This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യസമാജം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യസമാജം

ദയാനന്ദസരസ്വതി

സ്വാമി ദയാനന്ദസരസ്വതി (1824-83) 1875-ൽ ബോംബെയിൽ സ്ഥാപിച്ച ഹൈന്ദവ നവീകരണ പ്രസ്ഥാനം. 19-ാം ശ.-ത്തിന്റെ അന്ത്യപാദത്തിൽ ഭാരതത്തിലുണ്ടായ ഈ മതനവീകരണ പ്രസ്ഥാനത്തിന്‌ 16-ാം ശ.-ത്തിൽ മാർട്ടിന്‍ ലൂഥറുടെ നേതൃത്വത്തിൽ യൂറോപ്പിലുണ്ടായ മതനവീകരണപ്രസ്ഥാനവുമായി ചരിത്രപരമായ സാധർമ്യമുണ്ട്‌. "ബൈബിളിലേക്കു തിരിച്ചു പോവുക' എന്നതായിരുന്നു ലൂഥറിന്റെ മുദ്രാവാക്യം എങ്കിൽ "വേദങ്ങളിലേക്കു മടങ്ങുക' എന്നതായിരുന്നു ദയാനന്ദന്റെ സന്ദേശം.

ഭാരതീയ ജനജീവിതത്തെ തദ്ദേശീയവും വിദേശീയവുമായ ഒട്ടേറെ സ്വാധീനങ്ങള്‍ കലുഷമാക്കിയിരുന്ന ഒരു കാലഘട്ടമാണ്‌ 19-ാം ശതകം. വിവിധവിശ്വാസങ്ങള്‍ കൂടിക്കലർന്ന്‌ മൗലികപ്രഭ മങ്ങിയ ഒരു ഹൈന്ദവമതത്തെയാണ്‌ ദയാനന്ദന്‌ കാണാന്‍ കഴിഞ്ഞത്‌. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം മുതൽ തന്ത്രങ്ങളിലെ പ്രാകൃത വിശ്വാസങ്ങള്‍വരെയുണ്ടതിൽ. അതോടൊപ്പം അനാചാരങ്ങളെ തലോലിച്ചു വളർത്തുന്ന ജാതിവ്യവസ്ഥയും അത്‌ സമൂഹത്തിൽ നിർമിച്ച ഉച്ചനീചത്വങ്ങളും. ഇതായിരുന്നു അക്കാലത്തെ മതപരവും സാമുദായികവുമായ സാഹചര്യങ്ങള്‍. രാഷ്‌ട്രീയസാഹചര്യവും ദയാനന്ദന്റെ ചിന്തയെ ഉത്തേജിപ്പിക്കാതിരുന്നില്ല. വൈദേശികഭരണത്തോടുള്ള അസംതൃപ്‌തി ഒരു വശത്ത്‌; അതേസമയം ആ ഭരണകൂടത്തിന്റെ സംഭാവനയായ റെയിൽവേയും കമ്പിത്തപാലും ആവിയന്ത്രവും നല്‌കുന്ന ശാസ്‌ത്രമികവ്‌ മറുവശത്ത്‌. ദയാനന്ദനെപ്പോലൊരു ചിന്തകന്റെ മനസ്സിനെ അലട്ടാന്‍ പോന്നതായിരുന്നു ഇവയെല്ലാം. അന്ധവിശ്വാസജടിലമായ ഹിന്ദുമതത്തെ എങ്ങനെ പരിഷ്‌കരിക്കാം? പ്രാചീന സംസ്‌കാരത്തെയും ആധുനിക നാഗരികതയെയും എങ്ങനെ സമന്വയിപ്പിക്കാം? ഭാരതത്തിന്റെ ആധ്യാങ്ങികവും ധൈഷണികവുമായ ഔന്നത്യത്തിന്‌ ഊനംതട്ടാത്ത തരത്തിൽ പൗരസ്‌ത്യ, പാശ്ചാത്യ ദർശനങ്ങളെ എങ്ങനെ കൂട്ടിയിണക്കാം? മറ്റു രാഷ്‌ട്രങ്ങളുടെ സാംസ്‌കാരികനേട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ സാർവജനീനമായ ഒരു ധർമപദ്ധതി എങ്ങനെ ആവിഷ്‌കരിക്കാം? തന്നെ അഭിമുഖീകരിച്ച ഈ പ്രശ്‌നങ്ങള്‍ക്ക്‌ ദയാനന്ദന്‍ കണ്ടെത്തിയ പരിഹാരമായിരുന്നു ആര്യസമാജത്തിന്റെ സ്ഥാപനം (1875 ഏ. 7). അതിന്റെ അടിത്തറയായി വേദങ്ങളെ അദ്ദേഹം സ്വീകരിച്ചു.

വേദങ്ങളെപ്പറ്റിയുള്ള പാരമ്പര്യസിദ്ധമായ ഭാരതീയ യാഥാസ്ഥിതികവ്യാഖ്യാനങ്ങളെ ദയാനന്ദന്‍ നിരാകരിച്ചു. പാശ്ചാത്യരുടെ വിമർശനപരമായ വ്യാഖ്യാനവും അദ്ദേഹം സ്വീകരിച്ചില്ല. ഭാരതീയനോ വൈദേശികനോ ആയ ഒരു സംസ്‌കൃതപണ്ഡിതനും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വ്യാഖ്യാനമാണ്‌ അദ്ദേഹം വേദങ്ങള്‍ക്കു നല്‌കിയത്‌; അപൗരുഷേയമായ വേദം ജ്ഞാനമാണ്‌; അതിനാൽ അത്‌ പവിത്രമാണ്‌; പൂർണവുമാണ്‌. അത്‌ സമസ്‌തശാസ്‌ത്രങ്ങളുടെയും അധിഷ്‌ഠാനമാണ്‌.

ഭൗതികശാസ്‌ത്രത്തിന്റെ തെളിയിക്കപ്പെട്ട ഫലങ്ങളുമായി വൈദികതത്ത്വങ്ങളെ സമരസപ്പെടുത്താനാണ്‌ ആര്യസമാജം ശ്രമിക്കുന്നത്‌. യഥാർഥജ്ഞാനത്തിന്റെ ഉറവിടമായ വേദങ്ങള്‍ എല്ലാ ശാസ്‌ത്രങ്ങളുടെയും അടിസ്ഥാനതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ ആര്യസമാജം വിശ്വസിക്കുന്നു. അതിനാൽ ആധുനികമായ എല്ലാ ശാസ്‌ത്രസിദ്ധികളും കുറഞ്ഞപക്ഷം അവയുടെ പ്രാഗ്‌രൂപത്തിൽ വേദങ്ങളിൽ കണ്ടെത്താം. പൗരസ്‌ത്യദാർശനികരുടെ ചിന്താപദ്ധതികളിൽ അങ്കുരിച്ചുനിന്ന തത്ത്വങ്ങളുടെ സാക്ഷാത്‌കരണം മാത്രമാണ്‌ പാശ്ചാത്യശാസ്‌ത്രങ്ങള്‍. ആധുനികനാഗരികത പുരാതന വൈദികതത്ത്വങ്ങളെ അബോധപൂർവം അനുഗമിക്കുന്നു എന്നാണ്‌ ആര്യസമാജം സിദ്ധാന്തിക്കുന്നത്‌.

ഇതേ രീതിയിലുള്ള സമീപനമാണ്‌ മതങ്ങളുടെ കാര്യത്തിലും ആര്യസമാജത്തിനുള്ളത്‌; മാനവരാശിക്കു ദൈവം വെളിപ്പെടുത്തിക്കൊടുത്ത യഥാർഥജ്ഞാനമായ വേദങ്ങളിൽനിന്നാണ്‌ എല്ലാ മതങ്ങളും ഉദ്‌ഭവിക്കുന്നത്‌. മതങ്ങളുടെ നാനാത്വത്തിന്‌ കാരണം പരിതോവസ്ഥകളുടെ വൈവിധ്യമാണ്‌. ഈ തത്ത്വമനുസരിച്ച്‌ ലോകപുനരുദ്ധാരണത്തിനായി ആര്യസമാജം രണ്ടു കർമപദ്ധതികള്‍ ആവിഷ്‌കരിച്ചു-വിസ്‌തൃതമായ വൈദികപഥത്തിലേക്കു ജനങ്ങളെ തിരിച്ചുവിടുക; വൈദികസന്ദേശം ലോകത്തെങ്ങും പ്രചരിപ്പിക്കുക.

ആര്യസമാജം അതിന്റെ അടിസ്ഥാനതത്ത്വങ്ങളായി സ്വീകരിച്ച 10 വൈദികതത്ത്വങ്ങള്‍ "പ്രമാണദശകം' എന്ന പേരിലറിയപ്പെടുന്നു. സത്യാർഥപ്രകാശം എന്ന ഗ്രന്ഥത്തിൽ സ്വാമി ദയാനന്ദസരസ്വതി ഈ പ്രമാണങ്ങളെ പ്രതിപാദിക്കുന്നുണ്ട്‌. 1. എല്ലാ യഥാർഥജ്ഞാനത്തിന്റെയും ജ്ഞാതമായ എല്ലാറ്റിന്റെ യും ആദികാരണം ഈശ്വരനാണ്‌. 2. ഈശ്വരന്‍ സത്യസ്വരൂപനും സർവജ്ഞനും സർവശക്തനും സർവമുക്തിദനും അരൂപനും അനന്തനും നീതിമാനും ആദ്യന്തരഹിതനും അനുപമനും സർവാന്തര്യാമിയും അനശ്വരനും അമർത്യനും നിർഭയനും പവിത്രനും പ്രപഞ്ചകാരകനും ആണ്‌; ഈശ്വരന്‍ മാത്രമേ ആരാധ്യനായുള്ളു. 3. യഥാർഥജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്‌ വേദങ്ങള്‍; അവ വായിക്കുകയോ വായിച്ചുകേള്‍ക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ടത്‌ ഓരോ ആര്യന്റെയും മുഖ്യ ധർമമാണ്‌. 4. സത്യം സ്വീകരിക്കുവാനും അസത്യം നിരാകരിക്കുവാനും ഈ സമാജത്തിന്റെ ഓരോ അംഗവും സദാ സന്നദ്ധനായിരിക്കണം. 5. സർവകർമങ്ങളും സദാചാരാനുസൃതമായിരിക്കണം; കൂലങ്കഷമായ കാര്യകാരണവിവേചനത്തിനുശേഷം മാത്രമേ പ്രവർത്തിക്കാവൂ. പ്രവൃത്തി ധർമാനുസൃതമായിരിക്കുകയും വേണം. 6. മനുഷ്യരാശിയുടെ ഭൗതികവും ആധ്യാങ്ങികവും സാമൂഹികവും ആയ ഉന്നമനമാണ്‌ സമാജത്തിന്റെ ലക്ഷ്യം. 7. എല്ലാ വ്യക്തികളോടുമുള്ള പെരുമാറ്റം സ്‌നേഹപൂർണവും നീതിനിർഭരവും ധർമാനുസൃതവുമായിരിക്കണം. 8. അജ്ഞാനം നീക്കി ജ്ഞാനം പ്രചരിപ്പിക്കണം. 9. സ്വന്തം ശ്രയസ്സുകൊണ്ട്‌ മാത്രം ആരും തൃപ്‌തിപ്പെടരുത്‌. ഓരോരുത്തരും മറ്റുള്ളവരുടെ ശ്രയസ്സിൽ സ്വന്തം ശ്രയസ്സ്‌ കാണാനുള്ള സഹിഷ്‌ണുത പ്രകടിപ്പിക്കണം. 10. വ്യക്തിപരമായ കാര്യങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാമെങ്കിലും സമൂഹത്തിന്റെ പൊതുനന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഭിന്നതകളും വ്യക്തി ചിന്തയും ഒഴിവാക്കണം. ഈ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ മൂന്നെച്ചം ഈശ്വരന്റെ അസ്‌തിത്വത്തെയും സ്വഭാവത്തെയും വേദപ്രാമാണ്യത്തെയും പ്രതിപാദിക്കുന്നു. അതുകൊണ്ട്‌ ദൈവശാസ്‌ത്രപരമായി ഇവ മൂന്നും വളരെ പ്രാധാന്യമർഹിക്കുന്നു. ബാക്കിയുള്ള ഏഴെച്ചം നൈതികപ്രമാണങ്ങളാണ്‌.

മതപരമായ കാര്യങ്ങളിലെന്നപോലെ സാമൂഹികജീവിതത്തിലും ആര്യസമാജം ചില തത്ത്വങ്ങള്‍ പുലർത്തിപ്പോരുന്നുണ്ട്‌. അവയിൽ പ്രമുഖമായ ഒന്നാണ്‌ "നിയോഗതത്ത്വം'. അതനുസരിച്ച്‌ വിവാഹംകൂടാതെയുള്ള ലൈംഗികബന്ധം അനുവദനീയമാണ്‌. വിവാഹിതർക്കും അന്യസ്‌ത്രീപുരുഷന്മാരുമായി ലൈംഗികബന്ധം ചില പ്രത്യേക സാഹചര്യങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ആര്യസമാജത്തിന്‌ അഖിലേന്ത്യാതലത്തിൽ ഒരു കേന്ദ്രസമിതിയും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശികസമിതികളുമുണ്ട്‌. സമാജത്തിന്റെ പ്രമാണദശകത്തിലും ദയാനന്ദസരസ്വതിയുടെ വൈദികവ്യാഖ്യാനത്തിലും വിശ്വസിക്കുന്ന ആർക്കും ഈ സംഘടനയിൽ അംഗങ്ങളാകാമെന്നാണ്‌ വ്യവസ്ഥ.

ഞായറാഴ്‌ച രാവിലെ നടത്തുന്ന സമൂഹപ്രാർഥനയാണ്‌ സമാജത്തിന്റെ മുഖ്യമായ ആരാധനച്ചടങ്ങ്‌. വൈദികാഗ്നി കൊളുത്തിവച്ച അള്‍ത്താരയ്‌ക്കുമുമ്പിൽ ഭക്തജനങ്ങള്‍ ഒന്നിക്കുന്നു. സുഗന്ധധൂപം ഉയർത്തിക്കൊണ്ട്‌ ആരംഭിക്കുന്ന പ്രാർഥന വേദസൂക്തങ്ങളും സമാജത്തിന്റെ പ്രമാണദശകവും ഉരുവിടുന്നതോടെ അവസാനിക്കുന്നു. ഈ സമാജത്തിൽ ഔദ്യോഗിക പുരോഹിതന്മാരില്ലന്നതൊരു സവിശേഷതയാണ്‌. അംഗങ്ങള്‍തന്നെ ചടങ്ങിനു നേതൃത്വം നല്‌കുകയാണ്‌ പതിവ്‌.

ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തിലും ആര്യസമാജം അതിന്റേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. സാമ്രാജ്യത്വത്തിനെതിരെ ശബ്‌ദമുയർത്തിയ ആര്യസമാജത്തെ നശിപ്പിക്കുവാന്‍ ബ്രിട്ടിഷ്‌ ഭരണകർത്താക്കള്‍ പല വിധത്തിൽ ശ്രമം നടത്തുകയുണ്ടായി. ആര്യസമാജത്തിന്റെ പല പ്രമുഖ നേതാക്കളെയും ബ്രിട്ടിഷുകാർ തുറുങ്കിലടച്ചു. ചിലരെ വധിക്കുകതന്നെ ചെയ്‌തു. യാഥാസ്ഥിതികരായ ചില ശത്രുക്കള്‍ സ്വാമി ദയാനന്ദനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും സ്വാമിയുടെ പരിചാരകനെ പാട്ടിലാക്കി അദ്ദേഹത്തിനു വിഷംകൊടുക്കുകയും ചെയ്‌തു. തത്‌ഫലമായി 1883 ഒ. 30-ന്‌ സ്വാമി ദയാനന്ദന്‍ അകാലമൃത്യുവിനിരയായി.

സ്വാമി ദയാനന്ദസരസ്വതിയുടെ നിര്യാണത്തെത്തുടർന്ന്‌ ആര്യസമാജം രണ്ടായി വിഘടിച്ചു. മാംസാഹാരം, ഉന്നതവിദ്യാഭ്യാസം എന്നീ പ്രശ്‌നങ്ങളിലുണ്ടായ ഭിന്നതയായിരുന്നു കാരണം. അംഗങ്ങള്‍ മാംസഭുക്കുകളെന്നും സസ്യഭുക്കുകളെന്നും രണ്ടു വിഭാഗമായി വേർതിരിഞ്ഞു. വിദ്യാഭ്യാസപ്രശ്‌നത്തിൽ കോളജുകക്ഷിയെന്നും മഹാങ്ങാകക്ഷിയെന്നും ചേരിതിരിവുണ്ടായി. കോളജു പക്ഷക്കാർ ലാഹോറിൽ ദയാനന്ദാ ആംഗ്ലോവേദിക്‌ കോളജ്‌ സ്ഥാപിച്ചപ്പോള്‍ മഹാങ്ങാകക്ഷി ഹരിദ്വാരിൽ ഒരു ഗുരുകുലം സ്ഥാപിച്ചു.

ഇന്ത്യയിൽ പഞ്ചാബിലും ഉത്തർപ്രദേശിലുമാണ്‌ ആര്യസമാജത്തിന്‌ താരതമ്യേന സ്വാധീനമുള്ളത്‌. പ്രഭാഷണം, വിദ്യാഭ്യാസം, പത്രപ്രവർത്തനം, എന്നിവയിലൂടെയാണ്‌ അവർ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. സ്വാമി ദയാനന്ദന്‍ അന്തരിച്ച സ്ഥലം എന്ന നിലയിൽ ആജ്‌മീറിന്‌ ഒരു പുണ്യസ്ഥലമെന്ന പദവി നല്‌കിയിട്ടുണ്ട്‌.

ആഫ്രിക്ക, ഫിജി, മൊറീഷ്യസ്‌, ഗയാനാ, ട്രിനിഡാഡ്‌, സിംഗപ്പൂർ, ബാങ്കോക്ക്‌ എന്നിവിടങ്ങളിലും ആര്യസമാജത്തിന്റെ നിരവധി ശാഖകള്‍ പ്രവർത്തിക്കുന്നുണ്ട്‌. സമാജത്തിന്റെ കീഴിൽ "ആര്യവീരദള്‍' എന്ന ശക്തമായ യുവജനസംഘടന പ്രവർത്തിക്കുന്നു. 1975-ൽ ആര്യസമാജം ശതാബ്‌ദി ആഘോഷിക്കുകയുണ്ടായി. ഇന്ത്യയിലെ പല പ്രമുഖ രാഷ്‌ട്രീയനേതാക്കളും ചിന്തകന്മാരും ആര്യസമാജത്തിന്റെ അനുയായികളായുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍