This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യന്‍

കേവലം നൈതികമായ അർഥത്തിൽ ആര്യന്‍ എന്നതിന്‌ മഹാകുലന്‍, കുലീനന്‍, സഭ്യന്‍, സജ്ജനം, സാധു എന്നീ അർഥങ്ങളാണുള്ളത്‌. (മഹാകുല-കുലീന-ആര്യ-സഭ്യഃ സജ്ജന സാധവ എന്ന്‌ അമരകോശം). സായണന്‍ ഋഗ്വേദഭാഷ്യത്തിൽ വിജ്ഞന്‍, യാഗം അനുഷ്‌ഠിക്കുന്നവന്‍, കർമാനുഷ്‌ഠാനംകൊണ്ട്‌ ശ്രഷ്‌ഠന്‍, മനു എന്നീ അർഥങ്ങളിൽ ആര്യപദം പ്രയോഗിച്ചിട്ടുണ്ട്‌. സംസ്‌കൃതസാഹിത്യത്തിൽ ആദരണീയന്‍ എന്ന വിവക്ഷയോടുകൂടി വിപുലമായരീതിയിലും ഈ പദം പ്രയുക്തമായിരിക്കുന്നു. ഭർത്താവിനെ ആര്യപുത്രന്‍ എന്നും പിതാമഹനെ ആര്യന്‍ എന്നും മാതാമഹിയെ ആര്യ എന്നും വിളിക്കുന്നതിൽനിന്ന്‌ ഇക്കാര്യം വ്യക്തമാകും. ജ്യേഷ്‌ഠന്‍, ശ്വശുരന്‍ എന്നീ വിവക്ഷയും ചിലപ്പോള്‍ കാണുന്നു. കർത്തവ്യമനുഷ്‌ഠിക്കുകയും അകർത്തവ്യമനുഷ്‌ഠിക്കാതിരിക്കുകയും ചെയ്യുന്ന, ആചാരാനുഷ്‌ഠാനശീലനായ ആളാണ്‌ ആര്യന്‍ എന്നിങ്ങനെ ധാർമികാർഥത്തിലും ആര്യശബ്‌ദം മനു പ്രയോഗിച്ചിട്ടുണ്ട്‌. ബുദ്ധഭിക്ഷുവിന്റെ പേരായും ആര്യപദത്തിനു പ്രയോഗം കാണുന്നു.

സാമൂഹികമായ അർഥത്തിൽ സമ്പൂർണമനുഷ്യന്‍ എന്നാണ്‌ ആര്യശബ്‌ദത്തിന്റെ വിവക്ഷ. ആഭിജാതർക്കും ഭൃത്യകർമത്തിലേർപ്പെട്ടവർക്കും തമ്മിലുള്ള അന്തരം പ്രകടമാക്കുവാന്‍ "വർണ' ശബ്‌ദത്തിന്റെ മുന്നിൽ ആര്യപദം ചേർത്തുതുടങ്ങിയപ്പോള്‍ ആര്യവർണമെന്നും ശൂദ്രവർണമെന്നും വ്യവഹാരങ്ങളുണ്ടായി. പിന്നീട്‌ ആര്യന്മാർ സാമൂഹികവ്യവസ്ഥ ചിട്ടപ്പെടുത്തുന്നതിന്‌ വർണം അടിസ്ഥാനമാക്കിയപ്പോള്‍, ഗുണധർമഭേദങ്ങളനുസരിച്ച്‌ അവർ നാലുവർണങ്ങളായിത്തീർന്നു. ഈ ആശയം പുരുഷസൂക്തത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു: "ബ്രാഹ്മണോസ്യ മുഖമാസീദ്‌ ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്‌വൈശ്യാ പദ്‌ഭ്യാം ശൂദ്രാ അജായത' (ഋ. 90, 22) (വിരാട്‌ പുരുഷന്റെ മുഖത്തുനിന്ന്‌ ബ്രാഹ്മണനും ബാഹുവിൽനിന്ന്‌ ക്ഷത്രിയനും ഊരുവിൽനിന്ന്‌ വൈശ്യനും പാദങ്ങളിൽനിന്ന്‌ ശൂദ്രനും ജനിച്ചു).

മതം, സംസ്‌കാരം എന്നിവയോടു ബന്ധപ്പെടുത്തിയും ആര്യശബ്‌ദം പ്രയോഗിക്കാറുണ്ട്‌. ആര്യജനതയുടെ മതത്തിന്‌ ആര്യമതം എന്നു പറയുന്നു; അത്‌ വേദാധിഷ്‌ഠിതമാകയാൽ വൈദികമതം എന്നപേരിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിശക്തികളെ ദേവന്മാരായി കണക്കാക്കുന്ന രൂപകല്‌പനകളാണ്‌ ഈ മതത്തിന്റെ ഒരു സവിശേഷത. ഭാരതത്തിൽ കുടിയേറിപ്പാർത്ത ആര്യജനതയുടെ മൗലികമായ മതം ഋഗ്വേദത്തിൽ പ്രതിഫലിച്ചിട്ടുണ്ട്‌. പില്‌ക്കാലത്തുണ്ടായ ജൈന-ബൗദ്ധമതങ്ങളിലും ആര്യധർമത്തിന്റെ പ്രഭാവം കാണാനുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍