This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യാവർത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യാവർത്തം

ആര്യന്മാരുടെ നിവാസസ്ഥലം. ഋഗ്വേദത്തിൽ "സപ്‌തസിന്ധു' പ്രദേശമായി ഈ ഭൂവിഭാഗത്തെ വിവക്ഷിച്ചുകാണുന്നു. ഋഗ്വേദത്തിലെ നദീസൂക്തം (10-75) ആര്യന്മാരുടെ പ്രദേശത്തുകൂടി ഒഴുകുന്ന നദികളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കാബൂള്‍ (കുഭാ), കുർമ്‌ (ക്രുമു), ഗോമൽ (ഗോമതി), സിന്ധു, രാവി (പരുഷ്‌ണി), സത്‌ലജ്‌ (ശതദ്രു), ഝലം (വിതസ്‌ത), സരസ്വതി, യമുന, ഗംഗ എന്നീ നദികളെയാണ്‌ ഈ സൂക്തത്തിൽ വിവരിച്ചിട്ടുള്ളത്‌. വൈദിക കാലഘട്ടത്തിൽ ആര്യന്മാർ ഏതെല്ലാം സ്ഥാനങ്ങള്‍ കൈയടക്കിയിരുന്നുവെന്നതിന്‌ ഈ പരാമർശങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ബ്രാഹ്മണങ്ങളിൽ കുരുപാഞ്ചാലദേശത്തെ ആര്യസംസ്‌കാരത്തിന്റെ കലവറയായി സൂചിപ്പിച്ചു കാണുന്നു; യജ്ഞങ്ങളുടെയും യാഗങ്ങളുടെയും കേന്ദ്രമായിരുന്ന ഇവിടം പ്രജാപതിയുടെ നാഭിസ്ഥലമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ശതപഥബ്രാഹ്മണത്തിൽ പറയുന്നത്‌ കുരുപാഞ്ചാലത്തിലെ ഭാഷ സർവോത്തമമെന്നാണ്‌. ഉപനിഷദ്‌കാലമായപ്പോഴേക്കും ആര്യസംസ്‌കാരം കാശി, വിദേഹം എന്നീ ജനപദങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞിരുന്നു; ആര്യന്മാരുടെ പുണ്യഭൂമിയായി ഉപനിഷത്തുകള്‍ ഘോഷിക്കുന്നത്‌ പഞ്ചാബ്‌ മുതൽ മിഥില വരെയുള്ള വിസ്‌തൃതമായ ഭൂഭാഗമാണ്‌.

ധർമസൂത്രങ്ങളിൽ ആര്യാവർത്തത്തിന്റെ അതിരുകള്‍ പലയിടത്തും പലതായി വിവരിക്കപ്പെട്ടിരിക്കുന്നു. വസിഷ്‌ഠധർമസൂത്രം (1-8, 9) പറയുന്നത്‌ ആര്യാവർത്തം ആദർശിനു കിഴക്കോട്ട്‌ കാലകവനം വരെക്കും പാരിയാത്രം, വിന്ധ്യ എന്നിവയ്‌ക്കു വടക്ക്‌ ഹിമാലയത്തോളവും വ്യാപിച്ചിരിക്കുന്നു എന്നാണ്‌. ബൗധായനന്റെ ധർമസൂത്രത്തിലും (1-1-27) പതജ്ഞലിയുടെ മഹാഭാഷ്യത്തിലും (2-4-10) മനുസ്‌മൃതിയിലും (2/17) മേല്‌പറഞ്ഞതിനെ ആശ്രയിച്ച്‌ ആര്യാവർത്തത്തിന്റെ സീമനിർണയിച്ചിരിക്കുന്നതായി കാണുന്നു. ഇവയിൽ കാലകവനം പ്രയാഗിനെ സൂചിപ്പിച്ചിക്കുന്നു; വിവർത്തനിക പ്രക്രിയ(Tectonic phenomenon)കളിൽപെട്ട്‌ പുണ്യനദിയായി കരുതിയിരുന്ന സരസ്വതി ലുപ്‌തയായിത്തീർന്ന ഇടമായി ഭൂവിജ്ഞാനികള്‍ കരുതുന്ന പ്രദേശമാണ്‌ ആദർശം. കൃഷ്‌ണമൃഗങ്ങള്‍ നിർബാധം സഞ്ചരിക്കുന്ന ഗംഗാ-യമുനാനദികള്‍ക്കിടയ്‌ക്കുള്ള ഭൂഭാഗമായും ആര്യാവർത്തം വർണിക്കപ്പെട്ടിട്ടുണ്ട്‌. മനുവിന്റെ അഭിപ്രായത്തിൽ ആര്യാവർത്തത്തിനുള്ളിൽ അത്യന്തം പവിത്രമായ ബ്രഹ്മാവർത്തം എന്നൊരു ഭൂഭാഗംകൂടിയുണ്ട്‌; സരസ്വതി, ദൃഷദ്വതി എന്നീ പുണ്യനദികളാൽ സിക്തമായ പ്രദേശമാണ്‌ ഇവിടം. മേല്‌പറഞ്ഞ സീമകള്‍ ലംഘിച്ച്‌ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്‌ തീർഥാടനം ഉദ്ദേശിച്ചല്ലാതെ പോകുവാന്‍ ആര്യന്മാർ അനുവദിക്കപ്പെട്ടിരുന്നില്ല. മ്ലേച്ഛപ്രദേശങ്ങളായ ഇവിടങ്ങളിൽ പോകാന്‍ ബാധ്യസ്ഥരാവുന്നവർ മടങ്ങി ആര്യാവർത്തത്തിലേക്കു ചെല്ലുമ്പോള്‍ പുണ്യാഹത്തിന്‌ വിധേയരായി ആങ്ങശുദ്ധി വീണ്ടെടുക്കണമെന്നും നിയമമുണ്ടായിരുന്നു.

ബൗധായനസൂത്രത്തിൽ (1/1/61) അവന്തി, അംഗം, മഗധം, സൗരാഷ്‌ട്രം, ദക്ഷിണാപഥം, ഉപാവൃതം, സിന്ധു-സൗവീരം ആദിയായ അയൽനാടുകള്‍ മ്ലേച്ഛപ്രേദശങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആര്യസംസ്‌കാരം ഈ പ്രദേശങ്ങളിൽ അത്യധികമായ സ്വാധീനം പുലർത്തിപ്പോന്നിരുന്നതിനാൽ അവയെക്കൂടി ആര്യാവർത്തത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്താതിരിക്കുക ന്യായമല്ല. മേധാതിഥിയുടെ അഭിപ്രായത്തിൽ ഏതെല്ലാം മേഖലകളിൽ മ്ലേച്ഛന്മാരെ അടക്കി ക്ഷത്രിയരാജാക്കന്മാർ ചാതുർവർണ്യവ്യവസ്ഥ നടപ്പിലാക്കിയോ അവിടമെല്ലാം ആര്യാവർത്തത്തിൽ ഉള്‍പ്പെടുത്താവുന്നതാണ്‌. മ്ലേച്ഛന്മാർ ചാതുർവർണ്യത്തിനു വഴിപ്പെടുന്നതോടെ അവരുടെ ഭൂമിയുടെ അവിശുദ്ധസ്വഭാവം ഇല്ലാതാവുന്നു.

ഗുപ്‌തകാലഘട്ടത്തിൽ ആര്യാവർത്തം "കുമാരിദ്വീപ്‌' എന്നാണറിയപ്പെട്ടിരുന്നത്‌. പുരാണങ്ങളിൽ ഭാരതവർഷം ആയി വിവക്ഷിക്കപ്പെടുന്നതും ഈ പ്രദേശം തന്നെ. ആര്യന്മാരുടെ ആവർത്തം (ചുറ്റിത്തിരിഞ്ഞുനടക്കുന്ന പ്രദേശം) എന്ന അർഥത്തിൽ വ്യാഖ്യാനിക്കപ്പെട്ടുവരുന്ന ഈ പ്രദേശ സംജ്ഞ ഹിമവാനും വിന്ധ്യപർവതത്തിനും ഇടയ്‌ക്കുള്ള ഭൂവിഭാഗത്തെ സൂചിപ്പിക്കാനാണ്‌ അമരകോശകാരന്‍ ഉപയോഗിച്ചിട്ടുള്ളത്‌; ആര്യാവർത്തത്തിന്‌ "പുണ്യഭൂമി' എന്നൊരു പര്യായവും അതിൽ കാണാനുണ്ട്‌. "ആര്യാവർത്തഃ പുണ്യഭൂമിർ- മധ്യം വിന്ധ്യ ഹിമാഗയോഃ' ചില വ്യാഖ്യാതാക്കള്‍ "ഹിമാഗ' ശബ്‌ദം പാർവതിയുടെ പര്യായമായതുകൊണ്ട്‌ അത്‌ കന്യാകുമാരിയെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പറയുന്നുണ്ടെങ്കിലും ആ വാദത്തിന്‌ സാർവത്രികമായ അംഗീകരണം ലഭിച്ചിട്ടില്ല; വിന്ധ്യനും ഹിമാലയത്തിനും ഇടയ്‌ക്കുള്ള പ്രദേശമാണ്‌ ആര്യാവർത്തം എന്നുള്ള അർഥത്തിനാണ്‌ കൂടുതൽ വ്യാപകത്വം ലഭിച്ചിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍