This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമെന്‍ഹോടെപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആമെന്‍ഹോടെപ്‌

ഈജിപ്‌തിലെ 18-ാം വംശജരായ നാല്‌ ഫറോവമാരും (pharoahs) മെറ്റുചില വ്യക്തികളും ഈ പേരില്‍ അറിയപ്പെടുന്നു. ആമണ്‍-ഹോട്‌പ്‌, ആമെനോഫിസ്‌, ആമെനോഫ്‌തിസ്‌ എന്നീ സംജ്ഞകളിലും ഇവര്‍ ചരിത്രത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ട്‌.

ആമെന്‍ഹോടെപ്‌ I

ആമെന്‍ഹോടെപ്‌ I (ജസര്‍-കാ-റാ : ഭ. കാ.; ബി.സി. 1546-1526). 18-ാം വംശത്തിലെ ആദ്യരാജാവായ അഹ്‌മോസ്‌ I (ഭ. കാ.; ബി.സി. 1570-1546)ന്റെ പുത്രന്‍. ഈജിപ്‌ഷ്യന്‍ഭരണം ലിബിയയിലേക്കും നൈലിന്റെ മറു കരയിലേക്കും വ്യാപിപ്പിച്ചു. നൂബിയ കീഴടക്കി അവിടെ ഒരു രാജകീയപ്രതിപുരുഷനെ നിയമിച്ചു. ഈജിപ്‌തിന്റെ രാഷ്‌ട്രീയപുനഃസംവിധാനത്തിനും ദേവാലയനിര്‍മിതിക്കുമായി ഇദ്ദേഹം ശ്രമിച്ചു. തീബന്‍ നഗരത്തിന്റെ രക്ഷാധികാരിയായി ഇദ്ദേഹം ആരാധിക്കപ്പെട്ടുവന്നു.

ആമെന്‍ഹോടെപ്‌ II (ആ-ഖെപെറു-റാ: ഭാ. കാ.; ബി.സി. 1450- 1425). തുരത്ത്‌മോസ്‌ III (ബി.സി. 1504-1450)ന്റെയും മെറിറ്റ്‌-റാ ഹത്‌ഷെപ്‌ സുത്തിന്റെയും പുത്രന്‍. ഇദ്ദേഹം കുതിരസവാരി, രഥം ഓടിക്കല്‍, അസ്‌ത്രവിദ്യ തുടങ്ങിയ കായികാഭ്യാസങ്ങളില്‍ പ്രഗല്‌ഭനായിരുന്നു. യൗവനകാലത്തുതന്നെ രാജാവായ ഇദ്ദേഹം പശ്ചിമേഷ്യയിലേക്കും രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു; നൂബിയന്‍ സാമ്രാജ്യം നപാറ്റ വരെ വിസ്‌തൃതമാക്കി. പശ്ചിമതീബ്‌സില്‍ ഇദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാം. ഇദ്ദേഹത്തിന്റെ പുത്രനാണ്‌ തുത്ത്‌മോസ്‌ VI.

ആമെന്‍ഹോടെപ്‌ III

ആമെന്‍ഹോടെപ്‌ III (നെബ്‌-മയെറ്റ്‌-റാ: ഭ. കാ.; ബി.സി. 1417-1379). തുത്ത്‌മോസ്‌ IVന്റെ (ഭ. കാ.; ബി.സി. 1425-1417) പുത്രനും പിന്‍ഗാമിയും. ഇദ്ദേഹത്തിന്റെ ഭരണകാലം പൊതുവേ സമാധാനപൂര്‍ണമായിരുന്നു. സമ്പദ്‌വ്യവസ്ഥയിലും നയതന്ത്രരംഗത്തും ഈജിപ്‌ത്‌ ഈ കാലത്ത്‌ ഉന്നതാവസ്ഥയിലെത്തി. ബാബിലോണിയ, അസീറിയ, മിതാനി, ഏഷ്യാമൈനര്‍ എന്നിവിടങ്ങളിലെ കൊട്ടാരങ്ങളില്‍ ഈജിപ്‌തിന്റെ പ്രശസ്‌തി എത്തിച്ചേര്‍ന്നിരുന്നതായി അമര്‍ണാരേഖകള്‍ തെളിയിക്കുന്നു. നാട്ടിലുടനീളം ദേവാലയങ്ങളും രമ്യഹര്‍മ്യങ്ങളും ആമെന്‍ഹോടെപ്‌ നിര്‍മിച്ചു. പശ്ചിമ തീബ്‌സിലുള്ള ഇദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ പല ഭാഗങ്ങളും നശിച്ചുപോയി; മെമ്‌നണിന്റെ ഭീമാകാരങ്ങളായ ചില ഒറ്റക്കല്‍ പ്രതിമകള്‍ മാത്രം അവശേഷിച്ചിട്ടുണ്ട്‌. അതിനും തെക്കാണ്‌ 80 ഹെ. വിസ്‌തീര്‍ണമുള്ള രാജകൊട്ടാരങ്ങള്‍. ടീ എന്ന തന്റെ പട്ടമഹിഷിക്കുവേണ്ടി ഇദ്ദേഹം മനോഹരമായ ഒരു പൊയ്‌ക നിര്‍മിച്ചിരുന്നു. നൈലിന്റെ മറുകരയിലുള്ള കാര്‍ണാക്‌ ക്ഷേത്രം ഇദ്ദേഹം വിപുലമാക്കി; ലക്‌സോറില്‍ പുതിയൊരു ക്ഷേത്രം നിര്‍മിക്കുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ മമ്മിയും (mummy) ചിത്രങ്ങളും സൂചിപ്പിക്കുന്നത്‌ അന്ത്യദശയില്‍ ഇദ്ദേഹം അനാരോഗ്യവാനായിരുന്നു എന്നാണ്‌.

ആമെന്‍ഹോടെപ്‌ III-ന്റെ പ്രധാന വാസ്‌തുശില്‌പിയായി ഒരു ആമെന്‍ഹോടെപ്പിനെയും (ബുദ്ധിമാനായ ആമെന്‍ഹോടെപ്‌) ഈജിപ്‌ത്‌ ചരിത്രത്തില്‍ കാണാം. രാജാവിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പ്രേരകശക്തി ഇദ്ദേഹമായിരുന്നു; അതിനാല്‍ രാജാവിന്റെ ശവകുടീരത്തിന്റെ തൊട്ടടുത്ത്‌ ഇദ്ദേഹത്തിന്റെയും ശവകുടീരം നിര്‍മിച്ചിരുന്നു. ടോളമികാലഘട്ടങ്ങളില്‍ ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പിതാവായ ഹപുവും മെംഫിസില്‍ വിശുദ്ധഋഷഭമായി ആരാധിക്കപ്പെട്ടുവന്ന ഏപിസും ഒന്നുതന്നെയാണെന്ന്‌ ഒരു വിശ്വാസമുണ്ട്‌. ആമെന്‍ഹോടെപ്‌ IV. നോ: അഖ്‌നാതെന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍