This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യന്മാർ

ഇന്തോ-യൂറോപ്യന്‍ എന്നു നിർവചിക്കപ്പെട്ടിട്ടുള്ള ഒരു വലിയ ജനവർഗത്തിലെ അംഗങ്ങള്‍. ആര്യന്മാരുടെ ആഗമനത്തോടെ ഇന്ത്യാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുന്നു. ദ്രാവിഡവർഗക്കാർക്കുമേൽ ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചു. താരതമ്യേന ഉയരമുള്ളവരും സുമുഖരും വെളുത്തവരുമായിരുന്ന ആര്യന്മാർ ദ്രാവിഡരെ "ദാസന്മാർ' (ദസ്യുക്കള്‍) എന്ന്‌ വിളിച്ചുപോന്നു. മൂലസ്ഥാനം. ആര്യന്മാരുടെ മൂലസ്ഥാനം ഏതായിരുന്നു എന്നത്‌ വിവാദവിഷയമാണ്‌. മിത-ശീതോഷ്‌ണമേഖലയിൽപ്പെട്ടതും പാൽ, ഗോതമ്പ്‌, മാംസം തുടങ്ങിയ ഭക്ഷണസാമഗ്രികള്‍ സുലഭമായി ലഭിച്ചിരുന്നതുമായ ഒരു പ്രദേശമായിരുന്നിരിക്കണം ആര്യന്മാരുടെ മൂലസ്ഥാനം എന്നതിന്‌ തെളിവുകളുണ്ട്‌. നദികളും തടാകങ്ങളും അവർക്കു സുപരിചിതമായിരുന്നെങ്കിലും സമുദ്രത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ആര്യന്മാർ കർഷകജനതയായിരുന്നു; നഗരജീവിതം അവർക്ക്‌ പരിചിതമായിരുന്നില്ല. പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇത്തരം സൂചനകളെ ആസ്‌പദമാക്കി പല പണ്ഡിതന്മാരും ആര്യന്മാരുടെ ജന്മദേശത്തെക്കുറിച്ച്‌ അവരുടേതായ സിദ്ധാന്തങ്ങളും നിഗമനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്‌.

ആര്യന്മാർ പുറത്തുനിന്ന്‌ വന്നവരല്ലെന്നും മറിച്ച്‌ ഇന്ത്യയിൽ സപ്‌തസിന്ധുപ്രദേശത്തെ അധിവസിച്ചിരുന്ന ആദിജനത ആയിരുന്നു എന്നും എ.സി. ദാസ്‌ തുടങ്ങിയ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇതിന്‌ പൊതുവായ അംഗീകാരം ലഭിച്ചിട്ടില്ല. ആര്യന്മാർ ഇന്ത്യയിൽ കുടിയേറിപ്പാർത്തവരാണെന്നാണ്‌ ഭൂരിപക്ഷം ചരിത്രകാരന്മാരുടേയും അഭ്യൂഹം. പക്ഷേ, അവർ ഏതു പ്രദേശത്തുനിന്നു വന്നു എന്നതിനെക്കുറിച്ച്‌ മതൈക്യം കാണുന്നില്ല. ഹംഗറി, ആസ്റ്റ്രിയ, ബൊഹിമീയ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്പ്‌ മേഖല; ജർമനി, ഉത്തരഫ്രാന്‍സ്‌ മുതൽ യുറാള്‍പർവതം വരെ നീണ്ടുകിടക്കുന്ന യൂറോപ്പ്‌ സമതലം; കരിങ്കടലിന്‌ വടക്കുള്ള പ്രദേശം എന്നീ ഭൂവിഭാഗങ്ങളോരോന്നിനെയും ആര്യന്മാരുടെ ആദിമ തറവാടുകളായി കല്‌പിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങള്‍ പൊന്തിവന്നിട്ടുണ്ട്‌. ആറുമാസം വീതം നീണ്ടുനില്‌ക്കുന്ന രാപകലുകളെപ്പറ്റി ഋഗ്വേദസൂക്തങ്ങളിലുള്ള സൂചനകളെ ആധാരമാക്കി, ബാലഗംഗാധരതിലകന്‍ ഉത്തരധ്രുവ പരിസരമാണ്‌ ആര്യന്മാരുടെ മൂലസ്ഥാനമെന്ന്‌ സമർഥിച്ചിട്ടുണ്ട്‌. പക്ഷേ, ഈ സിദ്ധാന്തത്തിനു പരക്കെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രാഫ. മാക്‌സ്‌ മുള്ളറുടെ സിദ്ധാന്തം അനുസരിച്ച്‌ ആര്യന്മാരുടെ മൂലസ്ഥാനം മധ്യേഷ്യയാണ്‌. ഈ അഭിപ്രായം കൂടുതൽ യുക്തിസഹമാണെന്നു ചരിത്രകാരന്മാർ കരുതുന്നു. ജനസംഖ്യാ വർധനവും കാലിവളർത്തലിനുവേണ്ടുന്ന പുതിയ മേച്ചിൽ സ്ഥലങ്ങളുടെ ആവശ്യവും മൂലം അവർ ക്രമേണ പല ഭാഗങ്ങളിലേക്കായി കുടിയേറ്റം ആരംഭിച്ചു. ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ആദ്യകാലവാസ സ്ഥലത്തുനിന്നുള്ള പ്രവാസത്തിന്‌ ആര്യന്മാരെ പ്രരിപ്പിച്ചിരിക്കണം.

പടിഞ്ഞാറോട്ടുതിരിച്ചവർ കാലക്രമേണ യൂറോപ്പ്‌ വന്‍കര മുഴുവന്‍ തങ്ങളുടെ ആധിപത്യത്തിന്‍കീഴിലാക്കി. തെക്കുകിഴക്കോട്ടു നീങ്ങിയ ആര്യന്മാർ ബാക്‌ട്രിയ, ഇറാന്‍ എന്നീ പ്രദേശങ്ങളിലും ഹിന്ദുക്കുഷ്‌ പർവതനിരകടന്ന്‌ പഞ്ചാബിലും പ്രവേശിച്ചു. ഇറാനിൽ താമസിച്ചവർ "അവെസ്‌തെ'യ്‌ക്കും പഞ്ചാബിൽ താമസമാക്കിയവർ വേദങ്ങള്‍ക്കും രൂപംനല്‌കി. മധ്യേഷ്യയിലും ദക്ഷിണപൂർവ യൂറോപ്പിലും വസിച്ചിരുന്ന നോർഡിക്‌ വർഗക്കാരാണ്‌ ആര്യന്മാർ എന്ന്‌ എച്ച്‌.ജി. വെൽസ്‌ അഭിപ്രായപ്പെടുന്നു. ദ്രുമവാസിയായിക്കഴിഞ്ഞിരുന്നവർ സരസ്വതീതീരത്തെ കാടുവെട്ടിത്തെളിച്ച്‌ കൃഷി ആരംഭിച്ചതോടെയാണ്‌ ശ്രഷ്‌ഠന്‍ എന്ന അർഥത്തിൽ "ആര്യ ശബ്‌ദം' പ്രയോഗിക്കപ്പെട്ടതെന്ന വാദത്തിന്‌ ഇന്ന്‌ ശക്തിയേറുന്നു. "കൃഷിവിദ്യ'ശ്രഷ്‌ഠമായ ഒരു തിരിച്ചറിവായിരുന്നു. കൃഷി ശാസ്‌ത്രവും കാർഷികവിദ്യയും ഗ്രഹിച്ച ഒരു കൂട്ടം ദ്രുമവാസികള്‍ ശ്രഷ്‌ഠന്മാരായി. അവരത്ര ആര്യന്മാർ എന്നും ഈ സിദ്ധാന്തം പറയുന്നു. ദ്രുമവാസികളായിരുന്ന ദ്രാവിഡർ തന്നെ ആര്യന്മാർ സരസ്വതീ നദിയെക്കുറിച്ചുള്ള ആധുനിക പഠനങ്ങളുടെ വെളിച്ചത്തിലാണ്‌, ഈ സിദ്ധാന്തം അവതരിപ്പിക്കുന്നത്‌.

ആര്യന്മാരുടെ കുടിയേറ്റം. ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റം ബി.സി. 2,000 മുതൽ ആയിരിക്കുമെന്ന്‌ കരുതപ്പെടുന്നു. അന്നത്തെ ഭാരതത്തിലെ ജനതയായ സൈന്ധവരുടേതിനേക്കാൽ താണനിലയുള്ള ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയാണ്‌ ഇന്ത്യയിലേക്കു കടന്നുവന്നപ്പോള്‍ ആര്യന്മാർക്കുണ്ടായിരുന്നത്‌. ദ്രാവിഡരുടെ സാമൂഹിക- സാംസ്‌കാരിക ജീവിതത്തിന്റെ പല അംശങ്ങളും അവർ ഉള്‍ക്കൊള്ളുകയുണ്ടായെന്ന്‌ പൊതുവേ ചരിത്രകാരന്മാർ അംഗീകരിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യയിൽ പ്രചാരത്തിൽവന്ന ആര്യസംസ്‌കാരം ക്രിസ്‌തുവിനുമുമ്പുള്ള ശതകങ്ങളിൽ ഡെക്കാണിലും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലും പ്രചാരത്തിലായി. ക്രിസ്‌തുവിനുശേഷമുള്ള ആദിശതകങ്ങളിലെ ദക്ഷിണേന്ത്യാചരിത്രത്തെ സംബന്ധിക്കുന്ന പല വിവരങ്ങളും സംഘകാലതമിഴ്‌കൃതികളിൽ നിന്ന്‌ ലഭ്യമാകുന്നുണ്ട്‌. സംഘകാലകവികളിൽ പലരും ബ്രാഹ്മണരായിരുന്നു എന്നതും ചേരരാജാക്കന്മാരുടെ രാജധാനിയിൽ ആര്യപുരോഹിതന്മാർ വേദവിധിപ്രകാരമുള്ള യാഗാദികർമങ്ങള്‍ നടത്തിയിരുന്നു എന്നതും പ്രത്യേകം പരാമർശമർഹിക്കുന്ന ചരിത്ര വസ്‌തുതകളാണ്‌.

ആര്യസംസ്‌കാരം. വൈദിക സാഹിത്യത്തിൽനിന്ന്‌ ആര്യന്മാരുടെ സംസ്‌കാരത്തെയും ജീവിതചര്യകളെയുംകുറിച്ച്‌ വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുന്നു. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, സൂത്രങ്ങള്‍ എന്നിങ്ങനെ വൈദികസാഹിത്യത്തെ തരംതിരിക്കാം. വേദങ്ങള്‍ നാലാണ്‌: ഋക്‌, യജുർ, സാമം, അഥർവം. ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതനസാഹിത്യകൃതിയായി കരുതപ്പെടുന്നു. 1017 സൂക്തങ്ങളടങ്ങിയ ഈ അമൂല്യകൃതി ആര്യന്മാരുടെ ആദ്യകാലസംസ്‌കാരത്തെപ്പറ്റി വിലയേറിയ പല സൂചനകളും നല്‌കുന്നു. യജുർവേദവും സാമവേദവും യഥാക്രമം യാഗം, മന്ത്രതന്ത്രങ്ങള്‍ മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വൈദികകാലം ബി.സി. 2,500-നും 2,000-നും ഇടയ്‌ക്കാണെന്ന്‌ ഇന്ത്യാഗവണ്‍മെന്റിന്റെ പഞ്ചാംഗപരിഷ്‌കരണക്കമ്മിറ്റി റിപ്പോർട്ടിൽ (Report of the Calendar Reforms Committee) കാണുന്നു. വേദ കൃതികളിൽനിന്ന്‌ ആര്യവത്‌കരണത്തിന്റെ പുരോഗതിയെയും ആര്യന്മാരുടെ ജീവിതരീതിയെയുംകുറിച്ച്‌ പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും വേദകാലഭാരതത്തിന്റെ രാഷ്‌ട്രീയചരിത്രം കണ്ടെത്തുന്നതിന്‌ ഇവ സഹായകമല്ല. ഋഗ്വേദസംസ്‌കാരത്തിന്റെ കേന്ദ്രസ്ഥാനം യമുന, ശതദ്രു (Sutlej) എന്നീ നദികളുടെ ഇടയ്‌ക്കുള്ള ഭൂപ്രദേശമായിരുന്നു. പഞ്ചാബിലെ അഞ്ചു നദികളും ഋഗ്വേദത്തിൽ പരാമൃഷ്‌ടമായിട്ടുണ്ട്‌. ഗംഗയെപ്പറ്റി ഒരേയൊരു പരാമർശമേയുള്ളൂ. ഇതിൽനിന്ന്‌ ആര്യന്മാർ ഋഗ്വേദകാലത്ത്‌ ഗംഗാസമതലത്തിൽ പ്രവേശിച്ചിരുന്നില്ലെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ഹിമാലയപർവതം അവർക്ക്‌ സുപരിചിതമായിരുന്നെങ്കിലും വിന്ധ്യാപർവതത്തെപ്പറ്റിയോ നർമദാനദിയെപ്പറ്റിയോ അവർക്കറിവുണ്ടായിരുന്നില്ല. യമുനാനദിക്കു തെക്കുള്ള ഭൂപ്രദേശത്ത്‌ ആര്യന്മാർ ഋഗ്വേദകാലത്ത്‌ ആധിപത്യം സ്ഥാപിച്ചിരുന്നില്ലെന്ന്‌ ഭൂമിശാസ്‌ത്രസൂചനകളിൽനിന്ന്‌ മനസ്സിലാക്കാം.

രാഷ്‌ട്രീയവ്യവസ്ഥിതി. ആര്യന്മാരുടെ വിവിധ ഗോത്രങ്ങളിൽ ഓരോന്നും ഓരോ രാജാവിന്റെ അധീശത്വത്തിന്‍കീഴിലായിരുന്നു. പരമ്പരാഗതമായ മക്കത്തായമുറയ്‌ക്കാണ്‌ രാജാക്കന്മാർ ഭരണാധികാരമേറ്റിരുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരെപ്പറ്റിയും ഋഗ്വേദത്തിൽ പരാമർശമുണ്ട്‌. രാജാക്കന്മാരുടെ സ്വേഛാധികാരത്തെ നിയന്ത്രിക്കുവാന്‍ "സഭ', "സമിതി' എന്നീ പേരുകളിൽ ജനകീയസംഘടനകള്‍ പ്രവർത്തിച്ചിരുന്നു; പിന്തുടർച്ചാവകാശത്തർക്കങ്ങളിൽ അന്തിമതീരുമാനം കല്‌പിച്ചിരുന്നത്‌ ഈ സംഘനടകളായിരുന്നു. രാജ്യഭരണത്തിൽ രാജാവിനെ സഹായിക്കുന്നതിന്‌ ധാരാളം ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർ നിയമിതരായിരുന്നു. ഇവരിൽ പ്രധാനികള്‍ സേനാനിയും പുരോഹിതനുമായിരുന്നു. പ്രജകളിൽനിന്നു പിരിച്ചിരുന്ന കരവും പടയോട്ടക്കാലത്ത്‌ ശത്രുരാജാക്കളിൽനിന്ന്‌ പിടിച്ചെടുത്ത സമ്പത്തുമായിരുന്നു രാജകീയ ഭണ്ഡാഗാരത്തിലേക്കുള്ള പ്രധാന വരുമാനമാർഗങ്ങള്‍.

ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളിലായി വിഭജിക്കപ്പെട്ടിരുന്നു എന്ന്‌ ഋഗ്വേദത്തിൽ പരാമർശമുണ്ട്‌. തങ്ങളുടെ രാഷ്‌ട്രീയാധിപത്യം വ്യാപിപ്പിക്കുന്നതിനായി തദ്ദേശീയരായ ദ്രാവിഡരുമായി ആര്യന്മാർ നിരന്തരം പൊരുതിക്കൊണ്ടിരുന്നു. പക്ഷേ, അവരെ കീഴടക്കാന്‍ ആര്യന്മാർക്കു സാധിച്ചില്ല. കാലക്രമേണ അവർ തമ്മിൽ സൗഹ്യദബന്ധം ഉടലെടുത്തു; പരസ്‌പരം വിവാഹബന്ധങ്ങളിലേർപ്പെട്ടു; യുദ്ധങ്ങളിൽ അന്യോന്യം സഹകരിച്ചു. അതേസമയം ആര്യഗോത്രങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയാധികാരവടംവലി കൊടുമ്പിരിക്കൊണ്ടിരുന്നു.

സാമൂഹികവ്യവസ്ഥ. വ്യവസ്ഥിതമായ ഒരു സമൂഹം കെട്ടിപ്പടുത്തതാണ്‌ ആര്യസംസ്‌കാരത്തിന്റെ നേട്ടം. ഓരോ ആര്യഗോത്രവും പല കുലങ്ങളായി വിഭജിക്കപ്പെട്ടിരുന്നു; പല കുടുംബങ്ങള്‍ കൂടിച്ചേർന്നതായിരുന്നു ഒരു കുലം. ഓരോ കുടുംബത്തിലും പിതാവായിരുന്നു ഗൃഹനാഥന്‍. ഗൃഹനാഥന്റെ ഭാര്യയ്‌ക്ക്‌ കുടുംബത്തിൽ മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.

ആര്യന്മാരുടെയിടയിൽ പ്രത്യേകം വൈവാഹികനിയമങ്ങള്‍ നിലവിലിരുന്നു. ഏകഭാര്യാത്വത്തിനായിരുന്നു പൊതുവേ അംഗീകാരം. പക്ഷേ, രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും ബഹുഭാര്യാത്വം അനുവദനീയമായിരുന്നു. ബഹുഭർതൃത്വത്തെക്കുറിച്ച്‌ ഋഗ്വേദത്തിൽ പരാമർശം ഇല്ലെന്നുള്ളതുകൊണ്ട്‌ സ്‌ത്രീകള്‍ ഏകഭർതൃത്വം കർശനമായി പാലിച്ചിരുന്നു എന്നു കരുതാം. വിവാഹം പാവനമായ ഒരു ചടങ്ങായിട്ടാണ്‌ കരുതപ്പെട്ടുപോന്നത്‌. വിവാഹമോചനം ഗർഹണീയമായ ഒരു നടപടിയാണെന്നു വിശ്വസിച്ചിരുന്നു. വിധവാവിവാഹവും ശൈശവവിവാഹവും സാധാരണമായിരുന്നില്ല. സ്‌ത്രീകള്‍ക്ക്‌ സമുദായത്തിൽ സമുന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു; പൂർണമായ പ്രവർത്തനസ്വാതന്ത്യ്രവും ലഭിച്ചിരുന്നു. സ്‌ത്രീവിദ്യാഭ്യാസത്തിന്‌ പ്രത്യേകം പരിഗണന നല്‌കപ്പെട്ടിരുന്നു. പല കവയിത്രികളും വിദുഷികളും ഇക്കാലത്ത്‌ ജീവിച്ചിരുന്നതായി പരാമർശങ്ങളുണ്ട്‌. നോ: ചാതുർവർണ്യം ഋഗ്വേദകാലത്ത്‌ ചാതുർവർണ്യം പൂർണവളർച്ചയെ പ്രാപിച്ചിരുന്നില്ല. തന്മൂലം ജാതിവ്യത്യാസമോ സാമൂഹികവിഭജനമോ പറയത്തക്ക രീതിയിൽ അന്ന്‌ ഉണ്ടായിരുന്നില്ല.

സാമ്പത്തികസ്ഥിതി. സമ്പദ്‌വ്യവസ്ഥ കൃഷിയിലും ഗ്രാമജീവിതത്തിലും അധിഷ്‌ഠിതമായിരുന്നു. കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. ആട്‌, കുതിര, നായ്‌ മുതലായ മൃഗങ്ങളെയും അവർ വളർത്തിയിരുന്നു. തോടുകളും കുളങ്ങളും കുഴിച്ച്‌ ജലസേചനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിൽ അവർ ശ്രദ്ധപതിപ്പിച്ചു. ഗോതമ്പ്‌ തുടങ്ങിയ ധാന്യങ്ങളായിരുന്നു പ്രധാനവിളകള്‍. കുതിരകളെയും കാളകളെയും ഉപയോഗിച്ചാണ്‌ നിലം ഉഴുതിരുന്നത്‌. നഗരാധിവാസം അഭിവൃദ്ധിപ്പെട്ടിരുന്നില്ല. വിവിധ വ്യവസായങ്ങളും, നെയ്‌ത്ത്‌, തുന്നൽപണി, കൊത്തുപണി, ശില്‌പകല മുതലായവയും അവർ അഭ്യസിച്ചിരുന്നു. തുന്നലിലും നെയ്‌ത്തിലും സ്‌ത്രീകള്‍ പ്രത്യേകം പ്രാവീണ്യം നേടിയിരുന്നു. പശുവിന്റെ വിലയെ ആധാരമാക്കിയുള്ള സാധനകൈമാറ്റത്തിലൂടെയാണ്‌ മിക്കവാറും ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത്‌. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഋഗ്വേദകാലത്തെ ആര്യന്മാർ വ്യാപാരബന്ധങ്ങള്‍ പുലർത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.

ജനങ്ങളുടെ ആഹാരരീതിയെക്കുറിച്ചും ഋഗ്വേദത്തിൽ നിന്ന്‌ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ധാന്യം, പാല്‌, നെയ്യ്‌, മാംസം മുതലായവയായിരുന്നു പ്രധാന ആഹാരസാധനങ്ങള്‍. സോമ, സുര എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രണ്ടിനം മദ്യങ്ങളും ഉപയോഗിച്ചിരുന്നു. ഗോവധം നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്‌ ഋഗ്വേദത്തിൽ സൂചനകളുണ്ട്‌; പശുവിന്‌ കല്‌പിച്ചിരുന്ന സാമ്പത്തികമൂല്യമായിരിക്കണം ഈ വിലക്കിന്‌ കാരണം. കമ്പിളിയും പരുത്തിയുംകൊണ്ടുണ്ടാക്കിയ വസ്‌ത്രങ്ങളാണ്‌ ജനങ്ങള്‍ ധരിച്ചിരുന്നത്‌. പുരുഷന്മാരും സ്‌ത്രീകളും സ്വർണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. തേരോട്ടം. ചൂതുകളി, നൃത്തം, കുതിരപ്പന്തയം മുതലായവയായിരുന്നു പ്രധാന വിനോദങ്ങള്‍. സംഗീതത്തിൽ തത്‌പരരായിരുന്നു; ഓടക്കുഴൽ, വീണ മുതലായ സംഗീതോപകരണങ്ങള്‍ പ്രയോഗത്തിലുണ്ടായിരുന്നു.

മതം. തത്ത്വചിന്താപരമായി വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്‌ ഋഗ്വേദകാലത്തെ ആര്യന്മാരുടെ മതം; പ്രകൃതിശക്തികള്‍ക്ക്‌ പാവനത്വം കല്‌പിച്ച്‌ ആരാധിച്ചുപോന്നിരുന്നു. ഭൂമി, ആകാശം, സ്വർഗം എന്നിവയോട്‌ ബന്ധപ്പെടുത്തി ഈ ദേവതകളെ മൂന്നായി തരം തിരിച്ചിരുന്നു. അഗ്നി, പൃഥ്വി എന്നിവ ആദ്യത്തെ വിഭാഗത്തിലും ഇന്ദ്രന്‍, രുദ്രന്‍, വായു, മിത്രന്‍ എന്നിവർ രണ്ടാമത്തെതിലും വരുണന്‍, ഉഷസ്സ്‌, അശ്വനീ ദേവന്മാർ തുടങ്ങിയവർ മൂന്നാമത്തെതിലും യഥാക്രമം ഉള്‍പ്പെടുന്നു. വിഗ്രഹാരാധന ഉണ്ടായിരുന്നതായി സൂചനകളില്ല. മന്ത്രാച്ചാരണങ്ങള്‍, പൂജാകർമങ്ങള്‍, യാഗങ്ങള്‍, യജ്ഞങ്ങള്‍, ഹോമങ്ങള്‍ എന്നിവയ്‌ക്ക്‌ മതാനുഷ്‌ഠാനങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നു. ലളിതവും അഹിംസാങ്ങകവുമായിരുന്നു എന്നതാണ്‌ ഇവയുടെ സവിശേഷത. മൃഗബലിക്ക്‌ പ്രചാരം ലഭിച്ചിരുന്നില്ല. ആര്യന്മാർ ബഹുദൈവവിശ്വാസികളായിരുന്നില്ല; മറിച്ച്‌ പ്രപഞ്ചത്തെ നിയന്ത്രിച്ചുപോന്നത്‌ ഏകപരാശക്തിയാണെന്നുള്ള ആശയം അവരുടെ മതപരമായ തത്ത്വചിന്തയിൽ ഉള്‍പ്പെട്ടിരുന്നു.

പില്‌ക്കാലത്തുണ്ടായ മാറ്റങ്ങള്‍. ഋഗ്വേദകാലത്തിനുശേഷം ആര്യന്മാരുടെ രാഷ്‌ട്രീയസ്ഥിതിയിലും ജീവിതരീതിയിലും സാമ്പത്തികഘടനയിലും വമ്പിച്ച വ്യതിയാനങ്ങളുണ്ടായി. അവരുടെ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ രംഗം ഇക്കാലത്ത്‌ പഞ്ചാബിൽനിന്നും ഗംഗാസമതലത്തിലേക്കു നീങ്ങി. ഉത്തരേന്ത്യമുഴുവന്‍ അവരുടെ രാഷ്‌ട്രീയാധിപത്യത്തിൽ അമരുകയും തത്‌ഫലമായി പല പുതിയ രാജ്യങ്ങളും നിലവിൽ വരികയും ചെയ്‌തു. ഹസ്‌തിനപുരം, ഇന്ദ്രപ്രസ്ഥം, കോസലം, മഗധം, കാശി, വിദേഹം, വത്സം മുതലായ രാജ്യങ്ങള്‍ രാഷ്‌ട്രീയാധീശത്വത്തിനുവേണ്ടി കിടമത്സരങ്ങളിൽ ഏർപ്പെട്ടതോടുകൂടി ആര്യന്മാരുടെയിടയിൽ സാമ്രാജ്യവികസനപ്രവർത്തനങ്ങള്‍ പ്രകടമായി.

ഇതേസമയത്തുതന്നെ ഭരണസംവിധാനത്തിലും രാഷ്‌ട്രീയഘടനയിലും മൗലികമായ മാറ്റങ്ങള്‍ സംഭവിച്ചു. ഗോത്രഘടന തുടർന്നുപോന്നെങ്കിലും രാഷ്‌ട്രീയമായ കെട്ടുറപ്പ്‌ ശിഥിലമായി. "സഭ', "സമിതി' എന്നിവയുടെ നിയന്ത്രണം ക്ഷയിച്ച്‌ രാജാക്കന്മാർ സ്വേച്ഛാധിപതികളായിത്തീർന്നു. രാജശാസനങ്ങള്‍ നടപ്പിലാക്കാനായി നിരവധി ഉദ്യോഗസ്ഥന്മാർ നിയമിതരായതിനെത്തുടർന്ന്‌ ഉദ്യോഗസ്ഥമേധാവിത്വം ക്രമമായി വർധിച്ചു. സാമൂഹികരംഗത്തുണ്ടായ അടിസ്ഥാനപരമായ മാറ്റം ഗോത്രഘടനയിൽ അധിഷ്‌ഠിതമായ വ്യവസ്ഥിതിയിൽനിന്ന്‌ ചാതുർവർണ്യത്തിലേക്കുള്ള കാൽവയ്‌പിനെ കുറിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശുദ്രർ എന്നീ നാല്‌ വ്യത്യസ്‌തജാതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥിതി രൂപംകൊണ്ടു. ജാതിവ്യത്യാസങ്ങള്‍ ക്രമേണ രുക്ഷമായി. ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം പില്‌ക്കാലത്ത്‌ നഷ്‌ടപ്പെട്ടു. പ്രഭുക്കന്മാരുടെയിടയിൽ ബഹുഭാര്യാത്വത്തിന്‌ കൂടുതൽ പ്രചാരം സിദ്ധിച്ചു. സ്‌ത്രീകളുടെ സന്മാർഗബോധത്തിലും പെരുമാറ്റരീതികളിലും അനഭിലഷണീയമായ മാറ്റങ്ങളുണ്ടായി. പെണ്‍കുട്ടികളുണ്ടാകുന്നത്‌ ഒരുതരം ശാപമായിപ്പോലും അച്ഛനമ്മമാർ കരുതിപ്പോന്നു.

സാമ്പത്തികരംഗത്തും സാരമായ മാറ്റങ്ങളുണ്ടായി. പുതിയ കൃഷിസമ്പ്രദായങ്ങളോടൊപ്പം പുതിയ വ്യവസായങ്ങളും തൊഴിലുകളും നിലവിൽവന്നു. തകരം, ഇരുമ്പ്‌, ഈയം എന്നീ ലോഹങ്ങള്‍ വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെട്ടുതുടങ്ങി. വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു; വാണിജ്യസംഘങ്ങളും രൂപംകൊണ്ടു. പണം പലിശയ്‌ക്കുകൊടുക്കുന്ന ഏർപ്പാട്‌ നിലവിൽവന്നു. നഗര ജീവിതം ആകർഷകമായതിനെത്തുടർന്ന്‌ പുതിയ നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സാധനക്കൈമാറ്റത്തിലൂടെയുള്ള വിനിമയസമ്പ്രദായത്തിനുപകരം നാണയവ്യവസ്ഥ നിലവിൽവന്നു. "നിഷ്‌കം', "ശതമാനം' എന്നിവ ഇക്കാലത്ത്‌ പ്രചാരത്തിൽവന്ന നാണയങ്ങളാണ്‌. മതാനുഷ്‌ഠാനങ്ങളിലും വ്യക്തമായ മാറ്റങ്ങള്‍ സംഭവിച്ചു. അനാർഭാടവും അഹിംസാങ്ങകവുമായ പൂജാദികർമങ്ങള്‍ക്കു പകരം, സങ്കീർണവും ഹിംസാങ്ങകവുമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ പ്രചാരം സിദ്ധിച്ചു. മൃഗബലി സർവസാധാരണമായി. സന്ന്യാസം ഒരു മതാനുഷ്‌ഠാനമെന്ന നിലയിൽ സമാകർഷകമായതും ഇക്കാലത്താണ്‌. വിഷ്‌ണു, ശിവന്‍ എന്നിവരുടെ ആരാധനയ്‌ക്ക്‌ വ്യാപകമായ തോതിൽ പ്രചാരം സിദ്ധിച്ചു. ദ്രാവിഡാചാരങ്ങളേയും ദേവന്മാരേയും ആര്യന്മാർ സ്വായത്തമാക്കി. ദുർഗാപൂജയുടെ ആരംഭവും ഇക്കാലത്താണ്‌. പൊതുവായ സാംസ്‌കാരികോത്‌കർഷം. ആര്യന്മാർ എല്ലാ സാംസ്‌കാരികരംഗങ്ങളിലും നേട്ടങ്ങള്‍ കൈവരിച്ച ഒരു ജനതയായിരുന്നു. വേദകാലം ഭാരതീയ സംസ്‌കാരത്തിന്റെ ഉദയത്തെ അല്ല, നേരെമറിച്ച്‌ അതിന്റെ പരകോടിയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. വേദകൃതികള്‍ സാഹിത്യമൂല്യത്തിലും ആശയസമ്പത്തിലും മികച്ചു നില്‌ക്കുന്നു. ഹൈന്ദവതത്ത്വശാസ്‌ത്രം പൂർണ വളർച്ച പ്രാപിച്ചിരുന്നതിനുള്ള തെളിവായി ഇവയെ പരിഗണിക്കാം. എഴുത്ത്‌ ഒരു കലയായി വികസിച്ചതും ഭാഷാശാസ്‌ത്രം, വ്യാകരണം, നിഘണ്ടുനിർമാണം എന്നിവയെ സംബന്ധിച്ചുള്ള ഭാരതീയരുടെ പരിശ്രമങ്ങള്‍ ആരംഭിച്ചതും ഈ കാലഘട്ടത്തിലാണ്‌. വൈദ്യശാസ്‌ത്രത്തിലും ജ്യോതിഃശാസ്‌ത്രപഠനത്തിലും വേദകാലത്തെ പണ്ഡിതന്മാർ പ്രാവീണ്യം നേടിയിരുന്നു. തർക്കം, ഗണിതം, രാഷ്‌ട്രമീമാംസ, യുദ്ധതന്ത്രം, സുകുമാരകലകള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെല്ലാം അഭൂതപൂർവമായ വികാസം ഉണ്ടായി.

ആര്യന്മാരെ ഒരു വംശം എന്ന നിലയിൽ പരിഗണിച്ചിരുന്ന ഇത്തരം മുന്‍കാല ധാരണകള്‍ ചരിത്രകാരന്മാർ ഇന്ന്‌ തിരുത്തിപ്പറയുന്നു. ഇവർ ഒരു ഭാഷാ സമൂഹമായിരുന്നു എന്ന്‌ റോമിലാ ഥാപ്പറിനെപോലുള്ളവരുടെ വാദം ഇന്ന്‌ ചരിത്രകാരന്മാർക്കിടയിൽ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. മാക്‌സ്‌മുള്ളറുടെയും ഇന്‍ഡോളജിസ്റ്റുകളുടെയും ആര്യവംശ സിദ്ധാന്തം യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നഷ്‌ടപ്പെട്ട ബന്ധുവിനെ കണ്ടെത്താനായുള്ള ശ്രമമായിരുന്നുവെന്ന്‌ ഇന്ന്‌ വിമർശിക്കപ്പെടുന്നുണ്ട്‌. ഒപ്പം ബ്രിട്ടീഷ്‌ അധിനിവേശത്തിനുകീഴിൽ അനുഭവിച്ച അസമത്വത്തെ ഭൂതകാല മഹത്വത്തിലൂന്നി മറികടക്കാനുള്ള ദേശീയബോധത്തിന്റെ ശ്രമങ്ങളായും വിലയിരുത്തപ്പെടുന്നുണ്ട്‌. ജാതിവ്യവസ്ഥയും ബ്രാഹ്മണാധിപത്യവുമായുള്ള ഇതിന്റെ ബന്ധങ്ങളും ഇന്ന്‌ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. (എ. ശ്രീധരമേനോന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍