This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരോമൽചേകവർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരോമൽചേകവർ

വടക്കന്‍പാട്ടുകളിലെ പ്രധാനനായകന്മാരിൽ ഒരാള്‍. പുത്തൂരം വീട്ടിലെ കച്ചപ്പച്ചേകവരുടെ മകനായ ആരോമലിന്റെ സഹോദരിയാണ്‌ വടക്കന്‍ പാട്ടുകളിൽ വീരവനിതയായി പ്രകീർത്തിക്കപ്പെടുന്ന ഉച്ചിയാർച്ച. മേലൂരിടത്തിലെ ഉണിക്കോനാരും കീഴൂരിടത്തിലെ ഉണിച്ചന്ത്രാരും തമ്മിൽ മൂപ്പുതർക്കമുണ്ടായി; വയറ്റാട്ടിയുടെ സാക്ഷിമൊഴിയും നാടുവാഴികളുടെ ഒത്തുതീർപ്പുശ്രമങ്ങളും വിഫലമായി. ഉഭയകക്ഷികളും പരസ്‌പരം അങ്കപ്പോരു നടത്തി പ്രശ്‌നം പരിഹരിക്കണം എന്ന്‌ തീരുമാനിക്കപ്പെട്ടു. അങ്കവീരന്മാരായ ചേകവന്മാരുടെ കേളികേട്ട തറവാടാണ്‌ പുത്തൂരംവീട്‌. ഉണിക്കോനാർ പുത്തൂരംവീട്ടിലെ ആരോമൽച്ചേകവരെ സമീപിച്ച്‌ തനിക്കുവേണ്ടി അങ്കംവെട്ടണമെന്നഭ്യർഥിച്ചു. 22 കാരനായ ആരോമൽ ചേകവർക്ക്‌ അങ്കവിദ്യകളെല്ലാം സ്വായത്തമായിരുന്നു; എങ്കിലും ഒരിക്കലും അങ്കം വെട്ടിയിരുന്നില്ല. എന്നാൽ അങ്കപ്പോരിനുള്ള ക്ഷണം, വിശേഷിച്ചും ആദ്യത്തേത്‌, നിരസിക്കുന്നത്‌ തറവാട്ടുമഹിമയ്‌ക്കു ചേരുന്ന നടപടിയല്ലെന്ന്‌ ആരോമൽ കരുതി. മാതാപിതാക്കളും ഭാര്യമാരായ തുമ്പോലാർച്ചയും കുഞ്ഞുച്ചൂലിയും രണ്ടു പുത്രന്മാരും ഉള്‍പ്പെടെ ബന്ധുമിത്രാദികളെല്ലാം ആരോമലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു; പക്ഷേ, ഇണിക്കോനാർക്കുവേണ്ടി അങ്കം വെട്ടാനുള്ള തീരുമാനത്തിൽനിന്നും ആരോമൽ പിന്മാറിയില്ല. അങ്കത്തിൽ തനിക്കു സഹായിയായി മച്ചുനനായ ചന്തുവിനെക്കൂടി കൂട്ടാന്‍ ആരോമൽ തീരുമാനിച്ചു. അങ്കത്തിന്‌ ഉണിച്ചന്ത്രാർ ആശ്രയിച്ചത്‌ അരിങ്ങോടന്‍ ചേകവരെയാണ്‌; അരിങ്ങോടന്‍ അങ്കവിദ്യയിലെന്നപോലെ ചതിപ്രയോഗത്തിലും ചതുരനാണ്‌. അങ്കത്തട്ട്‌ പണിയുന്ന തച്ചനെ സ്വാധീനിച്ച്‌ അയാള്‍ അതിന്റെ നിർമാണത്തിൽ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കി; ആരോമലിന്റെ സഹായിയായ ചന്തുവിനെയും പാട്ടിലാക്കി. ആരോമൽചേകവരുടെ സഹോദരിയായ ഉച്ചിയാർച്ചയെ വിവാഹം കഴിക്കാന്‍ ചന്തു ആഗ്രഹം പ്രകടപ്പിച്ചിരുന്നു. ആരോമൽ ഇതിനെ എതിർത്തിരുന്നതിനാൽ ചന്തുവിന്റെ ആഗ്രഹം സഫലമായില്ല. തന്മൂലം ആരോമലിനോട്‌ കുടിപ്പക പുലർത്തിപ്പോന്നിരുന്ന ചന്തുവിനെ വശത്താക്കാന്‍ അരിങ്ങോടർക്ക്‌ അനായാസം കഴിഞ്ഞു.

അങ്കപ്പോര്‌ (പൊയ്‌ത്ത്‌) ആരംഭിക്കുന്നതിനു മുമ്പ്‌ ആരോമൽ അങ്കത്തട്ടിൽ കയറി ചില അഭ്യാസപ്രകടനങ്ങള്‍ നടത്തി. അങ്കത്തട്ടിന്റെ ന്യൂനതകള്‍ എളുപ്പം കണ്ടുപിടിക്കാനും അത്‌ പരിഹരിപ്പിക്കാനും ആരോമൽച്ചേകവർക്ക്‌ കഴിഞ്ഞു. അങ്കം തുടങ്ങി; അരിങ്ങോടർ പതിനെട്ടടവും പയറ്റി. നാഭിയിൽ മുറിവേറ്റെങ്കിലും ആരോമൽ പരാജിതനായില്ല. ചന്തുവിന്റെ ചതിമൂലം അങ്കമധ്യത്തിൽവച്ച്‌ മുറിഞ്ഞുപോയ തന്റെ ചുരികയുടെ അർധഭാഗം കൊണ്ട്‌ ആരോമൽ അരിങ്ങോടരുടെ തലകൊയ്‌തു വീഴ്‌ത്തി. നാഭിയിലെ മുറിവിൽനിന്നും രക്തംവാർന്നുതളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവച്ചുകിടന്നു മയങ്ങിപ്പോയി. ഈ പതനം ചന്തുവിന്‌ അവസരമായി. സ്വാർഥപൂർത്തിക്ക്‌ വിലങ്ങടിച്ചുനിന്ന ആരോമലിനോടുള്ള പ്രതികാരവാഞ്‌ഛ ചന്തുവിൽ ആളിക്കത്തി; അരിങ്ങോടരുമായി പുലർത്തിയിരുന്ന രഹസ്യധാരണ അതിൽ എച്ച പകർന്നു. ചന്തു കുത്തുവിളക്കെടുത്ത്‌ ആരോമലിന്റെ മുറിവിൽ ആഞ്ഞുകുത്തിയശേഷം ഓടിയൊളിച്ചു. ആരോമൽ പല്ലക്കിൽ പുത്തൂരംവീട്ടിൽ എത്തിക്കപ്പെട്ടു. അമ്മാവന്റെ മകളായ തുമ്പോലാർച്ചയിൽ തനിക്കുണ്ടായ മകന്‌ എല്ലാവിധ വിദ്യാഭ്യാസവും നല്‌കണം എന്ന അന്ത്യാഭിലാഷം അനുജനെ അറിയിച്ചതിനുശേഷം ആരോമൽചേകവർ മൃതിയടഞ്ഞു.

ആരോമൽചേകവർ കഥാനായകനായിട്ടുള്ള പല വടക്കന്‍ പാട്ടുകളും പ്രചാരത്തിലുണ്ട്‌. നോ: ഉച്ചിയാർച്ച

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍