This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരുവാമൊഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരുവാമൊഴി

തമിഴ്‌നാട്‌ സംസ്ഥാനത്തിൽ കന്യാകുമാരിജില്ലയിലെ തോവാളതാലൂക്കിലുള്‍പ്പെട്ട ഒരു വില്ലേജ്‌. സഹ്യപർവതനിരകളുടെ തെക്കേ അറ്റത്തായി 5 കി.മീ. വിസ്‌താരത്തിലുള്ള ഒരു ചുരമുള്ളത്‌ ആരുവാമെഴിയിലാണ്‌. നാഗർകോവിലിൽനിന്ന്‌ 11 കി.മീ. കിഴക്കാണ്‌ ആരുവാമൊഴി. നാഗർകോവിലിൽനിന്ന്‌ തിരുനൽവേലിയിലേക്കുള്ള റോഡ്‌ ഈ ചുരത്തിലൂടെ കടന്നുപോകുന്നു. തിരുവിതാംകൂർ സംസ്ഥാനം നിലവിലുണ്ടായിരുന്നപ്പോള്‍ അതിർത്തിഗ്രാമമെന്ന നിലയിൽ ആരുവാമൊഴിക്ക്‌ പ്രത്യേകപ്രാധാന്യം കല്‌പിച്ചിരുന്നു. അക്കാലത്ത്‌ കുറ്റവാളികളെ സംസ്ഥാനത്തുനിന്ന്‌ നാടുകടത്തുന്നതിനെ "ആരുവാമൊഴികടത്തുക' എന്നാണ്‌ പറഞ്ഞിരുന്നത്‌. സംസ്ഥാനത്തേക്കു കൊണ്ടുവരുന്നതും വെളിയിലേക്കു അയയ്‌ക്കുന്നതുമായ സാധനങ്ങള്‍ പരിശോധിക്കുന്നതിനായി ആരുവാമൊഴിയിൽ ഒരു ചൗക്കയും അതിനോടനുബന്ധിച്ച്‌ പോലീസ്‌ സ്റ്റേഷനും സ്ഥാപിക്കപ്പെട്ടിരുന്നു; ഇക്കാരണം നിമിത്തം ആരുവാമൊഴി ഒരു വാണിജ്യ കേന്ദ്രമായിത്തീർന്നു. പുഷ്‌പസമൃദ്ധിക്ക്‌ കേള്‍വികേട്ട തോവാളഗ്രാമം ആരുവാമൊഴിയുടെ സമീപത്താണ്‌.

ആരുവാമൊഴിക്കോട്ടയുടെ അവശിഷ്‌ടങ്ങള്‍

ആരുവാമൊഴി ഉള്‍പ്പെടുന്ന നാഞ്ചിനാട്‌ പ്രദേശം ഒരു കാലത്ത്‌ പാണ്ഡ്യസാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. എ.ഡി. 1100-ൽ പറളിയുദ്ധത്തെത്തുടർന്ന്‌ നാഞ്ചിനാട്‌ വേണാട്ടധിപന്റെ കൈവശത്തിലായി. എന്നാൽ 1166-ൽ മാരവർമന്‍ ശ്രീവല്ലഭന്‍ എന്ന പാണ്ഡ്യരാജാവ്‌ ഈ പ്രദേശങ്ങള്‍ പിടിച്ചടക്കി. ആ ശതകത്തിന്റെ അന്ത്യഘട്ടത്തിൽ നാഞ്ചിനാട്‌ വീണ്ടും വേണാടിന്‌ ലഭിച്ചുവെങ്കിലും 1262-ൽ സുന്ദരപാണ്ഡ്യന്‍ കൈവശപ്പെടുത്തി. ഇതേത്തുടർന്നുള്ള കാലഘട്ടത്തിൽ നാഞ്ചിനാട്ടു പ്രദേശത്ത്‌ കിഴക്കുനിന്നും നിരവധി ആക്രമണങ്ങളുണ്ടായി; ഈ പടനീക്കങ്ങളൊക്കെ ആരുവാമൊഴിപ്പാതയിലൂടെയാണുണ്ടായത്‌. ഇക്കാലത്ത്‌ വേണാട്ടധിപന്മാർ കിഴക്കോട്ടു കടന്ന്‌ പണക്കുടി, കളയ്‌ക്കൂടം, ചേരമഹാദേവി, വള്ളിയൂർ, നാങ്ങണശ്ശേരി തുടങ്ങിയ സ്ഥലങ്ങളടക്കം വലിയൊരു പ്രദേശം കൈവശപ്പെടുത്തുകയും ആരുവാമൊഴിയിൽ കോട്ടകെട്ടി സുരക്ഷിതത്വമുണ്ടാക്കുകയും ചെയ്‌തു. ഉമയമ്മറാണിയുടെ കാലത്ത്‌ മുകിലന്‍പട ആരുവാമൊഴി കടന്ന്‌ ആക്രമണം നടത്തി. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത്‌ ചന്ദാസാഹേബ്‌, ബഡാസാഹേബ്‌ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിദേശാക്രമണമുണ്ടായി. ഇതിനെത്തുടർന്ന്‌ ആരുവാമൊഴിക്കോട്ട കേടുപാടുകള്‍ പോക്കി ഉറപ്പിച്ചു. ആരുവാമൊഴിപ്പാത മുതൽ കന്യാകുമാരി വരെ ഏതാണ്ട്‌ 27 കി.മീ. നീളത്തിലുള്ള കോട്ടയായിരുന്നു ഇത്‌. പാതയുടെ മുഖത്ത്‌ ഇരുവശങ്ങളിലും വർത്തുളങ്ങളായ കൊത്തളങ്ങളും നിർമിക്കപ്പെട്ടിരുന്നു; കോട്ടപ്പടിയിൽ തോക്കുകള്‍ ഉറപ്പിച്ചിരുന്നു; ഇവിടെ സൂക്ഷിപ്പിനായി ഒരു ചെറുസംഘം പട്ടാളത്തെയും നിയോഗിച്ചിരുന്നു. പിന്നീട്‌ കുറേകാലത്തേക്ക്‌ ഈ പാതയിലൂടെ പടനീക്കങ്ങള്‍ നടന്നതായി കാണുന്നില്ല. വേലുത്തമ്പിദളവായുടെ കാലത്ത്‌ ദേശീയസമരം അമർച്ച ചെയ്യുന്നതിനായി തൃശ്ശിനാപ്പള്ളിയിൽ നിന്നുവന്ന ബ്രിട്ടീഷ്‌ സൈന്യം ആരുവാമൊഴിവഴി നാഞ്ചിനാട്ടിലേക്കു കടന്നു. കർണൽ ലീഗറുടെ നേതൃത്വത്തിലുള്ള ഈ സൈന്യം ആരുവാമൊഴിയിലും ഭൂതപ്പാണ്ടിയിലും താവളമടിച്ചു. 1832-ലാണ്‌ ഈ സൈന്യം പിന്‍വലിക്കപ്പെട്ടത്‌.

തിരുനൽവേലി ഭാഗത്തുനിന്നും നാഞ്ചിനാട്ടിലേക്കു കടന്നുകയറി കൊള്ളകള്‍ നടത്തുന്നത്‌ പതിവായിത്തീർന്നതോടെ, ഈ കൊള്ളക്കാരെ അമർച്ചചെയ്യുവാന്‍ കർണൽ മണ്‍റോ പട്ടാളത്തെയും പോലീസിനെയും ആരുവാമൊഴിയിലേക്കയച്ചു. സംസ്ഥാനപുനർ വിഭജനത്തിന്റെ ഫലമായി നാഞ്ചിനാട്‌ തമിഴ്‌നാട്ടിൽ ലയിച്ചതോടെ ആരുവാമൊഴിയുടെ പ്രാധാന്യം മങ്ങിപ്പോയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍