This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയ്‌ രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയ്‌ രാജവംശം

സംഘകാലത്ത്‌ പ്രാബല്യത്തിൽ വരികയും എ.ഡി. 10-ാം ശ.-ത്തോടുകൂടി അസ്‌തമിക്കുകയും ചെയ്‌ത പ്രാചീനദക്ഷിണേന്ത്യന്‍ രാജവംശം. "ആയ്‌' ശബ്‌ദത്തിന്‌ പശു എന്നാണർഥം. തൊഴിൽകൊണ്ട്‌ ആയന്മാർ ഇടയന്മാരായിരുന്നു. ആര്യാവർത്തത്തിലെ യാദവരെപ്പോലെ ഇവരും യാദവ (വൃഷ്‌ണി) വംശത്തിൽ പിറന്നവരാണെന്ന്‌ വിക്രമാദിത്യവരഗുണന്റെ പാലിയം ശാസനത്തിൽ (എ.ഡി. 925) പറയുന്നു. വേണാട്ടുരാജാക്കന്മാർ കൊല്ലത്തും പരിസരപ്രദേശങ്ങളിലും ആധിപത്യം ഉറപ്പിക്കുന്നതിനുമുമ്പുതന്നെ ആയ്‌രാജാക്കന്മാർ തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. 10-ാം ശ.-ത്തിന്റെ ആരംഭംവരെ ദക്ഷിണ കേരളത്തിലെ അധീശശക്തിയായിരുന്നു അവർ. ഈ സാമ്രാജ്യത്തിന്റെ വികാസ ദശയിൽ അത്‌ വടക്ക്‌ തിരുവല്ലതൊട്ട്‌ തെക്ക്‌ നാഗർകോവിൽ വരെ വ്യാപിച്ചിരുന്നു. നാഞ്ചിനാട്‌ ആദ്യകാലത്ത്‌ ആയ്‌ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. പൊതിയിൽ മലയായിരുന്നു ആയ്‌രാജ്യത്തിന്റെ തലസ്ഥാനമെന്ന്‌ പൂറനാനൂറിൽനിന്ന്‌ മനസ്സിലാക്കാം. ചെങ്കോട്ടയ്‌ക്കടുത്തുള്ള ആയ്‌ക്കുടിയാണ്‌ പൊതിയിൽമല എന്ന്‌ കരുതപ്പെടുന്നു. ആയ്‌ രാജാക്കന്മാർ. ഈ വംശത്തിൽപ്പെട്ട ആയ്‌ അണ്ടിരനും അണ്ടിരന്റെ അനന്തരഗാമികളെന്നു വിശ്വസിക്കപ്പെടുന്ന തിതിയനും അതിയനും സംഘകാലകവികളുടെ പ്രശംസയ്‌ക്കു പാത്രീഭവിച്ചിട്ടുള്ളതായി കാണുന്നു. തിതിയന്‍. "പൊതിയിൽചെൽവന്‍ എന്ന്‌ അകനാനൂറിൽ വർണിക്കപ്പെടുന്ന തിതിയന്‍ അണ്ടിരന്റെ തൊട്ടടുത്ത പിന്‍ഗാമിയാണോ എന്നറിഞ്ഞുകൂടാ; എങ്കിലും അണ്ടിരന്‍ കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധനായ ആയ്‌ രാജാവ്‌ ഇദ്ദേഹമാണ്‌. കപിലരും പരണരും ഭൂതപാണ്ഡ്യനെന്ന പാണ്ഡ്യരാജകവിയും ഇദ്ദേഹത്തിന്റെ സമകാലികരായിരുന്നു. അതിയനും അനന്തരഗാമികളും. അടുത്ത പ്രമുഖനായ ആയ്‌ രാജാവ്‌ അതിയനാണ്‌. അദ്ദേഹത്തിന്റെ ഭരണമായപ്പോഴേക്കും ആയ്‌രാജ്യം ശിഥിലമാകാന്‍ തുടങ്ങി. പശുംപൂണ്‍പാണ്ഡ്യന്‍ (അഴകിയ പാണ്ഡ്യന്‍) ആയ്‌രാജ്യം ആക്രമിക്കുകയും അതിയനെ കീഴടക്കുകയും ചെയ്‌തതായി പറയപ്പെടുന്നു. അതിയന്റെ അനന്തരഗാമിയായി ഒരു ആയ്‌രാജാവ്‌ തലൈയാലങ്കാനത്തു യുദ്ധത്തിൽ പങ്കെടുത്തിരുന്നതായി പരാമർശങ്ങള്‍ കാണുന്നുണ്ട്‌. നഷ്‌ടപ്പെട്ടുപോയ സ്ഥലങ്ങള്‍ മിക്കവയും തിരിച്ചുപിടിച്ചെങ്കിലും ആയ്‌രാജവംശത്തിന്റെ പണ്ടത്തെ പ്രാബല്യം വീണ്ടെടുക്കാന്‍ പിന്നീടു വന്നവർക്ക്‌ കഴിഞ്ഞില്ല. ചടയനും കരുനന്തനും. എട്ടാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ആയ്‌ രാജ്യം ഭരിച്ചത്‌ ചടയനും അദ്ദേഹത്തിന്റെ പുത്രന്‍ കരുനന്തനും ആയിരുന്നു. പാണ്ഡ്യരാജാവായ മാറഞ്ചടയന്‍ അഥവാ ജടിലവർമന്‍ പരാന്തകന്‍ (765-815) തന്റെ 23-ാം ഭരണവർഷത്തിൽ മലനാട്ടുരാജാവിനെ എതിർത്ത്‌ അരുവിയൂർകോട്ട നശിപ്പിച്ചതായി കഴുകുമലശാസനത്തിൽ പറയുന്നു. ഈ മലനാട്ടു രാജാവ്‌ കരുനന്തന്‍ ആയിരിക്കുമെന്ന്‌ ഊഹിക്കപ്പെടുന്നു. ആയ്‌ രാജാക്കന്മാരുടെ അധീശത്വത്തിൽപ്പെട്ട വിഴിഞ്ഞവും മാറഞ്ചടയന്‍ പിടിച്ചതായി മദ്രാസ്‌ മ്യൂസിയം ശാസനങ്ങള്‍ തെളിവുതരുന്നു. കരുനന്തനെതുടർന്ന്‌ അധിരാകത്തിൽ വന്നത്‌ കരുനന്തരുമന്‍ ആയിരിക്കാമെന്നു കരതുപ്പെടുന്നു.

കരുനന്തടക്കന്‍. ആയ്‌ രാജവംശത്തിലെ അടുത്ത പ്രധാന രാജാവ്‌ കരുനന്തടക്കന്‍ (857-885) ആണ്‌. രാജ്യം അപ്പോള്‍ വടക്ക്‌ തൃപ്പാപ്പൂർ മുതൽ തെക്കു നാഗർകോവിൽ വരെ ആയി ചുരുങ്ങിയിരുന്നു. പാർഥിവശേഖരപുരത്തെ വിഷ്‌ണു ക്ഷേത്രം കരുനന്തടക്കനാണ്‌ നിർമിച്ചത്‌. ഇദ്ദേഹത്തിന്‌ ശ്രീവല്ലഭവന്‍ എന്നു കൂടി പേരുണ്ടായിരുന്നതായി ഹജുർശാസനത്തിൽ നിന്ന്‌ മനസ്സിലാക്കാം. കാന്തളൂർശാലയുടെ സ്ഥാപകന്‍ ഈ രാജാവായിരിക്കുമെന്ന്‌ ഊഹിക്കപ്പെടുന്നു.

വിക്രമാദിത്യവരഗുണന്‍. വിക്രമാദിത്യവരഗുണന്‍ (855-925) ആയിരുന്നു കരുനന്തടക്കന്റെ പിന്‍ഗാമി. ചോളപാണ്ഡ്യയുദ്ധത്തിൽ ഇദ്ദേഹം പാണ്ഡ്യരെ സഹായിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ദക്ഷിണകേരളത്തിലെ ഒട്ടേറെ ഭൂസ്വത്ത്‌ ബുദ്ധമതകേന്ദ്രമായിരുന്ന തിരുമൂലപാദത്തിന്‌ (ശ്രീമുലവാസം) ദാനം ചെയ്‌തതായി ഇതിൽ പറയുന്നു.

വിക്രമാദിത്യവരഗുണന്റെ മരണത്തിനുശേഷം ആയ്‌ രാജവംശത്തിന്‌ രാജവംശപദവി നഷ്‌ടപ്പെടുകയും ആ രാജ്യത്തിന്റെ വടക്കന്‍ഭാഗങ്ങള്‍ ചേരസാമ്രാജ്യത്തിന്റെ വേണാട്ടുവിഭാഗത്തിൽ ലയിക്കുകയും ചെയ്‌തു. സാമൂഹിക ജീവിതവും സംസ്‌കാരവും. ആയ്‌ രാജാക്കന്മാരുടെ ശാസനങ്ങള്‍ അവരുടെ രാജ്യത്തിലെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ സ്ഥിതിഗതികളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. അവിടെ രാജ്യാവകാശം പരമ്പരാഗതമായിരുന്നു; മക്കത്തായമായിരുന്നു പിന്തുടർന്നുപോന്നത്‌. രാജ്യം പല നാടുകളായും നാടുകള്‍ ദേശങ്ങളായും വിഭജിച്ചിരുന്നു. "കിഴവന്‍' എന്ന ഉദ്യോഗസ്ഥനായിരുന്നു രാജാവിന്റെ നിർദേശപ്രകാരം ഭരണകാര്യങ്ങള്‍ നോക്കിപ്പോന്നത്‌. വിഴിഞ്ഞവും കാന്തളൂരും അവരുടെ സൈനികകേന്ദ്രങ്ങളായിരുന്നു. ഏതു കുറ്റത്തിനും പിഴ ഈടാക്കുക എന്നതായിരുന്നു പൊതുവേ ഉണ്ടായിരുന്ന ശിക്ഷ. സ്വർണമായി ഈടാക്കിയിരുന്ന ഈ പിഴ ക്ഷേത്രത്തിലോ രാജഭണ്ഡാരത്തിലോ അടയ്‌ക്കുകയായിരുന്നു പതിവ്‌. ക്ഷേത്രത്തിലെ സഭ രാജ്യത്തെ ഒരു പ്രധാനസ്ഥാപനമായിരുന്നു. അവർ സ്ഥാപിച്ചിരുന്ന ശാലകള്‍ അഥവാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തിൽ ഒരു വലിയ പങ്ക്‌ വഹിച്ചിരുന്നു. ഓരോ ക്ഷേത്രത്തോടും അനുബന്ധിച്ച്‌ ഓരോ ശാലയുണ്ടായിരുന്നു. കാന്തളൂരെയും പാർഥിവശേഖരപുരത്തെയും ശാലകള്‍ പ്രസിദ്ധങ്ങളായിരുന്നു. നാട്ടിലെ ദേവാലയങ്ങളുടെ മേൽ ഇവരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞു. ഈ രാജവംശത്തിന്റെ അവസാനകാലത്ത്‌ ബുദ്ധമതവും ജൈനമതവും ക്ഷയിക്കുകയും ഹിന്ദുമതത്തിന്റെയും ഹൈന്ദവസംസ്‌കാരത്തിന്റെയും സംരക്ഷണം അവർ ഏറ്റെടുക്കുകയും ചെയ്‌തു. അവർ തികഞ്ഞ ഹിന്ദുക്കളായിരുന്നെങ്കിലും ബൗദ്ധ-ജൈനമതങ്ങളോട്‌ സഹിഷ്‌ണുത പുലർത്തിയിരുന്നു. (കെ. മഹേശ്വരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍