This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്രിക്കന്‍ പായൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഫ്രിക്കന്‍ പായല്‍

ആഫ്രിക്കന്‍ പായല്‍

വെള്ളത്തിനുമീതെ പൊങ്ങിക്കിടക്കുന്ന പച്ചനിറത്തിലുള്ള ഒരു ജലസസ്യം. സാല്‍വീനിയേസീ (Sa'viniaceae) സസ്യകുടുംബത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ജലോപരിതലത്തിന്‌ സമാന്തരമായി വളരുന്ന ഇവയ്‌ക്ക്‌ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജലപ്പരപ്പ്‌ ആകമാനം വ്യാപിക്കുവാനുള്ള കഴിവുണ്ട്‌. പ്രധാനഭാഗമായ കാണ്ഡ(Stem)ത്തിന്റെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ഇലകളുടെ ആകൃതി ഓരോ സ്‌പീഷീസിലും വ്യത്യസ്‌തങ്ങളാണ്‌. സാല്‍വീനിയ ഓറിക്കുലേറ്റ (Salvinia auriculata)യില്‍ ഇലകള്‍ ദീര്‍ഘവൃത്താകൃതിയിലും സാല്‍വീനിയ ഒബ്‌ലോംഗിഫോളിയ(S. oblongifolia)യില്‍ ദീര്‍ഘായതരൂപത്തിലും കാണപ്പെടുന്നു. ഒരു പര്‍വസന്ധി(node)യില്‍നിന്ന്‌ മൂന്ന്‌ ഇലകള്‍ പുറപ്പെടുന്നതില്‍ രണ്ടെണ്ണം കാണ്ഡത്തിന്റെ ഇരുപാര്‍ശ്വങ്ങളിലേക്കും മൂന്നാമത്തേത്‌ സൂക്ഷ്‌മമായി വിഭജിക്കപ്പെട്ട്‌ വെള്ളത്തിലേക്കും വളരുന്നു. വേരുപോലെ ഇവയുടെ താഴെകാണുന്നത്‌ രൂപാന്തരംപ്രാപിച്ച ഇലകളാണ്‌; യഥാര്‍ഥവേരുകളല്ല. ഇലകള്‍ക്ക്‌ ഡക്ക്‌വീഡ്‌ (duck weed) എന്നറിയപ്പെടുന്ന നീര്‍ച്ചെടിയുടെ ഇലകളോടു സാദൃശ്യമുണ്ട്‌. വേരുപോലെ തോന്നിക്കുന്ന ഇലകളുടെ പ്രധാന ധര്‍മം വെള്ളം അവശോഷണംചെയ്യുക എന്നതാണ്‌. ഇലകളുടെ മുകള്‍ഭാഗത്ത്‌ അസംഖ്യം സൂക്ഷ്‌മകണ്ടകങ്ങള്‍ (spiny projectiors) കാണാം; അടിഭാഗം ലോമാവൃതമാണ്‌.

ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ ആഫ്രിക്കന്‍പായല്‍ ധാരാളമായി കണ്ടുവരുന്നത്‌. പന്ത്രണ്ടോളം സ്‌പീഷീസുകള്‍ ഇവിടങ്ങളില്‍ കാണപ്പെടുന്നു. വളരെ വിരളമായേ ഇവ സമശീതോഷ്‌ണമേഖലയില്‍ വളരുന്നുള്ളു. ആഫ്രിക്കയിലും അമേരിക്കയിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിലും ഇതിന്റെ പത്തു സ്‌പീഷീസുകള്‍ ഉണ്ട്‌. ഇന്ത്യയില്‍ സാല്‍വീനിയ കുക്കുലേറ്റ (S. cuculata), സാ. നേറ്റന്‍സ്‌ (S. natens)എന്നീ സ്‌പീഷീസുകള്‍ കാശ്‌മീര്‍ മുതല്‍ കന്യാകുമാരിവരെ സാധാരണ എല്ലാ ജലാശയങ്ങളിലും വളരുന്നുണ്ട്‌.

വംശവര്‍ധനവ്‌ ബീജരേണുക്കള്‍(spores) മുഖാന്തിരമാണ്‌. ഇലകളുടെ അടിയില്‍ അധികം ബലമില്ലാതെ തണ്ടിലായി സ്‌പോര്‍-വാഹികള്‍ കാണപ്പെടുന്നു. രണ്ടിനം സ്‌പോറുകളുണ്ട്‌: മൈക്രോസ്‌പോറുകളും മാക്രോസ്‌പോറുകളും. ആര്‍ക്കിഗോണിയം വഹിക്കുന്ന പ്രോത്താലസ്‌ മാക്രോസ്‌പോറില്‍നിന്നും, ആന്തറിഡിയം വഹിക്കുന്ന പ്രോത്താലസ്‌ മൈക്രോസ്‌പോറില്‍നിന്നും രൂപമെടുക്കുന്നു. ഇതാണ്‌ ഗാമറ്റോഫൈറ്റ്‌ തലമുറ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ഒരിനം ജലസസ്യം (waterfern) ആയ ആഫ്രിക്കന്‍ പായലിന്റെ ജന്മദേശം ആഫ്രിക്കയല്ല; തെ. അമേരിക്കയാണെന്നു കരുതപ്പെടുന്നു. കേരളത്തിലെ പുഞ്ചക്കൃഷിക്ക്‌ ഇത്‌ ഒരു ഭീഷണിയായി തീര്‍ന്നിട്ടുണ്ട്‌. ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ഗവേഷണങ്ങള്‍ നടന്നുവരികയാണ്‌.

നിയന്ത്രണ മാര്‍ഗങ്ങള്‍. കാര്‍ഷികവിളകള്‍ക്ക്‌ മാരകമായിത്തീര്‍ന്നിട്ടുള്ള ആഫ്രിക്കന്‍പായലിന്റെ നിയന്ത്രണത്തിനായി വിവിധരീതികള്‍ പ്രയോഗിക്കപ്പെട്ടുവരുന്നു. ബാര്‍ജുകളില്‍ പ്രത്യേകതരത്തിലുള്ള വലകള്‍ ഘടിപ്പിച്ച്‌ പായല്‍ വാരിമാറ്റുന്ന യാന്ത്രികരീതി ഉപയോഗിക്കാറുണ്ട്‌. 1954 വരെ ശ്രീലങ്കയില്‍ ഈ രീതിയാണ്‌ ഉപയോഗപ്പെടുത്തിവന്നത്‌. എന്നാല്‍ പല പാകപ്പിഴകളും ഈ രീതിയിലനുഭവപ്പെട്ടു. എല്ലാ ചെടികളും വലയ്‌ക്കുള്ളില്‍പെടുകയില്ല; മുറിഞ്ഞുപോകുന്നഭാഗങ്ങളും ശാഖകളും ശക്തിയായി വീണ്ടും വളര്‍ന്നുവരികയും ചെയ്യും. കാലാകാലങ്ങളില്‍ ഈ രീതി ആവര്‍ത്തിക്കപ്പെടേണ്ടതായും വരുന്നു; അതിനുംപുറമേ വ്യയഹേതുകമായ ഒരു പരിപാടിയുമാണിത്‌. 1965-ല്‍ സുഡാനില്‍ ഈ രീതി ഉപയോഗിച്ച്‌ പായല്‍ വാരിമാറ്റിയതിന്‌ ലോകാരോഗ്യസംഘടനയ്‌ക്ക്‌ (W.H.O.) 1,43,500 ഡോളര്‍ കൂലിച്ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. സസ്യനാശിനികള്‍ ഉപയോഗിച്ചുള്ള നിയന്ത്രണവും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അമേരിക്ക, പശ്ചിമയൂറോപ്പ്‌, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ പരീക്ഷിക്കപ്പെട്ട ഈ രീതിക്ക്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ പ്രചാരം ലഭിച്ചിട്ടില്ല.

സാല്‍വീനിയയെ ആഹാരമാക്കുന്ന ജലജീവികളെ കണ്ടുപിടിച്ച്‌ വളര്‍ത്തിയെടുക്കുന്ന ജൈവനിയന്ത്രണമാര്‍ഗങ്ങളെപ്പറ്റി ശാസ്‌ത്രകാരന്മാര്‍ ആലോചിച്ചുവരുന്നു. ഡോ. എഫ്‌.ജെ. സിമ്മണ്‍ഡ്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ആഫ്രിക്കന്‍പായലിനെ നശിപ്പിക്കാനായി ഇത്തരം ഒരു മാര്‍ഗം നിര്‍ദേശിച്ചിട്ടുണ്ട്‌. പൗളീനിയ എന്ന ഒരു പ്രത്യേകയിനം പച്ചക്കുതിരയ്‌ക്ക്‌ ആഫ്രിക്കന്‍പായല്‍ പ്രിയപ്പെട്ട ഒരു ഭക്ഷണപദാര്‍ഥമാണ്‌. അതിനാല്‍ ഇവയെ ധാരാളമായി വളര്‍ത്തുന്നതുവഴി ഈ പായലിനെ നശിപ്പിക്കാനാകുമെന്നു കരുതപ്പെടുന്നു. നെല്ല്‌, തെങ്ങ്‌, കാപ്പി, കുരുമുളക്‌ തുടങ്ങിയ വിളകള്‍ പൗളീനിയ നശിപ്പിക്കുകയുമില്ല. ആഫ്രിക്കന്‍പായല്‍ ഉപയോഗിച്ച്‌ കമ്പോസ്റ്റുവളവും ഹാഡ്‌ബോഡും ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍