This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുധശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയുധശാല

Artillery

സൈനികാവശ്യങ്ങള്‍ക്ക്‌ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനോ, അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ, സംഭരിച്ചുവയ്‌ക്കുന്നതിനോ ഉള്ള സ്ഥലം. ഇംഗ്ലണ്ടിലെ "ടവര്‍ ഒഫ്‌ ലണ്ടന്‍' (Tower of London) പ്രാചീനവും പ്രശസ്‌തവുമായ ഒരായുധശാലയായിരുന്നു; ഔദ്യോഗികായുധ നിര്‍മാണശാലയായും ആയുധസംഭരണശാലയായും 17-ാം ശ. വരെ ഇത്‌ ഉപയോഗത്തിലിരുന്നു. ഇംഗ്ലണ്ടിലെ ആധുനിക ആയുധശാലകളിലൊന്ന്‌ വൂള്‍വിച്ച്‌ എന്ന സ്ഥലത്താണുള്ളത്‌. 17-ാം ശ.-ത്തില്‍ നാവികസേനയ്‌ക്കുവേണ്ടി തുടങ്ങിയ ഈ ആയുധശാല പിന്നീട്‌ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുകയുണ്ടായി.

1790-ല്‍ യു.എസ്സിലെ സ്‌പ്രിംഗ്‌ഫീല്‍ഡിലും ഹാര്‍പേഴ്‌സ്‌പെറിയിലും ഓരോ ആയുധശാല സ്ഥാപിതമായി. ഇവയുടെ ഉദ്ദേശ്യം ചെറുതരം ആയുധങ്ങളുടെ നിര്‍മാണ-സംഭരണ-വിതരണ-വിപണനങ്ങള്‍ ആയിരുന്നു. യു.എസ്‌. ഗവണ്‍മെന്റിന്റെ സൈനികാവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രധാനമായും ഇവ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും മറ്റു രാജ്യങ്ങള്‍ക്കും ഈ കേന്ദ്രം ആയുധങ്ങള്‍ വിറ്റിരുന്നു. പിന്നീട്‌ വിവിധ സേനാവിഭാഗങ്ങള്‍ക്കുവേണ്ടി മര്‍മപ്രധാനമായ മറ്റു പല കേന്ദ്രങ്ങളിലും യു.എസ്‌. ഗവണ്‍മെന്റ്‌ ആയുധശാലകള്‍ സ്ഥാപിക്കുകയുണ്ടായി. 1863-ല്‍ മിസിസ്സിപ്പിനദിയിലെ ഒരു ദ്വീപില്‍ വലിയ ഒരായുധശാല ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടു. 20-ാം ശ.-ത്തില്‍ കാലാള്‍പ്പടയ്‌ക്കാവശ്യമുള്ള ആയുധങ്ങള്‍, ചെറുതരം ആയുധങ്ങള്‍, ടാങ്കുകള്‍ മുതലായവ പ്രത്യേകം പ്രത്യേകം ആയുധശാലകളില്‍ നിര്‍മിച്ചു തുടങ്ങി. കവചിതവാഹനനിര്‍മാണത്തിനുള്ള ഒരു കേന്ദ്രം രണ്ടാം ലോകയുദ്ധകാലത്ത്‌ യു.എസ്സില്‍ പ്രത്യേകം സ്ഥാപിതമായി. രണ്ടാം ലോകയുദ്ധത്തിനുശേഷം അലബാമയില്‍ സ്ഥാപിച്ച റെഡ്‌സ്റ്റോണ്‍ ആയുധശാല യു.എസ്‌. സൈന്യത്തിനുവേണ്ടി റോക്കറ്റുകളും നിയന്ത്രിത മിസൈലുകളും നിര്‍മിക്കുന്ന പ്രമുഖകേന്ദ്രമാണ്‌. ആയുധങ്ങളുടെ നിര്‍മാണത്തിനും സംഭരണത്തിനും വിതരണത്തിനുമായി വിവിധസ്ഥാപനങ്ങള്‍ പല രാജ്യങ്ങളിലും ഇക്കാലത്തു സ്ഥാപിതമായിട്ടുണ്ട്‌. യു.എസ്‌.എസ്‌.ആര്‍., ഫ്രാന്‍സ്‌, ജര്‍മനി, ചൈന എന്നീ രാഷ്‌ട്രങ്ങള്‍ ആയുധനിര്‍മാണ-സംഭരണകാര്യങ്ങള്‍ക്ക്‌ വളരെയധികം പ്രാധാന്യം നല്‌കിവരുന്നുണ്ട്‌.

ഇന്ത്യയില്‍. വിഷ്‌ണുധര്‍മോത്തരപുരാണത്തിലും കൗടില്യന്റെ (ചാണക്യന്‍) അര്‍ഥശാസ്‌ത്രത്തിലും ആയുധശാലയെക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌. ഈ രണ്ട്‌ ഭാരതീയ ഗ്രന്ഥങ്ങളിലെയും വിവരണങ്ങളനുസരിച്ച്‌ ആയുധശാലയില്‍ വിവിധതരം ആയുധങ്ങള്‍, കവചങ്ങള്‍ മുതലായവ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. നിര്‍മിക്കപ്പെടുന്ന ആയുധങ്ങളും യുദ്ധോപകരണങ്ങളും സൂക്ഷിച്ചു വയ്‌ക്കാനും അവിടെ സൗകര്യമുണ്ടായിരുന്നു. ഇത്തരം ആയുധശാലകളില്‍ വിദഗ്‌ധതൊഴിലാളികള്‍ സ്ഥിരശമ്പളത്തില്‍ നിയമിതരായിരുന്നു. ആയുധാഗാരാധ്യക്ഷന്‍ വിശ്വസ്‌തനും ഊര്‍ജസ്വലനും സമര്‍ഥനും ആയിരിക്കണമെന്ന്‌ കൗടില്യന്‍ നിര്‍ദേശിക്കുന്നുണ്ട്‌. ആയുധശാലകളില്‍ നിര്‍മിച്ചിരുന്ന പലതരം യുദ്ധോപകരണങ്ങളെക്കുറിച്ചും വിഷ്‌ണുധര്‍മോത്തരപുരാണത്തില്‍ സൂചനയുണ്ട്‌. നീക്കാവുന്ന 26 തരം യുദ്ധ യന്ത്രോപകരണങ്ങളും, അഞ്ചുതരം അമ്പും നാലുതരം വില്ലും മൂന്നുതരം വാളും അവയില്‍ ഉള്‍പ്പെടുന്നു. ആയുധങ്ങള്‍ ആയുധശാലയില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതെങ്ങനെയെന്നുകൂടി കൗടില്യന്‍ നിര്‍ദേശിക്കുന്നുണ്ട്‌. അവ തുടര്‍ച്ചയായി പരിശോധിച്ചുകൊണ്ടിരിക്കുകയും തുടച്ച്‌ ഉപയോഗക്ഷമമാക്കി വയ്‌ക്കുകയും സൂര്യപ്രകാശം ഏല്‌പിക്കുകയും വേണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്‌. ഈ ആയുധങ്ങളുടെ പട്ടിക തയ്യാറാക്കി അതില്‍ ആയുധങ്ങളുടെ പേര്‌, ആകൃതി, വലുപ്പം, വില, എണ്ണം മുതലായ വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ്‌ കൗടില്യന്റെ അനുശാസനം. വേണ്ടത്ര ആയുധങ്ങളും യുദ്ധോപകരണങ്ങളും ആയുധശാലയില്‍ എപ്പോഴും ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ ആയുധാഗാരാധ്യക്ഷന്റെ ചുമതലയാണ്‌. ആയുധശാലകള്‍ രാഷ്‌ട്രത്തിന്റെ കുത്തകയായിരിക്കണമെന്നും സ്വകാര്യസ്ഥാപനങ്ങളെ ആയുധശാലാ പ്രവര്‍ത്തനം ഏല്‌പിക്കരുതെന്നും കൗടില്യന്‍ പറഞ്ഞിട്ടുള്ളത്‌ ഇക്കാലത്തും പ്രസക്തം തന്നെയാണ്‌.

ഇന്ത്യയിലെ ആയുധശാലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്‌. വൈജയന്ത ടാങ്ക്‌ നിര്‍മിക്കുന്ന ആവടിയിലെ "ഹെവിവെഹിക്കിള്‍സ്‌ ഫാക്‌ടറി' ഒരു പ്രമുഖ സ്ഥാപനമാണ്‌. ആധുനിക രീതിയിലുള്ള 28 വന്‍കിട ആയുധശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്‌. ഇവയെല്ലാം ഒരു ഡയറക്‌ടര്‍ ജനറലിന്റെ നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF%E0%B5%81%E0%B4%A7%E0%B4%B6%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍