This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരവല്ലിശിലാക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരവല്ലിശിലാക്രമം

ഡെക്കാന്‍ പീഠഭൂമിയിലെ പ്രീകാംബ്രിയന്‍ ശിലാസമൂഹങ്ങളിലെ ഒരു പ്രത്യേക വിഭാഗം; ഈ ശിലാക്രമം ഭൂമുഖത്തെ ഏറ്റവും പഴക്കംചെന്ന അവസാദശിലകളിൽപ്പെടുന്നു. ആർജിലേഷ്യസ്‌ (argillaceous) സെംരചനയിലും സാമാന്യം നല്ല കനത്തിലും കാണപ്പെടുന്ന ആരവല്ലിശിലകള്‍ ഗണ്യമായ കായാന്തരണത്തിന്റെ ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു; കായാന്തരണത്തിന്റെ തോത്‌ കിഴക്കുനിന്നു പടിഞ്ഞാറേക്കു പോകുന്തോറും വർധിച്ചുവരുന്നു. ആരവല്ലിശിലാക്രമത്തിലെ ആധാരശിലകള്‍ ബുന്ദേൽ ഖണ്ഡ സമൂഹത്തിൽപ്പെട്ട നയ്‌സ്‌ ശിലകള്‍ക്കു തൊട്ടു മുകളിലായി രൂപംകൊണ്ടുകാണുന്നു. ആർകോസും കടുപ്പമേറിയ തരികള്‍നിറഞ്ഞ ക്വാർട്ട്‌സൈറ്റുകളുമാണ്‌ ആധാരശിലാപടലങ്ങളിലെ പ്രമുഖഘടകങ്ങള്‍. ഇവയ്‌ക്കു മുകളിലായി ഫിലൈറ്റുകളും ഷെയ്‌ലുകളും നിറഞ്ഞ പടലങ്ങള്‍ കാണാം. ബുന്ദി, മേവാഡ്‌ എന്നിവിടങ്ങളിലും ഉദയ്‌പൂരിനടത്തും ചുച്ചാമ്പുകല്ലുകളുടെ സാമാന്യം വിശാലമായ നിക്ഷേപങ്ങളുണ്ട്‌. പർണില ഘടനയുള്ള ഈ പടലങ്ങള്‍ ഗ്രാനൈറ്റ്‌ ശിലകളുമായി ഇടകലർന്ന സങ്കീർണസംരചനയുള്ള നയ്‌സ്‌ ശിലകളാണ്‌.

മേവാഡ്‌ പ്രദേശത്തിന്റെ കിഴക്കരികിലുള്ള "ബിനോതാഷെയ്‌ൽ' എന്നു വിളിക്കപ്പെടുന്ന പ്രത്യേകയിനം ശിലാസമൂഹങ്ങളും ആരവല്ലിക്രമത്തിൽ ഉള്‍പ്പെട്ടവയാണ്‌. കായാന്തരണത്തിനു തീരെയും വിധേയമായിട്ടല്ലാത്തവയാണ്‌ ഇവ. രാജപുത്താനിയിലെ സീമാഭ്രംശ(Great Boundary Fault)ത്തേിനു കിഴക്കാണ്‌ ബിനോതാ ഷെയ്‌ലുകളുടെ അവസ്ഥിതി. ഭ്രംശരേഖയ്‌ക്ക്‌ പടിഞ്ഞാറുള്ള ആരവല്ലിശിലകള്‍ ഡോളറൈറ്റ്‌ അന്തർവേശികളുള്‍പ്പെട്ട സ്ലേറ്റ്‌, ചുച്ചാമ്പുകല്ല്‌ എന്നിവയുടെ സ്‌തരങ്ങളാണ്‌. പടിഞ്ഞാറോട്ടു പോകുന്തോറും ഷെയ്‌ലുകളെക്കാള്‍ സ്ലേറ്റ്‌, ഫിലൈറ്റ്‌ എന്നിവയ്‌ക്കും പിന്നീട്‌ ഷിസ്റ്റാഭ (schistose) ശിലകള്‍ക്കും പ്രാമുഖ്യം ലഭിക്കുന്നതായി കാണാം. പടിഞ്ഞാറരികിൽ സ്റ്റാറൊലൈറ്റ്‌, ഗാർനൈറ്റ്‌, കയനൈറ്റ്‌ എന്നിവയും വർധിച്ചതോതിൽ അവസ്ഥിതമായിരിക്കുന്നു.

ആരവല്ലി ശിലാക്രമത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശിലകള്‍ ജയ്‌പൂരിന്റെ പ്രാന്തപ്രദേശങ്ങളായ സാവോയ്‌-മാധവ്‌പ്പൂർ, രണ്‍ധാംബോർ എന്നിവിടങ്ങളിലെ ചുവന്ന മണൽക്കല്ലുകളും ക്വാർട്ട്‌സൈറ്റുകളുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍