This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറന്മുളയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആറന്മുളയുദ്ധം

തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ(ഭ.കാ. എ.ഡി. 1729-58)യുടെ സേനയും തെക്കുംകൂർ രാജാവിന്റെ ബ്രാഹ്മണപ്പടയും തമ്മിൽ ആറന്മുളവച്ച്‌ 1749-ൽ നടന്ന യുദ്ധം. ഈ യുദ്ധമുണ്ടായ പശ്ചാത്തലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. കായംകുളം കൈവശപ്പെടുത്തിയശേഷം, കായംകുളം രാജാവിനെ സഹായിച്ച തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ കീഴടക്കാന്‍ മാർത്താണ്ഡവർമ തീരുമാനിച്ചു. ഈ അവസരത്തിൽ അത്യധികം ശക്തിയാർജിച്ചിരുന്ന തിരുവിതാംകൂറുമായി സന്ധിയിലേർപ്പെടുന്നതാണുചിതമെന്ന്‌ അനുജനും അനന്തരാവകാശിയുമായ ഇളയരാജാവ്‌ തെക്കുംകൂർ രാജാവിനെ അറിയിച്ചുവെങ്കിലും അദ്ദേഹം വഴിപ്പെട്ടില്ല. തന്മൂലം ഇളയരാജാവ്‌ തിരുവനന്തപുരത്തെത്തി മാർത്താണ്ഡവർമയെ സന്ദർശിച്ച്‌ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു. മാർത്താണ്ഡവർമ ഇളയരാജാവിനെ സാമന്തനായി അംഗീകരിച്ചു. ഈ വിവരം രഹസ്യമായറിഞ്ഞ തെക്കുംകൂർ രാജാവ്‌, മാതാവ്‌ അത്യാസന്നനിലയിൽ കിടക്കുകയാണെന്ന കിംവദന്തി പരത്തി, ഇളയരാജാവിനെ തിരിച്ചുവിളിച്ചു വധിച്ചു. ഇതിൽ ക്ഷുഭിതനായിത്തീർന്ന മാർത്താണ്ഡവർമ, രാമയ്യന്‍ദളവയെ സൈന്യസമേതം തെക്കുംകൂറിലേക്കയച്ചു.

1749 ഏ.-ൽ ഈ സൈന്യത്തെ ആറന്മുളവച്ച്‌ തെക്കുംകൂറിലെ ബ്രാഹ്മണസേന എതിർത്തു. ബ്രാഹ്മണരെ ആക്രമിക്കാന്‍ നായർപട്ടാളം വിസമ്മതം പ്രകടിപ്പിച്ചു; എന്നാൽ ഡിലനായിയുടെ കീഴിലുണ്ടായിരുന്ന മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും അടങ്ങിയ പീരങ്കിപ്പട്ടാളവിഭാഗത്തിന്റെ സഹായത്തോടെ രാമയ്യന്‍ അവരെ തോല്‌പിച്ചു.

തെക്കുംകൂറിൽ യഥാർഥത്തിൽ സംഭവിച്ചത്‌ രാജാവും ഇളയരാജാവും തമ്മിലുണ്ടായ അധികാരമത്സരമായിരുന്നു. 1748 ഒ.-ൽ ഇളയരാജാവ്‌ തിരുവനന്തപുരത്തുവന്ന്‌ മാർത്താണ്ഡവർമയെ സന്ദർശിച്ചതായും സംഭാഷണം നടത്തിയതായും മതിലകം രേഖകളിൽ കാണുന്നു.

ആറന്മുള യുദ്ധത്തിൽ പരാജയപ്പെട്ടുവെങ്കിലും തെക്കുംകൂർ രാജാവ്‌ പിന്നീട്‌ സൈന്യത്തെ സംഘടിപ്പിക്കുകയും തിരുവിതാംകൂർ സൈന്യവുമായി ഏകദേശം ഒരു കൊല്ലംവരെ നീണ്ടുനിന്ന യുദ്ധം നടത്തുകയും ചെയ്‌തു. ഈ യുദ്ധത്തിലും ഇദ്ദേഹത്തിന്‌ വിജയം വരിക്കുവാന്‍ സാധിച്ചില്ല. 1750 ഏ.-ൽ തെക്കുംകൂർ തിരുവിതാംകൂറിന്‌ അധീനമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍