This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയ്‌നെ അക്‌ബരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയ്‌നെ അക്‌ബരി

അബുൽഫസ്‌ൽ (1551-1602) പേർഷ്യന്‍ ഭാഷയിൽ രചിച്ച പ്രസിദ്ധചരിത്രകൃതിയായ അക്‌ബർനാമയുടെ മൂന്നാം ഭാഗം. അക്‌ബർ ചക്രവർത്തിയുടെ ഭരണകാലത്തെ(1556-1605)പ്പറ്റി സവിസ്‌തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഏർപ്പെടുത്തിയ ഭരണസംവിധാനവും വിവിധവകുപ്പുകളുടെ പ്രവർത്തനരീതികളും പ്രതിപാദിച്ചിട്ടുണ്ട്‌. വളരെപ്പേരുടെ സഹായത്തോടെ ഔദ്യോഗികരേഖകളിൽ നിന്നു ശേഖരിച്ച വസ്‌തുതകളുടെ വെളിച്ചത്തിൽ, രാഷ്‌ട്രത്തിന്റെ വിഭവങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, ജനസംഖ്യാകണക്കുകള്‍, സാമ്പത്തിക സ്ഥിതി ആദിയായവ വിശദമായി ഈ കൃതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹൈന്ദവദർശനത്തെയും സംസ്‌കാരത്തെയും പറ്റിയുള്ള വിശദമായ പരാമർശവും ഇതിൽ ലഭ്യമാണ്‌. അബുൽഫസ്‌ൽ ഈ കൃതി 1593-ൽ പൂർത്തിയാക്കി അക്‌ബർ ചക്രവർത്തിക്കു സമർപ്പിച്ചു. ഏഴുവർഷത്തെ നിരന്തരമായ പഠനാന്വേഷണങ്ങളുടെ ഫലമായിട്ടാണ്‌ അബുൽഫസ്‌ലിന്‌ ഈ കൃതി പൂർത്തിയാക്കാന്‍ സാധിച്ചത്‌. ചൈനയൊഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലോ യൂറോപ്പിലോ ഈ മാതൃകയിലുള്ള ഒരു പ്രാമാണിക ഗ്രന്ഥം അക്കാലത്ത്‌ രചിക്കപ്പെട്ടിരുന്നില്ല എന്ന്‌ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

ആയ്‌നെ അക്‌ബരിയുടെ ഒരു സംഗ്രഹം ഫ്രാന്‍സിസ്‌ ഗ്ലാഡ്‌വിന്‍ പരിഭാഷപ്പെടുത്തി 1783-ൽ ഗവർണർ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്‌സിനു സമർപ്പിച്ചു; അത്‌ 1800-ൽ ലണ്ടനിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സർ സയ്യദ്‌ അഹമ്മദ്‌ഖാന്‍ ആയ്‌നെ അക്‌ബരിയുടെ മൂലമാതൃക പകർത്തി (Lithographic Text) 1885-ൽ ലക്‌നൗവിൽനിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഏഷ്യാറ്റിക്‌ സൊസൈറ്റി ഒഫ്‌ ബംഗാള്‍ (A.B.S.) ബിബ്‌ളിയോത്തിക്ക ഇന്‍ഡിക്ക പരമ്പര(Bibliothica Indica series)യിൽ ആയ്‌നെ അക്‌ബരി മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒന്നാം വാല്യം എച്ച്‌. ബ്ലോക്കമാന്‍ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ 1873-ൽ പ്രസിദ്ധപ്പെടുത്തി. അതിന്റെ രണ്ടാം പതിപ്പ്‌ ഡി.സി. ഫിലോട്ട്‌ 1939-ൽ പ്രകാശനം ചെയ്‌തു. ആയ്‌നെ അക്‌ബരിയുടെ രണ്ടാം വാല്യം എച്ച്‌.എസ്‌. ജാരറ്റ്‌ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ 1891-ൽ പ്രസിദ്ധപ്പെടുത്തി; അതിന്റെ രണ്ടാം പതിപ്പ്‌ ജെ.എന്‍. സർക്കാർ 1949-ൽ പ്രസാധനം ചെയ്‌തു. മൂലഗ്രന്ഥകർത്താവായ അബുൽഫസ്‌ലിന്റെ പൂർവികരുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവചരിത്രവും ഈ വാല്യത്തിലാണുള്ളത്‌. ഈ വാല്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌ (1896) ജാരറ്റ്‌ തന്നെ ആയിരുന്നു. 1948-ൽ ജെ.എന്‍. സർക്കാർ മൂന്നാം വാല്യത്തിന്റെ രണ്ടാം പതിപ്പ്‌ പുനഃപ്രസാധനം ചെയ്‌ത്‌ പ്രകാശിപ്പിച്ചു. നോ: അക്‌ബർനാമ; അബുൽഫസ്‌ൽ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍