This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരണ്യകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരണ്യകങ്ങള്‍

വൈദികസാഹിത്യത്തിലെ ഒരു പ്രത്യേകശാഖ. അരണ്യത്തിൽവച്ച്‌ ഉപദേശിക്കപ്പെടുന്നവയോ അനുഷ്‌ഠിക്കപ്പെടുന്നവയോ ആയ കർമങ്ങളാകയാൽ ഇവയ്‌ക്ക്‌ ആരണ്യകങ്ങള്‍ എന്ന പേരുണ്ടായി. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്‌, സൂത്രങ്ങള്‍ എന്നിങ്ങനെയാണ്‌ വൈദികസാഹിത്യം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ബ്രാഹ്മണങ്ങള്‍ ഗദ്യരൂപത്തിലുള്ളവയാണ്‌. യാഗാദികർമങ്ങളുടെ അനുഷ്‌ഠാനക്രമവും മന്ത്രങ്ങളുടെ വിനിയോഗവും ആണ്‌ ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യം. ആരണ്യകങ്ങള്‍ വാനപ്രസ്ഥാശ്രമവുമായി ബന്ധപ്പെട്ടവയാണ്‌. ഗൃഹസ്ഥാശ്രമം കർമപ്രധാനവും വാനപ്രസ്ഥാശ്രമം മനനപ്രധാനവും ആണ്‌; അതിനാൽ വാനപ്രസ്ഥം സ്വീകരിച്ചവർക്കുള്ള മനനമാർഗം പ്രതിപാദിക്കുന്നവയാണ്‌ ആരണ്യകങ്ങള്‍. ആധ്യാങ്ങിക തത്ത്വങ്ങളാണ്‌ പ്രധാനമായും ആരണ്യകങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌. ബ്രാഹ്മണങ്ങളുടെ അവസാനഭാഗങ്ങളായി ആരണ്യകങ്ങളും ഉപനിഷത്തുകളും കണക്കാക്കപ്പെടുന്നു. എല്ലാവേദങ്ങള്‍ക്കും പ്രത്യേകം ആരണ്യകഭാഗങ്ങള്‍ ഉണ്ട്‌. പ്രധാനപ്പെട്ട ചില ആരണ്യകങ്ങള്‍ ചുവടെ ചേർക്കുന്നു:

ഋഗ്വേദസംബന്ധിയായ പ്രദാനാരണ്യകം ഐതരേയാരണ്യകമാണ്‌; ഐതരേയബ്രാഹ്മണത്തിന്റെ അന്തിമഭാഗമായി ചേർത്തിട്ടുള്ള ഈ ആരണ്യകത്തിൽ അഞ്ച്‌ കാണ്ഡങ്ങളും പതിനെട്ട്‌ അധ്യായങ്ങളും ഉണ്ട്‌. ഒടുവിലത്തെ രണ്ടു കാണ്ഡങ്ങള്‍ സൂത്രശൈലിയിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നാം കാണ്ഡം സോമയാഗവിധിയുള്‍ക്കൊള്ളുന്നു. രണ്ടാം കാണ്ഡത്തിൽ ആദ്യത്തെ മൂന്ന്‌ അധ്യായങ്ങളിൽ പ്രാണന്‍, പുരുഷന്‍ എന്നീ പേരുകളിൽ വിശ്വാങ്ങാവിനെ സംബന്ധിച്ച സങ്കല്‌പങ്ങളെ പ്രതിപാദിക്കുന്നു. ആ ഭാഗവും കൗഷീതക്യുപനിഷത്തിലെ പ്രതിപാദ്യവും ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാം കാണ്ഡത്തിലെ ശേഷിച്ച ഭാഗം ഐതരേയോപനിഷത്ത്‌ ആണ്‌. മറ്റു കാണ്ഡങ്ങളിൽ വേദോച്ചാരണ സമ്പ്രദായങ്ങളുടെയും സംഹിതാപാഠം, പദപാഠം, ക്രമപാഠം മുതലായവയുടെയും അക്ഷരങ്ങളുടെ വർണങ്ങളുടെയും ഗൂഢാർഥപ്രതിപാദനം ഉള്‍ക്കൊള്ളുന്നു. കൗഷീതകി ബ്രാഹ്മണത്തോട്‌ ബന്ധപ്പെട്ടതും പതിനഞ്ച്‌ അധ്യായങ്ങള്‍ ഉള്ളതും ആയ കൗഷീതക്യാരണ്യകവും ഋഗ്വേദീയമാണ്‌. ആദ്യത്തെ രണ്ടധ്യായം ഐതരേയാരണ്യകത്തിലെ ഒന്നാമത്തെയും അഞ്ചാമത്തെയും കാണ്ഡങ്ങളോടും ഏഴും എട്ടും അധ്യായങ്ങള്‍ മൂന്നാം കാണ്ഡത്തോടും സാദൃശ്യമുള്ളവയാണ്‌. മൂന്നു മുതൽ ആറുവരെ അധ്യായങ്ങള്‍ കൗഷീതക്യുപനിഷത്താണ്‌.

തലവകാരബ്രാഹ്മണത്തിലും താണ്ഡ്യബ്രാഹ്മണത്തിലും ഛാന്ദോഗ്യബ്രാഹ്മണത്തിലും ഒതുങ്ങിനില്‌ക്കുന്ന ആരണ്യകങ്ങളാണ്‌ സാമവേദവുമായി ബന്ധപ്പെട്ടവ. തൈത്തിരീയബ്രാഹ്മണാന്തർഗതമായ തൈത്തിരീയാരണക്യം കൃഷ്‌ണയജുർവേദസംബന്ധിയാണ്‌. ഇതിന്‌ പത്ത്‌ അധ്യായങ്ങള്‍ ഉണ്ട്‌; ആദ്യത്തെ ആറ്‌ അധ്യായങ്ങളിലെ പ്രതിപാദ്യം ക്രിയാമാർഗമാണ്‌; ഏഴും എട്ടും ഒന്‍പതും അധ്യായങ്ങള്‍ തൈത്തിരീയോപനിഷത്തും പത്താമധ്യായം യാജ്‌ഞികോപനിഷത്തും. ശുക്‌ളയജുർവേദസംബന്ധമായ ശതപഥബ്രാഹ്മണത്തിലെ അന്തിമകാണ്ഡം ആ ശാഖയിലെ ആരണ്യകത്തെ ഉള്‍ക്കൊള്ളുന്നു. ബൃഹദാരണ്യകമെന്ന പേരുതന്നെ പരിമാണത്തിൽ അത്‌ ബൃഹത്താണെന്നു സൂചിപ്പിക്കുന്നു. അതിന്റെ ഒടുവിലത്തെ ആറ്‌ അധ്യായങ്ങളാണ്‌ ബൃഹദാരണ്യകോപനിഷത്ത്‌, ഗോപഥബ്രാഹ്മണത്തിലാണ്‌ അഥർവവേദീയമായ ആരണ്യകം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അത്‌ രചനയിലും പ്രതിപാദ്യത്തിലും ആധുനികമാണെന്ന്‌ നിരൂപകന്മാർ അഭിപ്രായപ്പെടുന്നു. (പ്രാഫ. ആർ. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍