This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യാവൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യാവൃത്തം

ഒരു സംസ്‌കൃതഛന്ദസ്സ്‌. മാത്രാവൃത്തങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ ഇത്‌. പൂർവാർധത്തിൽ 30 മാത്രകള്‍ ഉണ്ടായിരിക്കും; ഏഴുമാത്രാഗണവും ഒടുവിൽ ഒരു ഗുരുവും ആണ്‌ ക്രമം. ഈ ഏഴുഗണങ്ങളിൽ ഒറ്റകളായ (1, 3, 5, 7) ഗണങ്ങളിൽ ജഗണം (u-u) വരാന്‍ പാടില്ല; ആറാം ഗണം മധ്യഗുരുവോ (ജഗണം) സർവലഘുവോ ആകാം. അങ്ങനെ ഏഴു ഗണവും അഞ്ചു ഗുരുവുംകൂടി ചേരുമ്പോള്‍ (7 x 4 + 2) 30 മാത്ര. ഒടുവിലത്തെ രണ്ടു മാത്രയ്‌ക്ക്‌ രണ്ട്‌ ലഘുപോര, ഒരു ഗുരുതന്നെ വേണം എന്ന്‌ നിർബന്ധമാണ്‌. ഉത്തരാർധത്തിനും ഗണസംഖ്യ പൂർവാർധത്തിലേതുതന്നെ; എന്നാൽ ആറാമത്തെ ചതുർമാത്രഗണത്തിന്‌ പകരം ഒറ്റലഘു മാത്രമുള്ളത്‌ ആയിരിക്കണം എന്ന സവിശേഷത ഉത്തരാർധത്തിനുണ്ട്‌. തന്മൂലം ഉത്തരാർധത്തിന്‌ 27 മാത്രകളേ ഉണ്ടായിരിക്കൂ. അപ്പോള്‍, ഒരു ശ്ലോകത്തിന്‌ ആകെ (30 + 27) 57 മാത്ര. പൂർവാർധത്തിലെ ആറാംഗണം സർവലഘു ആയിരുന്നാൽ അതിന്റെ ആദ്യത്തെ ലഘുവിൽ യതിവരണം. പൂർവാർധം, ഉത്തരാർധം എന്നിവയെ അടിസ്ഥാനമാക്കി ലക്ഷണം ചെയ്‌കയാൽ പാദങ്ങളെ മുറിക്കുന്നതിൽ നിയതമായ വ്യവസ്ഥ ഇല്ല; എങ്കിലും 1-ാം പാദത്തിന്‌12, 2-ന്‌ 18, 3-ന്‌ 12, 4-ന്‌ 15 (ആകെ 57) എന്നിങ്ങനെയാണ്‌ പൊതുവിലുള്ള മാത്രാക്രമം.

സംസ്‌കൃതകാവ്യമീമാംസാഗ്രന്ഥമായ ശ്രുതബോധത്തിൽ (കാളിദാസന്‍, വരരുചി, അജിതസേനന്‍ എന്നിവരിൽ ഓരോരുത്തരിലും ഇതിന്റെ കർതൃത്വം ആരോപിക്കപ്പെടുന്നു) ആര്യയ്‌ക്ക്‌ ലക്ഷണം നല്‌കിയിരിക്കുന്നത്‌ ഇങ്ങനെയാണ്‌: "യസ്യാഃ പ്രഥമേ പാദേ ദ്വാദശമാത്രാസ്‌തഥാ തൃതീയേƒപി അഷ്‌ടാദശ ദ്വിതീയേ ചതുർഥകേ പഞ്ചദശ സാƒര്യാ' (ഒന്നാം പാദത്തിലും മൂന്നാം പാദത്തിലും 12 മാത്ര, രണ്ടാം പാദത്തിൽ 18, നാലാം പാദത്തിൽ 15-ഇങ്ങനെ വരുന്നതാണ്‌ ആര്യ). ചതുരശ്രഗതിയിൽ നന്നാലുഗണം ചേർത്ത്‌, അർധാവസാനത്തിൽ ഒന്നോ രണ്ടോ ഗണങ്ങളെ പ്ലുതവും (3 മാത്രയുള്ള സ്വരം) കാകപദവും (4 മാത്രയുള്ള സ്വരം) ആക്കിയിട്ടുള്ള വൃത്തങ്ങളിൽപ്പെടുന്ന ഒന്നാണ്‌ ആര്യ എന്ന്‌ വ്യത്തശില്‌പത്തിൽ കെ. എം. കുട്ടികൃഷ്‌ണമാരാര്‌ അഭിപ്രായപ്പെടുന്നു; പ്രമസംഗീത(നോ: പരമേശ്വരയ്യർ, ഉള്ളൂർ എസ്‌.)ത്തിന്റെ ഛന്ദസ്സിന്‌ ആര്യാവൃത്തത്തോട്‌ അടുപ്പമുണ്ട്‌ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രമസംഗീതരീതി ഗണവിന്യാസത്തിൽ വ്യവസ്ഥകള്‍ വരുത്തിയാൽ ആര്യാവൃത്തത്തിനുദാഹരണമാകും എന്ന്‌ വൃത്തശില്‌പത്തിൽ വിവരിക്കപ്പെടുന്നു. ആര്യയുടെ വിഭാഗങ്ങള്‍: (1) പഥ്യ. ആര്യയുടെ വിഷമപാദങ്ങള്‍ക്ക്‌ മുമ്മൂന്നു ഗണങ്ങള്‍; ആ ഗണങ്ങളുടെ അവസാനത്തിൽ പദം മുറിഞ്ഞ്‌ യതി വരുന്നു; (2) വിപുല. ഗണവ്യവസ്ഥ പഥ്യയിലേതുപോലെതന്നെ; വിഷമപാദം യതികൂടാതെ ക്രമത്തിൽ സമപാദത്തോടു യോജിച്ചിരിക്കും; (3) കേതുമതി. വിപുലാര്യപോലെതന്നെ; എന്നാൽ നാലാം ഗണത്തിന്റെ നടുക്ക്‌ യതി ഉണ്ടായിരിക്കും; (4) ചപല. ആര്യയുടെ ഓരോ അർധത്തിലുമുള്ള ഏഴുഗണങ്ങളിൽ രണ്ടാമത്തേതും നാലാമത്തേതും ജഗണം ആവുകയും ജഗണത്തിന്റെ ഇരുവശവും ഗുരുക്കള്‍ വരികയും ചെയ്യുന്നത്‌. ചപലാര്യയുടെ ഒന്നാമത്തെയും മൂന്നാമത്തെയും ഗണങ്ങള്‍ അന്ത്യഗുരുക്കളും മൂന്നാമത്തെയും അഞ്ചാമത്തെയും ആദി ഗുരുക്കളും ആയിരിക്കണം; തന്മൂലം മൂന്നാമത്തെ ഗണം സർവഗുരു (- - -) ആയിരിക്കും; (5) മുഖചപല. ചപലയുടെ ലക്ഷണം പൂർവാധത്തിൽ മാത്രം ബാധകമായുള്ള ആര്യ; (6) ജഘനചപല. ഉത്തരാർധത്തിൽ മാത്രം ചപലയുടെ ലക്ഷണം ബാധകമായുള്ള ആര്യ; (7) ഗീതി. ആര്യയുടെ പൂർവാർധത്തിന്റെ ലക്ഷണംതന്നെ ഉത്തരാർധത്തിനും ഇണങ്ങിയിരിക്കും; (8) ആര്യാഗീതി. ഗീതിയുടെ ലക്ഷണംതന്നെ; എന്നാൽ രണ്ടർധത്തിന്റെയും ഒടുവിൽ ഓരോ ഗുരു കൂടുതലായിരിക്കും; (9) ഉപഗീതി. ആര്യയുടെ ഉത്തരാർധത്തിന്റെ ലക്ഷണംതന്നെ പൂർവാർധത്തിനും യോജിച്ചിരിക്കും; (10) ഉദ്‌ഗീതി. ആര്യയുടെ ഉത്തരാർധത്തിന്റെ ലക്ഷണം പൂർവാർധത്തിനും പൂർവാർധത്തിന്റെ ലക്ഷണം ഉത്തരാർധത്തിനും യോജിച്ചു കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍