This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്‌റ്റർ-ബർണർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഫ്‌റ്റര്‍-ബര്‍ണര്‍

After-Burner

മിഗ് വിമാനങ്ങളിലെ ആഫ്‌റ്റര്‍-ബര്‍ണര്‍

ടര്‍ബോ-ജെറ്റ്‌ വിമാന എഞ്ചിനില്‍, ടര്‍ബൈനും(turbine) നോസിലിനും (nozzle) ഇടയ്‌ക്കുള്ള ഒരു ഉപകരണം. കൂടുതലായുള്ള ഇന്ധനം കത്തിച്ച്‌ പ്രണോദപ്രക്രിയ ഇത്‌ മെച്ചപ്പെടുത്തുന്നു. വിമാനം തറയിലിറങ്ങുമ്പോഴും, തറയില്‍നിന്നുയരുമ്പോഴും മറ്റുചില സന്ദര്‍ഭങ്ങളിലും ആവശ്യംവരുന്ന അധികപ്രണോദം പുനര്‍ജ്വലനത്തില്‍ നിന്നാണ്‌ കിട്ടുന്നത്‌. പുനര്‍ജ്വലനംകൊണ്ട്‌ ശബ്‌ദപ്രവേഗത്തെക്കാള്‍ കുറഞ്ഞ പ്രവേഗമുള്ളപ്പോള്‍ സാധാരണ ആവശ്യമുള്ള തള്ളലിനെക്കാള്‍ ഏകദേശം 40%-വും, അധിശബ്‌ദപ്രവേഗത്തില്‍ 100%-ല്‍ കൂടുതലും അധികപ്രണോദം ലഭിക്കുന്നു.

ഒരു ടര്‍ബോ-ജെറ്റ്‌ അതുകൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ തള്ളല്‍ ഉത്‌പാദിപ്പിക്കുമ്പോള്‍, സമ്മര്‍ദകം (Compressor) അതിന്റെ ഏറ്റവും കൂടിയ സമ്മര്‍ദാനുപാതത്തില്‍ (Compression ratio) പ്രവര്‍ത്തിക്കുന്നു. കൂടാതെ അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവുംകൂടിയ താപനിലയില്‍ വാതകങ്ങള്‍ ടര്‍ബൈനിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. തള്ളല്‍ വീണ്ടും കൂട്ടുന്നതിനുപറ്റിയ മാര്‍ഗം ടര്‍ബൈനില്‍നിന്ന്‌ പുറത്തുപോകുന്ന വാതകങ്ങളെ വീണ്ടും ചൂടാക്കുകയാണ്‌. ഒരു സാധാരണ ടര്‍ബോ-ജെറ്റില്‍ ടര്‍ബൈനില്‍നിന്ന്‌ പുറത്തുവരുന്ന വാതകങ്ങള്‍ക്ക്‌ ഏകദേശം 1,500°K-താപനില ഉണ്ടായിരിക്കും. ഈ വാതകങ്ങളില്‍ ദ്രാവകരൂപത്തിലുള്ള ഹൈഡ്രാകാര്‍ബണ്‍ ഇന്ധനങ്ങളെ കത്തിക്കുന്നതിനാവശ്യമുള്ള ഓക്‌സിജനും കാണും. പുനര്‍ജ്വലനം മുഖേന ബഹിര്‍ഗമന നോസിലിലേക്ക്‌ വരുന്ന വാതകങ്ങളുടെ താപനില ഏകദേശം 3,500°K ആയി ഉയരും. താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവിനെയും വിമാനത്തിന്റെ വേഗത്തെയും ആശ്രയിച്ചിരിക്കും പുനര്‍ജ്വലനം മുഖേന ലഭിക്കുന്ന അധികതള്ളല്‍. പുനര്‍ജ്വലനം കൂടുതല്‍ പ്രയോജനപ്പെടുന്നത്‌ അധികശബ്‌ദപ്രവേഗത്തിലാണ്‌. ശബ്‌ദത്തിന്റേതിനെക്കാള്‍ കുറഞ്ഞ പ്രവേഗത്തില്‍ ആവശ്യമുള്ള ഇന്ധനത്തിന്റെ അളവ്‌ ഏകദേശം ഇരട്ടിക്കുന്നതിനാല്‍ ഈ സാങ്കേതികമാര്‍ഗം കുറച്ചുസമയം മാത്രമേ പ്രയോഗിക്കപ്പെടാറുള്ളു. എന്നാല്‍ അധികശബ്‌ദപ്രവേഗത്തില്‍ തുടര്‍ച്ചയായി പുനര്‍ജ്വലനം നടത്തുന്നതാണ്‌ നല്ലത്‌. ആഫ്‌റ്റര്‍-ബര്‍ണറുള്ള ഒരു എഞ്ചിനില്‍ വിസ്‌തീര്‍ണത്തില്‍ മാറ്റം വരുന്ന നോസില്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌; ആഫ്‌റ്റര്‍ബര്‍ണര്‍ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും ആവശ്യമുള്ള നോസില്‍വിസ്‌തീര്‍ണം വളരെ വ്യത്യസ്‌തമാണ്‌.

(എം.എ. ഈസ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍