This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരോഹികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരോഹികള്‍

Climbers

ആരോഹികള്‍

സ്വയം നിവർന്നുനില്‌ക്കാന്‍ കഴിയാത്തവിധം തണ്ടുകള്‍ ദുർബലങ്ങളാകയാൽ താങ്ങുകളിൽ പടർന്നുകയറുന്ന സസ്യങ്ങള്‍. ചുവടു മുതൽ അഗ്രംവരെ ഏതാണ്ട്‌ ഒരേ വച്ചത്തിലുള്ള തണ്ടുകള്‍ ആരോഹികളുടെ പ്രത്യേകതയാണ്‌. നിവർന്നുനില്‌ക്കുന്ന സസ്യങ്ങളുടെ തണ്ടിന്റെ ചുവടിന്‌ വച്ചക്കൂടുതലും മുകളിലേക്കു പോകുന്തോറും വച്ചക്കുറവും ആയിരിക്കും. നിവർന്നുനില്‌ക്കാന്‍ സഹായിക്കുന്ന കട്ടിയേറിയ കലകള്‍ (tissues) തെണ്ടുകളിലില്ലാത്തതുകൊണ്ട്‌ "ദുർബലസസ്യങ്ങള്‍' താങ്ങുകളിൽ പടർന്നുകയറുകയോ നിലത്തുതന്നെ പടർന്നു വളരുകയോ ചെയ്യുന്നു.

ആരോഹികള്‍ പ്രധാനമായി രണ്ടുതരമുണ്ട്‌: തണ്ടുകള്‍കൊണ്ടുതന്നെ താങ്ങിൽ ചുറ്റിപ്പിണഞ്ഞു കയറുന്നവയും, ചില പ്രത്യേകാംഗങ്ങള്‍ ഉപയോഗപ്പെടുത്തി താങ്ങുകളിൽ പറ്റിപ്പിടിച്ചു കയറുന്നവയും. പടരുന്ന ഇനം പയറുകള്‍, കാച്ചിൽ, ചെറുകിഴങ്ങ്‌, നനകിഴങ്ങ്‌ തുടങ്ങിയവ ഒന്നാമത്തെ വിഭാഗത്തിൽപെടുന്നു; സൂര്യപ്രകാശം കൂടുതലായി കിട്ടുന്നതിനുവേണ്ടിയാണ്‌ ഇവ താങ്ങുകളിൽ ചുറ്റിക്കയറുന്നത്‌. പ്രത്യേകാംഗങ്ങള്‍ ഉപയോഗപ്പെടുത്തി താങ്ങുകളിൽ കയറുന്ന ആരോഹികള്‍ പലതരമുണ്ട്‌. ചിലതിൽ പ്രതാനങ്ങള്‍ (tendrils)എന്നറിയപ്പെടുന്ന നീണ്ട ചരടുപോലുള്ള ഭാഗങ്ങള്‍ പത്രകക്ഷ്യകളിൽനിന്നും പുറപ്പെട്ട്‌ താങ്ങുകളിൽ ചുറ്റിപ്പിടിക്കാന്‍ സഹായിക്കുന്നു. മുന്തിരി, മത്ത, കുമ്പളം തുടങ്ങിയവ ഇതിനുദാഹരണമാണ്‌. പ്രതാനങ്ങളുടെ അഗ്രം വളരെയധികം സംവേദനശീലമുള്ളതായതിനാൽ എവിടെയെങ്കിലും അതു തട്ടിയാൽ ഉടന്‍തന്നെ അതിന്റെ അഗ്രം തട്ടിയവസ്‌തുവിനെ ചുറ്റിപ്പിണയുന്നു; പിന്നീട്‌ പ്രതാനത്തിന്റെ അഗ്രഭാഗം സ്‌പ്രിങ്ങ്‌ പോലെയായി തണ്ടിനെ താങ്ങിനോടടുപ്പിക്കുന്നു. കാറ്റടിച്ചാൽ ഈ "സ്‌പ്രിങ്ങ്‌' അയഞ്ഞുകൊടുക്കുമെന്നതിനാൽ അത്രവേഗമൊന്നും പ്രതാനം പൊട്ടിപ്പോകുന്നില്ല.

ചിലതരം ആരോഹികളിൽ ഇലയുടെ അഗ്രഭാഗംതന്നെ പ്രതാനമായി പരിണമിക്കാറുണ്ട്‌. മേന്തോന്നി (Gloriosa) ഇതിന്‌ ഉത്തമോദാഹരണമാണ്‌. തണ്ടിലെ മുട്ടുകള്‍തോറും ഉണ്ടാകുന്ന വേരുകള്‍കൊണ്ട്‌ താങ്ങുകളിൽ പറ്റിപ്പിടിച്ച്‌ കയറുന്നതരം ആരോഹികളുമുണ്ട്‌. വെറ്റിലക്കൊടി, കുരുമുളകുവള്ളി എന്നിവ ഈ ഇനത്തിൽപ്പെടുന്നു. ആരോഹണാവശ്യത്തിനു മാത്രമായുള്ള ഈ വേരുകള്‍ താങ്ങു വൃക്ഷത്തിന്റെ തൊലിയിൽ കുത്തിക്കയറുമെങ്കിലും അതിൽനിന്നും ആഹാരം എടുക്കാറില്ല; എന്നാൽ ഇത്തിള്‍ പോലുള്ള പരാദസസ്യങ്ങള്‍ താങ്ങിൽ പറ്റിപ്പിടിച്ച്‌ കയറാനുപയോഗിക്കുന്ന വേരുകള്‍കൊണ്ട്‌ ആതിഥേയവൃക്ഷത്തിൽനിന്ന്‌ ആഹാരം വലിച്ചെടുക്കുന്നു. കൊളുത്തുപോലുള്ള മുള്ളുകള്‍ ഉപയോഗപ്പെടുത്തിയും ചില സസ്യങ്ങള്‍ താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരാറുണ്ട്‌. പടരുന്നതരം റോസുകള്‍, ബൊഗെയിന്‍വില്ല തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. (ആർ. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍