This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദൗഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയുർവേദൗഷധങ്ങള്‍

രോഗനിവാരണത്തിനായി ആയൂർവേദ വിധിപ്രകാരം നൽകുന്ന മരുന്നുകള്‍. ഔഷധമല്ലാത്ത ഒരു വസ്‌തുവും ലോകത്തിലില്ല എന്നാണ്‌ ആയുർവേദാചാര്യന്മാരുടെ മതം. ശരിക്കു കണ്ടറിഞ്ഞ്‌ സന്ദർഭാനുസരണം പ്രയോഗിക്കുവാന്‍ കഴിയണമെന്നുമാത്രം. അതിനുള്ള മാർഗങ്ങള്‍ ആയുർവേദത്തിലെ "ദ്രവ്യവിജ്ഞാനീയ'ത്തിലും അതിന്റെ ഭാഗമായ "ഭേഷജകല്‌പ'ത്തിലും നിർദേശിച്ചിട്ടുണ്ട്‌.

ഒരു ഔഷധസസ്യത്തോട്ടം

വർഗവിഭാഗം. ഔഷധദ്രവ്യങ്ങളെ സാമാന്യേന മൂന്നു വർഗമായി തരംതിരിച്ചിരിക്കുന്നു: (1) ഔദ്‌ഭിദങ്ങള്‍ = സസ്യങ്ങള്‍ (മണ്ണിനെ ഉദ്‌ഭേദിച്ചു = പിളർന്നു പൊങ്ങുന്നവ), (2) ജംഗമങ്ങള്‍ (ജന്തുക്കളിൽനിന്നു കിട്ടുന്നവ. ഉദാ. പാൽ, കൊമ്പ്‌, കുളമ്പ്‌, പല്ല്‌, അരക്ക്‌, മെഴുക്‌, തേന്‍, മാംസം മുതലായവ), (3) പാർഥിവങ്ങള്‍ (രസങ്ങള്‍, ലോഹങ്ങള്‍, ലവണങ്ങള്‍, രത്‌നങ്ങള്‍ മുതലായവ). ജംഗമങ്ങളും പാർഥിവങ്ങളുമായ ദ്രവ്യങ്ങളെ ഔഷധങ്ങളാക്കുമ്പോള്‍, ചില സംസ്‌കാരങ്ങള്‍ കൂടിയേ കഴിയൂ. അതിന്‌ ഏറെക്കുറെ സസ്യൗഷധങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. സസ്യൗഷധങ്ങളാകട്ടെ തനിച്ചും ഇതരദ്രവ്യങ്ങളോടുചേർത്തു സംസ്‌കരിച്ചും രണ്ടുപ്രകാരത്തിലും ഉപയോഗിക്കപ്പെടാവുന്നവയാണ്‌. അതുകൊണ്ട്‌ പ്രാധാന്യം സസ്യൗഷധങ്ങള്‍ക്കാണെന്നും പറയാം. ഈ മൂന്നു തരം മൗലികപദാർഥങ്ങളെയും യഥാവിധി സംസ്‌കരിച്ച്‌ ആസവങ്ങള്‍, അരിഷ്‌ടങ്ങള്‍, ശുക്തം, അർക്കം, കഷായം, ഗുളിക, വടകം, വടിക, വർത്തി, ഘൃതം, ചൂർണം, തൈലം, ഭസ്‌മം, ക്ഷാരം, രസക്രിയ, ലേഹ്യം, ലേപം എന്നിങ്ങനെ പലവിധത്തിൽ രൂപാന്തരപ്പെടുത്തി കേടുകൂടാതെ സൂക്ഷിച്ചുവച്ച്‌ സന്ദർഭാനുസരണം ആയുർവേദാചാര്യന്മാർ പ്രയോഗിച്ചുവരുന്നു. സ്വരസം (ഇടിച്ചു പിഴിഞ്ഞെടുത്ത നീര്‌), പാനകം, പിണ്ഡി, പേയം, പ്ലോതം, മന്ഥം, മോദകം, പ്രക്ഷേപം, മണ്ഡം, അനുപാതം, പുടപാകം മുതലായി അപ്പപ്പോള്‍ തയ്യാർചെയ്‌ത്‌ പ്രയോഗിക്കത്തക്ക പ്രകാരഭേദങ്ങള്‍ വേറെയുമുണ്ട്‌. ഇവയിൽ ചിലത്‌ അകത്തേക്കോ അല്ലെങ്കിൽ പുറത്തേക്കോ മാത്രവും ചിലത്‌ തരംപോലെ രണ്ടിടത്തേക്കും പ്രയോഗിക്കപ്പെടുന്നതും ആയിരിക്കും.

ഔഷധധർമങ്ങള്‍. ഔഷധമായോ ആഹാരമായോ മറ്റു പ്രകാരത്തിലോ ഉപയോഗിക്കാവുന്ന നിരവധി ദ്രവ്യങ്ങളുണ്ട്‌. ഇവയുടെ രൂപ-ധർമ വൈവിധ്യത്തിനും പ്രയോജനഭേദങ്ങള്‍ക്കുമെല്ലാം കാരണം അവയിലെ മൂലഘടകങ്ങളുടെയും അവയുടെ ഘടനാരീതികളുടെയും സവിശേഷതകളാണ്‌. ഓരോ ദ്രവ്യത്തിന്റെ ഘടനയ്‌ക്കും സവിശേഷതയുണ്ട്‌. പൃഥ്വി, അപ്പ്‌, തേജസ്സ്‌, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാണ്‌ എല്ലാറ്റിന്റെയും മൂലഘടകങ്ങള്‍ എന്നു കരുതപ്പെടുന്നു. ഇവയുടെ ഏറ്റക്കുറച്ചിലിനും ഘടനാരീതിക്കും അനുസരിച്ച്‌ ദ്രവ്യങ്ങള്‍ക്കു വൈവിധ്യമുണ്ടാകുന്നു എന്നു സാരം. ജന്തുശീരത്തിന്റെ മൂലഘടകങ്ങളും ഈ പഞ്ചഭൂതങ്ങള്‍തന്നെ; എന്നാൽ ശരീരത്തെസംബന്ധിച്ചു പ്രതിപാദിക്കുമ്പോള്‍ സൗകര്യത്തിനായി ഇവയെ (സംഗ്രഹിച്ച്‌) വായു, പിത്തം, കഫം എന്നീ ത്രിധാതുക്കള്‍-അഥവാ ത്രിദോഷങ്ങള്‍-ആയി വ്യവഹരിച്ചുവരുന്നു. ത്രിദോഷങ്ങളിൽ വിഷമാവസ്ഥയുണ്ടാകുന്നതാണ്‌ രോഗം. ഇതിനെ പരിഹരിച്ച്‌ ത്രിദോഷസാമ്യം ഉണ്ടാക്കലാണ്‌ ചികിത്സ. ഇതിന്‌ (പഞ്ചഭൂതഘടിതങ്ങള്‍തന്നെയായ) വിവിധദ്രവ്യങ്ങളെ കണ്ടറിഞ്ഞെടുത്തു പ്രയോഗിക്കുന്നു. രണ്ടു ദ്രവ്യങ്ങളുടെ ഘടന സമാനമാവാം. അതനുസരിച്ച്‌ അവയുടെ ധർമങ്ങളും സമാനങ്ങളോ വ്യത്യസ്‌തങ്ങളോ, വിരുദ്ധങ്ങള്‍തന്നെയോ ആകാം.

രസം, ഗുണം, വീര്യം, വിപാകം, പ്രഭാവം എന്നീ അഞ്ചെണ്ണമാണ്‌ ആയുർവേദശാസ്‌ത്രപ്രകാരം ഒരു ദ്രവ്യത്തിലെ ക്രിയാക്ഷമങ്ങളായ-ശരീരത്തിൽ ഒരു ദ്രവ്യം എന്തെന്തുധർമങ്ങള്‍ നിർവഹിക്കുന്നു എന്നു നിർണയിക്കുവാന്‍ ആധാരങ്ങളായ-ഘടകങ്ങള്‍. ഇവയെ ആസ്‌പദിച്ചാണ്‌ ദ്രവ്യധർമങ്ങളെപ്പറ്റിയുള്ള വ്യവഹാരം. ഈ അഞ്ചിനും വെവ്വേറെ അവാന്തര വിഭാഗങ്ങളുമുണ്ട്‌. ഒരേ ദ്രവ്യത്തിൽ ഈ ഘടകങ്ങളുടെ ധർമങ്ങള്‍ സമാനങ്ങളോ വ്യത്യസ്‌തങ്ങളോ ചിലപ്പോള്‍ വിരുദ്ധങ്ങള്‍തന്നെയോ ആകാവുന്നതാണ്‌. എങ്ങനെയായാലും ഇവയെല്ലാം തട്ടിക്കഴിച്ചുള്ള ആകെത്തുകയാണ്‌ ഒരു ദ്രവ്യത്തിന്റെ ധർമമായി വ്യവഹരിക്കപ്പെടുന്നത്‌.

ഇവയിൽ രസം ആറുവിധമുണ്ട്‌: മധുരം, അമ്ലം (പുളി), ലവണം (ഉപ്പ്‌), തിക്തം (കയ്‌പ്‌), കടു (എരിവ്‌), കഷായം (ചവർപ്പ്‌). ഓരോന്നിനും വെവ്വേറെ നിയതധർമങ്ങളുണ്ട്‌. ഓരോ രസവും പഞ്ചഭൂതങ്ങളിൽ ഇന്നിന്നവ ആധിക്യേന ചേർന്നാണ്‌ ഉണ്ടാകുന്നതെന്ന്‌ (ത്രിദോശ-ഷഡ്‌രസബന്ധം) വിവരിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും വാതം, പിത്തം, കഫം എന്നീ ദോഷത്രയത്തിൽ ഇന്നിന്നതിനെ വർധിപ്പിക്കുന്നു, ഇന്നിന്നതിനെ ക്ഷയിപ്പിക്കുന്നു എന്നും മനസ്സിലാക്കാം. വാതപ്രധാനമായ ഒരു രോഗത്തിനു ചികിത്സിക്കുമ്പോള്‍, അതിനെ വർധിപ്പിക്കുന്ന കയ്‌പ്‌, ചവർപ്പ്‌, എരിവ്‌ എന്നീ രസങ്ങളുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്‌ പൊതുവേ ഹിതമാകില്ല. ഇത്തരത്തിൽ ഓരോന്നിന്റേയും രസത്തെപ്പറ്റിയുള്ള വിചാരം ആദ്യം നടക്കണം. രസധർമങ്ങള്‍ ദ്രവ്യം നാവിന്മേൽ സ്‌പർശിക്കുന്നതോടുകൂടിത്തന്നെ ശരീരത്തിനും ലഭിച്ചുതുടങ്ങും. രണ്ടാമത്തെതായ "ഗുണം' ഇരുപത്‌ വിധമുണ്ട്‌; ഗുരു, മന്ദം, ഹിമം, സ്‌നിഗധം, ശ്ലഷ്‌ണം, സാന്ദ്രം, മൃദു, സ്ഥിരം, സൂക്ഷ്‌മം, വിശദം, ലഘു, തീക്ഷണം, ഉഷ്‌ണം, രൂക്ഷം, ഖരം, ദ്രവം, കഠിനം, സരം, സ്ഥൂലം, പിച്ഛിലം, "വീര്യം' ചുരുക്കത്തിൽ രണ്ടുവിധമാണ്‌. ദ്രവ്യാംശം രക്തത്തിൽ വിലയിച്ചശേഷം രക്തസഞ്ചാരപദ്ധതിയിലൂടെയാണ്‌ ഇതിന്റെ ധർമങ്ങള്‍ ശരീരത്തിനു കിട്ടുന്നത്‌. "വിപാകം' ജഠരാഗ്നി (ദഹനരസ) സംയോഗം കൊണ്ടു വിപരിണാമംവന്ന "രസ'മാണ്‌. വിപാകത്തിൽ മധുരം മധുരംതന്നെയായും, ലവണം മധുരമായും അമ്ലം അമ്ലംതന്നെയായും വർത്തിക്കുമെന്നാണ്‌ സാമാന്യ നിയമം. അതുപോലെ കയ്‌പ്‌, എരിവ്‌, ചവർപ്പ്‌ എന്നിവ പ്രായേണ എരിവുരസമായിത്തീരുന്നു. (ഈ സാമാന്യ നിയമങ്ങള്‍ക്കു ചില അപവാദങ്ങളുണ്ട്‌: ഉദാ. വിപാകത്തിൽ, മധുരരസമായ വ്രീഹി (നെല്ല്‌) അമ്ലമാകും. ലവണരസമായ തുവർച്ചിലയുപ്പ്‌ കടുരസമായിത്തീരും. അമ്ലരസമായ നെല്ലിക്ക മധുരമാകും-പടവലവും ചുക്കും കടുക്കയും അമ്ലങ്ങളാകും). രസവും വിപാകവും ഒന്നു തന്നെയായി വരുന്ന സന്ദർഭത്തിൽ, (മധുരം, പുളി, എരിവ്‌ ഇവ സാമാന്യേന വിപാകത്തിൽ മറ്റൊന്നാവില്ല) അവയുടെ സംയുക്തകർമം കൂടുതൽ കാര്യക്ഷമമാകുന്നു. രക്തസഞ്ചാരപദ്ധതിയിലൂടെ പ്രവർത്തിക്കുന്ന "വീര്യം' കൂടുതൽ കാര്യക്ഷമമാണ്‌. ഒരു ദ്രവ്യത്തിൽ നിഷ്‌ഠങ്ങളായ ഗുണങ്ങള്‍ക്കും രസവിപാകങ്ങള്‍ക്കും സമാനത്വം ഉണ്ടാവുകയാണെങ്കിൽ തത്‌ഫലമായുണ്ടാകുന്ന ദ്രവ്യധർമത്തിന്‌ ഏകാഗ്രത കൂടിയിരിക്കും. മറിച്ച്‌, ധർമങ്ങള്‍ വ്യത്യസ്‌തങ്ങളാണെങ്കിൽ, മേല്‌പറഞ്ഞ ക്രമത്തിൽ ബലാധിക്യമുള്ള ഘടകധർമങ്ങളായിരിക്കും. അഞ്ചാമത്തേതായ "പ്രഭാവം' ഒരു ദ്രവ്യത്തിന്റെ വിശിഷ്‌ടധർമത്തെ ഉണ്ടാക്കുന്നു. ദ്രവ്യധർമത്തെക്കുറിച്ച്‌ അവസാനവിധിയെഴുതുന്ന ഘടകമാണത്‌. രസം, ഗുണം, വീര്യം, വിപാകം എന്നിവയിൽ സാമ്യമുണ്ടായിരിക്കെ, രണ്ടു ദ്രവ്യങ്ങളിൽ ഒന്ന്‌ വിശിഷ്‌ടകർമം ചെയ്യുന്നുവെങ്കിൽ, അതിനുകാരണം "പ്രഭാവ' മാണ്‌; ഉദാ. നാഗദന്തിയും കൊടുവേലിക്കിഴങ്ങും രസാദികളുടെ കാര്യത്തിൽ തുല്യങ്ങളാണ്‌; പക്ഷേ, കൊടുവേലി "ദീപനചാപന'മാണ്‌; നാഗദന്തിക്ക്‌ വയറളിക്കുക എന്നൊരു പ്രത്യേകധർമം കൂടിയുണ്ട്‌. മുന്തിരിങ്ങയും ഇരട്ടിമധുരവും രസാദികളെക്കൊണ്ട്‌ തുല്യങ്ങളാണെങ്കിലും, മുന്തിരിങ്ങയ്‌ക്കു മലശോധനയുണ്ടാക്കാനുള്ള ഒരു സവിശേഷശക്തിയുണ്ട്‌. നെയ്യും പാലും രസാദികളിൽ സമാനങ്ങളെങ്കിലും, നെയ്യിന്‌ ദീപനത്വവും പാലിന്‌ വിരേചനകാരിത്വവും പ്രത്യേക ധർമങ്ങളായുണ്ട്‌. മാധുര്യവും ഗുരുത്വവും ഉള്ളവ സ്വതേ വാതഹരങ്ങളാണ്‌. ഈ രണ്ടും ഗോതമ്പിനും യവത്തിനും ഉണ്ട്‌. എന്നാൽ ഗോതമ്പ്‌ വാതഹരവും യവം വാതകൃത്തുമാണ്‌. ഇങ്ങനെ ചില ഉദാഹരണങ്ങള്‍ കാണിക്കാമെങ്കിലും "പ്രഭാവം' ആണ്‌ ഈ വിശിഷ്‌ടധർമങ്ങള്‍ക്കു കാരണം.

ഔഷധഗണങ്ങള്‍. എല്ലാ ദ്രവ്യങ്ങളും പഞ്ചഭൂതമയങ്ങളാണെങ്കിലും പഞ്ചഭൂതങ്ങളുടെ തോത്‌ എല്ലാറ്റിലും ഒരു പോലെയായിരിക്കുകയില്ല. പൃഥിവിയുടെ അംശം അധികമുള്ളവയെ പാർഥിവദ്രവ്യങ്ങളെന്നു വിളിക്കുന്നു. ഇപ്രകാരം ആപ്യങ്ങള്‍, ആഗ്നേയങ്ങള്‍, വായവ്യങ്ങള്‍, നാഭസങ്ങള്‍ എന്നിങ്ങനെയും സാമാന്യമായി ദ്രവ്യങ്ങളെ വർഗവിഭാഗം ചെയ്‌തിട്ടുണ്ട്‌. മേല്‌പറഞ്ഞ രസ-ഗുണ-വീര്യ-പ്രഭാവങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഓരോന്നും ഇന്നിന്ന വർഗത്തിൽപ്പെടുന്നു എന്നു നിർണയിക്കുന്നത്‌.

അഗ്നിയുടെയും വായുവിന്റെയും ഭാഗങ്ങള്‍ അധികം ചേർന്നുണ്ടാകുന്ന ദ്രവ്യങ്ങള്‍ മിക്കതും ഛർദിയെ ഉണ്ടാക്കുന്നുവെന്നും, ഭൂമിയുടെയും ജലത്തിന്റെയും ഭാഗങ്ങള്‍ അധികം ചേർന്നുണ്ടായവ അതിസാരം ഉണ്ടാക്കുന്നുവെന്നും വിവരിച്ചിരിക്കുന്നു. "ദ്രവ്യമൂർധ്വഗമം തത്ര, പ്രായോഗ്നി പവനോല്‌ക്കടം; അധോഗാമിചഭൂയിഷ്‌ഠം ഭൂമിതോയഗുണാധികം' (അഷ്‌ടാംഗഹൃദയം സൂ. അ. 9). അഗ്നിവായുക്കളുടെ അംശം അധികമായുള്ള ദ്രവ്യം മിക്കവാറും മേല്‌പോട്ടുപൊങ്ങുന്ന സ്വഭാവമുള്ളതായിരിക്കും; ഭൂമിയുടെയും ജലത്തിന്റെയും അംശം അധികമായുള്ള ദ്രവ്യം അധികവും കീഴ്‌പോട്ടുപോകുന്ന സ്വഭാവത്തോടുകൂടിയവയും. ഇപ്രകാരം ശരീരത്തിൽ ഇന്നിന്ന സ്വഭാവത്തോടുകൂടിയ ധർമങ്ങള്‍ചെയ്യുന്നു എന്നതിനെ ആസ്‌പദിച്ച്‌ ദ്രവ്യങ്ങളെ പല ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്‌. ചരകാചാര്യന്‍ അങ്ങനെ 10 ദ്രവ്യങ്ങള്‍വീതം അടങ്ങിയ 50 ഗണങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു. സുശ്രുതന്‍ 760 ദ്രവ്യങ്ങളെ ഇപ്രകാരം 37 ഗണങ്ങളാക്കി തിരിച്ചുവച്ചിട്ടുണ്ട്‌. ഗണങ്ങള്‍ക്കു നാമനിർദേശം ചെയ്‌തിട്ടുള്ളതിന്‌ ചില ഉദാഹരണങ്ങള്‍ കാണിക്കാം.

1. കണ്ഡൂഘ്‌നം-ചൊറി മാറ്റുന്നത്‌

2. കണ്ഡൂകരം-ചൊറിയുണ്ടാക്കുന്നത്‌

3. കണ്‌ഠ്യം-കണ്‌ഠത്തിനു ഹിതം

4. കഫഹരം

5. കൃമിഘ്‌നം

6. ഗ്രാഹി-മലബന്ധമുണ്ടാക്കുന്നത്‌

7. അർശോഘ്‌നം-മൂലക്കുരുവിനെ ശമിപ്പിക്കുന്നത്‌

8. അശ്‌മരിഘ്‌നം-മൂത്രാശയത്തിലും മറ്റുമുണ്ടാകുന്ന കല്ലടപ്പിനെ ഹനിക്കുന്നത്‌

9. ഛർദിനിഗ്രഹം

10. വിഷഘ്‌നം

11. വ്യവായി-വ്യാപനശീലമുള്ളത്‌- ഉദാ. കഞ്ചാവ്‌, മദ്യം

12. ശിരോവിരേചനീയം-ശിരസ്സിൽനിന്നും കഫം മുതലായതു കളയുന്നത്‌

13. വിരേചനം-മലശോധനയുണ്ടാക്കുന്നത്‌

14. വമനം-ഛർദിയുണ്ടാക്കുന്നത്‌

15. വർണ്യം-നിറം നന്നാക്കുന്നത്‌

സസ്യൗഷധങ്ങള്‍. ഏതാണ്ട്‌ 2,000 സസ്യൗഷധങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്‌. ഔഷധചികിത്സയിൽ അദ്വിതീയനായിരുന്ന ചരകന്‍, ഔദ്‌ഭിദൗഷധങ്ങളെ സാമാന്യമായി വനസ്‌പതി, വാനസ്‌പത്യം, ഓഷധി, വീരുത്തുകള്‍ എന്നിങ്ങനെ നാലുതരമായി വിഭജിച്ചിരിക്കുന്നു. ഫലങ്ങളോടുകൂടിയ സസ്യൗഷധങ്ങള്‍-പൂവുകൂടാതെ കായ്‌ക്കുന്ന അത്തി, പുലാവ്‌ (പ്ലാവ്‌), ആൽ മുതലായ മഹാവൃക്ഷങ്ങള്‍-ആണ്‌ വനസ്‌പതികള്‍; പുഷ്‌പങ്ങളുണ്ടായി പിന്നെ അവയെല്ലാം ഫലങ്ങളായിത്തീരുന്ന മാവ്‌, കൂവളം മുതലായ വൃക്ഷങ്ങള്‍ക്ക്‌ വാനസ്‌പത്യങ്ങള്‍ എന്നുപറയുന്നു. ഔഷധികള്‍ "ഫലപാകാന്ത'ങ്ങളാണ്‌; അതായത്‌, ഫലങ്ങള്‍ക്ക്‌ മൂപ്പുതികഞ്ഞാൽ സസ്യം നശിക്കും. നെല്ല്‌, വാഴ മുതലായവ ഈ ഇനത്തിൽപ്പെടുന്നു. പടർന്നുപിടിച്ചും ചുറ്റിപ്പിണഞ്ഞുമിരിക്കുന്ന വള്ളികള്‍ക്കുള്ള പേരാണ്‌ വീരുത്തുകള്‍; ചിറ്റമൃത്‌, മുന്തിരി, കുമ്പളം മുതലായ ലതാഭേദങ്ങള്‍ ഈ വർഗത്തിൽപ്പെടുന്നു.

ഈ പറഞ്ഞ നാലുതരത്തിനും ഏറെക്കുറെ ഔഷധത്വം കല്‌പിച്ചിട്ടുണ്ടെങ്കിലും, ഓരോന്നും ആമൂലാഗ്രം ഉപയോഗ യോഗ്യമല്ലെന്നുവരും. കിഴങ്ങ്‌, വേര്‌, വേരിന്‍മേൽതൊലി, തണ്ട്‌, അല്ലെങ്കിൽ തടി, തണ്ടിൽനിന്നെടുക്കുന്ന പശ, കാതൽ, തണ്ടിന്റെ തൊലി, പാൽ, മുള്ളുകള്‍, പൂവ്‌, പൂവിനുള്ളിലെ അല്ലികള്‍, തളിര്‌, ഇലകള്‍, ഇലയുടെ ഞരമ്പുകള്‍, ഇലയുടെയും മറ്റും നീര്‌, ഫലങ്ങള്‍, ഫലങ്ങളുടെ വിത്തുകള്‍, മാംസളഭാഗം (കഴമ്പ്‌), അതോടൊന്നിച്ചുണ്ടാകുന്ന വെള്ളം (ഉദാ. തേങ്ങാവെള്ളം), ചെടികളുടെ കൊമ്പുകള്‍, അങ്കുരങ്ങള്‍, വിത്തുകളിൽനിന്നെടുക്കുന്ന എണ്ണകള്‍ (എള്ളെണ്ണ, വെളിച്ചെണ്ണ, ആവണക്കെണ്ണ, കുടകെണ്ണ, വേപ്പെണ്ണ, താന്നിയെണ്ണ, നീരട്ടി (മരോട്ടി) എണ്ണ മുതലായവ)-ഇങ്ങനെ ഓരോന്നിന്റെയും ഗ്രാഹ്യാംശം ഓരോന്നാണ്‌. ചിലതിന്റെ എല്ലാഭാഗങ്ങളും ആവശ്യംപോലെ ഉപയോഗിക്കാം. ഇന്നിന്ന ചെടികളുടെ വേരുകളാണ്‌ ഉപയോഗിക്കേണ്ടതെന്നും ഇന്നിന്നഫലങ്ങളാണ്‌ വേണ്ടതെന്നും മറ്റും നിർദേശങ്ങളുമുണ്ട്‌.

ഗ്രന്ഥങ്ങള്‍. ആയുർവേദചികിത്സയെ ശോധനം, ശമനം എന്നിങ്ങനെ പൊതുവേ രണ്ടായി തിരിച്ചിട്ടുണ്ട്‌. രോഗത്തിന്റെ ഉന്മൂലനാശത്തെ സംബന്ധിച്ചിടത്തോളം ശോധനചികിത്സയ്‌ക്കു പ്രാധാന്യം കൂടും. ചരകസംഹിതയിലെ കല്‌പസ്ഥാനം; സുശ്രുതസംഹിതയിൽ സൂത്രസ്ഥാനത്തിലെ "ദ്രവ്യസംഗ്രഹണീയം' എന്ന 39--ാം അധ്യായം; വാഗ്‌ഭടന്റെ കൃതിയായ അഷ്‌ടാംഗസംഗ്രഹത്തിലെ 14-ാം അധ്യായം; അതിലെ "മഹാകഷായ സംഗ്രഹം' എന്ന 15-ാം അധ്യായം; അഷ്‌ടാംഗഹൃദയത്തിലെ ശോധനാദിഗണസംഗ്രഹണീയം എന്ന 15-ാം അധ്യായം-ഈവക ഭാഗങ്ങളിലെല്ലാം ശമനങ്ങളും ശോധനങ്ങളുമായ അനേകം ഔഷധങ്ങളെയും യോഗങ്ങളെയും വിവരിച്ചിട്ടുണ്ട്‌. സുശ്രുതം മുതൽ അഷ്‌ടാംഗഹൃദയം വരെയുള്ള ഗ്രന്ഥങ്ങളുടെ കാലഘട്ടം ഏതാണ്ട്‌ ബി.സി. 6-ാം ശ. മുതൽ എ.ഡി. 500 വരെയാണെന്നാണ്‌ ചരിത്രകാരന്മാർ ഗണിച്ചിട്ടുള്ളത്‌. ഔഷധങ്ങളെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ പലതുണ്ട്‌: ധന്വന്തരിനിഘണ്ടുവിനാണ്‌ ഇവയിൽ ഏറ്റവും പഴക്കവും പ്രാമാണ്യവുമുള്ളത്‌. ഔഷധനിർമാണവിധികളടങ്ങുന്ന ഒരു പ്രാമാണിക പ്രാചീനഗ്രന്ഥമാണ്‌ ശാർങ്‌ഗധരസംഹിത (13-ാം ശ.); ലകടമിശ്രന്റെ പുത്രനായ ഭാവമിശ്രന്റെ ഭാവപ്രകാശം മറ്റൊരു പ്രമാണഗ്രന്ഥമാണ്‌. അഹിഫേനം (അവീന്‍), മേഥികാ (ഉലുവ), ഖാഖസം (കശകശ) മുതലായി നൂറ്റമ്പതോളം പുതിയ ദ്രവ്യങ്ങളെക്കൂടി ഇത്‌ ഉള്‍ക്കൊള്ളുന്നുണ്ടെന്നതോർത്താൽ, താരതമ്യേന വളരെ അർവാചീനമായ ഒരു ഗ്രന്ഥമാണ്‌ ഇതെന്നു കരുതാം (18-ാം ശ.). മദനപാലന്റെ മദനവിനോദം, നരഹരിയുടെ അഭിധാനചൂഡാമണി അഥവാ രാജനിഘണ്ടു (ഔഷധക്കൃഷിക്കു പറ്റിയ മച്ച്‌, ദേശസ്വഭാവം മുതലായതിന്റെ തരഭേദങ്ങളും ഇതിൽ വർണിച്ചിട്ടുണ്ട്‌), 17-ാം ശ.-ത്തിന്റെ ആദിയിൽ എഴുതിയതെന്നു കരുതപ്പെടുന്ന മോരേശ്വരഭട്ടന്റെ വൈദ്യാമൃതം (ചില പാരസീകൗഷധങ്ങളെക്കൂടി ഇത്‌ ഉള്‍ക്കൊള്ളുന്നു), 18-ാം ശ.-ത്തിന്റെ ആരംഭത്തിൽ കാശിയിലെ ഒരു പ്രസിദ്ധ വൈദ്യന്‍ എഴുതിയതായി വിശ്വസിക്കപ്പെടുന്ന ആതങ്കതിമിരഭാസ്‌കരം (ഇതിലെ ഭേഷജകല്‌പാധ്യായത്തിൽ ചായ മുതലായ ചില പുതിയ ചെടികളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു) എന്നിവ എടുത്തുപറയേണ്ട ചില ഔഷധഗ്രന്ഥങ്ങളാണ്‌. 18-ാം ശ.-ത്തിന്റെ മധ്യത്തിലായി വാസുദേവഗോഡ്‌ബാള്‍ എന്ന പണ്ഡിതന്‍ പ്രസിദ്ധപ്പെടുത്തിയ നിഘണ്ടുരത്‌നാകരത്തിൽ അമ്പതോളം പുതിയ ഔഷധങ്ങളെ വിവരിച്ചകൂട്ടത്തിൽ പുകയിലയും ഉള്‍പ്പെടുന്നു. ശാലിഗ്രാമനിഘണ്ടു രാജവല്ലഭനിഘണ്ടു, ഗോവിന്ദദാസന്റെ ഭൈഷജ്യരത്‌നാവലി (ഔഷധനിർമാണവിധികള്‍ അടങ്ങുന്നത്‌), ലോലിംബരാജന്റെ വൈദ്യജീവനം എന്നിവയും പ്രാമാണികഗ്രന്ഥങ്ങള്‍ തന്നെ.

ഓരോ ഔഷധത്തെപ്പറ്റിയും വ്യക്തമായ ബോധം, അതാതിന്റെ ഇലയുടെയും തണ്ടിന്റെയും വേരിന്റെയും ഫലത്തിന്റെയും എല്ലാം നിറം, ആകൃതി, രസം, ഔഷധ ധർമങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ജ്ഞാനം, അവാന്തരവിഭാഗങ്ങളെപ്പറ്റിയുള്ള സൂക്ഷ്‌മജ്ഞാനം ഓരോന്നിന്റെയും സാർവദേശീയ നാമങ്ങള്‍, വിവിധ ഭാഷകളിലെ പര്യായങ്ങള്‍, ഓരോന്നിന്റെയും ഏതേതുഭാഗങ്ങള്‍ ഔഷധോപയോഗത്തിനെടുക്കുന്നു എന്ന വ്യക്തമായ വിവരം എന്നിവ അടങ്ങുന്ന സചിത്രങ്ങളായ ഗ്രന്ഥങ്ങളിൽ ചിലത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌. കീർത്തികർ, മേജർ ബാസു, ഡോ. കെ. എം. നാദ്‌കർണി എന്നിവരുടെ സംഭാവനകള്‍ ഇക്കൂട്ടത്തിൽ സ്‌മരണീയങ്ങളാണ്‌. ഡോ.കെ. എം. നാദ്‌കർണിയുടെ ഇന്ത്യന്‍ പ്‌ളാന്റ്‌സ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ (Indian Plants and Drugs)എന്ന ഗ്രന്ഥം 1908-ലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌; രണ്ടാം പതിപ്പ്‌ 1927-ൽ പ്രസിദ്ധം ചെയ്‌തു. 1954-ൽ ഇതിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ മകന്‍ ഡോ.എ.കെ. നാദ്‌കർണി ഡോ.കെ.എം. നാദ്‌കർണീസ്‌ ഇന്ത്യന്‍ മെറ്റീരിയാ മെഡിക്ക (Dr. K.M. Nadkarni's Indian Materia Medica) എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. സസ്യൗഷധങ്ങളെപ്പറ്റി മാത്രമല്ല, മറ്റു വിഭാഗത്തിൽപ്പെട്ട ദ്രവ്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും ഇതിലുണ്ട്‌. ലഫ്‌. കേണൽ ആർ.എന്‍. ചോപ്ര തയ്യാറാക്കിയ ഇന്‍ഡിജിനസ്‌ ഡ്രഗ്‌സ്‌ ഒഫ്‌ ഇന്ത്യ (Indigenous Drugs of India) എന്ന ഗ്രന്ഥവും മെറ്റീരിയാ മെഡിക്ക ഒഫ്‌ ഹിന്ദൂസ്‌ (Material Medica of Hindus)എന്ന ഡബ്ല്യു.സി. ദത്തിന്റെ പുസ്‌തകവും നല്ല സംഭാവനകളാണ്‌. കേരള സർവകലാശാലയിലെ ഫാർമകോഗ്നസി ഡിപ്പാർട്ടുമെന്റ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഫാർമകോഗ്നസി ഒഫ്‌ ആയുർവേദിക്‌ ഡ്രഗ്‌സ്‌, കേരള (Pharmacognosy of Ayurvedic Drugs, Kerala) എന്ന ഗ്രന്ഥപരമ്പരയും ഇവിടെ പ്രത്യേകം പ്രസ്‌താവ്യമാണ്‌. മുന്‍ഗ്രന്ഥങ്ങളിലെ ന്യൂനതകളെ പരിഹരിക്കാന്‍ നാനാപ്രകാരത്തിലുള്ള ശ്രമങ്ങള്‍ ഇതിൽ നടന്നിട്ടുണ്ട്‌. സസ്യൗഷധങ്ങളെപ്പറ്റിയുള്ള സചിത്രങ്ങളായ വിവരണങ്ങള്‍ക്കു പുറമേ, പ്രാമാണിക സംസ്‌കൃതഗ്രന്ഥങ്ങളിൽനിന്ന്‌ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുചേർത്തിരിക്കുന്നത്‌ ഈ പുസ്‌തകത്തിന്റെ ഒരു സവിശേഷതയാണ്‌. ഈ ഗ്രന്ഥപരമ്പര തുടർന്നുകൊണ്ടിരിക്കുന്നു.

ജംഗമങ്ങള്‍ (Animal Kingdom). ജംഗമദ്രവ്യങ്ങളിൽ ക്ഷീരത്തിനും ക്ഷീരോത്‌പന്നങ്ങള്‍ക്കും പ്രാധാന്യമുണ്ട്‌. മുലപ്പാൽ, പശുവിന്‍പാൽ, എരുമപ്പാൽ, ആട്ടിന്‍പാൽ, കുറിയാട്ടിന്‍പാൽ, ആനപ്പാൽ, കുതിരപ്പാൽ, കഴുതപ്പാൽ, ഒട്ടകപ്പാൽ മുതലായവ ഔഷധങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്‌; ഓരോന്നിന്റേയും വിശേഷധർമങ്ങളെ ആയുർവേദം വിവരിച്ചിട്ടുമുണ്ട്‌. മൃഗങ്ങളിൽ പലതിന്റേയും ചാണകം, മൂത്രം, മാംസം, മേദസ്സ്‌, അസ്ഥി, കൊമ്പ്‌, പല്ല്‌, നഖം, തോൽ മുതലായവയും ഔഷധങ്ങളാണ്‌. മാംസത്തിന്റെ സാമാന്യഗുണങ്ങള്‍ക്കുപുറമേ, വിവിധദേശങ്ങളിൽ താമസിക്കുന്ന പലതരം ജീവികളുടെ മാംസങ്ങളെ വർഗവിഭാഗം ചെയ്‌ത്‌ അവയുടെ ഗുണവിശേഷങ്ങളെ വ്യക്തമാക്കിയിട്ടുണ്ട്‌. മയിൽപ്പീലി, മുള്ളന്‍കോൽ, പവിഴം, ശംഖ്‌, കവിടി എന്നിവയും ജംഗമൗഷധങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

പാർഥിവങ്ങള്‍ (Mineral Kingdom). മഹാരസങ്ങള്‍, ഉപരസങ്ങള്‍, സാധാരണരസങ്ങള്‍, രത്‌നങ്ങള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ (ധാതുക്കള്‍), പലതരം മച്ചുകള്‍ എന്നിവയെല്ലാം ഔഷധോപയോഗികളായ പാർഥിവദ്രവ്യങ്ങളിലുള്‍പ്പെടുന്നു. സസ്യൗഷധങ്ങളെയും ജംഗമൗഷദങ്ങളേയും അപേക്ഷിച്ച്‌ സ്വല്‌പമാത്രയിൽ ഉപയോഗിച്ചാൽ മതിയാകും എന്നും ദുസ്വാദില്ലാത്തവയാണെന്നും വേഗം ഫലംചെയ്യുമെന്നും ഉള്ള വസ്‌തുത പാർഥിവൗഷധങ്ങളുടെ മേന്മയായി ആചാര്യന്മാർ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

മേല്‌പറഞ്ഞ മൂന്നുതരം "രസ'ങ്ങളിൽ ഉള്‍പ്പെടുന്ന ചിലത്‌ രസം (Mercury), മനശ്ശില (മനയോല Arsenic disulphide), അന്നഭേദി (Sulphate of Iron), രസകം (Carbonate of Zinc), ഗൗരിപാഷാണം (White Arsenic), താളകം (Arsenic trisulphide), അഞ്‌ജനം (Antimony sulphide), സ്‌ഫടികക്കാരം (Alum) എന്നിവയാണ്‌. "രത്‌നങ്ങള്‍' എന്ന വിഭാഗത്തിൽപ്പെടുന്നവ പ്രധാനമായി നവരത്‌നങ്ങള്‍തന്നെ. സൂര്യകാന്തം, ചന്ദ്രകാന്തം മുതലായ ചില അപ്രധാന രത്‌നങ്ങളെയും കൂട്ടത്തിൽപ്പെടുത്തിയിട്ടില്ലെന്നില്ല. "ലവണങ്ങള്‍' എന്ന വർഗത്തിൽ നവസാരം (Ammonium chloride), സൈന്ധവം (Chloride of Sodium-Rock Salt), ടേങ്കണക്ഷാരം (Borax), സർജികക്ഷാരം (Crude Carbonate of Soda), യവക്ഷാരം (Crude Carbonate of Potash) മുതലായവയാണ്‌ രസതന്ത്രദൃഷ്‌ട്യാ പ്രധാനങ്ങള്‍. "ലോഹങ്ങള്‍' (ധാതുക്കള്‍) എന്ന വിഭാഗത്തിൽ പ്രധാനപ്പെട്ടവ സ്വർണം, വെള്ളി, വംഗം (തകരം), താമ്രം (ചെമ്പ്‌), സീസകം (ഈയം), യശദം (തുത്തനാകം-ദശിര), ലോഹം (ഇരുമ്പ്‌) മുതലായവയാണ്‌. "ഉപധാതുക്കള്‍' എന്നൊരു ഉപവിഭാഗവും കല്‌പിച്ചിട്ടുണ്ട്‌. സുവർണമാക്ഷികം, താരാമാക്ഷികം (Yellow and white Iron Pyrites), തെുത്ഥം (തുത്ത്‌-Copper sulphate) കന്മദം മുതലായവ ഇതിൽ ഉള്‍പ്പെടുന്നു. ചിലതരം "മണലും മച്ചും' സാധാരണൗഷധദ്രവ്യങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്‌. ഖടിക(ചോക്ക്‌-Carbonate of Calcium), കർദമം (Hydrous Silicate of Alumina), ഗോപീചന്ദനം (ഗോപിക്കട്ട-Silicate of Alumina), സികത (മണൽ-ടSilicon oxide), ഗൈരികം (Silicate of Alumina and Oxide of Iron) എന്നിവ ഇവയിൽ ചിലതാണ്‌. രസതന്ത്രവിഭാഗങ്ങള്‍. പാർഥിവദ്രവ്യങ്ങളെ ഔഷധങ്ങളാക്കുമ്പോള്‍ ഇതരദ്രവ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ നിഷ്‌കൃഷ്‌ടമായ "ശോധന-സംസ്‌കാര'ങ്ങള്‍ വേണ്ടിവരുന്നു. ഈ പ്രക്രിയകളെയും ഔഷധയോഗങ്ങളെയും വിവരിക്കുന്ന ഒരു പ്രത്യേക ശാഖതന്നെ ആയുർവേദത്തിനുണ്ട്‌; ഇതാണ്‌ ആയുർവേദത്തിലെ രസതന്ത്രം. ക്രിസ്‌തുവർഷാരംഭത്തിനു തൊട്ടുമുമ്പുള്ള രണ്ടുമൂന്നു നൂറ്റാണ്ടുകളിൽതന്നെ ഭാരതത്തിൽ രസതന്ത്രത്തിന്റെ ഉദ്‌ഭവവും വികാസവും ഗണ്യമായവിധം ഉണ്ടായിട്ടുണ്ടെന്ന്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

രസരത്‌നസമുച്ചയം, രസേന്ദ്രസാരസംഗ്രഹം, രസാർണവം, രസകാമധേനു, രസസങ്കേതകലികാ, രസാർണവസുധാകരം എന്നീ സംസ്‌കൃത ഗ്രന്ഥങ്ങളാണ്‌ ഇന്ന്‌ നിലവിലുള്ള പ്രാമാണികങ്ങളായ രസതന്ത്രഗ്രന്ഥങ്ങള്‍. ഇവയിൽ ഏറ്റവും പ്രധാനം രസരത്‌നസമുച്ചയം തന്നെ. ഇത്‌ 13-ാം ശ.-ത്തിൽ രചിക്കപ്പെട്ടതാണെന്നു ഡോ. റേ അഭിപ്രായപ്പെടുന്നു. രസരാജതരംഗിണി, രസോപനിഷത്ത്‌, രസമാധവം മുതലായി സംസ്‌കൃതത്തിൽത്തന്നെ വേറെയും നല്ല ഗ്രന്ഥങ്ങളുണ്ട്‌. രസോപനിഷത്ത്‌ തിരുവനന്തപുരം ഗവണ്‍മെന്റ്‌ പ്രസ്സിൽ അച്ചിടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ്‌. ബസവരാജീയം, രസവൈദ്യചിന്താമണി എന്നീ രണ്ടു പ്രധാനഗ്രന്ഥങ്ങള്‍ തെലുങ്കുഭാഷയിലുണ്ട്‌. പൂർവഗ്രന്ഥങ്ങളെ അവലംബിച്ച്‌ അടുത്തകാലത്ത്‌ ഹിന്ദിയിൽ ചില രസതന്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളതും ഇവിടെ എടുത്തുപറയേണ്ടവയാണ്‌. സ്വേദനം, മൂർച്ഛനം, ഉത്ഥാപനം, പാതനം, രോധനം തുടങ്ങി 18 തരം "രസസംസ്‌കാര'ങ്ങളുടെ ക്രിയാരീതികളും ഇവയ്‌ക്കൊക്കെവേണ്ട പലതരം "യന്ത്ര'ങ്ങള്‍ "മൂഷ'കള്‍ എന്നിവയും മേല്‌പറഞ്ഞ ചില ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

മകരധ്വജരസം, വസന്തകുസുമാകരം, പൂർണചന്ദ്രാദയം, രാജമൃഗാങ്കരസം, ലക്ഷ്‌മീവിലാസരസം, ലോകനാഥരസം, പഞ്ചാമൃതപർപ്പടി, ആനന്ദഭൈരവരസം, സ്വച്ഛന്ദഭൈരവം സന്നിപാതഭൈരവം, കനകസുന്ദര രസം, വാതരാക്ഷരസം, സൂര്യാവർത്തിരസം, തരുണാർക്കരസം, സമഗരളതരുണാർക്കരസം എന്നിവ പ്രസിദ്ധങ്ങളായ ചില രസതന്ത്രൗഷധങ്ങളാണ്‌.

ഔഷധങ്ങള്‍ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും ആവശ്യമായ അളവുകളുടെയും തൂക്കങ്ങളുടെയും വിവരങ്ങള്‍, ചരകസംഹിത മുതൽ ശർങ്‌ഗധരസംഹിതവരെയുള്ള പ്രാചീനവും അർവാചീനവുമായ ഗ്രന്ഥങ്ങളിൽ പലതിലും കാണാം; "മാനപരിഭാഷ' എന്നാണതിനു പേർ. ഇതുതന്നെ "മാഗധപരിഭാഷ' എന്നും "കലിംഗപരിഭാഷ' എന്നും രണ്ടു പ്രകാരത്തിലുണ്ട്‌. മാഗധപരിഭാഷയാണ്‌ അധികം നല്ലതെന്ന്‌ ചരകന്‍ പറയുന്നു. പ്രാചീനപരിഭാഷതന്നെയാണ്‌ ഇന്നും വൈദ്യന്മാർ സാമാന്യേന സ്വീകരിച്ചുവരുന്നത്‌.

ഔദിഭിദങ്ങള്‍, ജംഗമങ്ങള്‍, പാർഥിവങ്ങള്‍ എന്നീ മൂന്നു വിഭാഗത്തിൽപെട്ട ഔഷധങ്ങളും ഭാരതത്തിൽ സാമാന്യമായി എല്ലാഭാഗത്തും പ്രാചരത്തിലുണ്ട്‌; എന്നാൽ ചില ഭാഗങ്ങളിൽ ചിലതിന്‌ പ്രചാരം നന്നേ കുറയും. കേരളത്തിൽ രസതന്ത്രശാഖയിൽപെട്ട പാർഥിവദ്രവ്യങ്ങളുടെ പ്രയോഗം വിരളമാണ്‌. സസ്യൗഷധങ്ങള്‍ക്കും ജംഗമൗഷധങ്ങള്‍ക്കുമാണ്‌ കേരളത്തിൽ പ്രാധാന്യം. ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ ഇതിന്റെ പിന്നിൽ ഉണ്ടാകാം. സസ്യൗഷധങ്ങളുടെയും വെള്ളത്തിന്റെയും, സാമാന്യമായി വനസമ്പത്തിന്റെയും സമൃദ്ധികൊണ്ട്‌ അനുഗൃഹീതമാണല്ലോ കേരളം. നോ: ആയുർവേദം; ആയുർവേദഗ്രന്ഥങ്ങള്‍ (ഡോ.പി. ആർ. വാര്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍