This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യനാരായണന്‍ മൂസ്സ്‌, വയസ്‌കര (1842 - 1902)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യനാരായണന്‍ മൂസ്സ്‌, വയസ്‌കര (1842 - 1902)

ഭിഷഗ്വരനും കവിയും. 1842 (കൊ.വ. 1017, വൃശ്ചികം 20)-ൽ കോട്ടയം ജില്ലയിലെ വയസ്‌കര ഇല്ലത്ത്‌ ജനിച്ചു. അഷ്‌ടവൈദ്യ കുടുംബമായ വയസ്‌കര ഇല്ലക്കാർ തെക്കുംകൂർ രാജാക്കന്മാരുടെ കൊട്ടാരം വൈദ്യന്മാരായിരുന്നു. പ്രഗല്‌ഭ ആയുർവേദ ഭിഷഗ്വരനായ പുലാമന്തോള്‍ ശങ്കരന്‍ മൂസ്സ്‌, വയസ്‌കര ഇല്ലവുമായി വിവാഹ ബന്ധത്തിലേർപ്പെട്ടതിനു ശേഷമാണ്‌ (1779) ഈ ഇല്ലക്കാർ മൂസ്സമാരായി അറിയപ്പെടാന്‍ തുടങ്ങിയത്‌. ഈ കുടുംബത്തിലെ മൂത്ത ആണ്‍കുട്ടികള്‍ക്ക്‌ പരമ്പരയാ നൽകിവരുന്ന തറവാട്ടുപേരാണ്‌ ആര്യനാരായണന്‍ മൂസ്സ്‌. പുലാമന്തോള്‍ ശങ്കരന്‍ മൂസ്സിന്റെ പുത്രനായ ആര്യനാരായണന്‍ മൂസ്സിന്റെ പുത്രനാണ്‌ വയ്‌സകര ആര്യനാരായണന്‍ മൂസ്സ്‌.

അഞ്ചാമത്തെ വയസ്സിൽ പിതാവിൽനിന്ന്‌ ആദ്യാക്ഷരം കുറിച്ചു. തുടർന്ന്‌ മണർകാട്‌ അച്യുതവാര്യരുടെ ശിഷ്യത്വത്തിൽ നിലത്തെഴുത്ത്‌, കണക്ക്‌, വാക്യം മുതലായ ബാലപാഠങ്ങള്‍ അഭ്യസിച്ചു. കാവ്യനാടകാദികളും വൈദ്യശാസ്‌ത്രവും പിതാവിൽ നിന്ന്‌ മനസ്സിലാക്കി. പഠനത്തിൽ അതിസാമർഥ്യം പ്രകടിപ്പിച്ചിരുന്ന ബാലനായ വയസ്‌കര ഗുരുവിൽനിന്ന്‌ മാർഗ നിർദേശം സ്വീകരിച്ചുകൊണ്ട്‌, സ്വപ്രയത്‌നത്താൽ പാഠഭാഗങ്ങള്‍ വളരെവേഗം ഹൃദിസ്ഥമാക്കി. പിതാവ്‌ രോഗബാധിതനായതിനെത്തുടർന്ന്‌ ചെറുപ്പത്തിലേ ചികിത്സാമേൽനോട്ടം പുത്രന്‌ ഏറ്റെടുക്കേണ്ടിവന്നു. എന്നാൽ പ്രായം വയസ്‌കരയുടെ ആതുര ശുശ്രൂഷയെ ബാധിച്ചില്ല. കുറഞ്ഞ കാലത്തിനുള്ളിൽതന്നെ ഇദ്ദേഹത്തിന്റെ ചികിത്സാവൈദഗ്‌ധ്യം പ്രസിദ്ധമായി. ഇതോടുകൂടി തിരുവിതാംകൂർ, കൊച്ചി രാജകുടുംബങ്ങളിലും സാമൂതിരി കോവിലകത്തും ചികിത്സകള്‍ നടത്തുന്നതിനായി വയസ്‌കരയെ ക്ഷണിച്ചു തുടങ്ങി.

ഭിഷഗ്വരനെന്നപോലെ കവിയെന്ന നിലയിലും പേരുകേട്ട വ്യക്തിത്വത്തിനുടമയാണ്‌ വയസ്‌കര. നക്ഷത്രമാല, ശ്യേന സന്ദേശം, ഒറ്റ ശ്ലോകങ്ങള്‍, ചില വിശിഷ്‌ടങ്ങളായ സ്‌തോത്രങ്ങള്‍ തുടങ്ങിയ കൃതികള്‍ സംസ്‌കൃതത്തിലും വൈശാഖ മാഹാങ്ങ്യം, ദുര്യോധനവധം എന്നീ രണ്ട്‌ ആട്ടക്കഥകളും നാടകങ്ങളും മലയാളത്തിലും രചിച്ചിട്ടുണ്ട്‌. "ദുര്യോധനവധം' ആട്ടക്കഥയിലൂടെയാണ്‌ സാഹിത്യലോകത്ത്‌ ലബ്‌ധപ്രതിഷ്‌ഠ നേടിയത്‌.

1863-ൽ ഇളയിടത്തു തൈക്കാട്ടില്ലത്തു നിന്നും വിവാഹം കഴിച്ചുവെങ്കിലും പുരുഷ സന്താനങ്ങളെല്ലാം മരിച്ചുപോകയാൽ 1889-ൽ കാടമുറി ചോഴിയക്കാട്ടില്ലത്തുനിന്നു രണ്ടാമതും വിവാഹം ചെയ്‌തു. ഈ ദാമ്പത്യത്തിൽ മൂന്നു പുത്രന്മാരുണ്ടായി. 1902-ൽ വയസ്‌കര ആര്യനാരായണന്‍ മൂസ്സ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍