This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരാധന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരാധന

ഈശ്വരപ്രീതിക്കുവേണ്ടി അനുഷ്‌ഠിക്കുന്ന കർമം. ഈശ്വരനെ സമൂർത്തമായും അമൂർത്തമായും സങ്കല്‌പിക്കാമെങ്കിലും ആരാധനയിൽ സമൂർത്ത സങ്കല്‌പത്തിനാണ്‌ പ്രാധാന്യം. മനുഷ്യനെക്കാള്‍ മഹത്തും ഉന്നതവും അജ്ഞേയവുമായ ശക്തികളിലുള്ള വിശ്വാസത്തിൽ അവയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ആചാരങ്ങളോ അനുഷ്‌ഠാനങ്ങളോ അടിയന്തിരങ്ങളോ ഏർപ്പെടുത്തുന്നത്‌ ഗുണം ചെയ്യും എന്ന ധാരണയിൽ നിന്നുമാണ്‌ ആരാധന രൂപംകൊണ്ടത്‌ എന്ന്‌ മനുഷ്യന്റെ സംസ്‌കാരചരിത്രം വ്യക്തമാക്കുന്നു. ആരാധനാക്രമങ്ങളുടെ സ്ഥാപനവത്‌ക്കരണം നടന്നത്‌ പൗരോഹിത്യം ശക്തിപ്രാപിച്ചതോടുകൂടിയാണ്‌. ഇതിലെ രീതിഭേദങ്ങള്‍ മതഭേദങ്ങളുടെ ആവിർഭാവത്തിന്‌ കാരണമായിട്ടുള്ളതുപോലെ മതഭേദങ്ങള്‍ ആരാധനയുടെ രീതിഭേദങ്ങള്‍ക്കും കാരണമായിട്ടുണ്ട്‌. ഇന്നും ഇത്‌ വിശ്വാസസാഹചര്യങ്ങള്‍ക്കനുസൃതമായി പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു. ആരാധന എന്ന പദത്തിന്‌ സിദ്ധിക്കുക, പ്രാപിക്കുക, സന്തോഷം ജനിപ്പിക്കുക എന്നീ അർഥങ്ങളാണ്‌ അമരകോശത്തിൽ നല്‌കിയിട്ടുള്ളത്‌-

"ആരാധനം സാധനേ സ്യാ- ദവാപ്‌തൗ തോഷണേ ƒപി ച', മേദിനീകോശത്തിലും ഏതാണ്ടിതേ അർഥങ്ങള്‍തന്നെയാണ്‌ കൊടുത്തിട്ടുള്ളത്‌. "ആരാധനം തു പചനേ പ്രാപ്‌തൗ സന്തോഷണേƒർച്ചനേ'.

എന്നാൽ ആരാധന എന്ന പദംകൊണ്ട്‌ സാധാരണക്കാർ ഇന്നർഥമാക്കുന്നത്‌ ഈശ്വരനെയോ, തദവതാരങ്ങളെയോ, തദംശങ്ങളെന്നു കരുതപ്പെടുന്ന വിശിഷ്‌ടവ്യക്തികളെയോ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന പൂജ, സേവ, അത്യാദരം, ഉപാസന തുടങ്ങിയ ഉപചാരസപര്യാക്രമങ്ങളെ ആണ്‌. ഇവയോടു ബന്ധപ്പെട്ട ആചാരങ്ങള്‍, അനുഷ്‌ഠാനങ്ങള്‍, മന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍, കീർത്തനങ്ങള്‍, ഐതിഹ്യങ്ങള്‍, ആരാധനീയവസ്‌തുക്കള്‍, തീർഥാടനകേന്ദ്രങ്ങള്‍, വിശേഷദിവസങ്ങള്‍, വിശുദ്ധഗ്രന്ഥങ്ങള്‍, വിധിനിഷേധാജ്ഞാപനങ്ങള്‍, പുരാണേതിഹാസങ്ങള്‍ തുടങ്ങിയവ ഓരോ കാലത്തായി രൂപംകൊണ്ടിട്ടുണ്ട്‌. ഇവയെ അവലംബമാക്കിയുള്ള ആരാധന അനുഷ്‌ഠാനസംബന്ധിയാണ്‌. സംഘടിതമതത്തിന്റെ വിധിനിഷേധാജ്ഞാപനങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന ആരാധനയുടെ സ്വഭാവംതന്നെ കർമാനുഷ്‌ഠാനാധിഷ്‌ഠിതത്വമാണ്‌. ജപം, തപസ്സ്‌, പ്രാർഥന, സ്‌തോത്രം, പൂജ, ബലി, തന്ത്രമന്ത്രങ്ങള്‍, ഉപവാസം, വ്രതാനുഷ്‌ഠാനങ്ങള്‍, ജ്ഞാനസ്‌നാനം, കുമ്പസാരം, സുന്നത്ത്‌, വിവാഹം തുടങ്ങിയ കർമങ്ങള്‍ ആരാധനയോ ആരാധനയുടെ ഭാഗമോ ആരാധന ഉള്‍ക്കൊള്ളുന്ന ചടങ്ങുകളോ ആണ്‌. ഇവ കാലം, ദേശം, വീക്ഷണം, സാഹചര്യം തുടങ്ങിയവയനുസരിച്ച്‌ വ്യത്യസ്‌തങ്ങള്‍ മാത്രമല്ല, വിരുദ്ധങ്ങളുമാകാറുണ്ട്‌. ഇതെങ്ങിനെയിരുന്നാലും എല്ലാ മതവിശ്വാസങ്ങളെയും ആരാധനയെന്ന അസ്‌തിവാരത്തിലാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. മതത്തിന്റെ ഏറ്റവും രചനാങ്ങകമായ ഭാവമാണ്‌ ആരാധന.

ആദിമകാലങ്ങളിൽ മനുഷ്യർ പ്രകൃത്യാരാധകരായിരുന്നു. പ്രകൃതിശക്തികളുടെ അദമ്യതയ്‌ക്കുമുന്നിൽ അശക്തനായി ഭവിച്ച മനുഷ്യന്‍ ബലം കണ്ടെത്തിയത്‌ ആരാധനയിലൂടെ ഈ പ്രകൃതിശക്തികളെ പ്രീണിപ്പിക്കാമെന്ന വിശ്വാസത്തിലാണ്‌. അവരുടെ ധിഷണയ്‌ക്ക്‌ അതീതവും അജ്ഞേയവുമായിരുന്ന ശക്തിവിശേഷങ്ങളെ പവിത്രമെന്ന്‌ അവർ കൊണ്ടാടി. ഭൗതികജീവിതത്തിൽ പ്രയോജനപ്രദമെന്ന്‌ തോന്നിയ പ്രതിഭാസങ്ങളെ ആരാധനോപാസനകള്‍ക്ക്‌ അവർ തിരഞ്ഞെടുത്തു. ജീവന്റെ നിലനില്‌പിന്നാധാരമായ പഞ്ചഭൂതങ്ങളും ജീവസന്ധാരണത്തിനപരിത്യാജ്യങ്ങളായ പക്ഷിമൃഗാദികളും വൃക്ഷലതാദികളും നദീനിർഝരികളും കൃതജ്ഞതാനിർഭരമായ ആദരവ്‌ അവരിലുണ്ടാക്കി. ഇവയ്‌ക്കെല്ലാം ദേവത്വം നല്‌കുന്നതിന്‌ അവർ സന്നദ്ധരായി. ഇവയെ ഉപാസിക്കുവാനും പ്രീണിപ്പിക്കുവാനും അവർ തുനിഞ്ഞു. ആരാധനയുടെ ആരംഭം ഇവിടെ നാം കണ്ടെത്തുന്നു.

മതങ്ങളുടെ ആവിർഭാവത്തോടുകൂടിയാണ്‌ നിയതമായ ആരാധനാക്രമങ്ങളും അവയുടെ അനുഷ്‌ഠാനവിധികളും ഉണ്ടായത്‌. മതഭേദമനുസരിച്ച്‌ ഇവയ്‌ക്ക്‌ രീതിഭേദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എങ്കിലും മൗലികമായി ഈശ്വരാനുഗ്രഹപ്രാപ്‌തിക്കുള്ള ഒരു മാർഗമായി എല്ലാ മതങ്ങളും ആരാധനയ്‌ക്ക്‌ പ്രാധാന്യം നല്‌കിയിട്ടുണ്ട്‌.

പൗരസ്‌ത്യവീക്ഷണപ്രകാരം സമീപനം അടിസ്ഥാനമാക്കി ആരാധനയുടെ സ്വഭാവം വിശകലനം ചെയ്യുമ്പോള്‍ അർഥപ്രാപ്‌തി, അനർഥനിവാരണം തുടങ്ങിയ പ്രതിഫലങ്ങള്‍ ഇച്ഛിച്ചുകൊണ്ടുള്ള അർഥനാപ്രധാനമായ ആരാധനയാണ്‌ ഒന്നാമത്തെ വകുപ്പിൽപ്പെടുന്നത്‌. ഏറിയ പങ്കും ഇത്തരം ആരാധനയാണ്‌ സാർവത്രികമായി കണ്ടുവരുന്നത്‌. ഈ വക പ്രതിഫലങ്ങളൊന്നും പ്രതീക്ഷിക്കാതെ ഇഷ്‌ടമൂർത്തിയുടെ പ്രീതിമാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള ആരാധനയാണ്‌ രണ്ടാമത്തേത്‌. ജീവിതംതന്നെ ആരാധനായ്‌ക്കുള്ള വസ്‌തുവായി ഈശ്വരനു നിവേദിക്കപ്പെടുന്ന ഒരു സമീപനമുണ്ട്‌. ശ്വാസോച്ഛ്വാസം മുതൽ ജീവിതത്തിലെ ശാരീരികവും മാനസികവുമായ കർമങ്ങളും ഈശ്വരാരാധനയായി വിഭാവനം ചെയ്യപ്പെടുന്ന രീതിയാണ്‌ ഉത്തമോത്തമമെന്ന്‌ പല ആചാര്യന്മാരും അഭിപ്രയാപ്പെട്ടിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍