തിച്ചേരുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ബ്രഹ്മചാരി തിരുവാറന്മുള അപ്പനാണെന്ന്‌ മനസ്സിലാക്കിയ ഭട്ടതിരി തോണിയിൽ ഒരു ദിവസത്തെ ചെലവിനുള്ള സാധനങ്ങളുമായി ആറന്മുള ക്ഷേത്രത്തിലെത്തി. ഈ പതിവ്‌ അദ്ദേഹം മുടങ്ങാതെ ആണ്ടുതോറും നടത്തിവന്നു. കവർച്ചയും കൊള്ളയും തൊഴിലാക്കിയിരുന്ന അന്നത്തെ പ്രബലന്മാരായ ചില കരപ്രമാണിമാർക്ക്‌ ആർഭാടത്തോടുകൂടിയ ഈ യാത്ര ഇഷ്‌ടമായില്ല. അവർ തോണി തടഞ്ഞിട്ടു. ആയുധാഭ്യാസവും മെയ്‌വഴക്കവുംകൊണ്ട്‌ പ്രശസ്‌തിയാർജിച്ച തൊട്ടാവള്ളിൽ ആശാന്മാർ ഈ വിവരം അറിഞ്ഞു. അവരും മറ്റാളുകളും ചേർന്ന്‌ ആക്രമിസംഘത്തെ തുരത്തി നിരവധി വള്ളങ്ങളുടെ അകമ്പടിയോടുകൂടി ആഡംബരസമന്വിതം തോണിയെ എതിരേറ്റ്‌ ക്ഷേത്രക്കടവിലെത്തിച്ചു.

"തോണിവരവ്‌' എന്ന പേരിലാണ്‌ ഈ യാത്ര അറിയപ്പെടുന്നത്‌; തോണിയെ "തിരുവോണച്ചെലവുതോണി' എന്നും വിളിക്കുന്നു. തോണിക്ക്‌ സംരക്ഷണം ആവശ്യമായതിനാലാണ്‌ ഓരോ കരക്കാരും വലിയ ചുണ്ടന്‍വള്ളങ്ങള്‍ പണിയിച്ച്‌ തോണിക്ക്‌ അകമ്പടിസേവിക്കാന്‍ തുടങ്ങിയത്‌. "തോണിവരവ്‌' രാത്രിയിൽ ആയതിനാൽ ആളുകള്‍ക്ക്‌ ശരിക്ക്‌ ദർശനംലഭിക്കാന്‍തക്കവച്ചം ക്ഷേത്രപ്രതിഷ്‌ഠാദിനമായ ഉത്തൃട്ടാതിനാളിൽ പകൽ ഈ ചുണ്ടന്‍വള്ളങ്ങള്‍ ജലോത്സവം ആഘോഷിക്കുവാന്‍ തുടങ്ങി. ഇതാണ്‌ ആറന്മുളവള്ളംകളി എന്നറിയപ്പെടുന്നത്‌.

പള്ളിയോടങ്ങള്‍. വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നാണ്‌ വിളിക്കുക. പഴയകാലത്തെ പ്രമുഖശില്‌പികളായിരുന്ന റാന്നിമുണ്ടപ്പുഴ തച്ചന്മാരുടെ നിർദേശാനുസരണമാണ്‌ പള്ളിയോടങ്ങള്‍ നിർമിക്കപ്പെട്ടിരുന്നത്‌. മറ്റെങ്ങുമില്ലാത്ത അണിയവും അമരവും വെടിപ്പടിയും നടുപ്പടിയുമുള്ള ഈ ചുണ്ടന്‌ ഒരു പ്രത്യേക ആകൃതിയാണുള്ളത്‌. ഇവയ്‌ക്ക്‌ മുപ്പത്തിയാറേകാൽ കോൽ മുതൽ നാല്‌പത്തിഒന്നേകാൽ കോൽ വരെ നീളമുണ്ടായിരിക്കും (ഒരുകോൽ= 75 സെ.മീ). മുന്‍വശം കൂർത്ത്‌ ജലോപരിതലത്തിൽനിന്നും അല്‌പം പൊങ്ങിനില്‌ക്കുന്നു; ഈ ഭാഗത്തിന്‌ കൂമ്പ്‌ എന്നാണ്‌ പേര്‌. കൂമ്പ്‌ പിത്തളത്തകിടുകൊണ്ട്‌ പൊതിഞ്ഞിരിക്കും. പുറകുവശം നന്നേ പൊങ്ങിയാണ്‌ നില്‌ക്കുന്നത്‌. കൂമ്പിൽ ഒരു നയമ്പുകാരനും പുറകിലേക്ക്‌ രണ്ടുവരിയായി മറ്റു തുഴക്കാരും അമരത്ത്‌ നാല്‌ അടനയമ്പുകാരും കാണും. പ്രത്യേക വൈദഗ്‌ധ്യം നേടിയ കരപ്രമാണിമാരാണ്‌ അമരത്തുനിന്നുകൊണ്ട്‌ വള്ളം നിയന്ത്രിക്കുന്നത്‌. നൂറുമുതൽ നൂറ്റിയിരുപത്തിയഞ്ചുവരെ ആളുകള്‍ക്ക്‌ ഒരു വള്ളത്തിൽ സഞ്ചരിക്കാം. വള്ളത്തിന്റെ ഏതാണ്ട്‌ മധ്യഭാഗത്ത്‌ മുത്തുക്കുടകള്‍കൊണ്ട്‌ അലങ്കരിച്ച വെടിപ്പടിയിലാണ്‌ വഞ്ചിപ്പാട്ടുകാർ നിലയുറപ്പിക്കാറുള്ളത്‌. അമരത്ത്‌ നെറ്റിപ്പട്ടവും സ്വർണം പൂശിയ കുമിളകളും കൊടിയുമുണ്ടായിരിക്കും.

വള്ളംകളിയുടെ ആവിർഭാവകാലത്ത്‌ പമ്പാനദിയുടെ കിഴക്കന്‍പ്രദേശമായ വടശ്ശേരിക്കര മുതൽ പടിഞ്ഞാറ്‌ പള്ളിപ്പാട്ടു വരെയുള്ള 48 കരകളെ പ്രതിനിധാനം ചെയ്‌ത്‌ 48 പള്ളിയോടങ്ങള്‍ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ കരയുടെയും പേരിലാണ്‌ പള്ളിയോടങ്ങള്‍ അറിയപ്പെടുന്നത്‌. പള്ളിയോടങ്ങളുടെ എച്ചം അടുത്ത കാലത്ത്‌ കുറഞ്ഞിരിക്കുന്നു.

പള്ളിയോടസേവാസംഘം. ആധുനികകാലത്ത്‌ വള്ളംകളിയുടെ ചുമതല വഹിക്കുന്നത്‌ "പള്ളിയോടസേവാസംഘം' എന്നൊരു സംഘടനയാണ്‌. കളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഉടമകളായ കരക്കാരുടെ പ്രതിനിധികളാണ്‌ ഇതിലെ അംഗങ്ങള്‍. വള്ളംകളിയുടെ നടത്തിപ്പിലേക്കായി കേരളസർക്കാരും ദേവസ്വംബോർഡും പള്ളിയോടസേവാസംഘത്തിന്‌ ഗ്രാന്റ്‌ നല്‌കുന്നുണ്ട്‌. കൂടാതെ കളിയിൽ പങ്കെടുക്കുന്ന ഓരോ വള്ളത്തിനും ദേവസ്വം ബോർഡിന്റെ വകയായി നൂറുരൂപവീതം പാരിതോഷികവും നല്‌കുന്നുണ്ട്‌. ആറന്മുള വള്ളംകളിയുടെ പരമ്പരാഗതമായ ആസ്വാദ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ ഇതൊരു മത്സരവള്ളംകളിയായി പരിവർത്തനം ചെയ്‌തത്‌ 1971-ൽ ആണ്‌.

വഞ്ചിപ്പാട്ട്‌. താളലയനിബദ്ധമായ വഞ്ചിപ്പാട്ട്‌ പള്ളിയോടങ്ങളുടെ കലാപ്രകടനത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നു. ആറന്മുള വള്ളംകളിയുടെ ഒരു പ്രത്യേകത ദ്രുതഗതിയിലുള്ള പാട്ടോ, തുഴയലോ അതിൽ കടന്നുകൂടിയിട്ടില്ലെന്നുള്ളതാണ്‌. ആറന്മുളയിൽ കിഴക്കന്‍ ചിട്ടയിലുള്ള വഞ്ചിപ്പാട്ടും തുഴയലുമാണ്‌ നിലവിലുള്ളത്‌. സ്‌തോത്രഗാനങ്ങള്‍, വഞ്ചിപ്പാട്ട്‌, വച്ചുപാട്ട്‌ എന്നീ മൂന്നു ഗാനസമ്പ്രദായങ്ങള്‍ ഇവിടെ ഉപയോഗിക്കപ്പെടുന്നു. പുരാണകഥകളെ ആസ്‌പദമാക്കി നതോന്നതവൃത്തത്തിൽ രചിച്ച പല വഞ്ചിപ്പാട്ടുകളുണ്ട്‌. കുചേലവൃത്തം, നൈഷധം, സന്താനഗോപാലം, ബാലലീല, പാലാഴിമഥനം, ഉത്തൃട്ടാതിചരിതം, ഭഗവദ്‌ദൂത്‌, നളചരിതം, ആറന്മുള ചരിതം തുടങ്ങിയവ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്‌. ഓരോ പദത്തിന്റെയും എട്ടാമത്തെ അക്ഷരത്തിൽ നിർത്തി "തെയ്‌തെയ്‌തക, തെയ്‌തെയ്‌തോ' എന്നും "തിത്തിത്താതിത്തൈ തൈ' എന്നും അവസാനിക്കുന്ന കിഴക്കന്‍ ചിട്ടയിലെ പാട്ടുകളുടെ താളത്തിനൊപ്പിച്ചാണ്‌ വള്ളം തുഴയുന്നവർ തുഴകള്‍ ചലിപ്പിക്കുന്നത്‌. ഹൈന്ദവാചാരനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട്‌ ആരംഭിക്കുകയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വർഷംതോറും നടത്തിവരികയും ചെയ്യുന്ന ഈ വള്ളംകളി ഒരു ദേശീയ ജലോത്സവമായി വളർന്നിരിക്കുന്നു. നോ: വഞ്ചിപ്പാട്ട്‌; വള്ളംകളി

(പി.എന്‍. ചന്ദ്രസേനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍