This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബൽ, കാള്‍ ഫ്രീദ്‌റിഷ്‌ (1723 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:19, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആബൽ, കാള്‍ ഫ്രീദ്‌റിഷ്‌ (1723 - 87)

Abel, Carl Friedrich

ജർമന്‍ സംഗീതജ്ഞന്‍. 1723 ഡി. 22-ന്‌ ജർമനിയിലെ കൊത്തനിൽ ജനിച്ചു. "വയോള ദി ഗാംബ' എന്ന സംഗീതോപകരണം പ്രയോഗിക്കുന്നവരിൽ പ്രമുഖനായിരുന്നു ആബൽ. സിംഫണിരചനയിലും ഇദ്ദേഹം വൈദഗ്‌ധ്യം നേടി. 1748 മുതൽ 1758 വരെ ജെ.എ. ഹാസ്‌ നയിച്ചുവന്ന പ്രശസ്‌ത ഡ്രസ്‌ഡെന്‍കോർട്‌ ഓർക്കസ്‌ട്രയിൽ പങ്കെടുത്തു. 1759-ൽ ഇംഗ്ലണ്ടിലേക്ക്‌ പോകുകയും അവിടെ ഷാർലട്ട്‌ രാജ്ഞിയുടെ അന്തഃപുരഗായകനായി പ്രവർത്തിക്കുകയും ചെയ്‌തു.

1762-ൽ ജെ.സി. ബക്കുമായി പരിചയപ്പെട്ടു. ഈ പരിചയം "ബക്ക്‌-ആബൽ കൊണ്‍സേർട്ട്‌' എന്ന പേരിൽ പ്രസിദ്ധിയാർജിച്ച ഒരു ഗാനമേളാപരിപാടിക്കു രൂപംനല്‌കുവാന്‍ കാരണമായി. ഇംഗ്ലണ്ടിൽ ആദ്യമായി ഹൈസനിന്റെ സിംഫണികള്‍ പൊതുവേദിയിൽ അവതരിപ്പിച്ചത്‌ ഈ പരിപാടിയിലൂടെയാണ്‌. വയോള ദി ഗാംബ വായിക്കുന്നതിൽ വൈദഗ്‌ധ്യംനേടിയ ഒരാള്‍ എന്ന നിലയിൽ മാത്രമല്ല ആബൽ പ്രശസ്‌തിയാർജിച്ചത്‌; സ്വന്തമായി സിംഫണികള്‍ രചിക്കുന്നതിലും ഉപകരണസംഗീതപരിപാടികള്‍ സംവിധാനം ചെയ്യുന്നതിലും ഇദ്ദേഹത്തിന്‌ നല്ല കഴിവുണ്ടായിരുന്നു. 40-ൽ അധികം സിംഫണികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌; ഇവ 1761-നോടടുപ്പിച്ച്‌ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇവയിൽ ഗ 18 എന്നറിയപ്പെട്ടിരുന്ന ഒരെച്ചം വളരെക്കാലം മൊസാർട്ടിന്റെ കൃതിയായി കരുതപ്പെട്ടിരുന്നു. ആബൽ നിരവധി ക്വാഡ്രറ്റ്‌, ട്രയോ സൊണാറ്റാ സെറ്റുകളും ഒരു ഹാർപിസ്‌കോഡ്‌ കണ്‍സർട്ടോസെറ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

1782-ൽ ബക്കിന്റെ മരണത്തോടുകൂടി ആബൽ മദ്യപാനാസക്തിക്ക്‌ വിധേയനായി; തത്‌ഫലമായി ഇദ്ദേഹത്തിന്റെ ജീവിതാന്ത്യം ദുരിതപൂർണമായിത്തീർന്നു. 1787 ജൂണ്‍ 20-ന്‌ ലണ്ടനിൽവച്ച്‌ ഇദ്ദേഹം മരിച്ചു. ഇദ്ദേഹത്തിന്റെ പല കൃതികളും പുനഃപ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗാനാങ്ങകതയിൽ മുന്നിട്ടുനില്‌ക്കുന്ന ഈ കൃതികള്‍ വളരെ സ്വാരസ്യവും ആർജവവുമുള്ളവയാണ്‌. സംഗീതത്തിലുള്ള ഇദ്ദേഹത്തിന്റെ സാങ്കേതികപരിജ്ഞാനം പില്‌ക്കാലത്ത്‌ ഏറ്റവും അധികം ആദരിക്കപ്പെടുകയുണ്ടായി. ഒരു സംഗീതാധ്യാപകനെന്ന നിലയിലും ഇദ്ദേഹം ജനസമ്മതി ആർജിച്ചിരുന്നു. ആ കലാരാധകന്റെ ശിഷ്യന്മാരിൽ ഒരാളാണ്‌ പ്രശസ്‌ത സംഗീതജ്ഞനായ ജെ.ഡി. ക്രാമർ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍